വള്ളിപ്പയറോളം വില ഉറപ്പുള്ള പച്ചക്കറി വിരളം | Vallippayar



അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയുന്നവരാണ് നമ്മളിൽ പലരും എന്ന് ചിലർ പറയാറുണ്ട്. അതെന്തുമാകട്ടെ അരിയാഹാരം കഴിക്കുന്ന മലയാളിയ്ക്ക് പയറും പ്രിയതരം തന്നെ.

മൂന്ന് ദശാബ്ദം മുൻപ് 25000 ഹെക്ടറിൽ അധികം സ്ഥലത്ത് വിവിധയിനം പയറുവര്ഗങ്ങൾ കൃഷി ചെയ്തിരുന്ന നമ്മൾ ഇന്ന് ആകെ മൊത്തം ടോട്ടൽ 2000 ഹെക്ടറിൽ പോലും അത് ചെയ്യുന്നില്ല എന്നത് മലയാളി എത്തി നിൽക്കുന്ന ദുരന്തം. ഏറ്റവും കൂടുതൽ ഫുഡ്‌ മൈൽ ഉള്ള ഒരു ഭക്ഷണം പയർ ആണ്. ഒക്കെ 'അതിഥി' സംസ്ഥാനങ്ങളിൽ നിന്നും തന്നെ വരണം (ലതായത് ചെറുപയർ, വൻ പയർ, ഉഴുന്ന്, മുതിര, കടല എല്ലാം പെടും).

എന്നാൽ പച്ചക്കറി ആവശ്യത്തിന് വള്ളിപ്പയർ നമ്മുടെ കർഷകർ ധാരാളം ചെയ്യുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നും വലിയ മത്സരം നേരിടാത്ത ഒന്നാണ് വള്ളി പയർ. നമ്മുടെ പയറിന്റെ ഊർജ്ജ്വസ്വലത അവുങ്കളുടെ പയറിന് കമ്മി.

ഓണത്തിന് അച്ചിങ്ങ പയർ തോരനോ ഓലനോ ഇല്ലാത്ത സദ്യ ഉണ്ടോ? ഇല്ല. എങ്കിൽ ദാ, ദിതാണ് സമയം. പത്തു പയർ കുഴിച്ചിടാൻ. ഓണത്തിന് വിളവെടുക്കാൻ. 

വള്ളിപ്പയറും ഉണ്ട് കുറ്റിപ്പയറും ഉണ്ട്.

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



 കുറ്റിപയർ കൃഷി പണ്ടേ നമ്മൾ താഴത്തു വച്ചതാണ്. ഒരു കാലത്ത് കുടുംബത്തിൽ എല്ലാവരും ചേർന്ന് വിത്തിടീൽ മുതൽ വിളവെടുപ്പ് വരെ ചെയ്തിരുന്നപ്പോൾ കരിമണി പയറും ചുവന്ന പയറും വെള്ള പയറും അവസാനം വരുമ്പോൾ ഒടിയൻ പയറും ഒക്കെ ആയി നമ്മുടെ വീടുകൾ സമൃദ്ധമായിരുന്നു.

ഇന്ന് ഇതൊക്കെ പുറത്ത് നിന്ന് തന്നെ വരണം.

മണിപ്പയർ കൃഷി ഇപ്പോൾ തുടങ്ങാം. 80-85 ദിവസം കൊണ്ട് വിളവെടുക്കാം.

 പൂതക്കുളം കാരുടെ കരിമണിപ്പയർ ഒരു ഒന്നാന്തരം ഇനമാണ്. പുഴുങ്ങി കറിയായും അതിന്റെ തിളപ്പൂച്ചൂറ്റിയ സത്തു ഒഴിച്ചുപുളിയായും തേങ്ങയും ശർക്കരയും ചുരണ്ടി നാലുമണി ക്കടിയായും ഒക്കെ തട്ടി വിടാൻ നല്ലതാണ്. വിത്തും ചാത്തന്നൂർ മേഖലയിൽ ലഭ്യമാണ്.


കാടു കയറി കിടക്കുന്ന സ്ഥലം ഒരു മീറ്റർ വീതിയിൽ പണ പോലെ രണ്ടു വശത്തു നിന്നും വടിച്ചു വച്ചു അതിൽ 15cm അകലത്തിൽ ചാണകപ്പൊടി -എല്ലുപൊടി -ചാരം മിശ്രിതം ഇട്ടു ഒരാൾ നടന്ന് പോകും. പിന്നാലെ വരുന്ന ആള് രണ്ടു പയർ വിത്ത് വീതം ഈ വളപ്പൊടിക്ക് മുകളിൽ വയ്ക്കും. പിന്നെ രണ്ടു വശത്തു നിന്നും മണ്ണ് വടിച്ചു കയറ്റി ഒരു വരമ്പ് പോലെ ആക്കും. ഇത്ര തന്നെ. പറ്റുമെങ്കിൽ 15-20 ദിവസം കഴിയുമ്പോൾ ഒരു മേൽവളവും കൊടുക്കും. 40-45 ദിവസം ആകുമ്പോൾ പൂവിടും. 75-80 ദിവസം ആകുമ്പോൾ ആദ്യമാദ്യം ഉണങ്ങുന്ന പയർ പറിച്ചെടുക്കും. വെയിലത്തിട്ട്,ഉണക്കി കൊഴിച്ചെടുക്കും. അവസാനം ചെടി മൊത്തത്തിൽ പിഴുതെടുത്തു അതിലുള്ള പച്ചപയർ തോരനും മെഴുക്കു പുരട്ടിയും ഒക്കെ ആക്കും.വിളാവശിഷ്ടം പശുവിനും കൊടുക്കും. സീറോ വേസ്റ്റ് ഫാമിങ്.

 പയർ പുഴുങ്ങുമ്പോൾ കിട്ടുന്ന വെള്ളം തേങ്ങയും കുരുമുളകുമൊക്കെ അരച്ച് ഒഴിച്ചു കറിയും ആക്കും. 

ഇന്നും ചിലരൊക്കെ അതു ചെയ്യുന്നുണ്ട്.എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ 'ഉണ്ടെന്നു പറയാനൊട്ടില്ല താനും, ഇല്ലെന്നു പറയാനൊട്ടല്ല താനും'. കലികാലം..

ഓണത്തിന് പയർ പറിക്കാൻ ഇപ്പോൾ നമുക്ക് കൃഷി തുടങ്ങാം. നല്ല സൂര്യ പ്രകാശം വേണം.
വെയിലില്ലെങ്കിൽ വിളവില്ലേ 

ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം 

Click here



തടങ്ങളിൽ വെള്ളക്കെട്ടുണ്ടാകാൻ പാടില്ല. ആയതിനാൽ മണ്ണ് കിളച്ച്,കട്ടയുടച്ച്,15-20
cm പൊക്കത്തിൽ പണ(വാരം ) കോരണം. പണയ്‌ക്കു ഒരു മീറ്റർ വീതി ആയിക്കോട്ടെ. അതിൽ 10ചതുരശ്ര മീറ്റർ (പണയുടെ നീളവും വീതിയും ഗുണിക്കുമ്പോൾ )
മുക്കാൽ കിലോ കുമ്മായം കൊത്തി ചേർത്ത് രണ്ടാഴ്ച ഇടണം. ഈ സമയത്തു തന്നെ ട്രൈക്കോഡെര്മ -ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് മിശ്രിതം തയ്യാറാക്കാൻ തുടങ്ങണം. (90കിലോ ചാണകപ്പൊടിയ്ക്ക് 10കിലോ പൊടിച്ച വേപ്പിൻ പിണ്ണാക്കും ഒരു കിലോ
ട്രൈക്കോഡെർമ്മ കൾച്ചറും ). 

14 ദിവസം കഴിഞ്ഞ് ഈ മിശ്രിതവും എല്ലു പൊടിയും ചാമ്പലും എല്ലാം കൂടി 10ചതുരശ്ര മീറ്ററിന് 20കിലോ എന്ന അളവിൽ പണയിൽ ചേർത്ത് ഇളക്കി കൊടുക്കണം. മിതമായി നനയ്ക്കുകയും ആകാം. 

ഈ പണയിൽ 45cm അകലത്തിൽ രണ്ടു വരിയായി രണ്ട് വിത്തുകൾ വീതം പാകാം. അങ്ങനെ വരുമ്പോൾ 10mx1m സ്ഥലത്തു 24തടങ്ങൾ വരും.48 വിത്തുകളും. ഇത് ഏരി പന്തൽ രീതിയാണ്. വെറ്റിലക്കൊടി പടർത്തുന്ന പോലെ ഉള്ള രീതി. 

ഇനി തട്ട് പന്തൽ രീതിയും ആകാം. അപ്പോൾ തടങ്ങൾ തമ്മിൽ 2മീറ്ററും ഒരു തടത്തിൽ 3ചെടികളും ആകാം. 1സെന്റിൽ 10തടം, 30ചെടികൾ. 

ഏരിപ്പന്തൽ ആകുമ്പോൾ 72ചെടികൾ വരെ ആകാം ഒരു സെന്റിൽ. 

 രണ്ടു പണകൾ തമ്മിൽ അര മുക്കാൽ മീറ്റർ എങ്കിലും അകലം നൽകണം.കള പറിയ്ക്കാനും വിളവെടുക്കാനും വളമിടാനും ഉള്ള ഗ്യാപ് വേണം.

നല്ല ഇനങ്ങൾക്ക് ഒരു പഞ്ഞവും ഇല്ല വള്ളിപ്പയറിൽ. 

നാടൻ മതിയെങ്കിൽ കഞ്ഞിക്കുഴി പയർ, ചായം ലോക്കൽ.

അത്യുൽപ്പാദനൻ ആണ് വേണ്ടതെങ്കിൽ ലോല, വെള്ളായണി ജ്യോതിക, ഗീതിക, ചുവന്ന പയർ ആയ വൈജയന്തി, അർക്ക മംഗള.... 

സങ്കരൻ ആണെങ്കിൽ NS 621, ഫോല, റീനു, ബബ്ലി, സുമന്ത്‌, കൊണാർക്ക്, പുട്ടി സൂപ്പർ അങ്ങനെ അങ്ങനെ... 

നല്ല വിത്ത് ആയിരിക്കണം. *വിത്തിന് കുത്തുണ്ടെങ്കിൽ ഇലയ്ക്ക് തുള നിശ്ചയം*. (പേടി വേണ്ട, ജാഗ്രത മതി) 

അങ്ങനെ ഞാൻ അങ്ങ് പോകതെങ്ങനെ...

 വിത്ത് മുളച്ചു പത്തു ദിവസം കഴിയുമ്പോൾ കരുത്തൻ ഒരുത്തനെ മാത്രം നിർത്തി മറ്റവനെ തട്ടണം. പണയുടെ രണ്ടു വശത്തും നെറ്റ് വലിച്ചു നീളത്തിൽ കെട്ടണം. വള്ളികൾ കുത്തനെ മേലോട്ട് കയറത്തക്ക രീതിയിൽ. 

വള പ്രയോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. 'ഉലക്ക തേഞ്ഞു ഉളിപ്പിടി ആയി' എന്ന് പറഞ്ഞ പോലെ ആണ് പലരുടെയും മണ്ണ്.പണ്ട് കേമമായിരുന്നു. ഇന്ന് കോമയിൽ ആണ്.ജൈവാംശവും രാസാംശവും സൂഷ്മാംശവും കമ്മി. 'കൊടുത്താലല്ലേ കിട്ടൂ... കൊടുത്താൽ കൊല്ലത്തും കിട്ടുകയും ചെയ്യും'. ആയതിനാൽ അളന്നു തൂക്കി കൃത്യമായി വളം ചെയ്യണം. 

മുളച്ചു 10ദിവസം കഴിയുമ്പോൾ 5ഗ്രാം യൂറിയ ചെടി ഒന്നിന് നൽകാം. (നൈട്രജൻ വളങ്ങൾ കൂടിയാൽ പിന്നെ ഇലപ്പയർ കൃഷി ആക്കേണ്ടി വരും. കായ് പിടുത്തം കുറയും ).

20ദിവസം കഴിയുമ്പോൾ രണ്ടര ഗ്രാം 18:9:18 ഉം 2.5ഗ്രാം പൊട്ടാഷും നൽകാം. 

മുപ്പതാം ദിവസം വീണ്ടും രണ്ടര ഗ്രാം വീതം 18:9:18ഉം പൊട്ടാഷും. 

നാൽപ്പതാം ദിവസം മേൽ പറഞ്ഞ പോലെ തന്നെ ഒരു കുഞ്ഞ് വളം. 

അൻപതാം ദിവസം 5ഗ്രാം പൊട്ടാഷ് മാത്രം. അറുപതാം ദിവസവും അത് പോലെ ഒരു തവണ കൂടി. 

കാര്യങ്ങൾ ഇപ്പടി ആനാൽ നിങ്ങൾ ഇപ്പോൾ കുട്ട നിറച്ചും പയർ പറിക്കുന്നുണ്ടാകും. ഇല്ലെങ്കിൽ പയറിനെക്കാൾ പൊക്കത്തിൽ കള വളർന്ന് നിൽപ്പുണ്ടാകും.

ഉണർവില്ലാത്ത ചെടിയും ഉപ്പില്ലാത്ത കഞ്ഞിയും....

ഇനി വള്ളി വീശാൻ തുടങ്ങുമ്പോൾ മണ്ട നുള്ളി കൂടുതൽ ശിഖരങ്ങൾ വരുത്തണം. ഓരോ ശിഖരനെയും പ്രത്യേകം വള്ളിയിൽ പടർത്തി വിടണം. ഒരു വള്ളിയിൽ ഒന്നിലധികം ശിഖരൻ മാരെ കയറ്റരുത്.

ഇനി രോഗ കീടങ്ങൾ.. അതുറപ്പല്ലേ.

ചിത്ര കീടം, വാട്ട രോഗം, മൂട് അഴുകൽ, കരുവള്ളിക്കേട്‌, പൊടിപ്പൂപ്പ്, തുരുമ്പു രോഗം, ചാഴി, കായ് തുരപ്പൻ, മുഞ്ഞ എങ്ങനെ മുള്ള് മുരട് മൂർഖൻ പാമ്പ് വരെ വരും. പേടി വേണ്ട, ജാഗ്രത മതി. 

അടിവളത്തിനൊപ്പം ക്യാപ്റ്റൻ ട്രൈക്കോഡെര്മ. 

രണ്ടാഴ്ച കൂടുമ്പോൾ വൈസ് ക്യാപ്റ്റൻ സ്യൂഡോമോണസ് 

രണ്ടാഴ്ച കൂടുമ്പോൾ ലെഫ്റ്റനന്റ് വേപ്പെണ്ണ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ എല്ലാ ഇലകളിലും.

കീടങ്ങളും രോഗങ്ങളുമായി ഒരു പോരാട്ടം തന്നെയാണേ...

ചാഴിയാണ് ഏറ്റവും മ്യാരക കീടം.വരാതെ നോക്കിയാൽ (വിളവ് ) പോകാതെ നോക്കാം.ഉണക്കമീൻ ചീഞ്ഞ വെള്ളത്തിൽ വേപ്പെണ്ണ സോപ്പ് മിശ്രിതം ചേർത്ത് ഇടയ്ക്കിടയ്ക്ക് തളിച്ചാൽ അല്പം അകറ്റി നിർത്താം, അത്ര തന്നെ. അവൻ കാരണം പയർ കൃഷി നിർത്തിയവർ എത്ര? ഇനി നിർത്താൻ പോകുന്നവർ എത്ര?..

കായ് തുരപ്പൻ പുഴുവിന് ഗോമൂത്രം -കാന്താരി മുളക് -കായം കഷായം. ബ്യുവേറിയയെയും കൂട്ടാം. 

മുഞ്ഞ വരും. കൂടെ ഉറുമ്പ് ഫ്രീ. വെയ് രാജാ വെയ്...വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം കൊണ്ട് അവന്റെ കരണം പൊട്ടിച്ച് പിന്നാലെ ഒരു വെർട്ടിസിലിയം മിസൈൽ...

അങ്ങനെ ആവനാഴിയിൽ അസ്ത്രങ്ങൾക്കാണോ പഞ്ഞം. പക്ഷെ സമയത്തു പ്രയോഗിക്കണം. A stitch in time saves nine എന്നല്ലേ കവി പാടിയിരിക്കിണത്..

കൂടുതൽ വിവരങ്ങൾക്ക് കൃഷി തുടങ്ങുന്നതിനു മുൻപ് നിങ്ങളുടെ പ്ലാന്റ് ഡോക്ടറുമായി സംസാരിക്കുക. കേരള കർഷകൻ വായിക്കുക 

തുടക്കത്തിലേ മഞ്ഞക്കെണി, നീലക്കെണി എന്നിവ മീശ മാധവനിലെ കാവ്യ മാധവനെ മനസ്സിൽ ധ്യാനിച്ച് വയ്ക്കാൻ മറക്കരുത്.

 പുളിയുറുമ്പിനെ പന്തലിൽ കയറ്റി വിട്ടാൽ പിന്നെ മുഞ്ഞയും പുഴുവും അവരും തമ്മിൽ പടയായി അവരുടെ പാടായി, നമുക്ക് കുശാലായി. 

പിന്നെ പ്രായമാകുന്ന ഇലകൾ അപ്പപ്പോൾ പറിച്ചു മാറ്റി ദൂരെ കളയുക, കുഴിച്ചിടുക, കത്തിക്കുക.

സൂക്ഷ്മ മൂലക കുറവ് ഉണ്ടെങ്കിൽ (ഇലകൾ ചെറൂതാകുക, വികൃതമാകുക ) അത് പരിഹരിക്കുക.

 മൊസൈക് രോഗം കാണുമ്പോൾ തന്നെ ചെടികൾ പറിച്ചു മാറ്റുക.പുകഞ്ഞ കൊള്ളി പുറത്ത്.

കൃത്യസമയത്തു തന്നെ വിളവെടുക്കുക.(അരി വച്ചു തുടങ്ങുമ്പോൾ ) മൂത്ത് പോയാൽ പിന്നെ മാർക്കറ്റിൽ പ്രിയം ഉണ്ടാകില്ല. 

ഇല വളർച്ച ഒരുപാട് ആകുന്നു എങ്കിൽ കായ് പിടുത്തം കുറയും. അപ്പോൾ ഇടയ്ക്കുള്ള കുറച്ചു ഇലകൾ പറിച്ചു മാറ്റി ചെടിയെ പീഡിപ്പിക്കണം. ഇലകൾ തോരൻ വയ്ക്കാൻ അസ്സലാണ്. 

വള്ളിപയറിന് കിലോയ്ക്ക് അൻപത് രൂപയിൽ കുറഞ്ഞു കണ്ടിട്ടേ ഇല്ല എന്നാണ് എന്റെ അഭിപ്രായം. ഇനി എന്റെ പോസ്റ്റ്‌ കണ്ടിട്ട് എല്ലാവരും കൃഷി ചെയ്ത് വില കുറഞ്ഞാൽ എന്നെ അടിയ്ക്കരുത്. 


✍🏻 പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section