പച്ചക്കറികൾക്ക് ശരിയായ വളപ്രയോഗം വളരെ പ്രധാനമാണ്
വിവിധ പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ് പച്ചക്കറികൾ. നമ്മുടെ വിപണിയിൽ നിന്നു ലഭ്യമാകുന്ന വിഷലിപ്തമായ പച്ചക്കറികളെക്കാൾ ഏറെ മേന്മയുള്ളതും ആരോഗ്യം പകരുന്നതും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ ആണ്. അഞ്ച് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് വർഷം മുഴുവൻ പച്ചക്കറി ലഭ്യമാകാൻ വെറും രണ്ടര സെൻറ് സ്ഥലം മാത്രം മതി. പക്ഷേ കൃഷി ചെയ്യാനുള്ള മനസ്സാണ് എല്ലാവർക്കും വേണ്ടത്. ഇനി കൃഷി തൽപരരായവർക്ക് കൃഷിയിൽ മികച്ച വിളവ് നേടുവാൻ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ ചുവടെ നൽകുന്നു.
1. പച്ചക്കറി കൃഷിക്ക് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ നല്ല സൂര്യപ്രകാശവും നീർവാർച്ചയും ഉള്ള സ്ഥലം തന്നെ തിരഞ്ഞെടുക്കണം.
2.ഇപ്പോൾ മഴ സമയമായതിനാൽ മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ കൃഷികൾ ചെയ്യാവുന്നതാണ് അതിനുശേഷം ശീതകാല പച്ചക്കറി ഇനത്തിൽ ഉൾപ്പെടുന്ന കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയവ നടാം. ഇതിന് സെപ്റ്റംബർ - ഒക്ടോബർ മാസങ്ങൾ തിരഞ്ഞെടുക്കാം.
3. ചെടികളിൽ ഉണ്ടാകുന്ന ബാക്ടീരിയ ഫംഗസ് മൂലമുള്ള രോഗങ്ങൾ ഇല്ലാതാക്കുവാൻ സ്യൂഡോമോണോസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ചേർത്ത് ചെടിയുടെ കടയ്ക്കൽ ഒഴിക്കുന്നതും സ്പ്രേ ചെയ്യുന്നതും നല്ലതാണ്.
4. രാസ കുമിൾനാശിനി ഉപയോഗിച്ചുള്ള നിയന്ത്രണത്തിന് ബാവിസ്റ്റിൻ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചെടിയുടെ കടയ്ക്കൽ ഒഴിച്ചു കൊടുക്കാം.
5. പാവൽ, പടവലം തുടങ്ങിയ വിളകളിൽ കാണുന്ന കായീച്ചകൾക്കെതിരെ ഫിറമോൺ കെണികൾ ലഭ്യമാണ്. 20 സെൻറ് ഒരെണ്ണം എന്ന കണക്കിന് പൂവിടുന്ന സമയത്ത് കെണികൾ പന്തലിൽ തൂക്കിയിടുക.
6. കായീച്ച നിയന്ത്രിക്കുവാൻ വേണ്ടി കായ്കൾ കടലാസ് കൊണ്ട് പൊതിഞ്ഞും മാലത്തിയോൺ ശർക്കര ചേർത്ത് സ്പ്രേ ചെയ്തു നിയന്ത്രിക്കാം.
7. ജലസേചനവും കള നിയന്ത്രണവും പച്ചക്കറി കൃഷിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. വേനൽക്കാലത്ത് രണ്ടു ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കുന്നതും, കളകൾ യഥാസമയം കൈകൊണ്ട് പറച്ചു കളയുന്നതും വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്.
8. പച്ചക്കറികൾക്ക് ശരിയായ വളപ്രയോഗം വളരെ പ്രധാനമാണ്. ജൈവവളങ്ങളായ ചാണകം, കമ്പോസ്റ്റ് തുടങ്ങിയ സെന്റിന് 100 കിലോ എന്ന തോതിൽ ചേർക്കുക. സെന്റിന് 3 കിലോഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർക്കേണ്ടതാണ്. ഫോസ്ഫറസ് വളം അടിവളമായി ചേർക്കുന്നത് കൂടുതൽ വിളവിന് കാരണമാകുന്നു.
ടെറസിൽ വളർത്തുന്ന പച്ചക്കറികൾക്ക് 15 ഇഞ്ച് നീളവും വീതിയും ഉള്ള പ്ലാസ്റ്റിക് കവറുകൾ ആണ് നല്ലത്. ഇതിൽ മണ്ണ്, ചാണകം, മണൽ എന്നിവ 1: 1:1 എന്ന അനുപാതത്തിൽ നിറയ്ക്കണം. രാസവളങ്ങൾ ഒരിക്കലും മട്ടുപ്പാവ് കൃഷിക്ക് ശുപാർശ ചെയ്യുന്നില്ല. ഇതുകൂടാതെ പയർ കൃഷി ചെയ്യുമ്പോൾ എല്ലാവരും റൈസോബിയം എന്ന ജീവാണുവളം നടുന്ന സമയത്ത് ഉപയോഗിക്കുന്നത് ഗുണകരമാണ്. പയർ ഒഴിച്ചുള്ള മറ്റു പച്ചക്കറികൾക്ക് അസോസ്പൈറില്ലം ഉപയോഗിക്കുന്നതാണ് നല്ലത്. ചെടികൾക്ക് മികച്ച വിളവിന് കൊടുക്കാവുന്ന ടോണിക്ക് ആണ് ഫിഷ് അമിനോ ആസിഡ്. ഒരു കിലോ മത്തിയും ഒരു കിലോ ശർക്കരയും അടപ്പുള്ള ഒരു പാത്രത്തിൽ വെള്ളം ചേർക്കാതെ അടച്ചുവയ്ക്കുക. നാലാഴ്ച ശേഷം പാത്രം തുറന്ന് അതിൽ ഉണ്ടായിട്ടുള്ള ദ്രാവകം അരിച്ചെടുക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ഇത് ചേർത്ത് ചെടികളിൽ തളിക്കുക. ഇതുപോലെ വെർമി കമ്പോസ്റ്റിൽ നിന്ന് ലഭ്യമാകുന്ന വെർമി വാഷും ഗോമൂത്രവും എട്ടിരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കുന്നത് മണ്ണിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും, നല്ല വിളവ് ലഭ്യമാക്കുവാൻ ചെടികളെ പ്രാപ്തമാക്കുകയും ചെയ്യുന്നു.