ജന്തു സ്നേഹം അഭിനയിക്കുന്ന ചില കക്ഷികളുടെ വാക്കുകൾക്ക് പ്രതികരണം നൽകിയിരിക്കുകയാണ് ഗ്രീൻ ഇഐഎസ് FPC ഡയറക്ടർ രഞ്ജിത് ദാസ്. അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും...
ചിലരുടെ ധാരണ കൃഷി എന്നാൽ പച്ചക്കറികളും പഴങ്ങളും നെല്ലും മാത്രമാണെന്നാണ്. പശുവളർത്തൽ ഒരു കൃഷിയാണ്. ആട്, പോത്ത്, പന്നി, കോഴി, താറാവ് എന്നിവയെ വളർത്തുന്നതും കൃഷി എന്നാണ് പറയുന്നത്. അതുപോലെ തന്നെ കപ്പ, പൈനാപ്പിൾ, മരച്ചീനി, ഏലം, കാപ്പി, കുരുമുളക്, റബർ, തെങ്ങ്, അടയ്ക്ക ഇവയെല്ലാം കൃഷിതന്നെയാണ്. അത് ചെയ്യുന്ന ഏതൊരാളും കർഷകനുമാണ്. ഇതറിയാത്തയാളുകളും കേരളത്തിലുണ്ടെന്ന് മനസിലായത് ആ വീഡിയോ കണ്ടപ്പോഴാണ്.
കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് കൃഷി എന്നതു തന്നെ വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. എങ്കിലും ലക്ഷക്കണക്കിനാളുകൾ അതിനോടുള്ള താൽപര്യത്തിൽ പല വിധ ഉൽപന്നങ്ങൾ കൃഷി ചെയ്യുന്നു. എന്നാൽ മറ്റു ചിലരാകട്ടെ കൃഷി ചെയ്യുന്നവരെ പുച്ഛിക്കുന്നതിലാണ് രസം കണ്ടെത്തുന്നത്. അവരുടെ മുന്നിൽ ഒരേക്കറിനു മുകളിൽ കൃഷി ചെയ്യുന്നവരൊക്കെ ബൂർഷ്വാ കർഷകർ. ഇനി വല്ല ഏലമോ, കുരുമുളകോ, കാപ്പിയോ ചെയ്താൽ അവരെല്ലാം കയ്യേറ്റക്കാരും. കേരളത്തിലെ വനവിസ്തൃതി നാൾക്കു നാൾ കൂടിക്കൊണ്ടിരിക്കുന്നു. മൃഗങ്ങളുടെ എണ്ണം ഇരട്ടിയിലധികമായിക്കൊണ്ടിരിക്കുന്നു. കർഷകർ അവരുടെ ജീവനും, സ്വത്തിനും ഒരു സംരക്ഷണവും കിട്ടാതെ നാടുവിടുകയോ, ആത്മഹത്യ ചെയ്യേണ്ടതോ ആയ അവസ്ഥയിലായി. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസും ഫോറസ്റ്റുകാരും കടുവയ്ക്കും പന്നിക്കും സംരക്ഷണം കൊടുത്ത് കർഷകരെ കേസിൽപ്പെടുത്തി വേട്ടയാടുന്നു. ഈ സമയത്താണ് മറ്റൊരു കൂട്ടത്തിന്റെ പുച്ഛവും. അന്യ സംസ്ഥാനത്തു നിന്ന് വിഷം വരുന്നേ എന്നു വിലപിക്കുകയും, കൃഷി വകുപ്പിനെ ചീത്തവിളിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ തന്നെയാണ് ഇവിടെ കൃഷി ചെയ്യുന്നവനെ ‘കൃച്ചിക്കാരൻ’ എന്ന് വിളിച്ചാക്ഷേപിക്കുന്നതും.
കേരളത്തിൽ ഈയിടയായി ജന്തുസ്നേഹം നടിച്ച് അവയുടെ അവകാശികളായി നടക്കുന്ന കുറച്ചാളുകളുണ്ട്. ഇവരുടെ വീട്ടിൽ ചങ്ങലയിലിട്ടിരിക്കുന്ന ഏതെങ്കിലും ഒരു ജീവിയെങ്കിലും കാണും. കുഞ്ഞു മക്കളെ കൊല്ലുന്ന പേപ്പട്ടിയെ, കൃഷി നശിപ്പിക്കുന്ന പന്നിയെ, പശുവിനെ പിടിക്കുന്ന പുലിയെ ഒക്കെ സംരക്ഷിക്കാൻ മുറവിളി കൂട്ടുന്ന ഇക്കൂട്ടർ നാട്ടിലൊരു പനി വന്നാൽ നാട്ടിലെ മുഴുവൻ താറാവിനെയും, കോഴിയേയും, പന്നിയേയുമൊക്കെ കൊല്ലാൻ മുറവിളി കൂട്ടുകയും ചെയ്യും. ഈ കൂട്ടരോട് കർഷകർക്ക് പുച്ഛം എന്ന ഒറ്റ ഭാവമേ ഉള്ളു.'
✍🏻 രഞ്ജിത്ത് ദാസ്, ഡയറക്ടർ, ഗ്രീൻ ഇഐഎസ് FPC, 9074463513