എല്ലാ വർഷവും ജൂൺ-ജൂലൈ മാസങ്ങളിൽ കുറെ നാളുകൾ തക്കാളിവില ഉയർന്ന നിലയിലെത്താറുണ്ട്. കാലാവസ്ഥ തന്നെയാണ് പ്രശ്നം. മൺസൂൺ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുതുടങ്ങുന്നത് മുതൽക്ക് ഈ വിലവ്യതിയാനം അനുഭവപ്പെട്ടു തുടങ്ങും.
2020 ജൂലൈ മൂന്നാം തിയ്യതിയിലെ ഒരു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നത് തക്കാളിവില കിലോയ്ക്ക് 70 രൂപയായി ഉയർന്നതിനെക്കുറിച്ചാണ്. ഇത് ഡൽഹി എൻസിആർ മേഖലയിലെ വിലയാണ്. വിജയവാഡയിൽ ഇതേ കാലയളവിൽ 55 രൂപയായിരുന്നു തക്കാളി കിലോയ്ക്ക്. അന്നും പ്രശ്നം മൺസൂൺ തന്നെയായിരുന്നു. മഴ കനത്തതോടെ വിളനാശമുണ്ടായി. കേരളത്തിൽ 2020 ജൂലൈ മാസത്തിൽ കിലോയ്ക്ക് 50 രൂപയായി വില ഉയർന്നിരുന്നു.
അതേസമയം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് തക്കാളിയുടെ വിലയിലുണ്ടായ വർദ്ധന കൂടുതലാണെന്ന് കാണാം. ഇതിനു കാരണം ഇത്തവണ പൊതുവെ ഉൽപ്പാദനം കുറവാണ് എന്നതാണ്. കാരണമായി റിപ്പോർട്ടുകൾ പറയുന്നത് തക്കാളി ഉൽപ്പാദിപ്പിക്കുന്ന മേഖലകളിൽ വലിയതോതിൽ ചൂട് കൂടിയതാണ്. ഇനി പ്രതീക്ഷ വെക്കാനുള്ളത് മഴയുടെ പ്രശ്നം ബാധിക്കാത്ത മേഖലകളിൽ നിന്നുള്ള തക്കാളികളിലാണ്. ഇവിടങ്ങളിൽ വിളവെടുപ്പ് തുടങ്ങുന്നതോടെ തക്കാളിവില സാധാരണ നിലയിലാകും.