വെള്ളരി കൃഷിയിൽ ധാരാളം കീട രോഗങ്ങൾ കാണപ്പെടാറുണ്ട്. അതിൽ പ്രധാനപ്പെട്ട രോഗങ്ങളും അതിൻറെ പരിഹാരമാർഗ്ഗങ്ങളും ആണ് ചുവടെ നൽകുന്നത്.
പൊടി കുമിൾ രോഗം
തളിര് ഇലകളെയും വളർച്ചയെത്തിയ ഇലകളെയും ഒരുപോലെ ഈ രോഗം ബാധിക്കുന്നു. എളുപ്പത്തിൽ കാണാൻ സാധിക്കുന്ന വെളുത്ത പൊടി പോലുള്ള വളർച്ചയാണ് ഇതിൻറെ പ്രത്യേകത. ഇലകളുടെ മുകൾപ്പരപ്പിൽ ആണ് പൊടി പൂപ്പൽ കണ്ടുവരുന്നത്. ആദ്യം പഞ്ഞി പോലെ വെളുത്ത ചെറിയ പുള്ളികൾ ആയി കാണപ്പെടുകയും പിന്നീട് ഇത് ഇല മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു.
രോഗം രൂക്ഷമാകുന്ന സമയത്ത് ഇലകൾ പൂർണമായും മഞ്ഞനിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. ഉയർന്ന ആർദ്രത, ഊഷ്മാവ് എന്നിവ ഇടവിട്ട് വരുന്നത് രോഗബാധ വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു. ഇത് പരിഹരിക്കുവാൻ രോഗം വന്ന ചെടികളിൽ കാർബെൻഡാസിം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ ബേക്കിങ് സോഡ അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിലെടുത്ത് തളിക്കുക.
ഫ്യൂസേറിയം വാട്ടം
ഇലകളിൽ നിന്ന് ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗലക്ഷണം. ജലസേചനം നല്ലരീതിയിൽ നടത്തുന്നത് ഈ അവസ്ഥയെ മറികടക്കാൻ മികച്ച വഴി. ഈ രോഗ സാധ്യത ഇല്ലാതാക്കുവാൻ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ കലക്കി തടത്തിൽ ഒഴിക്കുക. അല്ലെങ്കിൽ ട്രൈക്കോഡർമ സമ്പുഷ്ട ചാണകം കടയ്ക്കൽ ചേർത്ത് കൊടുക്കുക.
കായ് ചീയൽ രോഗം
കായകളിലെ മുറിവുകളിലൂടെയാണ് കുമിൾ രോഗമുണ്ടാകുന്നത്. വെളുത്ത പഞ്ഞി പോലെയുള്ള വളർച്ച രോഗംബാധിച്ച കായ്കളിൽ കാണാനാകുന്നു. സാധാരണയായി മണ്ണിൽ തൊട്ടുകിടക്കുന്ന സ്ഥലത്തുനിന്നാണ് രോഗം തുടങ്ങുക. ആദ്യം നനഞ്ഞതുപോലെ പാടുകൾ കാണപ്പെടുകയും പിന്നീട് ചീഞ്ഞു പോകുകയും ചെയ്യുന്നു. രോഗ സാധ്യത ഇല്ലാതാക്കുവാൻ കീടബാധയേറ്റ എല്ലാ കായ്കൾ നീക്കം ചെയ്യുകയാണ് പരമപ്രധാനം. കൂടാതെ ചവറുകൾ/ പുത ഉപയോഗിച്ച് കായ്കൾ മണ്ണിൽ തൊടാതെ സംരക്ഷിക്കുക.