അറുപതോളം ഇനങ്ങളിലുള്ള മാങ്ങ. ഇറാനിയൻ വേരുകളുള്ള രാജസ്ഥാനി ദസരി, ഗുദാഫത്ത്, കല്ലുകെട്ടി, മയിൽപ്പീലി, ഡൽഹി രസഗുള, ലക്ഷ്മൺ ഭോഗ്, മൽഗോവ, സിന്ദൂരം തുടങ്ങിയ രുചികരമായ ഇനങ്ങൾ. ഓരോ മേഖലയിലും ദിവസം ശരാശരി 30 ടൺ മാങ്ങ കിട്ടും. 80 സ്ഥിരം ജോലിക്കാരുൾപ്പെടെ 400 പണിക്കാർ. ഓരോ മേഖലയിലും മേൽനോട്ടത്തിന് മൂപ്പൻമാർ.
ഇരുപത് വർഷം മുമ്പ് കർണാടകയിലെ ചാമരാജ നഗറിൽ ഏക്കറിന് 10,000 രൂപയ്ക്ക് ആറേക്കർ സ്ഥലം വാങ്ങിയാണ് തുടക്കം. കൃഷിവകുപ്പിന്റെ സഹായത്തോടെ കൃഷി തുടങ്ങി. കുഴൽക്കിണർ, സബ്സിഡി വൈദ്യുതി എന്നിവ അനുഗ്രഹമായി.
ഷീജയാണ് ഭാര്യ. മക്കൾ: ദുബായിൽ ബിസിനസ് ചെയ്യുന്ന അൽതാഫ്, ആർക്കിടെക്ചർ വിദ്യാർത്ഥിനി ദിൽഷാന.
ജൈവകൃഷി; മൂന്നാം വർഷം വിളവ്
കൃഷിവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ജൈവരീതിയിലാണ് കൃഷി. ബഡ് തൈകൾ മൂന്നാം വർഷം വിളവെടുക്കാം. രാസവളവും കീടനാശിനിയും ഉപയോഗിക്കാത്തതിനാൽ സ്വാഭാവിക രുചി കിട്ടും.ഓരോ മേഖലയിലെയും സീസണിൽ വ്യത്യാസമുണ്ട്. എല്ലാ മാസവും വിളവു കിട്ടും. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബറിൽ കുറവാണ്. സിന്ദൂരി, പ്രിയൂർ, സേലം തുടങ്ങിയവ എല്ലാമാസവും വിളവെടുക്കാം. അച്ചാറിനും മറ്റുമായി വലിയതോതിൽ വാങ്ങുന്നതിനാൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ പച്ചമാങ്ങയ്ക്കാണ് വില. മാമ്പഴം കിലോയ്ക്ക് 20 രൂപയ്ക്ക് തമിഴ്നാട് കൃഷ്ണഗിരിയിലെ ജ്യൂസ് ഫാക്ടറിയാണ് പ്രധാനമായും വാങ്ങുന്നത്. ബാക്കി കിലോയ്ക്ക് 45-50 രൂപ വച്ച് മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്കു കയറ്റി അയയ്ക്കുന്നു.
ജ്യൂസ്, പൾപ്പ്, ചാറ് ഉണക്കിയെടുക്കുന്ന മാമ്പഴത്തിര തുടങ്ങിയവ നിർമ്മിക്കുന്ന ചെറുകിട യൂണിറ്റുകളും ഇടപാടുകാരായതിനാൽ മാങ്ങയ്ക്ക് വിപണി ഉറപ്പാണ്. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ ആണ് ദക്ഷിണേന്ത്യയിൽ വിളവെടുപ്പു കാലം. ഏപ്രിൽ, മേയിൽ ഉത്തരേന്ത്യയിൽ വിളവെടുപ്പ് തുടങ്ങുന്നതോടെ വിലകുറയും.