പോഷകങ്ങളുടെ കലവറയായ ഇതിൽ ഫ്ലേവനോയ്ഡുകൾ, ഫൈബർ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിൻ ബി6, വിറ്റാമിൻ സി തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന്റെ ആരോഗ്യത്തിന് എല്ലാത്തരത്തിലും ഇത് ഗുണം ചെയ്യും.
തടി കുറയ്ക്കാൻ പല മാർഗങ്ങളും നമ്മൾ ഡയറ്റിൽ പരീക്ഷിക്കാറുണ്ട്. അതിനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു പച്ചക്കറി കൂടിയാണ് വഴുതനങ്ങ. കലോറി കുറവാണെന്നതും ഫൈബറിനാൽ സമ്പന്നമാണെന്നതുമാണ് വഴുതനങ്ങയുടെ പ്രധാന ഗുണങ്ങൾ. ഇതിൽ അടങ്ങിയിരിക്കുന്ന 'ഫൈറ്റോന്യൂട്രിയന്റ്സ്' ഓർമ്മശക്തി വർധിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും. അതിനാൽ കുട്ടികൾക്ക് വഴുതനങ്ങ കൊണ്ടുള്ള വിഭവങ്ങൾ നൽകുന്നത് നല്ലതാണ്.
ഫീനോളിക് സംയുക്തങ്ങളും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാൽ ഡയറ്റിൽ വഴുതനങ്ങ ഉൾപ്പെടുന്നത് മൂലം എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയും. കാർബോഹൈഡ്രേറ്റ് കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ഇവ പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒന്നാണ്. ഇവ ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായികരമാണ്.
ഹൃദയത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും വഴുതനങ്ങ സഹായിക്കും. ഇവയിലുള്ള പൊട്ടാസ്യം, വിറ്റാമിൻ ബി6 തുടങ്ങിയവയാണ് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നത്. വഴുതനങ്ങയിലെ ആന്റി ഓക്സിഡന്റുകൾ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കി മാറ്റും. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ സഹായികരമാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഇവ കഴിക്കുന്നത് ഗുണം ചെയ്യും.