ഡാർവിന്റെ പരിണാമ വാദസിദ്ധാന്തം പ്രകാരം കുരങ്ങന്മാരുടെ പേരക്കുട്ടികൾ ആണല്ലോ നമ്മളെല്ലാം. കുരങ്ങന്മാരിൽ തന്നെ മനുഷ്യനോട് ഏറ്റവും സാമ്യമുള്ള ആൾക്കുരങ്ങ് ആണ് ഒറാങ്ങ് ഉട്ടാൻ.
അറിയാൻ ഇടയില്ല .

ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന പാം ഓയിലിന്റെ ഏറിയ കൂറും ഉൽപ്പാദിപ്പിക്കപ്പെടുന്നത്, അക്ഷന്തവ്യമായ വനനശീ കരണത്തിലൂടെയാണ്. പാം ഓയിലാകട്ടെ നമ്മൾ ദൈനം ദിനം ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാ ഉല്പന്നങ്ങളിലും ഒരു പ്രധാന ചേരുവയുമാണ്.
സൂപ്പർ മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന സോപ്പ്, ഡിറ്റർജന്റുകൾ, ഷാംപൂ, ബേക്കറി സാധനങ്ങൾ, ഐസ് ക്രീം, ഫ്രൈഡ് ചിപ്സ് എന്നിവയിൽ എല്ലാം തന്നെ പാം ഓയിൽ അടങ്ങിയിട്ടുണ്ട്.
ഒരു കാലത്ത് ട്രാൻസ് ഫാറ്റുകൾ അടങ്ങിയിരുന്ന സസ്യ എണ്ണകൾ ആണ് നിർമ്മാതാക്കൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ പാം ഓയിലിന്റെ വരവോടെ കളി മാറി. അതിന്റെ വിലക്കുറവും ഉത്പന്നങ്ങളിൽ ചേർക്കുമ്പോൾ ഉള്ള സ്ഥിരതയും(Integrity ) ലഭ്യതയും ഒക്കെ കണക്കിലെടുത്ത് യൂണിലിവർ പോലെ ഉള്ള ബഹുരാഷ്ട്ര ഭീമന്മാർ പന എണ്ണയിലേക്ക് കളം മാറ്റി ചവിട്ടി.
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യ എണ്ണ പാം ഓയിലാണ്. സൂര്യ കാന്തി എണ്ണ, കടുകെണ്ണ, വെളിച്ചെണ്ണ, തവിടെണ്ണ, ഒലിവെണ്ണ, എള്ളെണ്ണ, നിലക്കടല എണ്ണ , സോയാബീൻ എന്ന എന്നിവയും മാലോകർ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇവയ്‌ക്കൊന്നിനും ഇല്ലാത്ത ഷെൽഫ് ലൈഫും സ്ഥിരതയും പനയെണ്ണയ്ക്കുണ്ട്. വിലയും കുറവ്. അത് മാത്രമോ നിശ്ചിത ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ തരാൻ പാം ഓയിലിനോളം മറ്റാർക്കു കഴിയും? ഒരു ഹെക്ടറിൽ നിന്നും 5000കിലോ എണ്ണ, എണ്ണപ്പന നൽകുമ്പോൾ വെളിച്ചെണ്ണയും സൂര്യകാന്തിയുമൊക്കെ നൽകുന്നത് വെറും 700കിലോ മാത്രം.
ലോകത്തിലെ പാം ഓയിൽ ഉൽപ്പാദനത്തിന്റെ 80 ശതമാനവും ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നുമാണ്. ഏറ്റവും വലിയ ഉപഭോക്താക്കളാകട്ടെ ചൈനയും ഇന്ത്യയും.
പടിഞ്ഞാറെ ആഫ്രിക്ക ആണ് എണ്ണപ്പനയുടെ ജന്മദേശം. പക്ഷെ കൃഷി കൂടുതൽ തെക്ക് കിഴക്കൻ ഏഷ്യയിലും. സാധാരണ എല്ലാ എണ്ണകളും ഏതെങ്കിലും കായുടെ പരിപ്പിൽ നിന്നും എടുക്കുമ്പോൾ പാം ഓയിൽ കായുടെ മാംസളമായ പഴ ഭാഗത്തു (mesocarp) നിന്നുമാണ് എടുക്കുന്നത് . അതിനു ശേഷം കിട്ടുന്ന കുരുവിൽ നിന്നും കെർണൽ ഓയിൽ (Palm Kernel Oil ) എടുക്കുന്നുണ്ട്. പക്ഷെ അത് ഭക്ഷ്യ യോഗ്യമല്ല. പ്രാഥമിക സംസ്കരണം കഴിഞ്ഞ് എടുക്കുന്ന എണ്ണ ചുവന്ന, സുഖകരമല്ലാത്ത മണത്തോട് കൂടിയതായിരിക്കും. ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിരിയിക്കുന്നത് കൊണ്ടാണ് ചുവപ്പ് നിറം കിട്ടുന്നത്. അത് പിന്നീട് ശുദ്ധീകരിച്ച് (Refined, Bleached, Deodourised )നമുക്ക് മാർക്കറ്റിൽ കിട്ടുന്ന രൂപത്തിൽ ആക്കുന്നു.
അറിഞ്ഞോ അറിയാതെയോ ഒരു ശരാശരി മനുഷ്യൻ പലവിധ ഉല്പന്നങ്ങളിലൂടെ 8 കിലോ പാം ഓയിൽ ഒരു കൊല്ലം അകത്താക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്
ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, നൈജീരിയ, കൊളംബിയ, ഇക്വഡോർ എന്നിവയാണ് എണ്ണപ്പന കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രധാന രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ ജിഡിപി യെ ചലിപ്പിക്കുന്നതിൽ എണ്ണപ്പന കൃഷി വലിയ പങ്ക് വഹിക്കുന്നു. ഭക്ഷണ ആവശ്യങ്ങൾക്ക് പുറമെ മൃഗതീറ്റകൾ , വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കും ബയോ ഇന്ധനമായും പാം ഓയിൽ വലിയ അളവിൽ ഉപയോഗിക്കുന്നു.
ഒറാങ് ഉട്ടാനുകളുടെയും സുമാത്ര കടുവയുടെയും ബോർണിയോ കുള്ളൻ ആനയുടെയും സ്വാഭാവിക ആവാസ വ്യവസ്ഥകൾ ആയിരുന്നു ഇന്തോനീഷ്യയിലെയും മലേഷ്യയിലെയും ഉഷ്ണമേഖലാ കാടുകൾ(Tropical Rain Forests). അവ വൻ തോതിൽ, അല്ല,ഭീഷണമായ തോതിൽ വെട്ടിക്കത്തിച്ചാണ് എണ്ണപ്പനത്തോട്ടങ്ങൾ ഉണ്ടാക്കിയത്. നൂറ്റാണ്ടുകളായി അടിഞ്ഞുകൂടി കിടന്ന ജൈവസമൃദ്ധമായ പീറ്റ് സ്രോതസ്സുകളും ജൈവാവശിഷ്ടങ്ങളും കത്തിച്ചപ്പോൾ ഉണ്ടായ കാർബൺ എമിഷൻ ഉണ്ടാക്കിയ പരിസ്ഥിതി ദ്രോഹം കൂനിൻ മേൽ കുരുവായി മാറി .
ഓരോ വർഷവും എണ്ണപ്പനക്കൃഷിക്ക് വേണ്ടി കൊല്ലപ്പെടുന്നത് ആറായിരത്തിൽ പരം ഒറാങ്ങ് ഉട്ടാൻ മാർ. സുമാത്ര കടുവകൾ ശേഷിക്കുന്നത് ഇനി അഞ്ഞൂറെണ്ണം മാത്രം.
അത് മാത്രമോ ഈ എണ്ണപ്പന തോട്ടങ്ങളിൽ നടക്കുന്ന ബാല വേല, തൊഴിൽ നിയമങ്ങളുടെ ലംഘനം, മനുഷ്യാവകാശ ധ്വംസനങ്ങൾ, മണ്ണിലേക്കൊഴുക്കുന്ന രാസ വസ്തുക്കൾ, ഫാക്ടറി മാലിന്യങ്ങൾ.. അത്രമേൽ പ്രകൃതി വിരുദ്ധമായ ചെയ്തികൾ.
അങ്ങനെ ആണ് RSPO(Round Table on Sustainable Palm Oil Production )രൂപമെടുക്കുന്നത്. പ്രകൃതി യെയും മനുഷ്യനെയും ബഹുമാനിച്ചു കൊണ്ട് ഉണ്ടാക്കുന്ന പനയെണ്ണയ്ക്കു പ്രത്യേകം ലേബലും മുദ്രയുമൊക്കെ നിലവിൽ വന്നു. പക്ഷെ 65ശതമാനം നിർമാതാക്കളും അതിൽ നിന്നും മാറി നിന്നു. സിങ്കപ്പൂർ ആസ്ഥാനമായ മുസിം മാസ് (Musim Mas), വിൽമർ ഇന്റർനാഷണൽ എന്നീ ഭീമന്മാരാണ് ആഗോള പാം ഓയിൽ കുത്തക നിയന്ത്രിക്കുന്നത്. ഒരിക്കൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പാം ഓയിൽ ഇറക്കുമതി വിവാദം ഇത്തരുണത്തിൽ ഓർത്തു പോകുന്നു.
കേരളത്തിൽ എണ്ണപ്പന കൃഷി സർക്കാർ ഉടമസ്ഥതയിൽ ആണ്. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ എരൂരിൽ.
വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ രാജ്യത്തെ പാമോയിൽ സമൃദ്ധമാക്കാൻ 'ആത്മ നിർഭർ ഭാരത് 'ൽ പെടുത്തി വലിയ പദ്ധതി കൾക്കാണ് കേന്ദ്ര സർക്കാർ രൂപം കൊടുത്തുകൊണ്ടിരിക്കുന്നത്.
തെങ്ങ് നടുന്നതിനേക്കാൾ അല്പം കൂടുതൽ അകലത്തിൽ ആണ് എണ്ണപ്പന നടുന്നത്. രണ്ടര ഏക്കറിൽ ഏതാണ്ട് 145 മരങ്ങൾ നടാം.
ടെനീറ എന്ന സങ്കര ഇനം ആണ് വ്യാപകമായി കൃഷി ചെയ്യുന്നത്. കുരു കൂടുതൽ ഉള്ള ഡ്യൂറ എന്ന ഇനവും കാമ്പ് കൂടുതൽ ഉള്ള പിസിഫെറ എന്ന ഇനവും സങ്കരം നടത്തിയാണ് ടെനീറയുടെ ജനനം. ഓരോ പൂങ്കുലയും ഏതാണ്ട് 25-40 കിലോ വരെ വരും. വിളവെടുത്ത് നാലഞ്ച് മണിക്കൂറിനകം സംസ്കരിച്ചില്ലെങ്കിൽ എണ്ണയുടെ ഗുണ മേന്മ കുറയും. അതിനാൽ തോട്ടത്തിനടുത്തു തന്നെ സംസ്കരണ ശാലയും വേണം.
അപ്പോൾ,അടുത്ത തവണ പാം ഓയിൽ വാങ്ങുമ്പോൾ അത് വരുന്ന വഴികൾ ഓർക്കുക. മറ്റു നിവൃത്തി ഇല്ലാത്തതു കൊണ്ട് മരമുത്തശ്ശനായ ഒറാങ്ങ് ഉട്ടാന് ആദരാഞ്ജലികൾ അർപ്പിക്കുക. പിന്നെ അതിൽ വറുത്ത ഇറച്ചിയും ചിപ്സും കറുമുറെ തിന്ന് പ്രകൃതി വിരുദ്ധരോടുള്ള രോഷം പ്രകടിപ്പിക്കുക.
ഓരോ കൃഷിയുടെയും, കാർഷിക ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദനത്തിന് പിന്നിൽ പ്രകൃതി വിരുദ്ധതയുടെയും അധിനിവേശത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഒക്കെനീണ്ട കഥകൾ ഉണ്ട്.
പിന്നെ, കൃഷി തന്നെ ഒരു വിധത്തിൽ പറഞ്ഞാൽ പ്രകൃതി വിരുദ്ധമാണല്ലോ..?
വാൽ കഷ്ണം : ആദ്യ കാലങ്ങളിൽ എണ്ണപ്പനകളിൽ കൃത്രിമ പരാഗണം നടത്തിയാണ് വിളവ് കൂട്ടിയിരുന്നത്.ആൺ പൂക്കളിൽ നിന്നും പൂമ്പൊടി ശേഖരിച്ച്,മുള്ള് നിറഞ്ഞ പനയിൽ കയറി പെൺ പൂവിന്മേൽ പൂമ്പൊടി കുടഞ്ഞ് ഒക്കെ വേണമായിരുന്നു. പക്ഷെ അത് വളരെയേറെ ചെലവേറിയതും ബുദ്ധി മുട്ടുള്ളതും ആയിരുന്നു. അങ്ങനെ ആണ് ആഫ്രിക്കയിൽ നിന്നും എണ്ണപ്പനയുടെ സ്വാഭാവിക പരാഗ കാരികൾ ആയ EK എന്ന (Eladoebius kamaroonicus ) ആഫ്രിക്കൻ വണ്ടിനെ അവിടെ നിന്നും കൊണ്ട് വന്ന് തോട്ടങ്ങളിൽ തുറന്നു വിട്ടത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. EK വിപ്ലവകരമായ വിളവെടുപ്പിന് ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ അങ്ങട്....
തയ്യാറാക്കിയത് : പ്രമോദ് മാധവൻ