നീളത്തിലോ കുറുകെയോ ചാലെടുത്താണ് വള്ളിത്തലകൾ അല്ലെങ്കിൽ കിഴങ്ങുകൾ നടേണ്ടത്. തലകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽ മീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ 30 സെ.മീ. അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം മധുരക്കിഴങ്ങ് നടുന്നത്.
കിഴങ്ങ്/തലകൾ തിരഞ്ഞെടുക്കാം.
മധുരക്കിഴങ്ങിന്റെ വള്ളികളും കിഴങ്ങുകളും നടീൽ വസ്തുക്കളായി ഉപയോഗിക്കാം. കിഴങ്ങുകളാണെങ്കിൽ നന്നായി മൂപ്പെത്തിയതും എന്നാൽ, രോഗ-കീടബാധതീരെയില്ലാത്തതുമായ മധുരക്കിഴങ്ങ് വിത്തായി മാറ്റിവെക്കാം. ഇങ്ങനെ മാറ്റുന്നത് വിളവെടുത്തതിനുശേഷം തിരഞ്ഞെടുത്ത് അടയാളപ്പെടുത്തിവെക്കണം.
തണുപ്പുള്ള ഷെഡ്ഡിൽ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത.് ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകൾ കുമിൾനാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാൽ കേടാകാതെയിരിക്കും. ലായനിയിൽ മുക്കിയെടുത്ത് വെള്ളം വാർത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളിൽ ഈർച്ചപ്പൊടിയോ മണലോ നിരത്തി അതിനു മുകളിൽ പരത്തി അതിനുമുകളിൽ പാണലിന്റെ ഇല കൊണ്ട് മൂടിയിടുന്നത് മധുരക്കിഴങ്ങ് ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങൾ ആക്രമിക്കാതിരിക്കാനും നല്ലതാണ്.
കിഴങ്ങുകൾ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയിലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. ട്രൈക്കോഡർമ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം വാരങ്ങളിലിട്ട് മൂടിയാൽ മണ്ണിലൂടെ പകരുന്ന പൂപ്പൽ രോഗങ്ങൾ, വിരകൾ, ചീയൽ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം. ഇങ്ങനെ നട്ട കിഴങ്ങുകൾ മുളച്ചുപൊന്തിക്കഴിഞ്ഞ് 40 ദിവസംകഴിഞ്ഞാൽ ഒന്നാം തവാരണകളിൽ നിന്ന് 20-30 സെ.മീ. വരുന്ന വള്ളികൾ മുറിച്ച് മാറ്റി നടാവുന്നതാണ്.
വാരങ്ങളിൽ വള്ളികളാണ് നടുന്നതെങ്കിൽ 20-25 സെ.മീ. നീളമുള്ള വള്ളികൾ നടാം. തവാരണയുടെ നടുക്ക് വള്ളി വെച്ചതിനുശേഷം നടുഭാഗം മണ്ണിട്ടു മൂടുകയും രണ്ടറ്റവും മണ്ണിന് പുറത്തേക്ക് നിർത്തുകയും വേണം. വള്ളികൾ വേരുപിടിച്ച് ഇലകൾ പൊട്ടിവിരിയുന്നതുവരെ വാരങ്ങളിൽ നനവ് ആവശ്യമാണ്. എന്നാൽ മഴക്കാലത്ത് കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കരുത്. വള്ളി ചീഞ്ഞുപോവും.