ജബോട്ടിക്കാബാ എന്ന മരമുന്തിരി
നമുക്ക് സുപരിചിതമായ പേരയ്ക്കയുടെ കുടുംബത്തിലെ അംഗമാണ് ജബോട്ടിക്കാബ. മിര്‍സിയേറിയ ജനുസ്സില്‍ ഒട്ടനവധി സ്പീഷീസുകളുണ്ട്. ഇവയുടെയെല്ലാം ഉറവിടം ബ്രസീലാണ്. ബ്രസീലിയന്‍ ജനതയുടെ ജീവിതവും സംസ്കാരവുമായി ഈ പഴത്തിന് വളരെ ബന്ധമുണ്ട്.
പ്രധാന തണ്ടും ശിഖരങ്ങളും മുന്തിരിപ്പഴങ്ങള്‍ ആവരണം ചെയ്തിരിക്കുന്നതുപോലെ, കടും പര്‍പ്പിള്‍ ജബോട്ടിക്കാബ പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാന്‍ വളരെ മനോഹരമാണ്. ജബോട്ടിക്കാബയുടെ ധാരാളം സ്പീഷീസുകള്‍ ബ്രസീലിയന്‍ കാടുകളില്‍ സ്വാഭാവികമായി കാണപ്പെടുന്നു.
ഇവിടെ നിന്നുമാണ് മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ജബോട്ടിക്കാബ കുടിയേറിയത്. ഇവ കുറ്റിച്ചെടിയായോ ചെറിയ മരമായോ ഉയരം കൂടിയ വലിയ മരങ്ങളായോ കാണപ്പെടുന്നു. നാലു മുതല്‍ 50 വരെയുള്ള ജബോട്ടിക്കാബയുടെ വിവിധ സ്പീഷീസുകളുണ്ട്.
വ്യാവസായികമായി ബ്രസീലില്‍ കൃഷി ചെയ്യുന്ന ധാരാളം ഇനങ്ങളുണ്ട്. സബാറ, പോളിസ്റ്റ, സാവോ പോളോ, ഗ്രിമാല്‍ എന്നിവയാണവ. മിര്‍സിയേറിയ ട്രങ്കിഫ്ലോറ എന്ന ഇനം വളരെ മികച്ചതായി കാണപ്പെടുന്നു. മറ്റുള്ള ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതിന്‍റെ കായ്കളുടെ ഞെട്ടിന് നീളം കൂടുതലുണ്ടായിരിക്കും. പരപരാഗണം വഴിയാണ് കൂടുതല്‍ കായ് പിടിക്കുന്നത്.
അതിനാല്‍ ഒന്നിലധികം ചെടികള്‍ വളര്‍ത്തേണ്ടതുണ്ട്. വിത്തുവഴിയാണ് പുതിയ ചെടികള്‍ ഉത്പാദിപ്പിക്കുന്നത്. ബഹുഭ്രൂണങ്ങളുള്ളതിനാല്‍ ഇത്തരം ചെടികള്‍ മാതൃവൃക്ഷത്തിന്‍റെ സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിത്തുമുളയ്ക്കുവാന്‍ രണ്ടോ മൂന്നോ ആഴ്ചയെടുക്കും. വളരെ സാവധാനം വളരുന്ന സ്വഭാവമാണ് ചെടികള്‍ക്ക്. സബാറ എന്നയിനം 8 വര്‍ഷങ്ങള്‍കൊണ്ട് പുഷ്പിച്ചതായി കണ്ടു.
പൂ വിരിഞ്ഞതിനുശേഷം ഒരു മാസത്തിനകം വിളവെടുക്കാം. പഴങ്ങള്‍ നേരിട്ടോ ജാം, ജെല്ലി, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കിയോ ഉപയോഗിക്കാം. ബ്രസീലില്‍ ധാരാളം മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ലഭ്യമാണ്.
അമ്ലത്വം കൂടിയ മണ്ണിലാണ് ജബോട്ടിക്കാബ നന്നായി വളരുന്നത്. ജലസേചനത്തിനു ക്ലോറിന്‍ കലര്‍ന്ന വെള്ളം പാടില്ല. മണ്ണിന്‍റെ പി.എച്ച് മൂല്യം 4.5 മുതല്‍ 5.5 വരെ ആയിരിക്കണം. സംയുക്ത വളങ്ങളോട് ജബോട്ടിക്കാബക്ക് നന്നേ താല്‍പ്പര്യം കുറവായതിനാല്‍ ധാരാളം ജൈവവളങ്ങള്‍ നല്‍കണം.
വര്‍ഷത്തില്‍ പലതവണ പൂക്കാറുണ്ട്. പൂക്കുന്ന സമയത്ത് നന്നായി നനച്ചാല്‍ കായ്പിടിത്തം കൂടുതലായി കാണുന്നു. കാര്യമായ രോഗ കീട ബാധകളൊന്നും തന്നെ ആക്രമിക്കുന്നതായി കാണുന്നില്ല.