ലാൻഡ് സ്കേപിങ് വർക്കുകളിൽ ഇപ്പോൾ മിന്നും താരമാണ് കലാത്തിയ ലൂട്ടിയ.
ലാറ്റിൻ അമേരിക്കയിൽ നിന്നാണ് വരവ്. പറഞ്ഞു വരുമ്പോൾ നമ്മുടെ കൂവ (Arrow root) യുടെ ചാർച്ചക്കാരനായി വരും.
സൂര്യൻ ഉദിക്കുന്നതോടെ ഇലകൾ വിടർന്ന് വിസ്തൃതമാകും. രാത്രിയാകുമ്പോൾ കൂമ്പും. ആയതിനാൽ Prayer Plant എന്നും വിളിക്കും. ആംഗലേയത്തിൽ ഇതിനെ Nyctinasty എന്ന് പറയും.
അരിച്ചിറങ്ങുന്ന വെയിൽ ആണ് കക്ഷിക്കിഷ്ടം. നേരിട്ട് ശക്തിയുള്ള വെയിൽ അടിച്ചാൽ ഇലകളുടെ ഭംഗി കുറയും. അകത്തളചെടിയായി(Indoor plant) നല്ല പ്രകടനം കാഴ്ചവയ്ക്കും. ബാത്റൂമുകൾക്കും അനുയോജ്യം.
അനുകൂല സാഹചര്യങ്ങളിൽ മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ വളർന്ന് കണ്ടിട്ടുണ്ട്.
23ഡിഗ്രി മുതൽ 29ഡിഗ്രി വരെയുള്ള ചൂടാണ് അനുയോജ്യം.
ഇതിന്റെ ഇലകൾ ഭക്ഷണ സാധനങ്ങൾ പൊതിയാൻ (food wrapping) ഉപയോഗിക്കാം.
വെള്ളക്കെട്ട് ഒട്ടും ഇഷ്ടമല്ല. എന്നാൽ മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടാകുകയും വേണം.
ചുവട്ടിൽ ഉണ്ടാകുന്ന ചിനപ്പുകൾ വേർപെടുത്തി വംശവർദ്ധനവ് നടത്താം.
✍🏻 പ്രമോദ് മാധവൻ