ലോങ്ങന്
സാപ്പിന്‍ഡിസി സസ്യകുടുംബത്തിലെ മറ്റൊരംഗമായ ലോങ്ങന്‍ ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷമാണ്. ഡിമോകാര്‍പ്പസ് ലോങ്ങന്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ ഫലവൃക്ഷം 10 മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. ഇതിന്‍റെ തളിരിലകളും ശാഖകളുമെല്ലാം വളരെ മനോഹരമായതിനാല്‍ ഒരു അലങ്കാരവൃക്ഷമായിക്കൂടി നട്ടുവളര്‍ത്താം.
സമുദ്രനിരപ്പില്‍നിന്നും 1500 അടി ഉയരത്തില്‍വരെ ലോങ്ങന്‍ സ്വാഭാവികമായി വളരുന്നുണ്ടെങ്കിലും വളരെ ഉയര്‍ന്ന പ്രദേശങ്ങളിലും ലോങ്ങന്‍ വിജയകരമായി കൃഷി ചെയ്യാവുന്നതാണ്. ലോങ്ങന്‍ ഒരു മിതോഷ്ണ മേഖലാ ഫലവൃക്ഷമാണെങ്കിലും സമശീതോഷ്ണ മേഖലയില്‍ നന്നായി വളര്‍ന്ന് മികച്ച വിളവ് നല്‍കുന്നതായി കണ്ടുവരുന്നു. മറ്റേതൊരു ഉഷ്ണമേഖലാ ഫലവൃക്ഷത്തേപ്പോലെയും ലോങ്ങനും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ചൂടും ആവശ്യമാണ്.
കേരളത്തിന്‍റെ സമതലങ്ങള്‍ക്കും ഹൈറേഞ്ചിനും വളരെ യോജിച്ച ഒരു ഫലവൃക്ഷമായി ഉയരാന്‍ ലോങ്ങന് സാധ്യതകളെറെ. വര്‍ഷത്തില്‍ പലതവണ പൂക്കുന്ന പ്രകൃതമായതിനാല്‍ ഓഫ് സീസണിലും ഫലങ്ങള്‍ ഉത്പാദിപ്പിച്ച് വളരെ ഉയര്‍ന്ന വില ലഭ്യമാക്കുവാന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ ലോങ്ങന്‍ കൃഷിയുള്ളതും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നതും തായ്ലന്റാണ്.
മികച്ച വിളവും വിലയും ലഭിക്കുന്നതിനാല്‍ തായ് കര്‍ഷകര്‍ ലോങ്ങന്‍ കൃഷി ചെയ്യാന്‍ ഉത്സാഹമുള്ളവരാണ്. ചൈന, ഇന്തോനേഷ്യ, അമേരിക്ക, നെതര്‍ലന്‍ഡ്‌സ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലേക്കാണ് ലോങ്ങന്‍ കൃഷി ചെയ്യുന്നത്. പൈനാപ്പിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നതും ലോങ്ങനാണ്. ഏകദേശം 5 ലക്ഷം മെട്രിക് ടണ്‍ ആണ് തയ്ലന്റിന്റെ ഉത്പാദനം.
ധാരാളം മൂല്യവര്‍ധിത ഉത്പന്നങ്ങളും ലോങ്ങനില്‍ നിന്നും തയ്യാറാക്കി മറ്റ് രാജ്യങ്ങളില്‍ വിപണനം ചെയ്തുവരുന്നു. ഈ കണക്കുകളില്‍ നിന്നും ലോങ്ങന്‍ എത്രമാത്രം വ്യാവസായിക പ്രാധാന്യമുള്ള ഒരു പഴവര്‍ഗ്ഗമാണെന്ന് മനസ്സിലാക്കാം.
ലോങ്ങന്‍റെ ധാരാളം ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ‘ഇഡോര്‍’ എന്നയിനമാണ് ഏറ്റവും മികച്ചത്. മറ്റ് ഇനങ്ങളെക്കാള്‍ വേഗത്തില്‍ വളര്‍ന്ന് മികച്ച വിളവ് നല്‍കുന്ന ഇഡോര്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഇനമാണ്. ശരീരക്ഷീണമകറ്റി, ഊര്‍ജ്ജസ്വലത നല്‍കുന്ന ഒരു ഫലമായാണ്. ലോങ്ങന്‍ അറിയപ്പെടുന്നത്.
ശരീരത്തിന് ചൂടുനല്‍കി, ജീവിത സൗഭാഗ്യം പ്രദാനം ചെയ്യുന്ന ഒരു ഫലവൃക്ഷമായാണ് ലോങ്ങനെ ചൈനക്കാര്‍ കാണുന്നത്. മലേഷ്യക്കാരും ഇന്തോനേഷ്യക്കാരും ലോങ്ങന്‍ ജ്യൂസ് ഇഷ്ടപ്പെടുമ്പോള്‍ കൊറിയക്കാര്‍ ഉണങ്ങിയ ലോങ്ങനാണ് ഇഷ്ടപ്പെടുന്നത്.
വിത്തുകള്‍ മുളയ്ക്കുമെങ്കിലും പതിവച്ച തൈകളാണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. മണല്‍ കലര്‍ന്ന ധാരാളം ജൈവാംശമുള്ള മണ്ണിലാണ് ലോങ്ങന്‍ കൃഷി ചെയ്യേണ്ടത്. റംബുട്ടാന്‍റെ കൃഷിരീതി ലോങ്ങനും അവലംബിക്കാം. ചെടികള്‍ തമ്മില്‍ 30 അടി നല്‍കിയാല്‍ മതിയാകും. ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളാണ് ലോങ്ങന്‍റെ പൂക്കാലം.
മൂന്ന്തരം പൂക്കള്‍ ലോങ്ങനില്‍ കാണാറുണ്ട്. അവ ആണ്‍പൂക്കള്‍, പെണ്പൂക്കള്‍, ദ്വിലിംഗ പുഷ്പങ്ങള്‍ എന്നിവയാണ്. ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. ആണ്‍പൂക്കളാണ് ആദ്യം വിരിയുന്നത്. തുടര്‍ന്ന് പെണ്പൂക്കളും ദ്വിലിംഗ പുഷ്പങ്ങളും. തേനീച്ചകളാണ് പരാഗണം നടത്തുന്നത്. പൂക്കളില്‍ പൂന്തേന്‍ ഉള്ളതിനാല്‍ മറ്റ് പ്രാണികളും സന്ദര്‍ശിക്കാറുണ്ട്.
ഒട്ടുംതന്നെ തണല്‍ വേണ്ടാത്ത ഒരു ഫലവൃക്ഷമാണ് ലോങ്ങന്‍ എന്നതിനാല്‍ നല്ല സൂര്യപ്രകാശമുള്ളിടത്താണ് ലോങ്ങന്‍ നട്ടുപിടിപ്പിക്കേണ്ടത്. വേനല്‍ക്കാലത്ത് ജലസേചനം ഉറപ്പാക്കണം. വര്‍ഷംതോറും ധാരാളം ജൈവവളങ്ങളും സംയുക്തവളങ്ങളും നല്‍കാം. നട്ട് നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ സംയുക്ത വളങ്ങള്‍ നല്‍കാം.
NPK 18 കോംപ്ലക്സ് 100 ഗ്രാം വീതം വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നല്‍കി, ഓരോ വര്‍ഷവും വളത്തിന്‍റെ അളവ് ക്രമാനുഗതമായി വര്‍ധിപ്പിച്ച് ആറാം വര്‍ഷം മുതല്‍ ഒരു കിലോ വീതം NPK 18 കോംപ്ലക്സ് മൂന്നു പ്രാവശ്യം നല്‍കണം.
സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, സിങ്ക് എന്നിവയും ഉള്‍പ്പെടുത്തണം. കാര്യമായ രോഗകീടബാധകള്‍ ഒന്നും ലോങ്ങനില്‍ കാണുന്നില്ല. എങ്കിലും ഇലതീനിപ്പുഴുക്കള്‍ ചിലപ്പോള്‍ ശല്യമാകാറുണ്ട്. വേപ്പ് അധിഷ്ഠിത ലായനികള്‍ തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്.