മണ്ണ് മരിക്കുന്നു വെട്ടുകൽവൽക്കരണ (Laterization)ത്തിലൂടെ... - പ്രമോദ് മാധവൻ | Pramod Madhavan


ഭൂമധ്യരേഖയ്ക്കിരുവശവും ഇരുപത്തിമൂന്നര ഡിഗ്രിയിൽ ഉള്ള പ്രദേശങ്ങളെ ഉഷ്ണമേഖല അഥവാ Tropics എന്ന് വിളിക്കാം.



ഞണ്ടിന്റെയും (Tropic of Cancer) തേളിന്റെയും (Tropic of Capricorn) ഇടയിൽപെട്ട് പീഡകൾ അനുഭവിക്കുന്ന മണ്ണ്.

അവിടെ ശക്തമായ മഴയും നല്ല ചൂടും ഉള്ള ഇടങ്ങളിലെ മണ്ണുകൾ പതിയെ ഓജസ്സറ്റ്, ജീവസ്സറ്റ്, മൃതമായികൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആ പ്രക്രിയയുടെ പേരാണ് വെട്ടുകൽവൽക്കരണം അഥവാ Laterization.

മഴയാറു മാസം, വേനലാറുമാസം എന്നാണ് ഇവിടങ്ങളിൽ കണക്ക്. വെയിലും മഴയും വേണ്ടുവോളം നൽകി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചെങ്കിലും ആ വരം തന്നെമണ്ണിന് ശാപമായി മാറുന്നു .

 460 കോടി വർഷങ്ങൾക്ക് മുൻപുണ്ടായി എന്ന് കരുതപ്പെടുന്ന ഈ ഭൂമിയിൽ അന്നുള്ള മണ്ണും പാറയും വെള്ളവും തന്നെയാണ് ഇന്നുമുള്ളത്.

ഇന്ന് നിന്റെ കയ്യിൽ ഉള്ള ഒരു തുണ്ട് ഭൂമിയുടെ പ്രായം 460 കോടി വർഷമാണ് എന്ന് നീ ഓർക്കാറുണ്ടോ ഉത്തമാ..? നീ മരിച്ച് കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും ഈ മണ്ണ് ഇവിടെത്തന്നെയുണ്ടാകും. സംശയമില്ല. പക്ഷെ അതിന്റെ ഭൗതിക -രാസ -ജൈവ ഗുണങ്ങളിൽ മാറ്റമുണ്ടായേക്കാം.

The nation that destroys soil, destroys itself എന്ന് ഫ്രാങ്ക്‌ളിൻ. D. റൂസ് വെൽറ്റ്.

There can be no life without soil and no soil without life. They have evolved together എന്ന് ചാൾസ്. E. കെല്ലോഗ്.

Don't spoil the soil , When the soil disappears, soul disappears എന്ന് ത്രികാല ജ്ഞാനികൾ.

വെട്ടുകൽവൽക്കരണത്തിലൂടെ മണ്ണിന് എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം?

മണ്ണിന് ഒരു വിളയുടെയോ വൃക്ഷത്തിന്റെയോ പുത (cover) എപ്പോഴും ഉണ്ടെങ്കിൽ മണ്ണിൽ മഴയുടെയും വെയിലിന്റെയും കാഠിന്യം കുറവായിരിക്കും. സൂര്യ രശ്മികളിലെ താപോർജ്ജം മണ്ണിനെ കാര്യമായി ബാധിക്കില്ല.

എന്നാൽ വിളകളോ മരങ്ങളോ ഇല്ലാത്ത അവസ്ഥയിൽ ശക്തമായ മഴമൂലം മേൽമണ്ണ് ഒലിച്ചുപോകാൻ കാരണമാകുന്നു. അത് മേൽമണ്ണിലുള്ള ജൈവ കാർബൺ (Soil organic carbon) നഷ്ടമാക്കും.

വെള്ളത്തുള്ളികൾ വീഴുമ്പോൾ ഉള്ള നിരന്തര സമ്മർദ്ദം മൂലം മണ്ണ് തറഞ്ഞുപോകുന്നു.(Soil Compaction).

 തൽഫലമായി മണ്ണിന്റെ സാന്ദ്രത (Bulk density) കൂടുന്നു. വേരുകളുടെ പ്രവർത്തന സ്വാതന്ത്ര്യവും വ്യാപനവും കുറയുന്നു.

മേൽമണ്ണിലുള്ള പോസിറ്റീവ് ചാർജുള്ള, സുപ്രധാനമൂലകങ്ങളായ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ വെള്ളത്തോടൊപ്പം അലിഞ്ഞ് മണ്ണിന്റെ അടിപ്പാളികളിലേക്ക് ഒലിച്ചു (leaching) നഷ്ടമാകുന്നു. പിന്നീട് അവിടെ ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും Seaquioxides (രണ്ട് ലോഹകണങ്ങളും മൂന്ന് ഓക്സിജൻ കണങ്ങളും ചേർന്ന സംയുക്തം) ഉണ്ടാകുന്നു.
(ഉദാഹരണം Fe2O3, Al2O3 മുതലായവ).

 മണ്ണിൽ മറ്റ് കാറ്റയോണുകൾ കുറയുകയും ഇരുമ്പും അലൂമിനിയവും അധികരിക്കുകയും ചെയ്യുമ്പോൾ മണ്ണിന്റെ pH താഴ്ന്ന്, അമ്ലത കൂടുന്നു.വേരുകളുടെ അഗ്രഭാഗം ദ്രവിക്കുന്നു.ചെടികൾ മുരടിക്കുന്നു.

 മണ്ണിന്റെ മുകൾ അടരുകളിൽ നിന്നും സിലിക്ക നഷ്ടമാകുന്നു. (Desilication).

മാറി മാറി വരുന്ന ചൂടും(Summer) തണുപ്പും(Rain) മൂലം പാറകളുടെ അപക്ഷയം (weathering) വേഗത്തിലാകുന്നു.

 മണ്ണിന് ചുവപ്പും വെളുപ്പും കലർന്ന നിറവും (ഇരുമ്പും അലൂമിനിയവും) അതിനുള്ളിലൂടെ വെള്ളം ഇറങ്ങാൻ ഉള്ള സംവേദന ശേഷിയും (permeability) ഉണ്ടാകുന്നു.
കളിമണ്ണിന്റെ അംശം കൂടുന്നു.മണ്ണിന്റെ ജല സംഗ്രഹണ ശേഷി (Water Holding Capacity) കുറയുന്നു.

ഇത്തരം മണ്ണിനെ നമുക്ക് പ്രത്യേക ആകൃതിയിൽ വെട്ടിയെടുക്കാൻ (വെട്ടുകല്ല്) കഴിയും. വെട്ടിയെടുക്കുമ്പോൾ അല്പം മൃദുത്വം തോന്നുമെങ്കിലും അതിൽ കാറ്റടിക്കുമ്പോൾ ഇരുമ്പും അലൂമിനിയവും കട്ടിയായി അതിന് നല്ല ഉറപ്പ് കിട്ടും.ആ കല്ലുകൾ കെട്ടിട നിർമ്മാണത്തിന് പ്രയോജനപ്പെടുന്നു. ശക്തമായ വേനലിൽ പക്ഷെ ഇത്തരം മണ്ണ് കിളച്ച് പരുവപ്പെടുത്തുന്നത് ദുഷ്കരമാകുന്നു.

ലാറ്ററൈറ്റ് അഥവാ വെട്ടുകൽ മണ്ണ് പൊതുവിൽ മോശപ്പെട്ട മണ്ണായി(Inferior soil) കരുതപ്പെടുന്നു.

കാരണം അതിൽ ജൈവാംശം (Soil Organic Carbon) തുലോം കുറവാണ്.

 അമ്ലത വളരെ കൂടുതൽ ആണ്.

പ്രത്യേകിച്ചും ഇടമണ്ണിൽ ഉള്ള അമ്ലത (Sub soil acidity) വേരുകളുടെ അഗ്രഭാഗം നശിക്കാൻ കാരണമാകുന്നു.

 കാറ്റയോൺ കേമൻമാരായ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ ഈ മണ്ണിൽ വളരെ കുറവാണ്.

വളരെ സൂക്ഷ്മമായ അളവിൽ മാത്രം വേണ്ട ഇരുമ്പും അലൂമിനിയവും അധികരിച്ച് (Toxic) മൂലക അസംതുലിതാവസ്ഥ സൃഷ്ടിക്കുന്നു. മണ്ണിനെ കലാപ കലുഷിതമാക്കുന്നു.

 ആയതിനാൽ ഈ മണ്ണിനെ ഒന്ന് നേരെയാക്കാൻ കർഷകൻ നന്നായി പണിപ്പെടേണ്ടിയിരിക്കുന്നു.

നന്നായി പാകപ്പെടുത്തിയാൽ എല്ലാത്തരം വിളകൾക്കും അനുയോജ്യമാക്കി ഇതിനെ മാറ്റാൻ കഴിയും.

അല്ലെങ്കിൽ തേയില, കാപ്പി, കശുമാവ്, റബ്ബർ പോലെയുള്ള വിളകൾക്ക് മാത്രമാകും മെച്ചമുണ്ടാകുക.



എന്തൊക്കെ കാര്യങ്ങൾ ചെയ്‌താൽ ലാറ്ററൈറ്റ് മണ്ണുകളെ മെച്ചപ്പെടുത്തിയെടുക്കാൻ കഴിയും?

1. ശാസ്ത്രീയമായി മണ്ണ് സാമ്പിൾ എടുത്ത് പരിശോധിപ്പിക്കുക. മണ്ണിനെ അറിയുക.മണ്ണിൽ എന്തുണ്ട്, എന്തില്ല എന്ന് മനസ്സിലാക്കി നടപടികൾ എടുക്കുക.

2. കുമ്മായ വസ്തുക്കൾ(Liming materials) ചേർത്ത് അമ്ലത ക്രമീകരിക്കുക. മേൽമണ്ണിൽ (Top soil) മാത്രമല്ല അസിഡിറ്റിയുള്ളത്. ഇടമണ്ണിലും (sub soil acidity) അതുണ്ടാകും.

ദീർഘകാല വിളകൾ നടാൻ കുഴികൾ എടുക്കുമ്പോൾ അതിൽ ജിപ്സം (കാൽസ്യം സൾഫേറ്റ്), Dolomite (കാൽസ്യം മഗ്‌നീഷ്യം കാർബൊണേറ്റ്) പോലെയുള്ള സംയുക്തങ്ങൾ സമൃദ്ധമായി ചേർത്ത്, മണ്ണുമായി പ്രവർത്തിക്കാൻ വേണ്ടത്ര സാവകാശം നൽകി, അമ്ലത ക്രമീകരിച്ചു മാത്രം അടിസ്ഥാനവളങ്ങൾ ചേർക്കുക.

 മേൽമണ്ണിലെ അമ്ലത ക്രമീകരിക്കാൻ എപ്പോഴും നീറ്റുകക്കയോ കുമ്മായപ്പൊടിയോ ഡോളമൈറ്റോ ആകും നല്ലത്.

3. മണ്ണിലെ ജൈവാംശം വർധിപ്പിക്കാൻ ശുപാർശ ചെയ്യുന്ന അളവിൽ ജൈവ വളങ്ങൾ മണ്ണുമായി നന്നായി കൂട്ടിക്കലർത്തുക. അഴുകിപ്പൊടിഞ്ഞ കാലിവളം, കരിയിലകൾ, ജീവാണുവളങ്ങൾ എന്നിവ ചേർത്ത് കൊടുക്കണം.പ്രത്യേകിച്ചും മണ്ണിൽ ഉറച്ചുപോയ ഫോസ്ഫറസിനെ വീണ്ടെടുക്കുന്ന ജീവാണുവളങ്ങൾ (Phosphorous Solubilizing Bacteria), VAM മുതലായവ അടിവളത്തിനൊപ്പം ചേർത്ത് കൊടുക്കണം.

4. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ NPK, CalMagS, മൈക്രോ ന്യൂട്രിയന്റ്സ് എന്നിവ അടിവളമായും മേൽവളമായും വേണ്ട അളവിൽ ചേർത്ത് കൊടുക്കുക.

5. സൂക്ഷ്മ മൂലകങ്ങൾ കഴിവതും ഇലകളിൽ തളിച്ച് കൊടുക്കുന്ന രീതി (Foliar nutrition) അനുവർത്തിക്കുക.

6. ജൈവ പുതയോ പ്ലാസ്റ്റിക് പുതയോ നൽകി കൃഷി ചെയ്യുക.

7. തുള്ളി നനയ്ക്കൊപ്പം വളവും നൽകുന്ന വള സേചനം (Nutrigation) അനുവർത്തിക്കുക.

7. മണ്ണ് വെറുതേ ഇടുന്ന ശീലം (fallowing) നിർത്തുക. കൃഷിയില്ലാത്തപ്പോൾ പയർ വർഗ്ഗത്തിൽ പെട്ട ആവരണവിളക(cover crops)ളോ പച്ചില വളചെടികളോ വളർത്തുക.അവ മണ്ണിൽ ഉഴുതുചേർക്കുക.

8. വിളകളുടെ അവശിഷ്ടങ്ങൾ എല്ലാം തന്നെ മണ്ണിലേക്ക് തിരികെ നൽകുക

9. ദീർഘകാല വിളകളും ഹ്രസ്വകാല വിളകളും ഇടകലർത്തി കൃഷി ചെയ്യുക. തെങ്ങധിഷ്ഠിത കൃഷി സമ്പ്രദായം, റബ്ബർ -കാപ്പി ഇടവിള കൃഷി, Agro -Silviculture മുതലായ രീതികൾ പരീക്ഷിക്കുക.

10. ഒരു തരി മണ്ണ് പോലും ഒലിച്ചുപോകാത്ത രീതിയിൽ മണ്ണ് -ജല സംരക്ഷണ പ്രവർത്തനങ്ങൾ (Soil & Water conservation measures) അവലംബിക്കുക.




എത്ര മോശം മണ്ണാണെങ്കിലും നമുക്കതിനെ ക്ഷമയോടെ പാകപ്പെടുത്തിയെടുക്കാൻ കഴിയും.

മൗലികവാദ 'മിത്തു'കളിൽ കുടുങ്ങാതെ മണ്ണ് പരിപാലനത്തിൽ ഒരു 'സയന്റിഫീക് ടെമ്പർ 'കർഷകൻ വളർത്തിയെടുക്കണം.

മണ്ണാണ് ജീവൻ...
മണ്ണിലാണ് ജീവൻ...

✍🏻 പ്രമോദ് മാധവൻ



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section