വാഴയിലക്കുമുണ്ട് ആവശ്യക്കാർ; ഈ കർഷകൻ ഇതുവരെ വിറ്റത് ഒരു ലക്ഷം വാഴയില | Banana leaf business

ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടിൽ കെ.എസ്.ചാക്കോ 5 വർഷമായി മൂന്നേക്കറിൽ ഇലവാഴക്കൃഷി ചെയ്യുന്നു. ഇതുവരെ നല്ല നേട്ടം. 3 പ്ലോട്ടുകളിലായി ഞാലിപ്പൂവനാണ് കൃഷി. തുടക്കത്തിൽ ഇലയൊന്നിന് മൂന്നര രൂപ കിട്ടിയെങ്കിൽ ഇപ്പോൾ 4 രൂപ കിട്ടും. വാഴയിലവിപണിയിൽ അയൽ സംസ്ഥാനങ്ങൾ നമുക്കു ഭീഷണിയേ അല്ലെന്നു ചാക്കോ. 4 രൂപയിൽ താഴ്ത്തി ഇവിടെ ഇല വിറ്റാൽ തമിഴ്നാടൻ കച്ചവടക്കാർക്കും മുതലാവില്ല. ഓണംപോലുള്ള സീസണുകളിൽ ഒരിലയ്ക്ക് 12 രൂപ വരെ അവർ ഈടാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ 4 രൂപയ്ക്ക് വിൽക്കുന്ന നാടൻ ഫ്രഷ് ഇലയ്ക്ക് നല്ല ഡിമാൻഡ് ഉണ്ടെന്നു ചാക്കോ.



വെജിറ്റേറിയൻ സദ്യകൾ കൂടുതൽ നടക്കുന്ന പ്രദേശമാണ് ആലപ്പുഴ. ക്ഷേത്രങ്ങളും ഒട്ടേറെ. അതുകൊണ്ടുതന്നെ അയൽസംസ്ഥാനത്തുനിന്ന് ആലപ്പുഴ, ചേർത്തല മാർക്കറ്റുകളിലേക്ക് നിത്യേന ഇലക്കെട്ടുകൾ എത്തുന്നുണ്ട്. ഈ കാഴ്ചതന്നെയാണ് ഇലവാഴക്കൃഷിക്കു പ്രേരിപ്പിച്ചതെന്നു ചാക്കോ. ആദ്യം 700 കന്നു വച്ചു. തുടർന്ന് 300 എണ്ണം കൂടി. ഇവയിൽനിന്ന് ഇല മുറിച്ചു തുടങ്ങുകയും ഡിമാൻഡ് വർധിക്കുകയും ചെയ്തതോടെ കൃഷി വിപുലമാക്കി. 10- 12 രൂപ വില വരും ഒരു വാഴക്കന്നിന്. കുഴിയെടുത്ത് ചാണകവും ചാരവും അടിവളമിട്ടാണ് കന്നു നടുക. 2-3 ആഴ്ച കഴിഞ്ഞ് മുളച്ച് ഇല വിരിഞ്ഞു കഴിയുന്നതോടെ നന്നായൊരു വളപ്രയോഗം കൂടി. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചാരവും ചാണകവും കോഴിക്കാഷ്ഠവും ചേരുന്ന മിശ്രിതം കുഴിയൊന്നിന് ഓരോ കുട്ട നൽകും.

ഒന്നര മാസമെത്തുന്നതോടെ ഇലവെട്ടൽ തുടങ്ങും. ഒരില വെട്ടി 5 ദിവസം കഴിയുന്നതോടെ അടുത്ത ഇല വിരിഞ്ഞ് വെട്ടാറാവും. 10 മാസം കഴിയുന്നതോടെ വാഴ കുലയ്ക്കും. അതോടെ ആ വാഴയിലെ ഇലവെട്ടു നിൽക്കും. അപ്പോഴേക്കും ചുവട്ടിൽനിന്നു മുളച്ചുയർന്ന പുതിയ തൈകളിൽനിന്നുള്ള ഇലയെടുക്കാൻ തുടങ്ങിയിരിക്കും. അതോടെ വരുമാനം 3 മടങ്ങാകും. തുടർച്ചയായി ഇല വെട്ടുന്നതുകൊണ്ട് കുല ചെറുതായിരിക്കുമെങ്കിലും ചെറുതല്ലാത്ത വരുമാനം കുലയും നൽകും.




വാഴയ്ക്കു കരുത്തും ഇലകൾക്കു തിളക്കവും കൂട്ടാൻ 3 മാസം കൂടുമ്പോൾ ജൈവവളം നൽകും. ചുരുങ്ങിയത് ഒരു ലക്ഷം ഇല ഇതുവരെ വിറ്റിട്ടുണ്ടെന്നു ചാക്കോ. സ്ഥിരമായി വാങ്ങുന്ന ഹോട്ടലുകളും കേറ്ററിങ് യൂണിറ്റുകളുമുണ്ട്. തുടച്ചു വൃത്തിയാക്കി 100 എണ്ണത്തിന്റെ കെട്ടുകളാക്കി നൽകുന്ന ജൈവ ഇലയോട് അവർക്കും പ്രിയം.

ഫോൺ: 9495034694



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section