മൺറോതുരുത്ത്
കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് മൺറോ തുരുത്ത്. ഇവിടെ എത്തുന്നതിനു് റോഡ്, റെയിൽ, ജലഗതാഗത സൌകര്യങ്ങൾ ലഭ്യമാണ്. പ്രധാന കാഴ്ചകൾ കൃഷി, മത്സ്യബന്ധനം, കയറുപിരി, ചെമ്മീൻ കെട്ടുകൾ, പക്ഷി നിരീക്ഷണം, കനാലിലൂടെ കേട്ടുവെള്ളത്തിൽ ഉള്ള യാത്രകൾ എന്നിവയാണ്. തിരുവിതാംകൂറിൽ ദിവാനായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കേണൽ മൺറോയുടെ പേരിൽ നിന്നുമാണ് മൺറോതുരുത്തിന് ആ പേര് ലഭിച്ചത്. ഏറെ ജനകീയനും സമർത്ഥനുമായിരുന്ന മൺറോയുടെ ബഹുമാനാർത്ഥം മൺറോ തുരുത്ത് എന്നും പിന്നീട് മണ്ട്രോത്തുരുത്ത് എന്നും ഈ സ്ഥലം അറിയപ്പെട്ടു. ഇന്നു കേരളത്തിൽ പരക്കെ കാണപ്പെടുന്ന പുരവള്ളങ്ങളുടെ പൂർവ്വരൂപമായിരുന്ന കെട്ടുവളളങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മൺറോത്തുരുത്തിൽ ധാരാളമായി ഉപയോഗിച്ചിരുന്നു.
കിടക്കാനും പാചകം ചെയ്യാനും കെട്ടുറപ്പുള്ള ചെറിയ ഒരു മുറിയും ചരക്ക് കയറ്റുന്നതിനുള്ള സൌകര്യവും ഈ വള്ളങ്ങളിൽ ഉണ്ടായിരുന്നു. നീളൻ മുളകൾ ഉപയോഗിച്ച് ഊന്നിയും കാറ്റിന്റെ സഹായത്താൽ പായകെട്ടി ഓട്ടിയും ദിവസങ്ങളോളം യാത്രചെയ്യാൻ പര്യാപ്തമായിരുന്നു ഈ വള്ളങ്ങൾ. കയർ, തേങ്ങ, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയ വിപണന ഉൽപ്പന്നങ്ങൾ കച്ചവടത്തിനായി പുറംനാടിൽ എത്തിച്ചിരുന്നത് വലിയ കെട്ടുവള്ളങ്ങൾ ഉപയോഗിച്ചായിരുന്നു. കുടുംബ സമേതമുളള തീർത്ഥയാത്രയ്ക്കും വെളളപ്പൊക്ക കാലങ്ങളിൽ അഭയം കണ്ടെത്തുന്നതിനും ഇത്തരം വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെനിന്നും കൊടുങ്ങല്ലൂർ പൂരം കാണുവാൻ ആളുകൾ കുടുംബ സമേതം കെട്ടുവള്ളങ്ങളിൽ പോകുന്ന പതിവുണ്ടായിരുന്നു.
സഹോദരങ്ങളും മക്കളും മറ്റ് ബന്ധുക്കളുമെല്ലാം ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ രണ്ടാഴ്ചയോളം ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് ജീവിതാവശ്യ വസ്തുക്കളും ശേഖരിച്ചുകൊണ്ട് കെട്ടുവളളത്തിൽ അഷ്ടമുടി-കായംകുളം കായലുകൾ വഴി ആലപ്പുഴ തോടു കടന്ന് ഇപ്പോൾ ബോട്ടുജട്ടിയായിത്തീർന്ന കൊടുങ്ങല്ലൂർ കോട്ടപ്പുറം എന്ന സ്ഥലത്ത് എത്തി കോട്ടപ്പുറം ക്ഷേത്രകടവിൽ നിന്നും കാൽനടയായി പൂരം നടക്കുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തുകയും ഉൽസവം കഴിഞ്ഞ് മടങ്ങുകയും ചെയ്തിരുന്നു. കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്.
Location: മൺറോതുരുത്ത്
https://maps.app.goo.gl/4a2bQioX7PEh9vCz9
◾Munroe Island Kollam Kerala