ഒരു ഫേസ്ബുക് കൂട്ടായ്മയിൽ വന്ന തെങ്ങിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
അദ്ദേഹം പറയുന്നത്, എല്ലാ വളങ്ങളും പരിചരണവും വിധിപ്രകാരം നൽകിയിട്ടുണ്ട് എന്നാണ്.എന്നാലും തെങ്ങ് കായ്ക്കുന്നില്ലത്രേ.
'ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം '. എന്ന ചൊല്ല് കേട്ടിട്ടുണ്ടല്ലോ?
ഉണ്ണിയുടെ അവസ്ഥ മോശമാണെങ്കിൽ ഒന്നുകിൽ ഉണ്ണിയുടെ വീട്ടിൽ വേണ്ടത്ര ഭക്ഷണം ഇല്ല, അല്ലെങ്കിൽ ഇല്ലത്ത് വേണ്ടത്ര ഉണ്ടായിട്ടും ഉണ്ണി കഴിക്കാൻ കൂട്ടാക്കുന്നില്ല, അതും അല്ലെങ്കിൽ ഉണ്ണിയ്ക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭക്ഷണം കൊടുക്കാൻ വേണ്ടപ്പെട്ടവർക്ക് കഴിയുന്നില്ല എന്നല്ലേ?
ഇനി ഉണ്ണി ഒരു ഗുണ്ടാപ്പൻ ആണെങ്കിൽ നിഗമനങ്ങൾ മറ്റ് തരത്തിലും ആകാം.
കേരളത്തിൽ നാളീകേരകൃഷിയുടെ അവസ്ഥയും ഏതാണ്ട് ഇതൊക്കെ തന്നെ.
തെങ്ങ് ഒരു 'തോട്ടവിള'ആണ്.
അത്,അനുയോജ്യമായ സ്ഥലത്ത്, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉപയോഗിച്ച്, കൃത്യമായ നീളത്തിലും വീതിയിലും ആഴത്തിലും കുഴികൾ എടുത്ത്, ശരിയായ സീസണിൽ,അടിസ്ഥാന വളങ്ങൾ ചേർത്ത് കുഴി പകുതി മൂടി, മൂന്നാം മാസം മുതൽ സംയോജിത രീതിയിൽ വളങ്ങൾ കൊടുത്ത്, ഡിസംബർ മുതൽ മെയ് മാസം വരെ ഇടയ്ക്കിടെ നനച്ച്, വെള്ളം ബാഷ്പീകരിച്ച് പോകാതെ തടങ്ങളിൽ പുതയിട്ട്, ഓലമടലിന്റെ കവിളുകളിൽ ചെല്ലികൾ കയറാതെയും തെങ്ങിൻ മണ്ടയിൽ കൂമ്പ് ചീയൽ വരാതെയും കൃത്യമായ സമയങ്ങളിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകണം എന്നാണ്. എങ്കിൽ നടുന്നവന് സ്വസ്തി.. അല്ലാച്ചാൽ ജപ്തി.
തേയിലത്തോട്ടം, കാപ്പിത്തോട്ടം, റബ്ബർ തോട്ടം, ഏലത്തോട്ടം എന്നൊക്കെ പറഞ്ഞാൽ അവിടെ ഏതേത് മാസം എന്തൊക്കെ ചെയ്യണം എന്ന വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ടാകും. അതാണ് 'തോട്ടവിള പരിപാലനം (Plantation Crop Management ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
നിർഭാഗ്യകരമെന്ന് പറയട്ടെ കേരളത്തിൽ ഇന്ന് തെങ്ങ് 'തോട്ടവിള'അല്ല, മറിച്ച് 'തോറ്റ വിള 'ആണ്.
എങ്ങനെ തെങ്ങിനെ പരിചരിക്കണം എന്നറിയാത്ത, അല്ലെങ്കിൽ അതിനൊത്ത വണ്ണം തൊഴിലാളികളെ കിട്ടാത്ത, കിട്ടിയാൽ തന്നെ ജോലിയോട് പ്രതിബദ്ധത കാണിക്കാത്ത, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കൂലി കൊടുക്കേണ്ടി വരുന്നതടക്കമുള്ള ഒരു പിടി വെല്ലുവിളികൾ ഇവിടെ നില നിൽക്കുന്നു.
സമയബന്ധിതമായി കേരകർഷകർക്ക് ആവശ്യമായ നിർദേശങ്ങൾ അതത് കൃഷിഭവനുകൾ നൽകുന്നുണ്ടോ എന്ന് കൃഷിഭവനുകളും തങ്ങളുടെ സാങ്കേതികവിദ്യകൾ 'പണ്ടേപ്പോലെ ഫലിക്കുന്നുണ്ടോ 'എന്ന് പരിശോധിക്കാൻ കേരള കാർഷിക സർവ്വകലാശാലയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ആത്മവിമർശനം നടത്തുകയും വേണം.
എന്തായാലും നമുക്ക് ചിത്രത്തിൽ കണ്ട 'ഉണ്ണിയിലേക്ക് 'വരാം.
ഉണ്ണിയുടെ ശാരീരിക സ്ഥിതി അത്ര കേമമല്ല. ഓലകളുടെ എണ്ണം വളരെ കുറവ്. കഷ്ടിച്ച് ഒരു ഡസൻ ഓലകൾ മാത്രം. സ്വന്തം ശരീരത്തിനെ നില നിർത്താൻ മാത്രം ഉള്ള ഭക്ഷണം ഉണ്ടാക്കാനെ അത്രയും ഓലകൾക്ക് കഴിയൂ(Maintenanance function ). ഉണ്ണികളെ (തേങ്ങകൾ )ഉണ്ടാക്കണമെങ്കിൽ തെങ്ങിന് കൂടുതൽ ഓലകൾ ഉണ്ടാകണം.അപ്പോൾ കൂടുതൽ സൂര്യപ്രകാശത്തെ (ഊർജ്ജത്തെ)ശേഖരിച്ച് വയ്ക്കാൻ തെങ്ങിന് കഴിയും.
അതാണ് പണ്ടുള്ളവർ പറഞ്ഞ് വച്ച 'നല്ല തെങ്ങിന് നാല്പത് മടൽ 'സങ്കൽപം.
ഇനി പട്ടിണി കിടന്ന തെങ്ങിനെ ഒന്ന് പുനരുജ്ജീവിപ്പിക്കാൻ ആണ് ശ്രമമെങ്കിൽ,വളമിട്ട് തുടങ്ങി മുപ്പത്തി മൂന്ന് മാസം കഴിയുമ്പോൾ അതിന്റെ ഫലമായുള്ള കൂമ്പുകൾ വിരിഞ്ഞ് തുടങ്ങുകയും നാൽപത്തിനാല് മാസം കഴിയുമ്പോൾ ആ തേങ്ങകൾ വിളവെടുക്കുകയും ചെയ്യാം.
മറ്റ് പലവിളകൾക്കും അപ്പപ്പോൾ കർമഫലം അറിയാൻ കഴിയുമെങ്കിൽ തെങ്ങിൽ അതിന് അല്പം സാവകാശം വേണ്ടി വരും എന്ന് ചുരുക്കം.
ഇനി തെങ്ങിൽ, മാസത്തിൽ ഒരോല എന്ന കണക്കിന് വരാൻ ഉള്ള വഴികൾ പറയാം.
ഒന്നേകാൽ സെന്റിൽ ഒരു തെങ്ങ് മാത്രമേ ഉണ്ടാകാവൂ. ഇത്രയും സ്ഥലത്ത് വേറെ ഒരു വൃക്ഷവിളയും ഉണ്ടാകാൻ പാടില്ല. (ഇപ്പോൾ തന്നെ ഇത് വായിച്ചു കൊണ്ടിരിക്കുന്ന പലരുടെയും മുഖം വാടി ).ഉണ്ടെങ്കിൽ തെങ്ങ് 'തോറ്റ വിള 'ആകും.
കവുങ്ങ് *ആണ് എന്നും തെങ്ങ് ** എന്നും പറയും. ജാതീയമായ ചൊല്ല് ആയത് കൊണ്ട് പറയുന്നില്ല.
ലതായത്.. 'മാറി നില്ല്, മുണ്ടയ്ക്കൽ ശേഖരാ 'എന്ന് പറയാനുള്ള തന്റേടം കവുങ്ങിനെ പോലെ തെങ്ങിനില്ല എന്ന് നമ്മൾ മനസ്സിലാക്കണം.
തെങ്ങിൻ തൈകൾ നട്ട് മൂന്നാം മാസം മുതൽ വളപ്രയോഗം തുടങ്ങണം.
നനയ്ക്കാൻ സൗകര്യം ഉണ്ടെങ്കിൽ വർഷത്തിൽ നാല് തവണ വളം ചെയ്യാം. അളവ് ഒന്ന് തന്നെ. അത് നാല് തുല്യ തവണകളായി കൊടുക്കുന്നു എന്ന് മാത്രം.
തെങ്ങിന്റെ ചുവട്ടിൽ നിന്നും ഒന്നേ മുക്കാൽ മീറ്റർ വ്യാസാർദ്ധത്തിൽ ഒരടി താഴ്ചയിൽ തടം തുറക്കാം. (തുറന്നില്ലെങ്കിലും കുഴപ്പമില്ല എന്ന രീതിയിലും പഠനങ്ങൾ വരുന്നുണ്ട്. തടം തുറക്കുന്നത് ജല സംരക്ഷണത്തിന് കൂടിയാണ് ).
തടം തുറന്നാൽ തടത്തിന്റെ പുറം പകുതിയിൽ ഒരു കിലോ മുതൽ രണ്ട് കിലോ വരെ (മണ്ണ് പരിശോധന അനുസരിച്ച്, കഴിയുമെങ്കിൽ )കുമ്മായം /dolomite വിതറണം.
രണ്ടാഴ്ച കഴിഞ്ഞ് 25
കിലോ മുതൽ 50 കിലോ വരെ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും അഞ്ച് കിലോ പൊടിച്ച വേപ്പിൻ പിണ്ണാക്കും ആവശ്യമായ NPK ജൈവമോ രാസമോ ആയ രീതിയിൽ (അവരവരുടെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് നൽകണം.
വളമിട്ട് കഴിഞ്ഞാൽ മണ്ണോ ജൈവവശിഷ്ടങ്ങളോ ഇട്ട് വളം വെയിലിൽ നിന്നും മറയ്ക്കണം (അങ്ങനെ കാർബൺ ഉത്സർജ്ജനം, നൈട്രസ് ഓക്സൈഡ് ഉത്സർജ്ജനം )തടയണം.
തുലാവർഷം തീരുന്നതിനു മുൻപ് (ഒക്ടോബർ -നവംബർ മാസത്തിൽ )കടുപ്പത്തിൽ ഒരു വളവും (അടുത്ത ഏപ്രിൽ വരെ തെങ്ങിന് ശരീരവും ശാരീരവും നില നിർത്താൻ വേണ്ടത് )കൊടുത്ത് തൊണ്ടും ഓലയും കരിയിലയും ഒക്കെ ഇട്ട് തടം മൂടുകയോ വട്ടക്കിളയൽ നടത്തുകയോ ആകാം.
ജൈവ രീതികളോട് നന്നായി പ്രതികരിക്കുന്ന വിളയാണ് തെങ്ങ്. ചാണകപ്പൊടി, കോഴിവളം, ആട്ടിൻ കാഷ്ഠം, എല്ലു പൊടി, ചാരം, ചകിരിചോറ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കരിയിലകൾ, തെങ്ങിന്റെ വിളയുടെ അവശിഷ്ടങ്ങൾ എന്നിവ സമൃദ്ധമായി കൊടുക്കണം.
എങ്ങനെ കൊടുത്താലും വേണ്ടില്ല, മണ്ണിലൂടെ തെങ്ങിന് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, സൾഫർ, മഗ്‌നീഷ്യം, ക്ലോറിൻ, ബോറോൺ എന്നിവ ആവശ്യമായ മാത്രയിൽ കിട്ടണം. അത്രേന്നെ..
ലതായത് 'പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല്യ, അത് എലിയെ പിടിക്കണം '. ദത്രേള്ളൂ..
മാസത്തിൽ ഒരു ഓല നിങ്ങളുടെ തെങ്ങിന് വരണം. വന്നില്ലെങ്കിൽ ശ്രദ്ധിക്കണം. ഒന്നുകിൽ 'ഉണ്ണി കഴിക്കുന്നില്ല ' അല്ലെങ്കിൽ 'ഉണ്ണിയ്ക്ക് കഴിക്കാൻ പറ്റുന്നില്ല'.അത് കണ്ടെത്തി പ്രതിവിധികൾ ചെയ്യണം.
എന്നാൽ അങ്ങട്..
തയ്യാറാക്കിയത്
പ്രമോദ് മാധവൻ
പടം കടം :ഫേസ് ബുക്ക്8*