അറബിക്ക കാപ്പിക്ക് പ്രത്യേക പദവി നൽകാൻ കർണാടക സർക്കാർ | Special designation for Arabica coffee

ആഗോള വിപണിയിൽ ഇന്ത്യൻ കാപ്പിയുടെ പ്രശസ്‌തി വാനോളം ഉയർത്താനുള്ള ശക്തമായ നീക്കങ്ങൾക്ക്‌ കർണാടക തുടക്കം കുറച്ചു. നറുമണം വിതറുന്ന കാപ്പിക്കൊപ്പം കാപ്പിക്കർഷകനും ഇതു ഗുണകരമാവും. ഭൗമസൂചികാ പദവി കാപ്പിക്ക്‌ നൽകുന്ന അതിവിശാല കാഴ്‌ചപ്പാടിൽ കർണാടകത്തിലെ പുതിയ സർക്കാർ ചിക്കമംഗലൂർ, കൂർഗ് മേഖലയിലെ കർഷകർക്കായി പദ്ധതി ഒരുക്കുന്നു.   



അറബിക്ക കാപ്പിയെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ചെയ്യുന്നതിനുള്ള അവരുടെ നീക്കം യൂറോപ്യൻ വിപണികളിൽ ഇന്ത്യൻ കാപ്പിയുടെ ആവശ്യകത വർധിപ്പിക്കും. അറബിക്ക കാപ്പി അതിന്റെ തനത്‌ രുചിയും മണവും അതേപടി നിലനിർത്തി കാപ്പി ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാർ നീക്കം ഫലത്തിൽ കർഷകർക്ക്‌ വൻ പ്രോത്സാഹനമാവും.






രാജ്യത്തെ മൊത്തം കാപ്പി ഉൽപാദനത്തിൽ മൂന്നിൽ രണ്ടു ഭാഗവും കർണാടകയുടെ സംഭാവനയാണ്‌. കാപ്പിക്കൃഷി പ്രോത്സാഹിപ്പിക്കാനും ബ്രാൻഡ് നാമത്തിൽ ഇറക്കാനുമുള്ള കർണാടകയുടെ നീക്കത്തിനൊപ്പം കേരളവും ഉണർന്നു പ്രവർത്തിച്ചാൽ വയനാടൻ കാപ്പിയും ചൂടുപിടിക്കും. ഇതിനകം തന്നെ കാൽ ലക്ഷം രൂപ വരെ ഉയർന്ന നമ്മുടെ കാപ്പി വില പുതിയ ഉയരങ്ങളിലേക്ക്‌ സഞ്ചരിക്കാനുള്ള പാത കൂടി ഒരുക്കാൻ കോഫി ബോർഡിനൊപ്പം സംസ്ഥാനം കൂടി അണിചേർന്നാൽ ഉൽപാദകരംഗത്തും ശ്രദ്ധയമായ മുന്നേറ്റങ്ങൾക്ക്‌ ഇടയുണ്ട്‌. 

ജനുവരി - ജൂലൈ 4 വരെയുള്ള കാലയളവിൽ 5457.41 കോടി രൂപയുടെ കാപ്പി ഇന്ത്യ കയറ്റുമതി നടത്തി. ഇറ്റലിയും ജർമനിയും ജോർദാനും ബൽജിയവും ശക്തമായ പിൻതുണ നൽകുന്നതിനൊപ്പം യൂറോപ്പിലെ ഇതര രാജ്യങ്ങളും അറബ്‌ രാഷ്‌ട്രങ്ങളും ചേർന്ന്‌ ഇതിനകം 32,110 ടൺ അറബിക്ക കാപ്പി ശേഖരിച്ചു. 

റോബസ്‌റ്റയുടെ കാര്യത്തിൽ വൻ കുതിച്ചു ചാട്ടം വർഷത്തിന്റെ ആദ്യ പകുതിയിൽ നാം കാഴ്‌ചവച്ചു. മൊത്തം 1,16,399 ടൺ അറബിക്ക കാപ്പി കപ്പൽ കയറി. ഇൻസ്റ്റന്റ് കോഫി, റോസ്‌റ്റഡ്‌ തുടങ്ങിയവയും വിദേശ മാർക്കറ്റിൽ ചൂടപ്പം കണക്കെ വിറ്റഴിയുന്ന സാഹചര്യം പരമാവധി നേട്ടമാക്കാൻ ഉൽപാദനം ഉയർത്തുകയെന്നതു മാത്രമാണ്‌ വഴി. കാർഷിക മേഖലയ്‌ക്ക്‌ ആവശ്യമായ പിൻതുണ ഈ അവസരത്തിൽ നൽകാനായാൽ വിയറ്റ്‌നാമിനൊപ്പം നിന്ന്‌ ബ്രസീലും കൊളംബിയയുമായി മത്സരിക്കാൻ മുന്നിലുള്ള രണ്ട്‌ –മൂന്ന്‌ വർഷങ്ങളിൽ ദക്ഷിണേന്ത്യൻ കാപ്പിക്കർഷകരെ സജ്ജരാക്കാനാവും.     

ഈ വർഷം വിയറ്റ്നാമിൽ കാപ്പി ഉൽപാദനം ഏഴു ശതമാനം ഇടിയുമെന്ന വിവരം ആഗോള റോബസ്റ്റ കാപ്പി വിപണി ചൂടുപിടിക്കാൻ അവസരമൊരുക്കി. റോബസ്റ്റ കാപ്പിക്കുരു ഉൽപാദനത്തിൽ മുൻപന്തിയിലാണ്‌ വിയറ്റ്നാം. കൊളംബിയയിലും ഉൽപാദനം കുറവായതിനാൽ ഉയർന്ന വില നിലനിർത്താൻ വിപണി ശ്രമിക്കും. വരണ്ട കാലാവസ്ഥയിൽ ബ്രസീലിൽ കാപ്പി വിളവെടുപ്പ്‌ ഊർജിതമായി. അവിടെ വിളവെടുപ്പ്‌ ഏകദേശം 35 ശതമാനം പൂർത്തിയായി. 

ഇതിനിടെ 25,500 വരെ ഉയർന്ന കാപ്പി ചെറിയ തോതിലുള്ള സാങ്കേതിക തിരുത്തലിന്റെ പാതയിലേക്ക്‌ തിരിഞ്ഞു. 24,000 രൂപയിൽ വാരാന്ത്യം ഇടപാടുകൾ നടന്ന കാപ്പി തിരുത്തലുകൾ പൂർത്തിയാകുന്നതോടെ വർധിച്ച വീര്യത്തോടെ തിരിച്ചു വരവ്‌ കാഴ്‌ചവയ്ക്കാം.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section