ഇടവിള കൃഷിയും ഇക്കോളജിക്കൽ എഞ്ചിനീയറിംഗും | പ്രമോദ് മാധവൻ

 

 കാലാവസ്ഥാ വ്യതിയാനം വളരെ വലിയ വെല്ലുവിളികൾ ആണ് കാർഷിക മേഖലയിൽ സൃഷ്ടിക്കാൻ പോകുന്നത്. ആഗോള താപനം കുറയ്ക്കുന്നതിനായി ഫോസിൽ ഇന്ധനങ്ങളും മറ്റ് രാസവസ്തുക്കളും കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും നിർബന്ധിതമാകുമ്പോൾ ഭാവിയിൽ രാസവളങ്ങൾക്കും രാസ സംരക്ഷക വസ്തുക്കൾക്കും ഉത്പാദനനിയന്ത്രണവും വിലക്കയറ്റവും ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്. 


ഇന്ത്യ 2070 ഓട് കൂടി Net zero (നമ്മൾ പുറം തള്ളുന്ന ഹരിത ഗൃഹ വാതകങ്ങൾക്ക് തത്തുല്യമായ അളവിൽ കാർബണിനെ സങ്കലനം നടത്തുന്ന അവസ്ഥ. ഒപ്പം തന്നെ കഴിയുന്നത്ര മേഖലകളിൽ കാർബൺ ഉത്സർജ്ജനം കുറക്കാനുള്ള നടപടികൾ ) കൈ വരിക്കും എന്നാണ് ലോകത്തിന് നൽകിയിട്ടുള്ള ഉറപ്പ്. ആയതിനാൽ കീട-രോഗ നിയന്ത്രണത്തിന് പരിസ്ഥിതി സൗഹൃദമായ ഫലപ്രദമായ, ചെലവ് കുറഞ്ഞ, കാർബൺ പാദമുദ്ര കുറവുള്ള രീതികൾ അവലംബിക്കേണ്ടി വരും.


കൃഷിയിൽ നിന്നുള്ള വരുമാനം കൂട്ടുന്നതിനും കൃഷിയിടത്തിൽ കീടങ്ങളെ നശിപ്പിക്കുന്ന മിത്രകീടങ്ങളുടെ എണ്ണം കൂട്ടുന്നതിനും ഉള്ള ഒരു മാർഗമാണ് Ecological എഞ്ചിനീയറിംഗ്. മുഖ്യവിളയോടൊപ്പം തന്നെ തോട്ടത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധോപയോഗ സസ്യങ്ങൾ (Multi utility plants ) നട്ട് പിടിപ്പിക്കുക എന്നതാണ് അതിൽ ഒരു തന്ത്രം. അതിരുകളിലും ഇടവിളയായും ഇരപിടിയന്മാരായ ജീവികളെ ആകർഷിക്കുന്നതിനായി പൂച്ചെടികളും മറ്റും വച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. 


ഈ ചെടികളുടെ പൂക്കൾ പരാഗകാരികളെയും (pollinators ) മിത്ര കീടങ്ങളെയും (Natural enemies of crop pests ) Defenders,Neutrals എന്നിവരെയും ഒക്കെ ആ തോട്ടത്തിലേക്കു കൊണ്ടുവരും. അവിടുത്തെ വംശവൈവിധ്യം മെച്ചപ്പെടും. 


ആ ആവാസ വ്യവസ്ഥയുടെ മൊത്തത്തിൽ ഉള്ള ആരോഗ്യം വർധിക്കും. മണ്ണിലെ ജൈവ കാർബണിന്റെ അളവ് മെച്ചപ്പെടും. അത്തരം ചെടികൾ കെണി വിളകളായി വിളകൾക്ക് രക്ഷ നൽകും. ചെണ്ടുമല്ലി പോലെയുള്ള ചെടികളുടെ വേരിൽ നിന്നും വരുന്ന സ്രവങ്ങൾ നിമാവിരകളെ നിയന്ത്രിക്കാൻ സഹായിക്കും. അവയിൽ നിന്നും കർഷകർക്ക് അധികവരുമാനവും ലഭിക്കും.


ഇത്തരത്തിൽ വളർത്താവുന്ന ചെടികളാണ് സൂര്യകാന്തി, ചോളം, ചെണ്ടുമല്ലി, എള്ള്, ചണമ്പ്, കിലുക്കി, അഗസ്തി ചീര, ചെമ്പരത്തി, വെണ്ട, കുറ്റിപ്പയർ, തുവരപ്പയർ എന്നിവയൊക്കെ. അവ തേനീച്ചകളെയും ചിലന്തികളെയും വണ്ടുകളെയും കടന്നലുകളെയും ആകർഷിച്ചു ജൈവിക രീതിയിൽ ഉള്ള കീടനിയന്ത്രണത്തിന് ഒത്താശ ചെയ്യും.


കാബേജ് കൃഷിയോടൊപ്പം ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നതും നെൽപാടങ്ങളുടെ വരമ്പുകളിൽ പൂച്ചെടികൾ വച്ച് പിടിപ്പിച്ചിരിയ്ക്കുന്നതും ചിത്രത്തിൽ കാണാം.


പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section