അമ്മവാഴയും മോളും കൊച്ചുമോളും (Banana Ratooning) | പ്രമോദ് മാധവൻ

 


കേരളത്തിന്റെ വാഴയുടെ ഉത്പാദനക്ഷമത ഹെക്റ്ററിന് 18 ടൺ ആണ്.
കുലയൊന്നിന് ശരാശരി 7കിലോ.
എല്ലാ ഇനങ്ങളും, എല്ലാത്തരം കൃഷിയും (വാണിജ്യ കൃഷി, വീട്ടുവളപ്പിലെ കൃഷി, നിഷ്‌ക്രിയ കൃഷി (Do nothing farming, Mazanobu Fukuoka ആണ് ഇതിന്റെ ഉപഞ്ജാതാവ് എങ്കിലും അതിനെ ഒരു അനുകരണീയ മാതൃകയാക്കി വികസിപ്പിച്ചത് മലയാളികൾ ആണ് 🤭) പരിഗണിച്ചുള്ള കണക്കാണിത്.
മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ 40 ടൺ ഒക്കെ ആണ് പ്രതി ഹെക്ടർ ഉത്പാദന ക്ഷമത.
ഈ കുറഞ്ഞ ഉത്പാദനക്ഷമതയ്ക്ക് കാരണം നമ്മൾ വാഴയിൽ കുറ്റിവിള (Ratooning ) പരിപാലനം ശരിയായി ചെയ്യാത്തത് കൊണ്ടാണ്.
പ്രത്യേകിച്ചും വീട്ടുവളപ്പുകളിൽ.
മിക്ക വീടുകളിൽ പോയാലും നമുക്ക് കാണാൻ കഴിയുക 'വാഴക്കാടുകൾ 'ആണ്. ഒരു വാഴച്ചുവട്ടിൽ എട്ടും പത്തും വാഴകൾ. അളന്നു തൂക്കി വളം കൊടുക്കുന്ന പരിപാടി പണ്ടേയില്ല.
പിന്നെ ഉള്ള വളം പത്ത് പേർ പങ്കിട്ടെടുത്താൽ കുല തേമ്പിയിരിക്കും.
ആയതിനാൽ ഒരു വാഴത്തടത്തിൽ ഒരു അമ്മവാഴയും അതിന്റെ പകുതി പ്രായമുള്ള ഒരു മോള് വാഴയും അതിന്റെ പകുതി പ്രായമുള്ള ഒരു കൊച്ചുമോള് വാഴയും മാത്രം നിർത്തി ബാക്കിയുള്ള കന്നുകൾ മുഴുവൻ വെട്ടി നശിപ്പിക്കുകയോ പുഴക്കി മാറ്റുകയോ ചെയ്യണം. എന്നിട്ട് വാഴകൾക്ക് നാലിലകൾ വരുമ്പോൾ ഒരു മേൽ വളം എന്ന രീതിയിൽ പരിപാലിക്കണം. അമ്മയ്ക്കും മോൾക്കും കൊച്ചുമോൾക്കും വളങ്ങൾ അവരുടെ പ്രായം അനുസരിച്ചു നൽകുകയും വേണം.
ഇത്തരത്തിൽ പരിപാലിക്കുമ്പോൾ രണ്ട് വാഴകൾ തമ്മിൽ രണ്ടര -മൂന്ന് മീറ്റർ അകലം എങ്കിലും നൽകണം. അങ്ങനെ എങ്കിൽ ഏതാണ്ട് 25-27മാസം കൊണ്ട് ഒരു തടത്തിൽ നിന്നും നല്ല മൂന്ന് കുലകൾ നമുക്ക് വിളവെടുക്കാം.
നിഷ്കു കർഷകർ ക്ഷമിക്കുക. വാഴക്കാടുകൾ നിങ്ങൾക്കുള്ളതാണ്‌. അതാർക്കും വിട്ടുകൊടുക്കരുത്.
കാഡ്ബറിസ് ചോക്ലേറ്റ് പരസ്യത്തിൽ വൃദ്ധ, ന്യൂ ജൻ പയ്യനോട് പറയുന്നത് പോലെ " Thanks for doing nothing "
പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section