ഒരിക്കൽ മാത്രം ഉപയോഗിച്ച് കളയുന്ന ഗ്ലാസുകളുടെ ഉപയോഗം നിയന്ത്രിക്കണം എന്ന് പറയുമ്പോൾ പോലും, പ്രായോഗികമായ ബുദ്ധിമുട്ടുകൾ കൊണ്ട് ഇന്നും അത് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഓഡിറ്റോറിയങ്ങളിൽ നിന്നും ഇവ മറ്റ് ഭക്ഷണവശിഷ്ടങ്ങൾ കലരാതെ ശേഖരിക്കാൻ ഏർപ്പാട് ചെയ്താൽ വീട്ടുജോലി അല്ലാതെ മറ്റ് തൊഴിൽ ഇല്ലാത്ത ആർക്കും വഴുതന, വിവിധ തരം മുളകുകൾ, തക്കാളി, കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, പപ്പായ, അഗസ്തി ചീര എന്നിവയുടെ ഗുണമേന്മ കൂടിയ തൈകൾ ഉണ്ടാക്കാൻ കഴിയും.
മൂന്ന് ഭാഗം ചകിരിച്ചോറിന് ഒരു ഭാഗം അരിച്ചെടുത്ത ചാണകപ്പൊടി ചേർത്ത് നന്നായി ഇളക്കി ഗ്ലാസുകളിൽ നിറച്ച് അതിൽ വിത്തുകൾ പാകാം. ഗ്ലാസിന്റെ അടിഭാഗത്തു നീർ വാർച്ചയ്ക്കുള്ള ദ്വാരങ്ങൾ കൊടുക്കണം.
മുളച്ച്,നാലില ആയാൽ 19:19:19 അര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കാം. അത് കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോൾ അതേ വളം ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയും വീണ്ടും ഒരാഴ്ച കഴിഞ്ഞു രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയും സ്പ്രേ ചെയ്ത് കൊടുത്താൽ ഇരുപത്തഞ്ച് ദിവസം കൊണ്ട് പറിച്ച് നടാൻ പ്രായത്തിലുള്ള തൈകൾ കിട്ടും.
നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ (കഴിയുമെങ്കിൽ മഴമറകളിൽ )തൈകൾ ഉണ്ടാക്കണം.
നിവർന്ന് നിൽക്കുന്ന അഞ്ച് -ആറ് ഇലകൾ ഉള്ള, കടും പച്ച നിറമുള്ള, ചരിഞ്ഞ് വീഴാത്ത പച്ചക്കറി തൈകൾ ഉണ്ടാക്കാൻ കൃഷിക്കാർ പഠിക്കണം.
പ്രമോദ് മാധവൻ