'മക്കളെ കണ്ടും മാമ്പൂ കണ്ടും മദിയ്ക്കരുത്' എന്ന് നമുക്കറിയാം. കാരണം മാവിന്റെ പൂക്കളിൽ 0.1% താഴെ മാത്രമേ മാങ്ങ ആകാറുള്ളൂ. ബാക്കിയെല്ലാം പല കാരണത്താൽ കൊഴിഞ്ഞുപോകും.
എല്ലാ പൂക്കളും കായ്കൾ ആയിരുന്നെങ്കിൽ മാവുകളെല്ലാം ഒടിഞ്ഞു പോയേനെ...
എന്നാൽ, തെങ്ങ് 'വ്യത്യസ്തനാമൊരു ബാർബറാം ബാലൻ' ആണ്.
നല്ല വെയിൽ ഉള്ള സ്ഥലത്ത് ചുറ്റുപാടും ഒരു നീരാളിയെപ്പോലെ, ഓലകൾ വീശി നിൽക്കുന്ന, ചെവിയാട്ടി, തിടമ്പേറ്റി നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുസ്മരിപ്പിക്കുന്ന തലപ്പൊക്കമുള്ള,ശരിയായി വളവും വെള്ളവും കിട്ടുന്ന തെങ്ങ് ഒരു 'നിത്യഗർഭിണി 'ആണ്.
എല്ലാ മാസവും ഉള്ളിൽ ഒരു പൂങ്കുല രൂപമെടുക്കുന്ന ആൾ... എല്ലാ മാസവും ഒരു പൂങ്കുല പുറത്ത് കാണിക്കുന്ന ആൾ..
പൊക്കം കൂടിയ ഇനമാണെങ്കിൽ മാസത്തിൽ ഒരോല എന്ന കണക്കിന് വിരിയും. കുള്ളൻ ഇനമാണെങ്കിൽ വർഷം 14-15 വരെ ഓലകൾ വിരിയും. സ്വാഭാവികമായും ഓരോ ഓലയുടെ കക്ഷത്തും ഒരു 'നിറകൂമ്പ് 'ഉണ്ടാകും. അത് വിരിയുമ്പോൾ അതിൽ ആയിരക്കണക്കിന് ആൺപൂക്കളും പത്തോ മുപ്പതോ (അത് ആ കൂമ്പ് ഗർഭത്തിൽ ഉരുവം കൊണ്ട മാസത്തെ കാലാവസ്ഥയും പരിചരണവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും )പെൺപൂക്കൾ അഥവാ മച്ചിങ്ങകൾ ഉണ്ടാകും.
പൊക്കം കൂടിയ ഇനങ്ങളിൽ ആൺപൂക്കൾ ആദ്യമാദ്യം വിരിയും. അത് ആ പൂവിലെ പെണ്ണുങ്ങളെ സംബന്ധിച്ച് 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ' ആണെന്ന് തോന്നിയേക്കാം. കാരണം ആ കൂമ്പിലെ പെൺപൂക്കൾ ആ സമയം രേതസ് സ്വീകരിക്കാൻ(Anthesis time ) തയ്യാറായിട്ടുണ്ടാകില്ല. പക്ഷെ അടുത്തെവിടെയെങ്കിലും സംയോഗം കാത്തിരിക്കുന്ന മറ്റ് തെങ്ങുകളിലെ മച്ചിങ്ങകളിൽ തേനീച്ചയുടെ കാലുകളിലും വദനഭാഗങ്ങളിലും പറ്റിയിരുന്ന് ആൾ അവതാര ലക്ഷ്യം പൂർത്തീകരിക്കുന്നു.(തേനീച്ചയുടെ മൂന്ന് ജോഡി കാലുകളിൽ ഒരു ജോഡി പൂക്കളിൽ നിന്നും പരാഗ രേണുക്കൾ ശേഖരിക്കാൻ വേണ്ടി മാത്രമുള്ളവയാണ്. അവയെ Pollen Collecting Legs എന്ന് വിളിക്കും ).
പൂങ്കുലകളിലെ ആൺപൂക്കൾ എല്ലാം വിടർന്ന് അവയിലെ കേസരങ്ങൾ മൃതമായതിനു ശേഷം ആ കുലയിലെ പെൺപൂക്കൾ ബീജ സംയോഗത്തിന് സജ്ജമാകും.അതിന് മറ്റ് തെങ്ങുകളിലെ ആൺ പൂക്കൾ സഹായിക്കും.അത് കൊണ്ട് കോലൻ തെങ്ങുകളിൽ (Tall varieties ) പരപരാഗണം (Cross pollination )ആണ് നിയമം.
പരാഗണ സമയത്ത് പെൺ പൂവ് അഥവാ വെള്ളയ്ക്കയുടെ ഏതാണ്ട് തൊണ്ണൂറ്റഞ്ചു ശതമാനം ഭാഗവും അതിന്റെ മോട് ഭാഗം (perianth segments )മൂടിയിരിക്കുകയാകും.(ചിത്രം ശ്രദ്ധിക്കുക ). പുറമേ കാണുന്ന വെള്ളയ്ക്കയുടെ ചുവട് ഭാഗം പരാഗ രേണുക്കൾ സ്വീകരിക്കാൻ പതിയെ വായ് തുറക്കും. (ചിത്രം ശ്രദ്ധിക്കുക). അങ്ങനെ വായ് തുറന്നിരിക്കുന്നത് നിശ്ചിത സമയത്തെക്കായിരിക്കും (Anthesis time. മനുഷ്യനിൽ ഓവുലേഷന് തുല്യം ).താമസം വിനാ അതിൽ ഷഡ്പദ സഹായത്താൽ ആവശ്യത്തിനുള്ള കേസരങ്ങൾ വീണാൽ സ്വസ്തി.. അത് തേങ്ങയാകാൻ തുടങ്ങും. ഗർഭം ഉറയ്ക്കും. ഇല്ലാച്ചാൽ ജപ്തി.. മച്ചിങ്ങ കൊഴിഞ്ഞു പോകും.
ഒരു പൂങ്കുലയിലെ , എല്ലാ പെൺപൂക്കളും ഒരേ ദിവസം ആയിരിക്കില്ല ഇത്തരത്തിൽ ബീജ സംയോഗത്തിന് സജ്ജമാകുക. പല ദിവസങ്ങളിൽ ആകും ഇത് സംഭവിക്കുക. അപ്പോൾ 'തേങ്ങാ വീഴുകയും വേണം. മുയൽ തെങ്ങിന്റെ ചുവട്ടിൽ ഉണ്ടാകുകയും വേണം'.
അതെപ്പോഴും സംഭവിക്കുകയില്ലല്ലോ. (മനുഷ്യൻ അടക്കമുള്ള എല്ലാ ജീവികളിലും അങ്ങനെ ആണല്ലോ. അണ്ഡം എപ്പോഴും ബീജ സംയോഗത്തിന് ലഭ്യമാകുകയില്ല. ഓവുലേഷൻ സമയത്ത് ബന്ധപ്പെട്ടാൽ ഉണ്ണിയുണ്ടാകാൻ സാധ്യത ഏറെ ). അങ്ങനെ സമയത്ത് ബീജ സംയോഗം നടക്കാതെ കുറെയെണ്ണം കൊഴിഞ്ഞുപോകും രമണാ...
ഇത് കൊണ്ടാണ് നാളീകേര കർഷകർ തോട്ടത്തിൽ തേനീച്ചക്കൂട് വച്ചു പരിപാലിച്ചാൽ അവിടെ തേങ്ങാ ഉത്പാദനം കൂടും എന്ന് പറയുന്നത്.
ഇനി മണ്ണിൽ വേണ്ടത്ര ബോറോൺ ഇല്ലെങ്കിലോ,ചെടിയ്ക്ക് അതിനെ വലിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ, ബീജ സംയോഗം നടന്ന മച്ചിങ്ങയിൽ pollen tube രൂപം കൊള്ളാതെ അത് കൊഴിഞ്ഞുപോകുകയോ വളരാതെ ക് രാഞ്ഞിലിൽ പറ്റിപ്പിടിച്ചിരിക്കുകയോ ചെയ്യും.അത്തരം വളർച്ച മുരടിച്ച മച്ചിങ്ങ, വിളവെടുക്കുമ്പോൾ ക് രാഞ്ഞിലിൽ പറ്റിയിരിക്കുന്നത് കണ്ടിട്ടില്ലേ?
അപ്പോൾ, കൊഴിയാനുള്ള രണ്ടാമത്തെ കാരണം ബോറോൺ കുറയുന്നതാണ് എന്ന് ഉത്തമൻ മനസ്സിലാക്കണം. എന്ന് കരുതി ആവശ്യത്തിൽ കൂടുതൽ Borax വാരി തടത്തിൽ വിതറുകയും ചെയ്യരുത്.അതിനൊക്കെ കണക്കുണ്ട്, കണക്ക്.
ചിലതരം ഫംഗസ്സുകളുടെ ആക്രമണം മൂലം പൂക്കൾ കൊഴിഞ്ഞു പോകാം. ഫംഗസ് ബാധ മൂലം ക് രാഞ്ഞിൽ ((പൂങ്കുല യ്ക്ക് തെക്കൻ കേരളത്തിൽ പറയുന്ന പേര് ) മൊത്തം ഉണങ്ങിക്കരിഞ്ഞു പോകാം.അത് മറ്റൊരു കാരണം.
ചിലതരം കീടങ്ങൾ പ്രധാനമായും മണ്ഡരി (Mites ), പൂങ്കുല ചാഴി (Coreid bug )കൊണ്ട് വെള്ളയ്ക്കാകൾ കൊഴിഞ്ഞു പോകാം.അപ്പോൾ അതിനെ നിയന്ത്രിക്കാൻ പഠിക്കണം.
മണ്ണിൽ വേണ്ട പതിനെട്ടു മൂലകങ്ങളിൽ ഏതിന്റെയെങ്കിലും കുറവ് കൊണ്ട് വെള്ളയ്ക്കകൾ കൊഴിയാം.
C, H, O, N, P, K എന്നീ പ്രാഥമിക മൂലകങ്ങളും Ca, Mg, S എന്നീ ദ്വിതീയ മൂലകങ്ങളും B, Zn, Mn, Cl, Fe, Cu, Mo,Ni എന്നീ സൂക്ഷ്മമൂലകങ്ങളും മണ്ണിൽ 'വേണ്ടത്ര' ഉണ്ടാകണം. ഇവയുടെ അളവിൽ ഉള്ള കുറവ് അനുസരിച്ചു വിളവ് വ്യത്യാസപ്പെടും.
ഉദാഹരണമായി, ബാഗുണ്ടാക്കുന്ന ഒരു ഫാക്ടറിയിൽ 1000 ബാഗുകൾ ഉണ്ടാക്കാൻ ഉള്ള റെക്സിൻ /ലെതർ ഉണ്ട് എന്നിരിക്കട്ടെ.800 ബാഗുകൾ തുന്നാൻ ഉള്ള നൂലും ഉണ്ട്.500 ബാഗുകളിൽ പിടിപ്പിക്കാൻ ഉള്ള സിബ് (സിപ്പർ )മാത്രമേ ഉള്ളൂ എങ്കിൽ ആ ഫാക്റ്ററിക്ക് നിർമിച്ചു കടകളിൽ കൊടുക്കാൻ കഴിയുന്ന ബാഗുകൾ (Finished Product ) വെറും അഞ്ഞൂറെണ്ണം മാത്രം.കാരണം ഒരു ഉത്പന്നത്തിന്റെ പൂർണതയ്ക്ക് ഏത് ഘടകത്തിന്റെ ദൗർലഭ്യമാണോ ഉള്ളത്, ആ ഘടകം വളരെ നിർണായകമാണ്(Limiting Factor).അതായിരിക്കും ആ സിസ്റ്റത്തിന്റെ output നിശ്ചയിക്കുന്നത്.വളപ്രയോഗം നടത്തുമ്പോൾ ഇക്കാര്യം മനസ്സിൽ ഉണ്ടാകണം.
ഏതെങ്കിലും ചില വളങ്ങൾ വാരിക്കോരി കൊടുത്താൽ അതിൽ എല്ലാ ആവശ്യമൂലകങ്ങളും ഉണ്ടാകണമെന്നില്ല. ഇനി മണ്ണിൽ ഉണ്ടായാൽ തന്നെ, മണ്ണിന്റെ അമ്ല ക്ഷാര നില (pH ) ക്രമമല്ല എങ്കിൽ 'മണ്ണിൽ ഉണ്ട്, മരത്തിൽ ഇല്ല 'എന്ന അവസ്ഥയും ഉണ്ടാകാം.
അതിശക്തമായ മഴയിൽ തേനീച്ചകൾ പുറത്തിറങ്ങാൻ മടിച്ചാൽ, പരാഗണ സജ്ജമായ പെൺപൂക്കൾ നിരാശരാകേണ്ടി വരും. അത് പോലെ തന്നെ കൊടും ചൂടിലും ഇതേ കാര്യം സംഭവിക്കാം. കാലാവസ്ഥയിൽ വരുന്ന ഏറ്റക്കുറച്ചിലുകളും അമിതമായി പെൺ പൂക്കൾ കൊഴിയാൻ കാരണമാകും.
പൂക്കളുടെ ഘടനാവൈകല്യങ്ങൾ(structural deformities )കൊഴിച്ചിലിന്റെ മറ്റൊരു കാരണമാണ്.
പിന്നെ തെങ്ങിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ അടിസ്ഥാനത്തിൽ തെങ്ങ് സ്വയം എടുക്കുന്ന ചില തീരുമാനങ്ങൾ ആണ്.മനസ്സിലാക്കാൻ അല്പം പ്രയാസം വരും. ദത് ദിങ്ങനെ ആണ്.
തെങ്ങ് ചിന്തിക്കുകയാണ്.' എനിയ്ക്ക് ഇത്ര എണ്ണം ഓലകളേ ഉള്ളൂ.. അവർ സമ്പാദിച്ചു കൊണ്ട് വരുന്ന ആഹാരം ഇത്ര മാത്രമാണ്. അതുകൊണ്ട് വേണം തെങ്ങിന്റെ അടിമുതൽ മുടി വരെയുള്ള ഭാഗങ്ങളെ പരിപാലിക്കാൻ(Maintenance function ). അത് കഴിഞ്ഞ് ബാക്കിയുള്ളത് മാത്രമേ തേങ്ങാ വളരാൻ (Reproductive Function ) ആയി മാറ്റി വയ്ക്കാൻ കഴിയൂ. ഓലകൾ സമ്പാദിച്ചു കൊണ്ട് വരുന്ന ഭക്ഷണം വിലയിരുത്തി, അത് കുറവാണെങ്കിൽ,കുറച്ച് കൂടുതൽ വെള്ളയ്ക്കകളെ അങ്ങ് കൊഴിച്ചു കളഞ്ഞേക്കാം.ഇതിനെ തെങ്ങിന്റെ Bearing capacity എന്ന് വിളിക്കാം. അതിന് അനുസൃതമായി തെങ്ങ് Auto load shedding നടത്തുന്നു. കുറച്ച് വെള്ളയ്ക്കകളെ അത് സ്വയം കൊഴിച്ചു കളയുന്നു.
ഇനി, മണ്ണിൽ വേണ്ടത്ര ഈർപ്പം ഇല്ലാതിരിക്കുക, മണ്ണിൽ ഈർപ്പം അധികരിച്ച്,anaerobic (ഓക്സിജൻ ഇല്ലാത്ത) സാഹചര്യം ഉണ്ടാകുക, എന്നതൊക്കെ മച്ചിങ്ങ കൊഴിയാൻ ഉള്ള കാരണങ്ങളിൽ ചിലതാണ്.
അത് പോലെ മാതൃ വൃക്ഷത്തിന്റെ ജനിതക വൈകല്യങ്ങൾ (അമ്മയിൽ ഉള്ള വൈകല്യങ്ങൾ ചിലപ്പോൾ അടുത്ത തലമുറയിൽ ആകും ദൃശ്യമാകുക) കാരണമാകാം.സസ്യഹോർമോൺ തകരാറുകളും കാരണമാകാം.
ഇതിനെല്ലാം പുറമേ ആണ് unexplained infertility എന്ന് പറയുന്ന പ്രതിഭാസം . മറ്റ് പ്രത്യേക കാരണങ്ങൾ ഒന്നും ഇല്ല. പക്ഷെ ഉണ്ണിയുണ്ടാകുന്നില്ല.മനുഷ്യനിലും ഇതുണ്ട്.അപ്പോഴാണ് മന്ത്രവും ഉരുളി കമഴ്ത്തലും ഒക്കെ ചിലപ്പോൾ ചിലരിൽ വിജയം കാണുന്നത്.അത്തരത്തിൽ ചില അപൂർവതകൾ തെങ്ങിലും ഇലാതില്ലാധില്ല...
'പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ' എന്ന് പറയുന്ന പോലെ മച്ചിങ്ങ പൊഴിയാൻ ഉള്ള ഓരോരോ കാരണങ്ങളേയ്...
✍🏻 പ്രമോദ് മാധവൻ