യൂറിയയും നാനോ യൂറിയയും | Urea and Nano Urea | പ്രമോദ് മാധവൻ


ഓർഗാനിക് (Organic ) എന്ന് സാങ്കേതികമായി പറഞ്ഞാൽ 'anything which contains Carbon 'എന്ന് പറയാം.
കാർബണിന്റെ അവസ്ഥാന്തരങ്ങൾ അറിഞ്ഞവർ ആരും പറയും, അവൻ 'തനി രാവണൻ' തന്നെ എന്ന്.
കറുത്ത കരിക്കട്ടയും തിളങ്ങുന്ന വജ്രവും ഒരാൾ തന്നെ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. എന്നാൽ അതേ.. രണ്ടും കാർബൺ തന്നെ..
കാർബോണിക് ആസിഡ് (H2CO3, സോഡാ) ആയി കാർബൺ നമ്മുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുമെങ്കിൽ പൊട്ടാസ്യം സയനൈഡിൽ (KCN) അവൻ നമ്മെ കാലപുരിയ്ക്കയക്കും. അതാണ് കാർബണിന്റ റേഞ്ച്.
കാർബൺ അല്ല നമ്മുടെ പ്രതിപാദ്യ വിഷയം, യൂറിയ ആണ്.
കാർബൺ അടങ്ങിയതെന്തും ഓർഗാനിക് ആകുമെങ്കിൽ യൂറിയയും ഓർഗാനിക് തന്നെ. കാരണം കക്ഷിയുടെ തന്മാത്ര നാമം NH2(CO)NH2എന്നാകുന്നു. കുതറി ഓടാൻ നിൽക്കുന്ന രണ്ട് അമോണിയ സഹോദരങ്ങളെ ചേർത്ത് പിടിച്ചിരിക്കുന്ന വടം പോലെ ആണ് യൂറിയയിൽ കാർബണും ഓക്സിജനും (-CO).
ഇനി അതല്ല, ജൈവ ശരീരത്തിൽ നിന്നും ഉണ്ടാകുന്ന വസ്തുക്കളെ ആണ് ഓർഗാനിക് അഥവാ ജൈവം എന്ന് പറയുന്നതെങ്കിൽ പോലും യൂറിയയും ജൈവമാണ്. കാരണം നമ്മൾ എല്ലാവരും ദിവസവും മൂത്രത്തിലൂടെ 25 ഗ്രാമോളം യൂറിയ പുറത്ത് വിടുന്നവരാണ്.
ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി. അത് ദാസപ്പേട്ടൻ.. ഇത് തങ്കപ്പേട്ടൻ... അപ്പോ ആരാ വേലപ്പേട്ടൻ എന്ന പോലെ.... 🤭
എന്നാൽ ജൈവ കർഷകർക്ക് അവൻ എന്നും തീണ്ടാപ്പാടകലെ നിർത്തേണ്ടവൻ.. !!
ചെടികളുടെ കായിക വളർച്ചയ്ക്ക് ഏറ്റവും ആവശ്യം വേണ്ട മൂലകമാണ് നൈട്രജൻ. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകവും നൈട്രജൻ തന്നെ. 78%. പക്ഷെ അതിനെ പ്രയോജനപ്പെടുത്താൻ മുക്കാലേ മുണ്ടാണി ചെടികൾക്കും കഴിവില്ല.

അതിന് കഴിവുള്ളത് പയർ (Leguminosae)തറവാട്ടിൽ പിറന്ന പിള്ളകൾക്ക് മാത്രം.
ശീമക്കൊന്ന (ഇവിടുത്തു കാരൻ അല്ല എന്ന് പേരിൽ തന്നെ ഉണ്ട്. ശീമേന്നു വന്നത് ), കണിക്കൊന്ന, സുബാബുൾ, ഡെയ്‌ഞ്ച, ചണമ്പ്, കിലുക്കി, വള്ളിപ്പയർ, കുറ്റിപയർ, ഉഴുന്ന്, ചെറു പയർ, മുതിര, തോട്ടപ്പയർ, അഗസ്തി ചീര ഒക്കെ ഈ കുടുംബക്കാർ.
അതുകൊണ്ടാണ് വർഷത്തിൽ ഒരു സീസണിൽ മണ്ണിനെ ബലപ്പെടുത്താൻ പയർ വർഗ വിളകൾ മണ്ണിൽ വളർത്തണം എന്ന് പറയുന്നത്.
അവരുടെ വേര് മുഴകളിൽ (root nodules ) വസിക്കുന്ന ബാക്ടീരിയകൾ(Rhizobium ) അന്തരീക്ഷ നൈട്രജനെ മണ്ണിലേക്ക് ആവാഹിക്കും.അപ്പോൾ മണ്ണ് നൈട്രജൻ സമ്പുഷ്ടമാകും.
പക്ഷെ നമ്മൾ വിള പരിക്രമത്തിലൂടെ പയർ കൃഷി ഒന്നും ചെയ്യാൻ തയ്യാറല്ല. ജൈവ വളത്തിനു വേണ്ടി പശുവിനെയും ആടിനെയും വളർത്തുകയുമില്ല. പിന്നെ യൂറിയയെ കുറ്റം പറഞ്ഞിട്ട് എന്താകാനാ?
എന്ത് കൊണ്ടാണ് ജൈവ കൃഷിയിൽ യൂറിയയ്ക്കു ഇത്ര പതിത്വം?
മൽസ്യങ്ങൾ തങ്ങളുടെ ശരീരത്തിലെ അഴുക്കുകൾ (metabolic waste )അമോണിയ രൂപത്തിലും, സസ്തനികൾ യൂറിയ രൂപത്തിലും, പക്ഷികൾ (കോഴികൾ അടക്കം )യൂറിക് ആസിഡ് രൂപത്തിലും പുറം തള്ളുന്നു. അവ നമ്മൾ വളമായി ഉപയോഗിക്കുന്നു.
ഗോമൂത്രത്തിലും പച്ച ചാണകത്തിലും ഒക്കെ ഉള്ളത് അമോണിയ ആണ്. തന്മാത്ര തലത്തിൽ അല്ലെങ്കിൽ അയോണിക് തലത്തിൽ ചെടികളുടെ വേരിന് ജൈവമെന്നോ അജൈവമെന്നോ വിവേചനം ഉണ്ടോ ഉത്തമാ? ... അറിയില്ല.. വിദഗ്ദ്ധർ പറയട്ടെ..
"വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നും കപോതമെന്നും?" എന്ന് കുമാരനാശാൻ പാടിയത് പോലെ.. 😀
ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നൈട്രജൻ വളമത്രെ യൂറിയ. ഏതാണ്ട് 184 മില്യൺ ടൺ. നമ്മുടെ ഭക്ഷ്യ ധാന്യ ഉൽപ്പാദനത്തിന്റെ ചാലക ശക്തിയും അയാൾ തന്നെ .
രാസമായാലും ജൈവമായാലും ചെടികൾക്ക് നൈട്രജൻ പരമ പ്രധാനം. 'കലണ്ടർ മനോരമ തന്നെ' എന്ന് പരസ്യത്തിൽ തിലകൻ പറയുന്ന പോലെ.
ഒരു കൊല്ലം ഇന്ത്യയിൽ മാത്രം വേണം ഏതാണ്ട് 32 മില്യൺ ടൺ യൂറിയ. 2019-20 ൽ ഇന്ത്യ 11മില്യൺ ടൺ യൂറിയ ആണ് ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്തത്.
നിർത്തി ,അതോടെ നിർത്തി... നമ്മുടെ പൈസ കൊണ്ട് അവൻ നമുക്കിട്ട് വേല വയ്ക്കുകയല്ലേ? ഇനി ഇന്ത്യയെ അതിന് കിട്ടില്ല.
തോൽക്കാൻ ചന്തുവിനെ ഇനി കിട്ടില്ല.ചന്തുവിന് ട്യൂഷൻ ഉണ്ട്. ട്യൂഷൻ... 😀
'ആത്മ നിർഭർ ഭാരത്' പദ്ധതിയിൽ പെടുത്തി അഞ്ച് യൂറിയ ഫാക്ടറികളാണ് നമ്മൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു.അത് പൂർത്തിയായാൽ, ചൈനയ്ക്കു യൂറിയ നമ്മൾ കൊടുക്കും.
' ബിൽ ഗേറ്റ്സ് ന് നമ്മൾ വിൻഡോസ്‌ വിൽക്കും.ഇന്ത്യ ഡാ...
രാമഗുണ്ടം, ഗോരക്പുർ, സിന്ദ്രി, ബറൗണി, താൽച്ചർ എന്നിവിടങ്ങളിൽ ആണ് ഫാക്ടറികൾ തയ്യാറായി കൊണ്ടിരിക്കുന്നത്. അതാണ് കളി. ആവശ്യം സൃഷ്ടിയുടെ മാതാവാണ്.
1773 ലാണ് ഹിലയ്ൻ മറീൻ റൗൾ മനുഷ്യമൂത്രത്തിൽ നിന്നും യൂറിയ ആദ്യമായി വേർതിരിച്ചെടുത്തത്. മൂത്രത്തിന് നമ്മൾ യൂറിൻ എന്നാണല്ലോ ആംഗലേയത്തിൽ മൊഴിയാറ്.
1828വരെ ശാസ്ത്രജ്ഞർ കരുതിയിരുന്നത് യൂറിയ ഒരു ജീവശരീരത്തിൽ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു.(Theory of Vitalism ) എന്നാൽ 1828 ൽ ഫ്രഡറിക് വോളർ ഈ മിത്ത് പൊളിച്ചു. അമോണിയം സയനൈഡ്‌ , കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ സംയോജിപ്പിച്ചു വോളർ കൃത്രിമമായി യൂറിയ ഉണ്ടാക്കി.
അന്ന് തൊട്ടിന്നോളം ലോകത്തിന്റെ ഭക്ഷ്യ സമൃദ്ധിയുടെ കാവലാൾ ആയി പുമാൻ തുടരുന്നു.
കൃഷിയിൽ മാത്രമല്ല യൂറിയയുടെ ഉപയോഗം. പ്ലൈവുഡ് വ്യവസായത്തിൽ പശ ഉണ്ടാക്കാൻ യൂറിയ വേണം. (കരിഞ്ചന്തയിൽ സബ്‌സിഡി യൂറിയ വളക്കടകൾ, പ്ലൈവുഡ് കമ്പനികൾക്ക് മറിച്ചു വിൽക്കാറുണ്ട് എന്ന് കരക്കമ്പി ).
കാലിത്തീറ്റകളിൽ ഒരു ചെറിയ ശതമാനം യൂറിയ ചേർക്കാറുണ്ട്. പ്രോട്ടീൻ നിർമ്മാണത്തിന് നൈട്രജൻ അനിവാര്യം. അമിനോ അമ്ലങ്ങൾ ചേർന്നതാണല്ലോ പ്രോട്ടീൻ.
പ്രോട്ടീൻ ഭക്ഷണം നമ്മൾ കൂടുതൽ കഴിച്ചാൽ മൂത്രത്തിൽ കൂടുതൽ യൂറിയ ഉണ്ടാകും. അതൊരു പാട് കൂടിയാൽ യുറീമിയ എന്ന അവസ്ഥ വരും. യൂറിക് ആസിഡ് ഒരുപാട് ആയാൽ ഗൗട് (Gout ) എന്ന രോഗാവസ്ഥയും ഉണ്ടകും.
സോറിയാസിസ്, എക്സിമ പോലെ ഉള്ള ചർമ്മ രോഗങ്ങൾ ചികിൽസിക്കാൻ യൂറിയ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാറുണ്ട്. ചെവിക്കായം ഒക്കെ മൃദുവാക്കി അലിയിച്ചു കളയാനും യൂറിയ അടങ്ങിയ ക്രീമുകൾ നന്ന്.എന്താല്ലേ?..
യൂറിയയിലെ നൈട്രജൻ (അഥവാ അമോണിയ ) കുതറി ഓടാൻ നിൽക്കുന്ന ഒരു കൗമാരക്കാരനെ പോലെ ആണ്. ഈർപ്പം സ്വീകരിച്ചു അലുത്ത് പോകും (Hygroscopic ).
തുറന്ന് വയ്ക്കുകയോ, മണ്ണിൽ ഇട്ടതിനു ശേഷം മണ്ണുമായി നന്നായി ഇളക്കാതെ തുറന്ന് തന്നെ കിടക്കുകയോ ചെയ്താൽ താൽക്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്ന രണ്ടു അമോണിയ തന്മാത്രകളും അന്തരീക്ഷത്തിലേക്ക് പറന്ന് പൊങ്ങും. (Volatalization ).
ധന നഷ്ടം. അന്തരീക്ഷ മലിനീകരണം.
യൂറിയ മണ്ണിൽ ചേർന്ന് കഴിഞ്ഞാൽ പിന്നെ യൂറീയേസ് (Urease ) എന്ന എൻസൈമിന്റെ സഹായത്തോടെ അമോണിയ ആയി മാറും. പിന്നെ പണി ചില ബാക്റ്റീരിയകൾ ഏറ്റെടുക്കും.
ആദ്യം നൈട്രോസോമോണസ്(Nitrosomonas ) എന്ന ആൾ വരും. അദ്ദേഹം അമോണിയയെ നൈട്രൈറ്റ് (Nitrite )ആക്കി മാറ്റും. പിന്നെ നൈട്രോബാക്ടർ (Nitrobactor ) വരും. അയാൾ നൈട്രൈറ്റിനെ, നൈട്രേറ്റ് (nitrate )ആക്കി മാറ്റും. അപ്പോൾ അത്‌ ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റിയ പാകത്തിലാകും.
അതായത് ഒരു നേന്ത്രക്കായ മുറിച്ച് ഉണക്കി പൊടിച്ചു കുറുക്കി കുഞ്ഞ് വാവയ്ക്കു കൊടുക്കുന്ന അമ്മയെ പോലെ.

മണ്ണിൽ രാസവളം ചേർക്കുമ്പോൾ സൂക്ഷ്മാണുക്കൾ
നശിക്കും എന്ന് ഇതിന്റെ വെളിച്ചത്തിൽ എങ്ങനെ പറയാൻ കഴിയും?
അങ്ങനെ എങ്കിൽ Nitrosomonas, Nitrobactor എന്നിവ അവിടെ ഉണ്ടാകില്ലല്ലോ 🤔
എന്തായാലും വീട്ടിൽ പശുവിനെയും ആടിനെയും കോഴിയേയും ഒന്നും വളർത്താത്തവർക്ക് യൂറിയയെ കുറ്റം പറയാൻ ഒരു അർഹതയും ഇല്ലല്ലേ.. ല്ലേ.. 🤭
ജൈവ കൃഷി ശരിയായ അർത്ഥത്തിൽ ചെയ്യുന്നവർ ഒരിക്കലും പുറമെ നിന്നുള്ള വളങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് എന്റെ ഒരിത് ...'വിശ്വസിക്കാൻ പറ്റില്ല പിള്ളേച്ചാ... അവന്മാർ വേപ്പിൻ പിണ്ണാക്കിൽ വരെ യൂറിയ ചേർത്ത് കളയും.
വളങ്ങളെല്ലാം തന്നെ ഫാമിനുള്ളിൽ തന്നെ ഉണ്ടാക്കണം. എങ്കിലേ ജൈവ സർട്ടിഫിക്കേഷൻ കിട്ടുകയുള്ളൂ.. കാരണം പുറമെ നിന്ന് വരുന്ന ജൈവ വളങ്ങളിൽ മരുന്നിന്റെയും ആന്റിബയോട്ടിക്കിന്റെയും അംശങ്ങൾ ഉണ്ടാകാമല്ലോ?
എന്തായാലും യൂറിയ ഉപയോഗിക്കേണ്ടി വരുമ്പോൾ വെടിപ്പായി ഉപയോഗിക്കുക. 'കാടിയാണെങ്കിലും മൂടി കുടിക്കണം' എന്നാണല്ലോ?🤭
അതെപ്പടി..?
1.കുമ്മായ പ്രയോഗം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു മാത്രം മണ്ണിൽ യൂറിയ ഉപയോഗിക്കുക.
2.പ്രയോഗം അമിതമാകാതെ നോക്കുക. അമിതമായാൽ ചെടികളുടെ വേര് നശിക്കും. വിത്തുകൾ മുളയ്ക്കാതെയാകും
3.മണ്ണിൽ യൂറിയ ഇടുമ്പോൾ അതിന് മുകളിൽ മണ്ണോ പുതയോ ഇല്ലെങ്കിൽ അമോണിയ രൂപത്തിൽ നൈട്രജൻ നഷ്ടം കൂടും. (Volatalization ).
4.തരി വലിപ്പം കൂടിയ രൂപത്തിൽ (super granules)ആയി ഉപയോഗിക്കുന്നത് അമോണിയ നഷ്ടം കുറയ്ക്കും.
5.യൂറിയയുടെ അഞ്ചിലൊന്ന് അളവ് വേപ്പിൻ പിണ്ണാക്കുമായി കലർത്തി ഇരുപത്തിനാലു മണിക്കൂർ വച്ചതിനു ശേഷം ഉപയോഗിക്കുന്നത് അമോണിയ നഷ്ടം കുറയ്ക്കും.
6.യൂറിയയുടെ ആറിരട്ടി മണ്ണുമായി ചേർത്ത് പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കുന്നതും നല്ലത് തന്നെ.
7.ഫ്രഷായ യൂറിയ (അതിൽ Biuret ഉണ്ടാകാൻ പാടില്ല ) 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നത് കായിക വളർച്ച കൂട്ടും. പ്രത്യേകിച്ചും ചീരയിലും തീറ്റപ്പുല്ലിലും
ഇതൊക്കെ ആണ് യൂറിയ വിശേഷങ്ങൾ.
ആൾ അന്യൻ ഒന്നും അല്ല. നമ്മുടെ ശരീരത്തിനകത്തു ഉണ്ടാകുന്ന ആൾ തന്നെ ആണ്.
നമ്മുടെ മൂത്രവും നല്ല വളം തന്നെ. പാഴാക്കേണ്ട.
ഇനി നാനോ ടെക്‌നോളജി യുടെ കാലം.
ലോകത്തിൽ ആദ്യമായി നാനോ യൂറിയ ഉണ്ടാക്കിയത് ഇന്ത്യ.
കർഷക കുടുംബത്തിൽ ജനിച്ച് ഇന്ത്യയിലും അമേരിക്കയിലുമായി പഠനം നടത്തി ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് എടുത്ത Dr. Ramesh Raliya ആണ് അതിന്റെ പിന്നിൽ.
Dr. Ramesh ഇപ്പോൾ IFFCO(Indian Farmer Fertilizer Co operative ) എന്ന കമ്പനിയിൽ കൺസൾറ്റന്റ് ആണ്.വൻകിട കമ്പനികളുടെ കോടിക്കണക്കിനു രൂപയുടെ ഓഫറുകൾ പുല്ല് പോലെ തള്ളി തിരികെ ഇന്ത്യയിലേക്ക് വന്ന ദേശസ്നേഹി.. 🥰
ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഉൽപ്പാദന വിപണന സഹകരണ സ്ഥാപനമാണ് Indian Farmers Fertilizer Cooperative Limited എന്ന ഇഫ്‌കോ.
സാധാരണ മണ്ണിൽ ഉപയോഗിക്കുന്ന 50 കിലോ യൂറിയയുടെ ഫലം തരും നാനോ രൂപത്തിലുള്ള 500 മില്ലി യൂറിയ. വളത്തിന്റെ കടത്തു കൂലിയും കുറയും.
2 മുതൽ 4 മില്ലി നാനോ യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കുകയാണ് വേണ്ടത്. 500മില്ലി നാനോ യൂറിയയ്ക്ക് ഏതാണ്ട് 240രൂപ വില വരും. 45 കിലോ യൂറിയയുടെ വിലയും ഏതാണ്ട് ഇത്ര തന്നെ.
ഈ സമീകരണം പലർക്കും മനസ്സിലാകുന്നില്ല. അൻപത് കിലോ യൂറിയയിൽ 23കിലോ നൈട്രജൻ ഉണ്ട്. എന്നാൽ നാനോ യൂറിയ ബോട്ടിലിൽ 4% മാത്രമേ ഉള്ളൂ. ഏതാണ്ട് 20ഗ്രാം. പിന്നെ എങ്ങനെ ശരിയാകും?
അവിടെയാണ് നാനോ ടെക്നോളജിയുടെ മാജിക്‌.
ഒരു മീറ്ററിന്റെ നൂറ് കോടിയിൽ (ഒരു ബില്യൺ )ഒന്നാണ് ഒരു നാനോ മീറ്റർ. നാനോ യൂറിയയിലെ ഒരു കണത്തിന്റെ വലിപ്പം 20-50നാനോ മീറ്ററാണ്. അതായത് ഒരു സാധാരണ യൂറിയയുടെ ഒരു തരിയേക്കാൾ പതിനായിരം മടങ്ങ് പ്രതലവിസ്തീർണം (surface area )ഉണ്ടാകും തത്തുല്യമായ നാനോ തരികൾക്ക്.
ഒരു ചതുരശ്ര സെന്റി മീറ്റർ ഇലയിൽ ആയിരത്തിലധികം ചെറു ദ്വാരങ്ങൾ (stomata )ഉണ്ട്. ഈ വലിപ്പം കുറഞ്ഞ നാനോ കണികകൾക്ക് ഈ ആസ്യരന്ധ്രങ്ങളിലൂടെ നിർബാധം കടക്കാൻ കഴിയും. കടന്ന് കഴിഞ്ഞാൽ Xylem, phloem എന്നീ നാളികളിലൂടെ അത്‌ എത്തേണ്ടിടത്തു എത്തും. അധികം ഉണ്ടെങ്കിൽ വായു അറകളിൽ (Vacuoles )സംഭരിച്ചു വയ്ക്കും.ചെടിയ്ക്ക് പിന്നീട് ഉപയോഗിക്കാൻ വേണ്ടി.
ചുരുക്കി പറഞ്ഞാൽ, വലിപ്പം കൂടിയ പണ്ടത്തെ ബാറ്ററികളെക്കാൾ ക്ഷമതയും ആയുസ്സും വലിപ്പം കുറഞ്ഞ ഇന്നത്തെ ബാറ്ററികൾക്കുണ്ടല്ലോ? അതും നാനോ ടെക്നോളജി യുടെ കളിയാണ് ഉത്തമാ?
ഈ വലിപ്പത്തിൽ വല്യ കാര്യമൊന്നുമില്ല..
എന്തായാലും നാനോ യൂറിയ 'കളി മാറ്റാൻ വന്നവൻ (Game Changer )തന്നെ.
കാരണം
കൃഷിയിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പരമ്പരാഗത യൂറിയയുടെ ക്ഷമത (Nitrogen Use Efficiency ) വെറും 30-40 ശതമാനം മാത്രം.
ഉപയോഗിക്കുന്ന ബാക്കി വളം അത്രയും ജല, മണ്ണ്, വായു മലിനികരണത്തിന് കാരണമാകുകയാണ്.
ഏറ്റവും അപകടകാരിയായ ഹരിത ഗൃഹ വാതകമാണ് Nitrous oxide(N2O). അതിന്റെ സ്രോതസ്സും മണ്ണിൽ ഉപയോഗിക്കുന്ന യൂറിയ തന്നെ.
2070ഓട് കൂടി Net Zero പുൽകാൻ തീരുമാനിച്ച ഇന്ത്യയ്ക്ക് ഈ മാറ്റം ഒരനിവാര്യത ആണ്.
ഇലകളിൽ തളിക്കുന്നതിനാൽ wastage ഉം കുറയും. മണ്ണ് മലിനീകരണം (soil pollution )ഉണ്ടാകില്ല.
ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ തളിക്കുന്നതിന്റെ ചെലവും കുറയും.
ഏറ്റവും പ്രധാനം നമ്മളുടെ ഇറക്കുമതി ചെലവ് (import bill )കുറയും എന്നതാണ്. അത് Balance of trade, മെച്ചമാക്കും.
ഇത്രയധികം യൂറിയ കടത്തിക്കൊണ്ട് വരുന്നതിന്റെ carbon emission കുറയും. തന്മൂലം കൃഷിയുടെ കാർബൺ പാദമുദ്ര കുറയും.
പിന്നെ സബ്‌സിഡി യൂറിയ അടിച്ചു മാറ്റി പണം ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നവർക്ക് ഇത് മൂലം ഇച്ചിരി ബുദ്ധിമുട്ട് വരും.
ഇന്ത്യയിൽ ആകമാനം കാർഷിക ഗവേഷണസ്ഥാപനങ്ങളിൽ 94 വിളകളിൽ 11000 പരീക്ഷണങ്ങൾ നടത്തിയിട്ടാണ് ഇത് കർഷകർക്ക് വിതരണത്തിനായി ഇറക്കിയത് എന്ന് നമ്മുടെ സർക്കാർ പറയുന്നത് വിശ്വസിക്കാതിരിക്കണോ അണ്ണാ..
എന്തായാലും സർക്കാർ ഈ സാങ്കേതിക വിദ്യ മറ്റ് തരം വളങ്ങളിൽകൂടി എങ്ങനെ കൊണ്ട് വരാം എന്ന് ഗവേഷിച്ചു കൊണ്ടിരിക്കുകയാണ്. താമസിയാതെ നാനോ ഫോസ്ഫറസും നാനോ പൊട്ടാഷും ഒക്കെ പുറത്ത് വരും.
പിന്നെ ഇതിന്റെ വിലയൊക്കെ ഇച്ചിരി കുറയ്ക്കണം എന്ന അപേക്ഷയാണ് കർഷകരുടെ ഭാഗത്തു നിന്നുള്ളത്.
അപകടകാരി എന്ന് ചില തീവ്രവാദികൾ വിശേഷിപ്പിക്കുന്ന യൂറിയയുടെ LD 50 (Lethal Dose ) എലികളിൽ നടത്തിയ പരീക്ഷണത്തിൽ 8.471ഗ്രാം (8471 മില്ലി ഗ്രാം ) ഒരു കിലോ ശരീര ഭാരത്തിന് എന്ന് കണ്ടു.കൗതുകത്തിന് മറ്റ് ചില സാധനങ്ങളുടെ LD50 value കൂടി നോക്കി.
Paracetamol 2000mg
Aspirin 200mg
Caffeine 367mg
Salt 3000mg
Fructose 4000mg
Vannilin 1600mg
Nicotine 10mg
പകച്ചു പോയി എന്റെ മധ്യ വയസ്കത്വം..
എന്നാൽ, ആരെങ്കിലും തല്ലി കാലൊടിയ്ക്കും മുൻപ് അങ്ങട്...
പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section