കേരളം മേടച്ചൂടിൽ വെന്തുരുകുകയാണ്.കാലാവസ്ഥയും പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചൂട് 41 ഡിഗ്രി സെന്റിഗ്രേഡിൽ അധികരിച്ചിരിക്കുന്നു. സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. പ്രകൃതി ചൂഷണത്തിന്റെ മറുപാഠമായി തിരിച്ചറിവിന്റെ കൂടി കാലമാണിത് . സാമൂഹിക പ്രസ്ഥാനങ്ങളെല്ലാം പ്രകൃതി ചൂഷണത്തിനെതിരെ നിലപാടെടുക്കുന്നു. പൊതു സമൂഹം തിരിഞ്ഞ് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ജൈവവൈവിധ്യങ്ങളും തണ്ണീർത്തടങ്ങളും കുന്നുകളും മരങ്ങളും സംരക്ഷിക്കാൻ കൈകോർക്കുന്ന ഒരു മലയാളി സമൂഹം ഉയർന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രകൃതി വിഭവങ്ങളുടെ ചൂഷണം അവസാനിപ്പിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് പ്രകൃതിക്ക് ഇണങ്ങുന്ന ഒരു ജീവിത രീതി സംസ്കാരത്തിന്റെ ഭാഗമായി വളർത്തി എടുക്കേണ്ടതും. പ്രകൃത്യാ തന്നെയുള്ളതും എന്നാൽ പാഴായി പോകുന്നതുമായ ഒരു പ്രകൃതി വിഭവമാണ് കമുകിൻ പാള. യന്ത്ര സഹായത്തോടെ ചില രൂപാന്തരങ്ങൾ വരുത്തിയാൽ പാളയിൽ നിന്ന് നിരവധി ഉത്പന്നങ്ങൾ പാകപ്പെടുത്താൻ സാധിക്കും.
സാദ്ധ്യതകൾ
ചിലവ് കുറഞ്ഞ പായ് ക്കിങ് മെറ്റീരിയലുകളായി പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനം നേടുകയുണ്ടായി. ഉപയോഗശേഷം വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കരണമാകുന്നു. അഴുകുകയും മണ്ണിൽ ലയിച്ചു ചേരുകയും ചെയുന്ന ഉത്പന്നങ്ങളുടെ പ്രസക്തി ഇവിടെയാണ്.
ലോകത്താകമാനം പ്രകൃതിയിലേക്ക് മടങ്ങുക എന്നുള്ള ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ധാരാളം ആളുകൾ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ അന്വേഷിച്ചു നടക്കുന്നു. നമ്മുടെ നാട്ടിലെ കമുകിൻ പാള ശേഖരിച്ചു അവയിൽ നിന്ന് നിർമിക്കുന്ന പ്ലേറ്റുകൾ വിവിധതരം കണ്ടെയ്നറുകൾ സോപ്പ് പെട്ടികൾ സ്പൂൺ എന്നിവയ്ക്ക് സ്വദേശത്തും വിദേശത്തും വിപണിയുണ്ട്. നാട്ടിൽ പരിസ്ഥിതി സംരക്ഷിത പ്ലാസ്റ്റിക് നിരോധിത മേഖലകൾ ഏറി വരികയാണ്, അതോടൊപ്പം ആരാധനാലയങ്ങളും ഉത്സവങ്ങളും അന്നദാനവും വിവാഹം പോലുള്ള കുടുംബ ആഘോഷങ്ങളിലും പരിസ്ഥിതി സൗഹൃദമായി മാറിക്കൊണ്ടിരിക്കുന്നു.വലിയ ജനസഞ്ചയം വന്നെത്തുന്ന ശബരിമല പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. മാരാമൺ കൺവെൻഷൻ തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക്കിൽ നിന്ന് മാറിചിന്തിക്കുകയാണ്. പൂർണമായും ടാക്സിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യവസായ സംരംഭം കൂടിയാണ് പാള ഉത്പന്നങ്ങളുടെ നിർമ്മാണം. കുറഞ്ഞ മുതൽ മുടക്കും ഈ സംരംഭത്തിന്റെ ആകർഷണീയതയാണ്. ആഭ്യന്തര വിപണനത്തിന് പുറമെ കയറ്റുമതി സാധ്യതയും നിലവിലുണ്ട്.
നിർമ്മാണരീതി
കമുകിൻ തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന പാളകൾ ഇലകൾ നീക്കം ചെയ്ത് ലോഡായി നിർമ്മാണ യൂണിറ്റുകളിൽ എത്തിക്കുന്നു. തുടർന്ന് പാളകളെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നു. വെളുത്ത നിറവും വിവിധ ഷെയ്‌ഡുകളുമുള്ള പാളകൾ ഭക്ഷണപദാർത്ഥങ്ങൾ പായ്ക്ക് ചെയ്യുന്നതിനും ഭക്ഷണം വിളന്പുന്നതിനുമാണ് ഉപയോഗിക്കുന്നത്. കറുത്ത നിറം വ്യാപിച്ചിട്ടുള്ള പാളകൾ സോപ്പുപെട്ടികളുടെയും മറ്റ് ഭക്ഷ്യ ഇതര ഉപയോഗങ്ങൾക്കുമുള്ള ഉത്പന്നങ്ങളുടെ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം നിറച്ച ടാങ്കിൽ പാളകൾ തേച്ചു കഴുകിയ ശേഷം ജലാംശം നീങ്ങിക്കഴിയുന്പോൾ വിവിധ ആകൃതിയിലുള്ള ഡൈകൾ സെറ്റുചെയ്‌ത മിഷ്യനിൽ പ്രസ്സ് ചെയ്‌ത് പുറത്തെടുക്കുകയാണ് നിർമ്മാണരീതി. ഒരേസമയം നാല് ഡൈകൾ വരെ ഒരു മെഷിനിൽ പ്രവർത്തിപ്പിക്കാനാവും. പാളയിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ പ്ലേറ്റുകളും കണ്ടെയ്നറുകളും നിർമിക്കാൻ ഉപയോഗിക്കുന്പോൾ പാർശ്വഭാഗങ്ങൾ ഉപയോഗിച്ച് സോപ്പ് പെട്ടികൾ, സ്പൂണുകൾ എന്നിവ നിർമ്മിക്കുന്നു. ഒരു പാളയിൽ നിന്ന് 2 ബിരിയാണി പ്ലേറ്റുകളും 3 സോപ്പ് പെട്ടികളും ഒരു ട്രേയും നിർമിക്കാൻ സാധിക്കും. നിലവിലെ വില്പനവില അനുസരിച്ചു 22 രൂപവരെ ഒരു പാളയിൽ നിന്നുള്ള ഉത്പന്നങ്ങൾ വഴി വിറ്റുവരവ് ലഭിക്കും. പ്രധാനമായും വാഷിംഗ്, മെഷീൻ ഓപ്പറേറ്റിംഗ്, പായ്ക്കിങ് തുടങ്ങിയവക്കായ് 4 സ്ത്രീ ജോലിക്കാരെ വെച്ച് യൂണിറ്റ് മുന്പോട്ട് കൊണ്ടുപോകാവുന്നതാണ്.
മാർക്കറ്റിംഗ്
പ്ലാസ്റ്റിക് നിരോധിത മേഖലകൾ ഹോട്ടലുകൾ റിസോട്ടുകൾ ആയുർവേദ സെന്ററുകൾ ഓർഗാനിക് ഷോപ്പുകൾ, ഓർഗാനിക് ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവരെല്ലാം വിവിധതരത്തിലുള്ള പാള ഉത്പന്നങ്ങളുടെ ഉപാഭോക്താക്കളാണ്. ഇന്ത്യൻ റെയിൽവേയും വലിയ സാധ്യതയാണ് മുന്നിൽ തുറന്ന് തരുന്നത്. ഡിസ്പോസിബിൾ ഉത്പന്നം എന്ന നിലയിൽ അഴുകൽ പ്രക്രീയയിലൂടെ വേഗത്തിൽ ഭൂമിയിലേക്ക് അലിഞ്ഞ് ചേരുകയും പാർശ്വഫലങ്ങൾ ഇല്ല എന്നതും പാളയുടെ ഡിമാന്റ് വർദ്ധിപ്പിക്കുന്നു. വിദേശരാജ്യങ്ങളിലേക്കും പാള ഉൽപന്നങ്ങൾ കയറ്റുമതി ചെയുന്നുണ്ട്, വിവിധ എക്സിബിഷനുകളിലും ബി.ടു.ബി. മീറ്റിംഗുകളിലും വഴി സംരംഭകന് നേരിട്ട് തന്നെ പാള ഉല്പന്നങ്ങൾക്കുള്ള വിദേശ ഓർഡറുകൾ നേടാവുന്നതാണ്. പരിസ്ഥിതി സൗഹൃദ ഉത്പന്നം വ്യവസായം എന്ന നിലയിൽ വാണിജ്യ മന്ത്രാലയങ്ങളെല്ലാം തന്നെ ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പരിശീലനം
കേരളത്തിലെ ആദ്യ കാർഷിക- ഭക്ഷ്യ സംസ്കരണ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്ക് പാള ഉത്പന്നങ്ങളുടെ നിർമ്മാണത്തിനാവശ്യമായ പരിശീലനം നൽകുന്നുണ്ട്. ഫോൺ : 0485-2242310
മൂലധന നിക്ഷേപം
മെഷിനറി + ഡൈ (4 എണ്ണം ) = 3,25,000 .00
വയറിങ്, വാട്ടർ ടാങ്ക് = 30,000.00
അനുബന്ധ സൗകര്യങ്ങൾ = 25,000.00
പ്രവർത്തന മൂലധനം = 1,00,000.00
ആകെ = =4,80,000.00
പ്രവർത്തന വരവ് – ചിലവ് കണക്ക്
(പ്രീതിദിനം 600 കമുകിൻ പാളയിൽ നിന്നുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ചിലവ്.)
കമുകിൻ പാള 600 * 2 .5 = 1500
തൊഴിലാളികളുടെ വേതനം (4 *400 )= 1600
ഇലെക്ട്രിസിറ്റി, ഓഫീസ് ഭരണ ചിലവുകൾ = 500
വിതരണചിലവുകൾ = 1000
ആകെ = 4600
വരവ്
(പ്രതിദിനം 600 കമുകിൻ പാളയിൽ നിന്നുള്ള ഉത്പന്നങ്ങൾ വിറ്റഴിക്കുന്പോൾ ലഭിക്കുന്നത്.)
പ്ലേറ്റ് = 1200 * 4 .5 = 9400.00
സോപ്പ് പെട്ടി = 1800 * 2 = 3600.00
ട്രേ / കണ്ടെയ്നർ = 600 * 700 = 4200 .00
ആകെ = 13,200.00
പ്രതിദിനലാഭം
13200 – 4600 = 8600
ലൈസൻസ് – സബ്‌സിഡി
ഉദ്യോഗ് ആധാർ,ഗുഡ്സ് സർവീസ് ടാക്‌സ് തുടങ്ങിയ ലൈസൻസുകൾ നേടണം.സ്ഥിര മൂലധന നിക്ഷേപത്തിന് അനുബന്ധമായി വ്യവസായ വകുപ്പിൽ നിന്ന് സബ്‌സിഡി ലഭിക്കും