ഇലക്കറികളിൽ ചിലരുടെയെങ്കിലും പ്രിയപ്പെട്ടതാണ് മുരിങ്ങ. നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന മുരിങ്ങ കറിവെച്ചും, തോരൻവെച്ചുമെല്ലാം നാം കഴിക്കാറുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങ. അതുകൊണ്ട് തന്നെ നിത്യേന മുരിങ്ങ കഴിക്കുന്നത് നല്ലതാണ്. മുരിങ്ങയില പോലെ തന്നെ മുരിങ്ങക്കായയും ശരീരത്തിന് ഏറെ മികച്ചതാണ്.
മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. ശരീരത്തിന് ഊർജ്ജം പകരാൻ മുരിങ്ങയിലയ്‌ക്ക് കഴിയും. മുരിങ്ങയിലയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അതിനാൽ തളർച്ചയും, ക്ഷീണവും ഇല്ലാതാകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ഏറെ മികച്ചതാണ് മുരിങ്ങ. അതിനാൽ പ്രമേഹമുള്ളവർ മുരിങ്ങ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. മുരിങ്ങയിലയിൽ അടങ്ങിയിട്ടുള്ള ക്ലോറോജെനിക് ആസിഡ് എന്ന പിഗ്മന്റാണ് ഇതിന് സഹായിക്കുന്നത്.
ഹൃദയാരോഗ്യത്തിന് ഉത്തമമാണ് മുരിങ്ങയില. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ മുരിങ്ങയിലയ്‌ക്ക് കഴിയും. അതുവഴി ഹൃദയം എന്നും ആരോഗ്യത്തോടെയിരിക്കും.
ദഹന സംബന്ധമായ അസുഖങ്ങൾ ഉള്ളവർ മുരിങ്ങ ഇടയ്‌ക്കിടെ കഴിക്കുന്നത് നന്നായിരിക്കും. മലബന്ധം, ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ എന്നിവ ഇല്ലാതാക്കാൻ മുരിങ്ങയിലയ്‌ക്ക് കഴിയും. മുരിങ്ങയില നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ആണ് നമുക്ക് മികച്ച രോഗപ്രതിരോധ ശേഷി പ്രധാനം ചെയ്യുന്നത്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. മുരിങ്ങയിലയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ മുരിങ്ങയില കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകും. സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു.