GAS ഭീകരൻ നിങ്ങളുടെ തോട്ടത്തിൽ എത്തിയോ? ഇല്ലെങ്കിൽ ജാഗ്രതൈ..
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു ഉപോൽപ്പന്നമാണ് പുതിയ കീടങ്ങളും രോഗങ്ങളും ഒപ്പം അധിനിവേശ സസ്യങ്ങളും ജന്തുക്കളും.
അധിനിവേശ സസ്യങ്ങൾ നമുക്ക് ഒരു പുതുമയല്ല.
പുറമേ നിന്നും വന്നു എന്നുള്ളത് കൊണ്ട് മാത്രം ഒന്നും അധിനിവേശ സസ്യമോ അധിനിവേശ കീടമോ ആകുന്നില്ല.അവയെ Exotic species എന്ന് പറയും. അത്ര തന്നെ.
എന്നാൽ,അത് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്തതും മറ്റ് ജീവ ജാലങ്ങളുമായി മത്സരിച്ച് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും, അവയുടെ നില നിൽപ്പിന് ഭീഷണിയാവുകയും ചെയ്യുമ്പോഴോ, അത് ഒരു സാമൂഹ്യ പ്രശ്നമാകുമ്പോഴോ ഒക്കെ ആണ് നമ്മൾ അതിനെ 'അധിനിവേശൻ അല്ലെങ്കിൽ ആക്രാമകൻ '(Invasive Species) ആയി ചാപ്പ കുത്തുകയുള്ളൂ.
നമ്മുടെ ശീമക്കൊന്ന ഒരു വരുത്തൻ ആണ്. പക്ഷെ 'അധിനിവേശൻ'ആയി നമ്മൾ കാണുന്നില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് പച്ച (Eupatorium), അരിപ്പൂച്ചെടി (Lantana camara), Wedelia, Senna spectabilis, ധൃതരാഷ്ട്രപ്പച്ച, Eucalyptus ഒക്കെ അധിനിവേശൻമാർ ആണെന്ന് പറയാം.
ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി നമ്മളെ കുഴപ്പിക്കാൻ ലവൻ വന്തിട്ടേൻ.. GAS (Giant African Snail).
ലോകത്തിലെ ഏറ്റവും നികൃഷ്ട(Noxious) ജീവികളിൽ ഒന്നായി അവനെ വിശേഷിപ്പിക്കുന്നു.മാലോകർ അവനെ Achatina fullica എന്ന് വിളിക്കുന്നു.
എന്ത് കൊണ്ട് അവൻ നികൃഷ്ടനാകുന്നു?
ദൈബം ദുഷ്ടനെ പന പോലെ വളർത്തും എന്നാണല്ലോ?
പ്രകൃതിയിൽ ടിയാന് വലിയ ശത്രുക്കളില്ല.
ഒരേ ശരീരത്തിൽ തന്നെ ആൺ പെൺ അവയവങ്ങൾ ഉള്ളതിനാൽ ഇഷ്ടത്തിന് ഉണ്ണികളെ ഉൽപ്പാദിപ്പിക്കാം.
ഓരോ മുട്ടയിടീലിലും 200:-500 വരെ മുട്ടകൾ. അവ ഏറെക്കുറെ എല്ലാം വിരിയുകയും അതിൽ തൊണ്ണൂറ് ശതമാനവും പൂർണ വളർച്ചയെത്തി വീണ്ടും മുട്ടയിടുകയും ചെയ്യും.
ലതായത് ഒരെണ്ണം മതി. ആ നാട് കുട്ടിച്ചോറാകാൻ.
ശരാശരി ആയുസ് 5-7 വർഷം.കാട്ടിലൊക്കെ 10വർഷം വരെ ജീവിച്ചിരുന്നിട്ടുണ്ട്.
ശ്വാസകോശവും ഉണ്ട് പ്രത്യേക തരം ചെകിള (Gills) യും ഉണ്ട്.അതായത് കരയിലും വെള്ളത്തിലും അവധ്യൻ.
ഒരു പല്ലോ,ഒരു ഡസൻ പല്ലുകളോ അല്ല ലവനുള്ളത്. ഒരായിരം പല്ലുകൾ. അറക്ക വാൾ പോലെ ഉള്ള ഒരു നീണ്ട അവയവത്തിൽ Radula എന്നറിയപ്പെടുന്ന 1000-1200 സൂക്ഷ്മ ദന്തങ്ങൾ ഏത് കല്ലിനെയും കോൺക്രീറ്റിനെയും പൊടിക്കാൻ അവന് കരുത്താകുന്നു.
ഒരു തനി ഗുണ്ടയുടെ സ്വഭാവ വിശേഷങ്ങൾ ആണിതിന്..
കൂട്ടമായി നടക്കുന്ന പതിവില്ല. ഒറ്റയ്ക്ക് താൻ ശീലം.
രാത്രിഞ്ചരൻ ആണ്. രാവിരുളുമ്പോൾ ലവൻ മണങ്ങി മണങ്ങി വരും.
ശബ്ദമൊന്നും ഉണ്ടാക്കില്ല. പഞ്ചാബി ഹൗസ് സിനിമയിൽ പറയുന്നത് പോലെ 'മൂങ്ങൻ' ആണ്.
പുറത്ത് എപ്പോഴും വഴു വഴുപ്പുള്ള ഒരു പശ ഉണ്ടാകും. ആയതിനാൽ വിശന്ന് ചാകാൻ പോകുന്ന ജീവി പോലും ലവനെ തൊടില്ല.
വേനൽക്കാലത്ത് മണ്ണിനടിയിൽ ഉറക്കം.(Hibernation).
മഴക്കാലത്ത് ഉണർന്നെണീറ്റ് അവന്റെ താണ്ഡവം.
വേറെ എന്തെങ്കിലും കഴിവ് വേണോ വാര്യരേ, ഇവന് അധികമായി?
പൂർണ വളർച്ചയെത്തുമ്പോൾ ഒരു മുഷ്ടി ചുരുട്ടുമ്പോൾ ഉള്ളത്ര വലിപ്പം ഉണ്ടാകും.
പുറം തോട് ഉണ്ടാകാൻ വലിയ അളവിൽ കാൽസ്യം വേണം. ആയതിനാൽ പാറകളിൽ നിന്നും കോൺക്രീറ്റിൽ നിന്നും കുമ്മായത്തിൽ നിന്നും ഒക്കെ അവൻ അത് നുണയും.
എങ്ങനെ അവൻ ആഫ്രിക്കയിൽ നിന്നും ഇവിടെ എത്തി?
വിമാനത്തിലോ കപ്പലിലോ ആകാം. ഇവിടേയ്ക്ക് ഇറക്കുമതി ചെയ്ത കശുവണ്ടി, തടികൾ എന്നവയിലൂടെയും ആകാം. അല്ലെങ്കിൽ നമ്മൾ മുടിഞ്ഞു കാണാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും കുബുദ്ധികൾ വഴിയുമാകാം.
1966ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു പയ്യൻ ഹവായിയിൽ നിന്നും മൂന്നെണ്ണത്തിനെ ഓമനയായി വീട്ടിൽ കൊണ്ട് വന്നു. അവൻ പുറത്ത് പോയപ്പോൾ അവന്റെ അമ്മൂമ്മ അതിനെ എടുത്ത് വെളിയിൽ കളഞ്ഞു. പിന്നീട് 10 കൊല്ലവും അന്നത്തെ ഒരു മില്യൺ ഡോളറും വേണ്ടി വന്നു ഫ്ലോറിഡയെ GAS വിമുക്തമാക്കാൻ.അമേരിക്കക്ക് പയ്യനും അമ്മൂമ്മയും കൂടി കൊടുത്ത മുട്ടൻ പണി 🤣
എന്തൊക്കെ ആണിവൻ മൂലമുള്ള തൊന്തരവുകൾ...?
ഒന്നാമതായി ഇത് ഒരു മഹാശല്യമാണ് (menace).. കാണുമ്പോൾ തന്നെ അറപ്പ് തോന്നും.
വീടിന്റെയും കിണറിന്റെയും ഭിത്തികളിലും മതിലുകളിലും പറ്റി ഇരിക്കും.
ഏതെങ്കിലും വണ്ടി കയറി ചത്തിട്ടുണ്ടെങ്കിൽ അവിടെ കിടന്ന് നാറും.
കിണറ്റിൽ എങ്ങാനും വീണു ചത്താൽ അതും പണിയായി.
ഏറ്റവും വലിയ അപകടം (അത് വളരെ അപൂർവ്വമായേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ) Rat Lung worm ( Angiostrongylus cantonensis) എന്ന പരാദം ജീവിത ചക്രം പൂർത്തിയാക്കുന്നത് GAS ൽ ആണ്.
മാരകമായ Eosinophile meningitis എന്ന രോഗവും ഇത് വഴി പകരാം.(പേടി വേണ്ട, ജാഗ്രത മതി).
ഏറ്റവും ശല്യം ഇവൻ അഞ്ഞൂറിലധികം ചെടികളെ തിന്ന് അസ്ഥിപഞ്ജരമാക്കും എന്നതാണ്.വാഴ, പപ്പായ, കപ്പ, ഇഞ്ചി, ചേന എന്ന് വേണ്ട, പച്ചപ്പുള്ള എന്തിനെയും ഇത് തിന്നും. അതായത് ഇവൻ ഉള്ള ഇടങ്ങളിൽ കൃഷിയുടെ കാര്യം ഇനി സ്വാഹാ...
എന്താ വാര്യരേ ഇവനെ തളയ്ക്കാൻ ഒരു വഴി?
വീട്ടുപരിസരവും കൃഷിയിടവും വൃത്തിയായി സൂക്ഷിക്കുക. (Field sanitation).
ആൾപാർപ്പില്ലാത്ത പറമ്പുകളാണ് ഇവന്റെ ബ്രീഡിങ് കേന്ദ്രം. അത്തരം സ്ഥലങ്ങൾ തൊഴിലുറപ്പ് പരിപാടികളിൽ പെടുത്തി വൃത്തിയാക്കുക.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്ഥലങ്ങൾ തരിശ്ശിടുന്നത് നിരോധിക്കണം. അത്തരം സ്ഥലങ്ങൾ താല്പര്യമുള്ളവർക്ക് കൃഷി ചെയ്യാൻ ലഭ്യമാക്കണം.
ഓടകളും നീർച്ചാലുകളും വൃത്തിയായി സൂക്ഷിക്കുക.
ചപ്പു ചവറുകൾ വെറുതേ കൂട്ടിയിടാതിരിക്കുക.
വഴക്കന്നുകളും മറ്റും ദൂരെ നിന്നും കൊണ്ട് വരുമ്പോൾ അതിൽ GAS ഭീകരന്റെ മുട്ടകളോ കുഞ്ഞുങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക.
പിവിസി പൈപ്പിനകത്ത് Metaldehyde, Snail kill തരികൾ വച്ച് കെണി ഒരുക്കുക.
തൂമ്പയും കലപ്പയും ഒക്കെ ഉപയോഗം കഴിഞ്ഞ് നന്നായി കഴുകി മാത്രം മറ്റൊരിടത്തേക്ക് കൊണ്ട് പോകുക.
പച്ചക്കറി വേസ്റ്റ്, ക്യാബേജ്, കോളിഫ്ലവർ, പപ്പായ, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയുടെ വേസ്റ്റ് വിതറിയിട്ട്, അതിന് മുകളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ചിട്ടാൽ ലവൻ നിർബന്ധമായും അവിടെ വരും. പെറുക്കി ഉപ്പ് വെള്ളത്തിലിട്ടങ്ങ് കൊന്നേക്കണം.എന്നിട്ട് വാരി തെങ്ങിന്റെ തടത്തിൽ, തെങ്ങിന് ചുറ്റുമായി കുഴിച്ചിടുക.
ഇവനെ പേടിച്ചു പറമ്പ് മുഴുവൻ ഉപ്പിട്ട് മണ്ണിനെ കൊല്ലരുത്. മണ്ണിന്റെ ജൈവ ബന്ധം നഷ്ടപ്പെടും.
പരമാവധി പെറുക്കി ഒരു ഡ്രമ്മിലോ കുടത്തിലോ ഉള്ള ഉപ്പ് വെള്ളത്തിൽ ഇട്ട് കൊല്ലണം.
Iron Phosphate, Calcium arsenate എന്നിവയും ഇവയെ കൊല്ലാൻ ഉപയോഗിക്കാറുണ്ട്.
തുരിശ്, പുകയില കഷായം എന്നിവയൊക്കെ ഇവന്റെ മേത്ത് തളിച്ച് പയറ്റി നോക്കാം.25ഗ്രാം പുകയില കഷണിച്ചു ഒന്നര ലിറ്റർ വെള്ളത്തിൽ ഒരു രാത്രി ഇട്ട്, തിളപ്പിച്ച് ഒരു ലിറ്റർ ആക്കി, അതിൽ 6% വീര്യമുള്ള (60ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത്) തുരിശ് ലായനി ചേർത്ത് ഇവയുടെ പുറത്ത് തളിച്ച് കൊടുക്കാം.
വാൽ കഷ്ണം :
Snail Free Florida യുടെ കാര്യം പറഞ്ഞ പോലെ 2011 ൽ ഇവൻ മിയാമിയിലും തല പൊക്കി.10 കൊല്ലവും 24 മില്യൺ ഡോളറും ചെലവഴിച്ചാണ് മിയാമിയെ GAS ഫ്രീ ആക്കിയത്.
ഞാൻ നോക്കിയിട്ട് ഇവനെ പ്രയോജനപ്പെടുത്താൻ ഉള്ള ഒരു നല്ല വഴി നാട്ടിൽ കിട്ടുന്ന സർവ്വ GAS നെയും കൊണ്ട് വന്ന് തെങ്ങിന്റെ തടത്തിന് ചുറ്റുമായി കൊന്ന് കുഴിച്ചിടണം. അങ്ങനെ ഒരു തെങ്ങിന് വട്ടമെത്തിയാൽ അടുത്ത തെങ്ങിന്. പിന്നെ അടുത്തതിന്. അങ്ങനെ ചെയ്താൽ നാലാം കൊല്ലം മുതൽ തെങ്ങിന്റെ കായ്‌ഫലം ഉറപ്പായും കൂടും. കാരണം നല്ല കാൽസ്യം, ഒപ്പം അവന്റെ ശരീരത്തിലുള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാകുന്ന അമിനോ ആസിഡും മണ്ണിലൂടെ തെങ്ങിന് കിട്ടും.
നമ്മുടെ പല പഞ്ചായത്തുകൾക്കും ജന പ്രതിനിധികൾക്കും പ്രാദേശിക ഭരണ കൂടങ്ങൾക്കും വകുപ്പുകൾക്കും ഒന്നും ഇത് ഇനിയും ഒരു വല്യ പ്രശ്നമായി തോന്നാത്ത സ്ഥിതിക്ക് ലവൻ ഇവിടെ പൂണ്ടുവിളയാടും.
ഫ്ലോറിഡയിലും മിയാമിയിലും ഒന്നും അല്ലല്ലോ നമ്മൾ.
✍🏻 പ്രമോദ് മാധവൻ