ഒരു വാഴക്കർഷകനെ സംബന്ധിച്ചിടത്തോളം വലിയ ഒരു സങ്കടക്കാഴ്ചയാണ് താഴെയുള്ള ചിത്രത്തിൽ കാണുന്നത്.
വള്ളത്തോൾ പാടിയ പോലെ 'പോള പൂട്ടുക കണ്ണേ'..
കുമാരനാശാൻ പാടിയ പോലെ ഹാ പുഷ്പമേ അധിക തുംഗ പഥത്തിലെത്ര ശോഭിച്ചിരുന്നുതൊരു രാജ്ഞി കണക്കയെ നീ...
വാഴയുടെ പൂങ്കുലയാണ് വാഴക്കുടം. നമ്മൾ വാഴയ്ക്ക് കുടം വന്നു എന്ന് പറയും.
അതിൽ ആദ്യമാദ്യം വിരിയുന്ന പെൺപൂക്കൾ ആണ് മുഴുപ്പുള്ള കായ്കൾ. അത് വിരിഞ്ഞ് കഴിഞ്ഞാൽ പിന്നെ കർഷകരെ സംബന്ധിച്ചിടത്തോളം നിർഗുണന്മാരായ ആൺ പൂക്കൾ. അത് വിരിയാൻ തുടങ്ങുമ്പോൾ നമ്മൾ പൂങ്കുല (കൂമ്പ്, കുടപ്പൻ, മാണി) ഒടിച്ചു മാറ്റുന്നു.
ആറ് ആറര മാസം കാത്ത്,പരിപാലിച്ച് വെള്ളവും വളവും വിയർപ്പും നൽകി, കുടം വന്ന് 85-90 ദിവസം കഴിയുമ്പോൾ നിറവോടെ കുറേ വയറുകളിലേക്ക് പോകേണ്ടിയിരുന്ന വാഴക്കുല...
'വീണിതെല്ലോ കിടക്കുന്നു ധരണിയിൽ...
എന്ത് കൊണ്ടിത് സംഭവിക്കുന്നു?
എല്ലായ്പോഴും അതിന് വിശദീകരണമില്ല.
എന്നാൽ പലപ്പോഴും താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് അത് സംഭവിക്കാം.
1. വള പ്രയോഗത്തിലെ അസന്തുലിതാവസ്ഥ. നൈട്രജൻ
അടങ്ങിയ വളങ്ങൾ കൂടുമ്പോൾ കുലത്തണ്ടിന്റെ മാംസളത (succulency ) കൂടുന്നു. കുലത്തണ്ടിന്റെ ദൃഢത കുറയുന്നു.തദനുസൃതമായി വള പ്രയോഗത്തിൽ കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ അളവ് കുറയുക കൂടി ചെയ്താൽ കുലയുടെ ഭാരം വഹിക്കാൻ കഴിയാതെ കുടം പൊട്ടി വീഴാം.
2. കുല പുറത്തേക്ക് വന്ന് കൊണ്ടിരിക്കുമ്പോൾ നൈട്രജൻ വളങ്ങൾ കൂടുതലായി കൊടുത്താൽ, ഒപ്പം നല്ല ജലസേചനവും കൂടി കൊടുക്കുമ്പോൾ വളം പെട്ടെന്ന് വലിക്കപ്പെടുകയും (surge )അത് കുലത്തണ്ട് അസ്വാഭാവിക വേഗത്തിൽ പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു.
3. കുടം പുറത്തേക്ക് വരുന്ന പൊസിഷൻ (angle) ചിലപ്പോൾ കുല ഒടിയാൻ കാരണമാകുന്നു.
4. വിശദീകരണത്തിനപ്പുറമുള്ള ചില കാര്യങ്ങൾ (നിർഭാഗ്യം).
പലപ്പോഴും നല്ല മുഴുത്ത കുലകളായിരിക്കും ഇങ്ങനെ ഒടിയുക.
ആയതിനാൽ കുമ്മായ പ്രയോഗത്തിലും വളപ്രയോഗത്തിലും ഔചിത്യവും മിതത്വവും സന്തുലിതത്വവും പുലർത്തുക.
ആക്രാന്തം പാടില്ല. വള പ്രയോഗത്തിൽ അയലത്തെ തോട്ടവുമായി മത്സരിക്കേണ്ടതില്ല.
'വളമേറിയാൽ കൂമ്പടയ്ക്കും'.
✍🏻 പ്രമോദ് മാധവൻ
കർഷകന്റെ അഭിപ്രായം.
ശ്രീ ജോസഫ് Chandapilla :ഏത്തയുടെ ആണ് കൂമ്പ് അധികവും ഒടിഞ്ഞു പോകുന്നത്. കാരണങ്ങളിൽ ഒന്ന് കൂടി വലിയ ഒരു കാരണം ഉണ്ട് കൂമ്പ് വൈകിട്ടു ചാഞ്ഞു തുടങ്ങുമ്പോൾ വവ്വാൽ തേൻ കുടിക്കാൻ അതിൽ പറ്റും അപ്പോൾ കൂമ്പ് ഒടിയുന്നുണ്ട് ഇതു ഞാൻ നേരിൽ കണ്ടു മനസ്സിൽ ആക്കി