കളനാശിനിയോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് ആരോഗ്യദായകമായ പച്ചക്കറിയും മീനുമാണ് ലഭിക്കുന്നത്. സാധാരണ അക്വാകള്‍ച്ചറിനെ അപേക്ഷിച്ച് അക്വാപോണിക്‌സ് കൃഷിരീതിയില്‍ 30 മുതല്‍ 50 ഇരട്ടിവരെ മീന്‍ കൃഷിചെയ്യാനാകും.
ഹൈഡ്രോപോണിക്‌സും അക്വാകള്‍ച്ചറും ചേര്‍ന്നതാണ് അക്വാപോണിക്‌സ് കൃഷിരീതി. ഭക്ഷ്യയോഗ്യമായ മീനിനെ കൃഷിചെയ്യുന്ന രീതിയാണ് അക്വാകള്‍ച്ചര്‍. അക്വാകള്‍ച്ചറിലെയും വെള്ളമുപയോഗിച്ചുള്ള കൃഷിയായ ഹൈഡ്രോപോണിക്‌സിലെയും തത്ത്വങ്ങളെ ക്രോഡീകരിച്ചുകൊണ്ടുള്ള കൃഷിരീതിയാണ് അക്വാപോണിക്‌സ്.
അക്വാപോണിക്‌സ് കൃഷിയില്‍ മീനും പച്ചക്കറിയും ഒരുമിച്ചാണ് കൃഷിചെയ്യുന്നത്. ഈ കൃഷിരീതിയില്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനംമൂലം മീനിന്റെ കാഷ്ഠം നൈട്രേറ്റ് രൂപത്തിലാക്കി ചെടികള്‍ക്ക് വളമായിനല്‍കുന്നു. ചെടികള്‍ വെള്ളം ശുദ്ധീകരിച്ച് മീനിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ അവസ്ഥ സംജാതമാക്കുകയും ചെയ്യും.
മീനിന്റെ കാഷ്ഠത്തില്‍ ചെറിയതോതില്‍ ഫോസ്ഫറസും പൊട്ടാഷും അടങ്ങിയിട്ടുണ്ട്. കൂടാതെ, അത്യാവശ്യത്തിനുള്ള ന്യൂട്രിയന്‍സ് ലഭിക്കാനുള്ള സാങ്കേതികവിദ്യയും ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.
വെള്ളം കുറച്ചുമതി
അക്വാപോണിക്‌സില്‍ വെള്ളം പരിചംക്രമണം ചെയ്യുന്നതിനാല്‍ മണ്ണില്‍ കൃഷിചെയ്യുമ്പോള്‍ ആവശ്യമുള്ളതിന്റെ 10 ശതമാനം മാത്രമേ വേണ്ടിവരുന്നുള്ളൂ. കൂടാതെ, ചെടികള്‍ക്ക് വെള്ളത്തിലെ വളവും വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്നു. മണ്ണില്‍ വളരുന്ന ചെടികളെക്കാള്‍ വേഗത്തില്‍ വളരുന്നു. സിസ്റ്റം സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നെ അധ്വാനമില്ല. കുട്ടികള്‍ക്കും വയോധികകര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുംവരെ അക്വാപോണിക്‌സ് കൃഷിചെയ്യാന്‍ കഴിയും.
നല്ലമണ്ണിന്റെയും ജലത്തിന്റെയും ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ വളരെ അനുയോജ്യമായ കൃഷിരീതിയാണ്. മണ്ണിലൂടെ വളരുന്ന എല്ലാ രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം ഈ കൃഷിരീതികളില്‍ ഒഴിവാക്കാനാകും. മഴമറകളിലും ഗ്രീന്‍ഹൗസുകളിലും ഇന്‍ഡോറിലും ഇത്തരം കൃഷിചെയ്യാനാകും. ഒരുവീട്ടില്‍ ആവശ്യത്തിനായുള്ള ചെറിയയൂണിറ്റുകള്‍മുതല്‍ വ്യാവസായികാവശ്യത്തിനായുള്ള വലിയ യൂണിറ്റുകള്‍വരെ കുറ്റമറ്റതായി ഒരുക്കാനാകും. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളായ മരുഭൂമി, മണല്‍പ്രദേശം, ഉപ്പുമണ്ണുള്ള സ്ഥലം എന്നിവിടങ്ങളിലും ഈ കൃഷിരീതികള്‍ അനുവര്‍ത്തിക്കാം.
മീനും പച്ചക്കറിയും ലഭിക്കുന്നു
കളനാശിനിയോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് ആരോഗ്യദായകമായ പച്ചക്കറിയും മീനുമാണ് ലഭിക്കുന്നത്. സാധാരണ അക്വാകള്‍ച്ചറിനെ അപേക്ഷിച്ച് അക്വാപോണിക്‌സ് കൃഷിരീതിയില്‍ 30 മുതല്‍ 50 ഇരട്ടിവരെ മീന്‍ കൃഷിചെയ്യാനാകും.
മണ്ണിലെ കൃഷിയെക്കാളും മുതല്‍മുടക്ക് കൂടുതലാണ്. മീനിനെക്കുറിച്ചും ബാക്ടീരിയയെക്കുറിച്ചും ചെടികളെക്കുറിച്ചും അറിവുണ്ടെങ്കില്‍ മാത്രമേ അക്വാപോണിക്‌സ് കൃഷി നല്ലവിജയകരമായി കൊണ്ടുപോകാനാവൂ. ചെടികള്‍ക്കും മീനിനും യോജിച്ച താപനില നിലനിര്‍ത്താനാകാത്ത സ്ഥലങ്ങളില്‍ അക്വാപോണിക്‌സ് കൃഷി വിജയകരമാക്കാനാകില്ല.
രണ്ടു ഭാഗങ്ങള്‍
അക്വാപോണിക്‌സ് സിസ്റ്റത്തില്‍ പ്രധാനമായും രണ്ടുഭാഗങ്ങളാണുള്ളത്. അക്വാകള്‍ച്ചര്‍ഭാഗം- ഇതില്‍ മീനും മറ്റു ജലജീവികളും വളരുന്നു. ഹൈഡ്രോപോണിക്‌സ് ഭാഗം -ഇവിടെ ചെടികള്‍ വളരുന്നു.