മഴയെ മാത്രം ആശ്രയിച്ച് മധുരക്കിഴങ്ങ് വള്ളികൾ നട്ടുവളർത്തേണ്ട കാലമാണിത്. കേരളത്തിൽ ജൂൺ-ജൂലായ് മാസങ്ങളിൽ കാലവർഷത്തോ മധുരക്കിഴങ്ങ് കൃഷിടൊപ്പവും സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ തുലാവർഷത്തോടൊപ്പവുമാണ് മധുരക്കിഴങ്ങിന്റെ മഴയെ ആശ്രയിച്ചുള്ള കൃഷിക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ജനുവരി മുതലുള്ള വേനൽ മാസങ്ങളിലും കിഴങ്ങുനടാം.
മരച്ചീനിയെപ്പോലെത്തന്നെ തെക്കേ അമേരിക്കയിൽ ജനിച്ച് ലോകമാകമാനം പടർന്ന ഒരു വിളയാണ് ചക്കരക്കിഴങ്ങെന്നും പറയപ്പെടുന്ന നമ്മുടെ മധുരക്കിഴങ്ങ്. ഇന്ന് ലോകത്തിലെ പഞ്ചസാരയുടെ ഉറവിടവും പ്രധാന ഭക്ഷ വസ്തുവുമാണ് അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിൻ എ യുടെയും കലവറയായ ഈ കിഴങ്ങ്. പ്ലാനറ്റേ സാമ്രാജ്യത്തിലെ ഇതിന്റെ ശാസ്ത്ര നാമം ഐപോമിയ ബറ്റാറ്റാസ് എന്നാണ്.
തെക്കേ അമേരിക്കയിലെ മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നത് ബറ്റാറ്റ എന്നാണ്. ജപ്പാനിൽ ഇതുപയോഗിച്ച് സ്വാദിഷ്ഠമായ ഷോച്ചുവെന്ന മദ്യം ഉത്പാദിപ്പിക്കുന്നു. ജപ്പാനീസ് പേസ്റ്റ്ട്രിയുടെ പ്രധാനചേരുവയും നമ്മുടെ മധുരക്കിഴങ്ങാണ്. ചൈനയിൽ ടോങ് സുയിയെന്ന പ്രശസ്തമായ സൂപ്പ് ഇതിൽ നിന്ന് ഉണ്ടാക്കുന്നതാണ്. തെക്കേ അമേരിക്കയിലെ ഡൂസി ഡി ബറ്റാറ്റ എന്ന പരാമ്പരാഗത ഡെസേർട്ടിന്റെ പ്രധാനചേരുവ മധുരക്കിഴങ്ങാണ്.
ഇതിന്റെ സുഗമമായ വളർച്ചയ്ക്കും നല്ല വിളവിനും താപനില 22-25 ഡിഗ്രിയായിരിക്കണം. 80-160 സെ.മീ. മഴ ലഭിക്കുന്നിടത്ത് ഇത് നന്നായി വിളയും. നല്ല വെയിലും രാത്രികാലങ്ങളിൽ തണുപ്പും കിട്ടുന്നിടത്താണ് നല്ലവിളവു ലഭിക്കാറ്.
മണ്ണും ഇനങ്ങളും
എല്ലാതരം മണ്ണുകളിലും ഇത് വളർച്ച കാണിക്കുമെങ്കിലും നല്ല ഇളക്കവും ഫലഭൂയിഷ്ഠതയുമുള്ള നീർവാർച്ച സൗകര്യമുള്ള മണ്ണിലാണ് മധുരക്കിഴങ്ങ് കൂടുതൽ ഫലപുഷ്ടി കാണിക്കുന്നത്. വയലുകളിൽ ജനുവരി മാസങ്ങളിൽ കൃഷി ആരംഭിക്കാവുന്നതാണ്.
ഭദ്രകാളിച്ചുവല, ചൈനവെള്ള, കൊട്ടാരംചുവല, ചക്കരവള്ളി, ആനക്കൊമ്പൻ എന്നിങ്ങനെയുള്ള നാടൻ ഇനങ്ങളാണ്. ശ്രീകനക, ശ്രീ വരുൺ, ശ്രീ അരുൺ, കാഞ്ഞങ്ങാട്, ശ്രീഭദ്ര, ശ്രീരത്ന, എച്ച്1, എച്ച്42, ശ്രീനന്ദിനി, ശ്രീ വർധിനി, ഡൽഹി കാർഷിക ഗവേഷണശാലയുടെ പുസ സഫേദ്, പുസ റെഡ് എന്നിവയും കോയമ്പത്തൂർ കാർഷിക ഗവേഷണശാലയുടെ കോ1, കോ2, കോ3 എന്നീയിനങ്ങളും അത്യുത്പാദനശേഷി പ്രകടിപ്പിക്കുന്നവയാണ്.
കൃഷിയിടമൊരുക്കൽ
നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇത് കൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽ കിട്ടുന്നതായി കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ലക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ കിഴങ്ങിന് ഗുണം കൂടും. അമ്ലഗുണം കൂടിയ മണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കമ്പോസ്റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടി ഉയരത്തിൽ തടം കോരിയെടുക്കാം.