കാർഷികവികസനത്തിനായി ഒരു പുതിയ കാൽവയ്പ് നടത്തുകയാണ് കൃഷി വകുപ്പ് ഈ പുതിയ പദ്ധതിയിലൂടെ.
കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മുപ്പത്തിമൂന്ന് കോടി രൂപയാണ് ഈ സമഗ്ര വികസന പദ്ധതിക്കായി ഈ സാമ്പത്തികവർഷം മാറ്റിവച്ചിരിക്കുന്നത്.
ഏതെങ്കിലും വിളകൾക്ക് വിസ്തൃതിയ്ക്ക് ആനുപാതികമായി സബ്‌സിഡികൾ നൽകുക എന്ന നിലവിലെ രീതി മാറ്റി, ഒരു കർഷകന്റെ കൃഷിയിടത്തെ മുഴുവനായി (Holistic ) കണ്ട് കൊണ്ട് അതിന്റെ സമഗ്ര വികസനത്തിനായി ഒരു പഞ്ചവത്സര പദ്ധതി (Farm Plan )തയ്യാറാക്കി, അതിന്റെ സാക്ഷാൽക്കാരത്തിനായി സാധ്യമായ എല്ലാ ഏജൻസികളുടെയും സഹായങ്ങളും പദ്ധതികളും സേവനങ്ങളും ആ തോട്ടത്തിന് ലഭ്യമാക്കിക്കൊണ്ട് കർഷകന് ഒരു സുസ്ഥിരവരുമാനം(Enhanced &Sustainable Income ) ഉറപ്പ് വരുത്തുന്ന പദ്ധതിയാണിത്.
എങ്ങനെ ആണ് ഈ പദ്ധതി നടപ്പാക്കാൻ പോകുന്നത് എന്ന് ഒരു ഉദാഹരണത്തിലൂടെ നമുക്ക് നോക്കാം.
ഒരു വിമുക്തഭടൻ ആയ ഉണ്ണികൃഷ്ണൻ എന്ന കർഷകനും കുടുംബത്തിനും നിലവിൽ ഒരേക്കർ കരപ്പുരയിടവും ഒരേക്കർ നെല്പാടവും ഉണ്ട്. ഒരു കറവപശു ഉണ്ട്. കാടിനോടു അടുത്താണ് പുരയിടം. നല്ല തോതിൽ പന്നി ശല്യം ഉണ്ട്. പാടത്തു ഒരു വിള മാത്രം നെൽകൃഷി ചെയ്യുന്ന രീതിയാണ് പിൻതുടരുന്നത്. പറമ്പിൽ 30 തെങ്ങും നാല് പ്ലാവും രണ്ട് മാവും കുറച്ച് പാഴ്മരങ്ങളും ഉണ്ട്. വീട്ടാവശ്യത്തിനുള്ള അത്യാവശ്യം പച്ചക്കറികളും കുറച്ച് ഞാലിപ്പൂവൻ വാഴകളും വളർത്തുന്നുണ്ട്. കുറച്ച് ചേന, കാച്ചിൽ, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. മറ്റ് ജോലികൾ ഒന്നും ഇല്ല. നനയ്ക്കാൻ ജലസേചന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല.
നെൽകൃഷിയിൽ നിന്നും ഒരു കൊല്ലം 1250കിലോ നെല്ല് കിട്ടും. വൈക്കോൽ പശുവിന് കൊടുക്കും.30തെങ്ങിൽ നിന്നായി ഒരു കൊല്ലം 1500തേങ്ങകൾ കിട്ടും. പശുവിനെ വളർത്തുന്നതിൽ നിന്നും അതിന്റെ ചെലവ് കഴിഞ്ഞ് വീട്ടിലെ പാലിന്റെയും മോരിന്റെയും ആവശ്യം നിറവേറ്റും. വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ വീട്ടാവശ്യത്തിന് വേണ്ടി മാത്രം ചെയ്യും.
ഒരു കൊല്ലം നെല്ലിൽ നിന്നും ഏതാണ്ട് 35000രൂപയും തെങ്ങിൽ നിന്നും മുപ്പത്തിനായിരം രൂപയും ലഭിക്കും. പുറമെ നിന്നും വളരെകുറച്ചു സാധനങ്ങൾ മാത്രമേ കഴിയ്ക്കാനായി വീട്ടിൽ വാങ്ങേണ്ടതുള്ളൂ. മുൻപ് പട്ടാളത്തിൽ ആയിരുന്നതിനാൽ അതിന്റെ പെൻഷൻ ആണ് മുഖ്യവരുമാനം.
ഇതാണ് അദ്ദേഹത്തിന്റെ കൃഷിയുടെയും വരുമാനത്തിന്റെയും ഒരു രത്‌നചുരുക്കം.
ആ കുടുംബത്തിന് ധാരാളം സമയം ബാക്കിയുണ്ട്.
നല്ല കൃഷി ആശയങ്ങൾ ആരെങ്കിലും നിർദേശിച്ചാൽ അത് അനുവർത്തിക്കാൻ മനസുണ്ട്. നിലവിൽ ബാങ്ക് വായ്പകൾ ഇല്ല. എന്നാൽ വേണ്ടിവന്നാൽ എടുക്കാനും മടിയില്ല. നിലവിൽ പടശേഖര സമിതിയിലും കേരസമിതിയിലും അംഗമാണ്. കുന്താലിയും മൺവെട്ടിയും അല്ലാതെ വേറേ കാർഷിക ഉപകരണങ്ങൾ ഇല്ല. കൃഷിയിൽ കാര്യമായി രാസ -ജീവാണു വളങ്ങൾ ഉപയോഗിക്കാറില്ല. കേടുകൾ വന്ന് തെങ്ങുകൾ പലതും നഷ്ടമായിട്ടുണ്ട്. ശാസ്ത്രീയമായ അറിവുകൾ ശരാശരി ആണെന്ന് പറയാം.
ശ്രീ ഉണ്ണികൃഷ്ണൻ ഈ പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷിച്ചു.അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു.
അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ അഞ്ച് കൊല്ലകാലത്തേക്ക് നടപ്പാക്കാൻ ഉള്ള ഫാം പ്ലാൻ (Farm Plan ) തയ്യാറാക്കാൻ കൃഷി ഓഫീസറും ടീമും വീട്ടിൽ എത്തി.
അവർ ആദ്യം ആ കൃഷിയിടത്തിന്റെ അടിസ്ഥാന വിവരങ്ങൾ നിശ്ചിത ഫോറത്തിൽ ശേഖരിച്ചു. ഇപ്പോൾ ഓരോ വിളകളും എത്ര സ്ഥലത്ത് അല്ലെങ്കിൽ എത്ര എണ്ണം (തെങ്ങുകൾ, വാഴകൾ എന്നിവ )ചെയ്യുന്നു എന്ന് രേഖപ്പെടുത്തി. അതിന് വേണ്ടി വരുന്ന Inputs, Labour എന്നിവയുടെ അളവും ചെലവും അദ്ദേഹത്തിൽ നിന്നും ശേഖരിച്ചു. ഓരോ വിളയിൽ നിന്നും കിട്ടുന്ന വിളവും അതിന്റെ വിപണന രീതിയും അതിന് ലഭിക്കുന്ന വിലയും ആകെ കീട്ടുന്ന വരുമാനവും തിട്ടപ്പെടുത്തി. പശുവളർത്തലിന്റെ വരവ് -ചെലവ് കണക്കുകൾ ശേഖരിച്ചു. കൃഷിയിൽ അദ്ദേഹവും കുടുംബവും ചെലവഴിക്കുന്ന സമയവും കൃഷിയിൽ നിന്നും കിട്ടുന്ന വരുമാനവും കണക്കുകൂട്ടി എടുത്തു. വിളവെടുത്ത് വീട്ടിൽ ഉപയോഗിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് അത് വിപണിയിൽ വിറ്റിരുന്നെങ്കിൽ കിട്ടുമായിരുന്ന വിലയും രേഖപ്പെടുത്തി.
അങ്ങനെ,ഉണ്ണികൃഷ്ണന്റെയും കുടുംബത്തിന്റെയും കൃഷിയിൽ ചെലവഴിക്കുന്ന തുക, സമയം, വരുമാനം എന്നിവയെക്കുറിച്ച് ആദ്യമായി അദ്ദേഹത്തിന് ഒരു കൃത്യമായ കണക്കുണ്ടായി.
(പല കർഷകർക്കും ഈ സ്വഭാവം ഇല്ല. Farm accounting. അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഒരു കണക്കുണ്ടാക്കുക ശ്രമകരം ).അത് കൃത്യമായി ഞാൻ കണ്ടിട്ടുള്ളത് എടപ്പാളിലെ കർഷകോത്തമൻ അബ്ദുൽ ലത്തീഫ് ജി യിലും ചാത്തന്നൂരിലേ മണ്ണ് വീട് രവിയിലും മാത്രമാണ്.
കൃഷിഭവൻ ടീമും ശ്രീ ഉണ്ണികൃഷ്ണനും കുടുംബവുമായി കൂടിയിരുന്ന് ചർച്ച ചെയ്തതിന്റെ ഫലമായി അവരുടെ കൃഷിയെക്കുറിച്ചു താഴെ പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേർന്നു.
1. കൃഷിക്കാര്യങ്ങൾക്ക് വേണ്ടി ശരാശരി മൂന്ന് മണിക്കൂർ മാത്രമാണ് ആ കുടുംബം ചെലവഴിക്കുന്നത്. അതായത് കൂടുതൽ സമയം കൃഷിയിൽ, ആവശ്യമായി വന്നാൽ ചെലവഴിക്കാൻ അവർ തയ്യാറാണ്.
2. വർഷത്തിൽ രണ്ട് തവണ നെൽകൃഷിയും ഒരു തവണ പയർ /എള്ള് എന്നിവ ചെയ്യാൻ സാഹചര്യം ഉണ്ടെങ്കിലും നിലവിൽ അത് ചെയ്യുന്നില്ല.
3. രണ്ട് പശുവിനെ വളർത്താൻ പറ്റിയ തൊഴുത്ത് ഉണ്ടെങ്കിലും അതിനായി ശ്രമിച്ചിട്ടില്ല.
4. പിണ്ണാക്കുകൾക്ക് പുറമേ വൈക്കോൽ മാത്രമാണ് പശുക്കൾക്ക് കൊടുക്കുന്നത്. തീറ്റപ്പുൽ കൃഷി ചെയ്യാൻ ശ്രമിച്ചിട്ടില്ല.
5. തന്റെ കാർഷിക വിളകൾക്ക് മണ്ണ് പരിശോധനയെ അടിസ്ഥാനമാക്കി ഒരു സംയോജിത വള പ്രയോഗ രീതി (Integrated Nutrient Management ) ഇത് വരെ അനുവർത്തിച്ചിട്ടില്ല.ആയതിനാൽ തന്നെ ഉത്പാദന ക്ഷമതയും കുറവാണ്.
6.മണ്ണിൽ കുമ്മായപ്രയോഗം അനുവർത്തിക്കുന്നില്ല. ആയതിനാൽ തന്നെ വളപ്രയോഗത്തിന്റെ കാര്യക്ഷമതയും കുറവാണ്.
7. ബാങ്കിൽ അത്യാവശ്യം സമ്പാദ്യം ഉണ്ടെങ്കിലും തന്റെ പുരയിടത്തിന് വന്യമൃഗങ്ങളിൽ നിന്നും രക്ഷിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല.(സൗര വേലിയോ മറ്റ് മാർഗങ്ങളോ ഒന്നും.)
8. നെല്ല് സിവിൽ സപ്ലൈസ് കോർപറേഷൻ വഴിയല്ല വിൽക്കുന്നത്. സ്വകാര്യ മില്ലുകൾക്കാണ്.ആയതിനാൽ തന്നെ ലഭിക്കുന്ന വിലയും കുറവാണ്.
9. നെൽകൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ല.ആയതിനാൽ തന്നെ കൃഷിനാശം വല്ലതും സംഭവിച്ചാൽ സ്വാഹാ..
10. പ്രദേശത്ത് VFPCK പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിൽ അംഗത്വം എടുത്തിട്ടില്ല.
11. ഒരു ജലസേചന പമ്പ്സെറ്റ്, സൗജന്യ വൈദ്യുതി കണക്ഷൻ എന്നിവ എടുത്തിട്ടില്ല.
ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത അഞ്ചു കൊല്ലത്തേക്ക് കൂടുതൽ വരുമാനം ലഭിക്കാനായി ശ്രീ ഉണ്ണികൃഷ്ണന്റെ ഫാമിൽ നടപ്പാക്കേണ്ട പദ്ധതികൾ അവർ കൂട്ടായി ഇങ്ങനെ തീരുമാനിച്ചു.
1. നെൽ കൃഷി ഒന്നാം വിളയും രണ്ടാം വിളയും ചെയ്യാൻ തീരുമാനിച്ചു.(Sustainable Development of Rice, Paddy Royalty, ഉദ്പാദന ബോണസ്, ഗ്രാമ -ബ്ലോക്ക് -ജില്ലാ പഞ്ചായത്തിന്റെ സഹായം കിട്ടും )
2. രണ്ടാം വിള കൊയ്ത്തു കഴിഞ്ഞാൽ പാടത്തു മാർക്കറ്റിൽ നല്ല വിലയുള്ള കരിമണി പയർ കൃഷി ചെയ്യാം എന്ന് തീരുമാനിച്ചു.(Organic Farming സ്കീം )
3. നെൽ കൃഷിയിൽ ശാസ്ത്രീയമായ കുമ്മായം, ജൈവ -രാസ -ജീവാണു വള പ്രയോഗം ചെയ്യാം എന്ന് തീരുമാനിച്ചു.(ATMA പ്രദർശനത്തോട്ടം )
4. രണ്ട് വശത്തെ വരമ്പുകൾ അല്പം കൂടി വീതി കൂട്ടി ചോളം, സൂര്യകാന്തി, എള്ള്, തുവര പയർ എന്നിവ ചെയ്യാം എന്ന് സമ്മതിച്ചു.(BPKP )
5. നെൽകൃഷി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രീമിയം യഥാസമയം അടയ്ക്കാം എന്ന് സമ്മതിച്ചു.(സ്വന്തം പണം )
6. ഒരു കൊല്ലം പല തവണയായി ഒരു 500 കിലോ നെല്ല് എങ്കിലും കുത്തി തവിട് കളയാതെ അരിയാക്കി വിൽക്കാൻ തീരുമാനിച്ചു.(Value addition ).
7. വീട്ടാവശ്യത്തിനുള്ള നെല്ലിന് പുറമേ ഉള്ളവ സപ്ലൈകോ യ്ക്ക് കൊടുക്കാൻ തീരുമാനിച്ചു.
8. അദ്ദേഹത്തിന്റെ പെൻഷൻ വരുന്ന ബാങ്കിൽ നിന്നും അഞ്ച് കൊല്ലം കൊണ്ട് അടച്ചു തീർക്കാവുന്ന ഒരു Term ലോൺ പുരയിടം Chain linked fence ഇടുന്നതിനും ഡ്രിപ് irrigation സൗകര്യം ഏർപ്പെടുത്തുന്നതിനുമായി എടുക്കാൻ തീരുമാനമായി.(സ്വയം അടയ്ക്കണം. Working capital loan 4%പലിശയ്ക്ക് ബാങ്ക് കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിൽ നൽകും ).
9. പുരയിടത്തിലെ മണ്ണ് പരിശോധിച്ച് വർഷത്തിൽ രണ്ട് തവണ തെങ്ങിന് സംയോജിത വള പ്രയോഗം നടത്താം എന്ന് സമ്മതിച്ചു.(കൃഷി വകുപ്പ് laboratory )
10. തെങ്ങിന്റെ തടത്തിന് ചുറ്റും പയർ വിതച്ച് വളമാക്കാൻ തീരുമാനിച്ചു.(കേര രക്ഷാ വാരം ).
11. തോട്ടത്തിൽ അവിടവിടെയായി 100 ശീമക്കൊന്നകൾ വളർത്താനും അതിൽ കുരുമുളക് കൊടികൾ നട്ട് വളർത്താനും തീരുമാനിച്ചു.അതിനുള്ള സഹായം കൃഷി വകുപ്പ് വാഗ്ദാനം ചെയ്തു.(Pepper Development Scheme ).
12. പുരയിടത്തിൽ അതിരുകളിലായി 2.7m അകലത്തിൽ ഇപ്പോൾ നല്ല വില കിട്ടുന്ന കവുങ്ങ് തൈകൾ വയ്ക്കാൻ തീരുമാനിച്ചു.(Critical Intervention )
13. തൊഴുത്തിൽ സ്ഥലം ഉള്ളതിനാൽ ഒരു കിടാരിയെ കൂടി വാങ്ങാം എന്ന് സമ്മതിച്ചു.(മൃഗ സംരക്ഷണ വകുപ്പ് ).
14. ഒരു പശുവിന് 19സെന്റ് എന്ന കണക്കിന് 20സെന്റ് സ്ഥലത്ത് തീറ്റപ്പുൽ കൃഷി ചെയ്യാനും ക്ഷീര വികസന വകുപ്പിന്റെ സഹായം തേടാനും തീരുമാനമായി.
15. ഒരു കള വെട്ടു യന്ത്രവും ചാഫ് കട്ടർ യന്ത്രവും പാൽ കറക്കുന്ന യന്ത്രവും വാങ്ങാം എന്ന് തീരുമാനമായി.(SMAM)
16.25 BV 380കോഴികളെ വളർത്താവുന്ന ഒരു ഹൈ ടെക് കോഴിക്കൂടും കോഴികളെയും വാങ്ങാൻ തീരുമാനിച്ചു. (ഗ്രാമ പഞ്ചായത്ത് ).
16.100 വാഴകൾ ശാസ്ത്രീയമായി കൃഷി ചെയ്യാനും VFPCK യിൽ അംഗത്വം എടുക്കാനും തീരുമാനമായി.(SHM, ഗ്രാമ പഞ്ചായത്ത് ).
17. അഞ്ച് നല്ല ഇനം പ്ലാവും മൂന്ന് N18 റംബൂട്ടാനും അഞ്ച് നല്ലയിനം ജാതി തൈകളും വയ്ക്കാൻ തീരുമാനിച്ചു.(SHM).
18. അഞ്ച് സെന്റ് സ്ഥലത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചു പാവൽ, പയർ, കോവൽ എന്നിവ കൃഷി ചെയ്യാൻ ഒരു സ്ഥിരം പന്തൽ ഉണ്ടാക്കാൻ തീരുമാനിച്ചു.(VDP)
19. നിലവിൽ ഉള്ള കമ്പോസ്റ്റ് കുഴി റിപ്പയർ ചെയ്ത്, അതിന് മേൽപ്പുര കെട്ടി മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ തീരുമാനമായി.(SHM).
20. ഒരു തെങ്ങ് കയറ്റ യന്ത്രം വാങ്ങി, പരിശീലിച്ചു തെങ്ങിൽ തനിയെ കയറാം എന്നും തീരുമാനിച്ചു. അതിനുള്ള training കൃഷിഭവൻ നൽകും എന്ന് കൃഷി ഓഫീസർ അറിയിച്ചു.(SMAM ).
21. നിലവിൽ ഉള്ള ഒരു ചെറിയ കുളത്തിൽ വീട്ടാവശ്യത്തിനുള്ള മീനുകളെ വളർത്താൻ തീരുമാനിച്ചു (Fisheries Dept).
അങ്ങനെ ഈ ഇരുപത്തി ഒന്ന് കാര്യങ്ങളും നിശ്ചിത ഫോർമാറ്റിൽ എഴുതി, അതിന് നേരെ അതിന് വേണ്ടി വരുന്ന മുതൽമുടക്ക് രേഖപ്പെടുത്തി, അത് എന്നാണ് ചെയ്യുന്നത് (ഒന്നാം വർഷം, രണ്ടാം വർഷം, മൂന്നാം വർഷം, നാലാം വർഷം, അഞ്ചാം വർഷം )എന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എഴുതി ഓരോ പ്രവർത്തനത്തിനും എവിടെ നിന്നൊക്കെ സഹായം കിട്ടും (കൃഷി വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, മത്സ്യ വകുപ്പ്, ബാങ്ക്, VFPCK, KAU, ATMA, SHM, SMAM, PMKSY, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് )എന്ന് രേഖപ്പെടുത്തിയപ്പോൾ അത് ഒരു ആക്ഷൻ പ്ലാൻ (Farm Plan ) ആയി മാറി.അതിൽ നിന്നും ഓരോ കൊല്ലവും എത്ര വരുമാനം ലഭിച്ചേക്കാം എന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്.
ഈ പ്ലാൻ Block Level Agriculture Knowledge Centre, BLAKC )അംഗീകരിക്കും.
ഇനി കൃഷിഭവൻ അധികൃതരും ശ്രീ ഉണ്ണി കൃഷ്ണനും ചേർന്ന് അടുത്ത അഞ്ച് കൊല്ലം കൊണ്ട് മേല്പറഞ്ഞ എല്ലാ പദ്ധതികളും സംയോജിപ്പിച്ച്,ഈ പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പ്രവർത്തിക്കണം.
ഇതിൽ ഏതെങ്കിലും പ്രവർത്തനം ചെയ്യാൻ നിലവിൽ ഉള്ള പദ്ധതിയിൽ സാമ്പത്തിക സഹായം ലഭ്യമല്ലെങ്കിൽ, ആ പദ്ധതിക്കായി(Critical Intervention ) ഈ സ്‌കീമിനായി പ്രത്യേകം അനുവദിച്ച ഫണ്ട് ഉപയോഗിക്കാൻ അനുമതിയും ലഭിക്കും.
ഈ Critical Intervention ചെയ്യാനായി ആ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന Service Provider (കൃഷിക്കൂട്ടം, ആഗ്രോ സർവീസ് സെന്റർ, കാർഷിക കർമ സേന, VFPCK വിപണി, സഹകരണ ബാങ്ക് /സൊസൈറ്റി ) ക്ക് BLKAC അനുമതിയും നൽകും.
മറ്റ് സ്കീമുകളിൽ നിന്നും ഉള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കും Critical Intervention fund അത് തൃപ്തികരമായി ചെയ്ത Service Provider ടെ അക്കൗണ്ട്ലേക്കും അസിസ്റ്റന്റ് ഡയറക്ടർ പാസാക്കി നൽകും.
അങ്ങനെ ശ്രീ ഉണ്ണികൃഷ്ണന്റെ കൃഷിയിടം ഏറ്റവും ഉചിതമായി ഉപയോഗിച്ച് കൊണ്ട് അദ്ദേഹത്തിനും കുടുംബത്തിനും കുറച്ചു കൂടി മെച്ചപ്പെട്ട ഒരു സുസ്ഥിര വരുമാനം ഉറപ്പ് വരുത്താൻ കൃഷി വകുപ്പിന് സാധിക്കും.
ശേഷിച്ച കാലം ആ കുടുംബം സന്തോഷമായി അധ്വാനിച്ചു ലോൺ ഒക്കെ തിരിച്ചടച്ചു സംതൃപ്തമായ ജീവിതം നയിക്കും.
ഇതാണ് ഈ നൂതന പദ്ധതിയിലൂടെ (Farm Plan Based Production Programme )ലൂടെ കൃഷി വകുപ്പ് കാണുന്ന സ്വപ്നം.
ഈ സ്കീമിന്റെ പിന്തുടർച്ചയായി ഇതിൽ പങ്കാളികൾ ആകുന്ന കർഷകരെ ഉൾപ്പെടുത്തി Farmer Producer Organization രൂപീകരിക്കൽ , അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഉള്ള premium ഔട്ട്ലെറ്റ് കൾ സ്ഥാപിക്കൽ , കൃഷിയിടത്തിൽ നിന്നും ഉത്പന്നങ്ങൾ ശേഖരിച്ചു FPO /Hub ൽ എത്തിക്കാൻ Farm produce aggregators നെ തെരെഞ്ഞെടുക്കൽ , ജില്ലാ തലത്തിൽ ഒരു Hub സ്ഥാപിക്കൽ, സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ Kerala Agri Net, Dedicated App for digital marketing ഉണ്ടാക്കാൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ഫണ്ട് നൽകൽ , ഒക്കെയും ലിങ്ക് ചെയ്യാൻ Kerala Agri Business Company, Value Added Agriculture Mission എന്നിവയുടെ ഒക്കെ സഹായത്തോടെ ഒരു സുഭിക്ഷ കേരളം പടുത്തുയർത്താൻ കഴിയും എന്ന് വകുപ്പ് പ്രത്യാശിക്കുന്നു.
അപ്പോൾ പിന്നെ സമയം കളയേണ്ട.. വേഗം ഫാം പ്ലാൻ തയ്യാറാക്കി പരിപാടികൾ തുടങ്ങട്ടെ..
എന്റെ സുഹൃത്തും മാതൃഭൂമി കണ്ണൂർ ബ്യുറോയിലെ ലേഖകനുമായ സുബൈർ തയ്യാറാക്കിയ പത്ര വാർത്തയും ഇതോടൊപ്പം അടക്കം ചെയ്യുന്നു.
പ്രമോദ് മാധവൻ