രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. ഇതിന് പകരം നാരങ്ങാ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് മെറ്റബോളിസം എളുപ്പമാകാൻ സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് സഹായിക്കും. നാരങ്ങയും തേനും ചേർത്ത ഇളം ചൂടുവെള്ളം ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വെള്ളം ധാരാളം കുടിക്കുക എന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഇവ ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം എളുപ്പമാക്കാനും ഗുണം ചെയ്യും. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. വെള്ളം നന്നായി കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രഭാതഭക്ഷണത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരു ദിവസം മുഴുവൻ ഉന്മേഷവും ഊർജ്ജവും നിലനിർത്താൻ പ്രോട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണം ആവശ്യമാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ അളവ് വർധിപിക്കുകയും ശരീരത്തിന് ഊർജം പകരുകയും ചെയ്യുന്നു.
ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
രാവിലെ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. കലോറി കൂടാനും കാരണമാകും. അതിനാൽ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.