തയാറാക്കുന്ന വിധം
പഴങ്ങൾക്ക് ദൃഢത നൽകുന്നതാണ് ആദ്യപടി. അതിനായി ഓരോ പഴവും യോജ്യമായ രീതിയിൽ മുറിച്ചു വൃത്തിയാക്കണം. ചക്കച്ചുള നാലോ ആറോ കഷണങ്ങളാക്കി മുറിക്കുക / ചെനച്ച മാങ്ങ തൊലി നീക്കം ചെയ്ത് ഭംഗിയായി മുറിക്കുക / പൈനാപ്പിൾ തൊലിയും കണ്ണും കൂഞ്ഞിലും നീക്കം ചെയ്ത് മുറിച്ചെടുക്കുക / പപ്പായ (ചുവന്ന നിറമുള്ള ഇനങ്ങളാണ് കൂടുതൽ ആകർഷകം) തൊലി നീക്കം ചെയ്ത് അരയിഞ്ചു കനത്തിലും 4 സെ.മീ. നീളത്തിലും മുറിച്ച് ഒരു ഫോർക്കുപയോഗിച്ച് സുഷിരങ്ങൾ ഇടുക / ജാതിക്കാത്തോട് അധികം കനമില്ലാതെ മുറിച്ചെടുക്കുക. ഇനി, ഒരു കിലോ പഴത്തിന് ഒന്നേകാൽ ലീറ്റർ വെള്ളത്തിൽ 25 ഗ്രാം ചുണ്ണാമ്പ് ലയിപ്പിച്ചതിനുശേഷം, തെളി ഊറ്റിയെടുത്ത് അതിൽ ഏതിനമാണോ മുറിച്ചെടുത്ത പഴം അത് മുക്കിവയ്ക്കുക. 1–2 മണിക്കൂർ വച്ചതിനുശേഷം പഴം ചുണ്ണാമ്പുവെള്ളത്തിൽനിന്നു മാറ്റി കഴുകി തിളച്ച വെള്ളത്തിൽ ഇടുക.
തുടർന്ന്, ഇതിനെ പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിലേക്കു മാറ്റുക. ഒന്നിടവിട്ട അടുക്കുകളായി പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർക്കാം. പഴത്തിന്റെ തുല്യ അളവ് പഞ്ചസാരയാണ് ചേർക്കേണ്ടത്. അതിനുശേഷം പാത്രം അടച്ചുവയ്ക്കുക. 12–16 മണിക്കൂറിനുശേഷം പഴങ്ങൾ ഇട്ടിരുന്ന പാത്രത്തിൽ, പഞ്ചസാര ലയിച്ച് വെള്ളം നിറഞ്ഞിരിക്കും. പഴങ്ങൾ കോരിമാറ്റി പഞ്ചസാരപ്പാനി അരിച്ചെടുക്കുക. ഇതിലേക്ക് 200 മില്ലി വെള്ളവും 2 ഗ്രാം സിട്രിക് ആസിഡും ചേർത്ത് ചൂടാക്കുക. തിളച്ചുതുടങ്ങുമ്പോൾ തീയണച്ച്, ഈ പാനി തണുപ്പിക്കുക.
പഴങ്ങൾ പാത്രത്തിലേക്കു തിരികെ നിക്ഷേപിച്ച് പാനികൂടി ഒഴിക്കുക. 24 മണിക്കൂറിനുശേഷം പാനി അരിച്ചെടുത്ത് ചൂടാക്കി വീണ്ടും പഴങ്ങളിലേക്ക് ചേർക്കുക. 3–4 തവണ പാനി ചൂടാക്കുന്നതും തിരികെ ചേർക്കുന്നതും തുടരുക. അവസാനം പാനി ചൂടാക്കി ചേർക്കുന്നതോടൊപ്പം, ഇതിലേക്ക് 2 ഗ്രാം സോഡിയം ബെൻസോയേറ്റ്/ 2 ഗ്രാം പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് സംരക്ഷകവസ്തുവായി ചേർക്കുക. ഈ പഴങ്ങൾ സിറപ്പിൽ തന്നെ ഇട്ട് സൂക്ഷിക്കാം. പാനിയിൽനിന്നും മാറ്റി ചൂടുവെള്ളമൊഴിച്ചു കഴുകി ജലാംശം വാർന്നു പോയതിനുശേഷം ഡ്രയറിൽ 6–7 മണിക്കൂർ ഉണക്കിയും സൂക്ഷിക്കാം.
ഏത്തപ്പഴം, മറ്റു ചെറുപഴങ്ങൾ എന്നിവ തൊലി കറുത്തു തുടങ്ങുമ്പോഴാണ് ഉണക്കുന്നതിനു യോജ്യം. ഏത്തപ്പഴം, നെടുകെ പിളർന്ന് 4–6 ആയി മുറിച്ചതിനുശേഷം ട്രേയിൽ നിരത്തിവച്ച് വെയിലത്തോ ഡ്രയറിലോ ഉണക്കുക. ഉണക്ക് മുക്കാൽ പരുവം ആകുമ്പോൾ, 100 മില്ലി വെള്ളത്തിൽ 250 ഗ്രാം പഞ്ചസാര/ ശർക്കരയും 1 ഗ്രാം പൊട്ടാസ്യം മെറ്റാബെസൾഫേറ്റും ലയിപ്പിച്ചതിനുശേഷം, ഇതിൽ പഴക്കഷണങ്ങൾ മുക്കിവയ്ക്കുക. 2–3 മണിക്കൂറിനുശേഷം വീണ്ടും ഡ്രയറിൽ ഉണക്കിയെടുക്കുക. ജലാംശം പൂർണമായും മാറി, പഴം നന്നായി ഉണക്കിയതിനുശേഷം പായ്ക്ക് ചെയ്യാം. ചെറുപഴങ്ങൾ മുറിക്കാതെ 1–2 ദിവസം ഉണക്കിയതിനുശേഷം പഞ്ചസാര / ശർക്കരപാനി തയാറാക്കിയതിനുശേഷം മുക്കിവച്ച് വീണ്ടും ഉണക്കാം. ഉണക്കിയെടുത്ത പഴങ്ങൾ തേനിലിട്ടും വിപണനം ചെയ്യാം. കാന്താരി / ഇഞ്ചി / വെളുത്തുള്ളി എന്നിവയും തേനിൽ സൂക്ഷിച്ച് പ്രിസർവ് ആക്കി വിപണനത്തിനു തയാറാക്കാം.