എല്ലാക്കാലത്തും എല്ലത്തരം മണ്ണിലും വളരുന്ന ഒരു ഇലവര്‍ഗ വിളയാണ് ചീര. ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഇലപ്പുള്ളി രോഗം വരാറുണ്ട്. ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് രോഗകാരി. ഇതിന്റെ സ്പോറങ്ങള്‍ ഇലയുടെ അടിവശത്ത് പൊടിപോലെ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്.
രോഗം വ്യാപിക്കുന്നത് ജലസേചനം മൂലമോ മഴസമയത്തോ ആണ്. നനക്കാനായി വെള്ളം വീശിയൊഴിക്കുമ്പോള്‍ കുമിളിന്റെ സ്പോറങ്ങള്‍ മറ്റു ചെടികളിലേക്ക് വ്യാപിക്കും. ജലസേചനസമയത്ത് വെള്ളം വീശിയൊഴിക്കാതെ ചെടിയുടെ ചുവട്ടില്‍ വീഴത്തക്കവിധം നനച്ചാല്‍ രോഗവ്യാപനം ഒരു പരിധിവരെ തടയാം.
കൂടാതെ സി.ഓ 1 എന്ന പച്ചച്ചീര നല്ല രോഗപ്രതിരോധശക്തിയുള്ള ഇനമായതിനാല്‍ ചുവന്ന ചീരയുമായി ഇടകലര്‍ത്തി കൃഷിചെയ്യണം. രോഗം പ്രത്യക്ഷപ്പെടുന്ന ഇലകള്‍ അപ്പപ്പോള്‍ പറിച്ചുമാറ്റി തീയിടണം.
ജൈവീക നിയന്ത്രണ മാര്‍ഗത്തിന് മുന്തൂക്കം കൊടുത്തുവേണം രോഗം നിയന്ത്രിക്കാന്‍. സോഡാപൊടി, മഞ്ഞള്‍പ്പൊടി മിശ്രിതം പാല്‍ക്കായ ലായനിയില്‍ ചേര്‍ത്തു തളിക്കുന്നത് തുടക്കത്തിലുള്ള രോഗനിയന്ത്രണത്തിന് ഉത്തമമാണ്. ഇതിനായി 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എട്ടുഗ്രാം സോഡപൊടിയും 32ഗ്രാം മഞ്ഞള്‍പൊടിയും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം ഇലകളുടെ ഇരുവശത്തും പതിക്കത്തക്കവിധം തളിക്കുക. ഇതുകൊണ്ട് രോഗനിയന്ത്രണം സാധ്യമാകാതെ വന്നാല്‍ മാത്രം രാസ കുമിള്‍നാശിനി ഉപയോഗിക്കാം.