Agricultural forum
കേരളത്തിൽ ഇപ്പോൾ വരത്തൻ പഴങ്ങളുടെ (Exotic fruits ) കാലമാണ്. അത് വളർത്തുന്നത് ഒരു ഹോബിയായും ബിസിനസ് ആയും ഭ്രാന്ത് ആയും ഒക്കെ മാറിയിരിക്കുന്നു.
വലിയ വൈശിഷ്ട്യമൊന്നും ഇല്ലാത്ത പല പഴങ്ങളെയും പുകഴ്ത്തി പെരുപ്പിച്ച് ജനങ്ങളെ ചിലരെങ്കിലും ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്.
ഏത് കാർഷിക വിളയായാലും അതിന് വ്യത്യസ്ത ഇനങ്ങൾ ഉണ്ടാകും. സാധാരണ ഇനങ്ങളും വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളും. ആദായത്തിന് വേണ്ടിയാണെങ്കിൽ വാണിജ്യ ഇനങ്ങൾ (Commercial Varieties )തന്നെ വേണം ചെയ്യാൻ.പക്ഷെ നഴ്സറികളിൽ നിന്നും പലപ്പോഴും കിട്ടുക സാധാരണ ഇനങ്ങൾ ആകും.
വിദേശപ്പഴങ്ങളുടെ പെരുങ്കാളിയാട്ടത്തിനിടയിൽ അല്പം തല പൊക്കി നിൽക്കുന്ന പഴമാണ് പിത്തായ അഥവാ ഡ്രാഗൺ ഫ്രൂട്ട്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത് നിലയുറപ്പിച്ചു കഴിഞ്ഞു.കർണാടകയിലും മറ്റും.കേരളത്തിലും അങ്ങിങ്ങായി ഇയാളെ കാണാൻ തുടങ്ങിയിരിക്കുന്നു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഇതിന്റെ കൃഷിക്ക് സബ്‌സിഡിയും നൽകി വരുന്നു.
ഒരു പഴമെന്ന നിലയിൽ, രുചി മാത്രമാണ് അളവ് കോലെങ്കിൽ അധികമാരും പിത്തായക്ക് വലിയ മാർക്ക് നൽകില്ല. പക്ഷെ അതിനെ കർഷകർക്ക് പ്രിയതരമാക്കുന്ന ചില ഘടകങ്ങൾ ഉണ്ട്.
Green Village ന്‍റ്റെ ഡ്രാഗൺ തോട്ടം കാണുക
1. എത്ര മോശമായ മണ്ണിലും വളരാനുള്ള കഴിവ്
2. കുറഞ്ഞ ജല സേചനാവശ്യം
3. ദീർഘായുസ് (20-25കൊല്ലം )
4. രോഗ കീടാക്രമണങ്ങൾ പൊതുവേ കുറവ്
5. സങ്കീർണമായ പരിപാലന മുറകളൊന്നും ഇല്ല
6. ജൈവ /പ്രകൃതി കൃഷി രീതികളോടുള്ള ഇണക്കം
7. ഒരാഴ്ച വരെ കേട് കൂടാതെ ഇരിക്കുന്ന പഴങ്ങൾ
8. Diabetes രോഗികൾക്കും കഴിക്കാവുന്ന തരത്തിലുള്ള മധുരം.
9. നട്ട് ആദ്യ വർഷം തന്നെ തുടങ്ങുന്ന വിളവെടുപ്പ് മുതലായവ.
രുചി അത്ര കേമമല്ലെങ്കിലും ഡ്രാഗൺ ഫ്രൂട്ട് ഒരു ഭാവികാലവിളയാണ്. എന്ത് കൊണ്ടെന്നാൽ
1. 'Mall nutition'🤭 കൊണ്ട് കഷ്ടപ്പെടുന്ന പൊണ്ണത്തടിക്കാർക്ക് പറ്റിയ കലോറി കുറഞ്ഞ ഭക്ഷണമാണ്. കഴിച്ചാൽ വയർ നിറഞ്ഞെന്ന് തോന്നും. അതിനാൽ മറ്റ് ഭക്ഷണങ്ങൾ കുറച്ചേ കഴിക്കാൻ തോന്നൂ
2. പഴക്കാമ്പിൽ കറുത്ത കുഞ്ഞ് കുരുക്കളുടെ നിറസമൃധിയാൽ ദഹന നാരുകളുടെ പൂരമാണ് ഡ്രാഗൺ ഫ്രൂട്ടിൽ. അത് ശോധന എളുപ്പമാക്കും. കൊളെസ്ട്രോൾ കുറയ്ക്കും. ചംക്രമണ വ്യവസ്ഥയെ ശാക്തീകരിക്കും.
3. ഇരുമ്പ്, മഗ്‌നീഷ്യം, കാൽസ്യം എന്നിവയുടെ നിറകുടമാണ്.
4. ചുവപ്പ്, പർപ്പിൾ നിറങ്ങൾ ഉള്ള പഴക്കാമ്പുകൾ നിരോക്സികാരകങ്ങളാൽ (Anti oxidants ) സമൃദ്ധം.
4. Shakes,Smoothies എന്നിവ ഉണ്ടാക്കാൻ ഒരു base ആയി ഡ്രാഗൺ ഫ്രൂട്ട് പൾപ് ഉപയോഗിക്കാം
5. തേൻ, പപ്പായ, കസ്തൂരി മഞ്ഞൾ, എന്നിവ ചേർത്ത് ഫേസ് പാക്ക് ആയി ഉപയോഗിക്കാം.
6. ജാം, വൈൻ, വിനെഗർ എന്നിവ ഉണ്ടാക്കാം.
7. Anti inflammatory effect ഉള്ളത് കൊണ്ട് സന്ധിവാതരോഗികൾക്ക് നല്ലതാണ്.
ഇത് ഒരു കള്ളിച്ചെടി ആയതിനാൽ മണൽ മണ്ണിലും ചരൽ മണ്ണിലും ഒക്കെ നന്നായി വളരും.
ഒരു ഏക്കറിൽ 450-500 തൂണുകൾ സ്ഥാപിക്കാം.3mx3m അകലത്തിൽ. ഒരു തൂണിൽ, നാല് തണ്ടുകൾ വളർത്താം. ഇത്രയും തൂണുകളും തൈകളും വാങ്ങുന്നതിന് തുടക്കത്തിൽ അല്പം മൂലധനചെലവ് കൂടുതലാണ്. നട്ട് 7-8 മാസമാകുമ്പോൾ ചെടികൾ പൂക്കാൻ തുടങ്ങും.
20 ഡിഗ്രി മുതൽ 38 ഡിഗ്രി വരെയുള്ള താപനില അനുയോജ്യം.
50-100cm വാർഷിക മഴയുള്ള ഇടങ്ങൾ കൂടുതൽ അനുയോജ്യം.
ആവശ്യമെങ്കിൽ ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാം. തുള്ളി നന അഭികാമ്യം.
20-30cm നീളമുള്ള തണ്ടുകൾ ആണ് നല്ല നടീൽ വസ്തു. തണ്ട് മുറിച്ച്, ചുവട് ഭാഗം അല്പം കൂർപ്പിച്ചു, ഒരാഴ്ച ഒന്ന് വാടിയതിന് ശേഷം നട്ടാൽ പെട്ടെന്ന് വേര് പൊടിയും.
വിത്ത് മുളപ്പിച്ചും തൈകൾ ഉണ്ടാക്കാം. പക്ഷെ കായ് പിടിക്കാൻ മൂന്ന് കൊല്ലമെങ്കിലും എടുക്കും.
ശരിയായ അകലത്തിൽ നട്ടില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടും. കളയെടുക്കാനും വിളവെടുക്കാനും ഒക്കെ പ്രയാസം വരും.
ഡ്രാഗൺ ഫ്രൂട്ട് പ്രധാനമായും നാല് ഇനങ്ങളുണ്ട്.
1. Hylocereus undatus :പിങ്ക് നിറമുള്ള തൊലി. വെളുത്ത കാമ്പ്.
2. Hylocereus polyrhiza :പിങ്ക് തൊലി. ചുവന്ന കാമ്പ്
3. Hylocereus costaricensis :പിങ്ക് തൊലി.വയലറ്റ് നിറമുള്ള കാമ്പ്
4. Hylocereus megalanthus :മഞ്ഞ നിറമുള്ള തൊലി.വെളുത്ത കാമ്പ്.
8-9 അടി നീളമുള്ള കോൺക്രീറ്റ് തൂണുകളിൽ പടർത്താം. തണ്ട് വളരുന്നതിനനുസരിച്ചു വള്ളി കൊണ്ട് തൂണിൽ ചേർത്ത് കെട്ടി കൊടുക്കണം. തൂണിന്റെ മുകളിൽ പിടിപ്പിച്ച കമ്പികളിൽ ടയർ ഉറപ്പിച്ച് അതിനുള്ളിലൂടെ തണ്ടുകൾ പുറത്തേക്ക് കവിഞ്ഞു കിടക്കണം. മുകളിലെത്തിയ ശേഷം മാത്രം ശിഖരങ്ങൾ അനുവദിക്കുന്നതാണ് നല്ലത്.
തണ്ടുകൾ ഒരു പാട് തിങ്ങി വളരുകയാണെങ്കിൽ selective prunning നടത്താം. രോഗം ബാധിച്ചത്, ആരോഗ്യം കുറഞ്ഞത്, ഉണങ്ങിയത് എന്നിവ ഒഴിവാക്കാം.