ബേക്കറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സംസ്‌കരിച്ചുണക്കിയ അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്കു മുകളില്‍ വിലയുണ്ട്...
അത്തിപ്പഴം മൂക്കുന്ന കാലമാണിത്. മലയോരത്തുള്‍പ്പെടെ പല പറമ്പിലും വലിയ അത്തിമരങ്ങള്‍ നിറയെ പഴവുമായി നില്‍ക്കുന്നുണ്ട്. എന്നാല്‍, ചക്കയുടെ ഗതി തന്നെയാണ് പലയിടത്തും ഇതിന്. രുചികരവും പോഷകസമ്പുഷ്ടവുമാണ് അത്തിപ്പഴം. അത് സംസ്‌കരിക്കാനുള്ള വഴി ഇതാ.
ചക്ക പോലെ മലയോരത്തെ വീട്ടുപറമ്പുകളില്‍ അത്തിപ്പഴം വെറുതെ നശിക്കുന്നു. ഒട്ടുമിക്ക വീടുകളിലും വളര്‍ത്തുന്നുണ്ടെങ്കിലും സംസ്‌കരണം ബുദ്ധിമുട്ടായതാണ് പാഴാവുന്നതിന് പ്രധാന കാരണം. കേരളത്തില്‍ കായ പഴുത്തു തുടങ്ങുന്നത് മഴക്കാലത്താണ്. ഇതുമൂലം തടിയിലിരുന്ന് ചീഞ്ഞ് നശിക്കുകയും ചെയ്യുന്നു.
ബേക്കറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സംസ്‌കരിച്ചുണക്കിയ അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്കു മുകളില്‍ വിലയുണ്ട്. പോഷകസമൃദ്ധമായ ഫലമാണ് അത്തി. മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയ ഇത് കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള മൂലകങ്ങളാലും സമ്പന്നമാണ്. ആയുര്‍വേദത്തില്‍ ഒട്ടുമിക്ക രോഗങ്ങള്‍ക്കും മരുന്നായും നിര്‍ദേശിക്കുന്നുണ്ട്.
മൂന്നുവര്‍ഷം കൊണ്ട് അത്തിപ്പഴം കായ്ക്കും. കായകള്‍ പഴുക്കുമ്പോള്‍ ചുവപ്പുനിറമാകും. അപ്പോള്‍ പറിച്ചെടുത്ത് സംസ്‌കരിക്കാം. കേരളത്തിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അത്തിപ്പഴത്തിന് പെട്ടെന്ന് പൂപ്പല്‍ പിടിക്കും. പഴുക്കുന്നതിനുമുമ്പ് മൂപ്പെത്തിയ കായകള്‍ ഉപയോഗിച്ച് തോരനും കറികളും ഉണ്ടാക്കുന്നവരുമുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും അത്തിപ്പഴം നല്ലതാണ്.
ഇങ്ങനെ സംസ്‌കരിക്കാം
പഴുത്ത അത്തിപ്പഴം (ഒരുകിലോ) ഞെട്ടുകളഞ്ഞ് മുറിച്ച് കഷണങ്ങളാക്കിവെക്കുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ 4-5 മണിക്കൂര്‍ നേരം ഇത് മുക്കിവെക്കണം. ലായനിയില്‍ നിന്നെടുത്ത് നന്നായി കഴുകുക. ചുണ്ണാമ്പിന്റെ അംശങ്ങള്‍ പൂര്‍ണമായും നീക്കണം. തിളച്ച വെള്ളത്തിലിട്ട് വീണ്ടും രണ്ടുമിനിറ്റ് തിളപ്പിക്കണം. പരന്ന പാത്രത്തില്‍ നിരത്തി കഷണങ്ങളുടെ പുറത്തുള്ള വെള്ളം ഉണങ്ങാന്‍ അനുവദിക്കുക. തയ്യാറാക്കിയ പഞ്ചസാരലായനിയില്‍ ഒരുദിവസം ഇട്ടുവെക്കണം.
പഞ്ചസാരലായനിയില്‍നിന്ന് എടുത്ത ഉടനെ വീണ്ടും ശുദ്ധജലത്തില്‍ കഴുകി കായയുടെ പുറത്ത് പറ്റിയിരിക്കുന്ന പഞ്ചസാരയുടെ അംശം നീക്കണം. ഇങ്ങനെ കഴുകിയെടുത്ത പഴങ്ങള്‍ വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് കഴിക്കാം..