അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ട് മികച്ച വളക്കൂട്ടുകള്‍


അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി നമുക്കു ജൈവ വളവും മികച്ച ജൈവ കീടനാശിനിയും തയാറാക്കാം. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം അടുക്കളത്തോട്ടത്തില്‍ വളവും കീടനാശിനികളും വാങ്ങുന്ന പണം ലാഭിക്കുകയും ചെയ്യാം. ഇങ്ങനെ തയാറാക്കാവുന്ന വളക്കൂട്ടുകളും കീടനാശിനികളും ഏതെല്ലാമെന്നും അവയുടെ ഗുണങ്ങളും ഉപയോഗക്രമവും എങ്ങനെയെന്നും പരിശോധിക്കാം.

1. കഞ്ഞിവെള്ളം
തലേ ദിവസത്തെ കഞ്ഞി വെള്ളമൊരു മികച്ച ജൈവ വളവും കീടനാശിനിയുമാണ്. അല്‍പ്പംകൂടി വെള്ളം ചേര്‍ത്ത് വിളകളുടെ ചുവട്ടിലും ഇലകളിലും തളിക്കാം. പശയുള്ള ഈ കഞ്ഞിവെള്ളം ഇലകളില്‍ തളിക്കുമ്പോള്‍ കീടങ്ങളും പ്രാണികളും ഇവയില്‍ പറ്റിപ്പിടിച്ചു നശിക്കും. നൈട്രജന്റെ അശം കൂടുതലുള്ള കഞ്ഞി വെള്ളം വിളകളുടെ തടത്തിലൊഴിച്ചു കൊടുത്താല്‍ മികച്ച വിളവ് ലഭിക്കും.

2. മീന്‍ കഴുകുന്ന വെള്ളം
ആഴ്ചയില്‍ ഒരിക്കലെങ്കിലും മീന്‍ ഉപയോഗിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. മീന്‍ കഴുകി കിട്ടുന്ന വെള്ളം ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായിക്കും.

3. ചാരം
അടുപ്പില്‍ വിറക് കത്തിച്ചു കിട്ടുന്ന ചാരമൊരു മികച്ച ജെവവളമാണ്. ചാരത്തെ ജൈവ വളത്തിലെ രാസവളമെന്നു വിശേഷിപ്പിക്കാറുണ്ട്. പൊട്ടാഷിന്റെ അശം ഏറെ അടങ്ങിട്ടുണ്ട്. വിളകള്‍ പൂവിട്ട് കായ് പിടിക്കാന്‍ പൊട്ടാഷ് വളമായ ചാരമേറെ സഹായിക്കും. ഒപ്പം കായ് പെഴിച്ചില്‍ തടയാനും ചാരത്തിനു കഴിവുണ്ട്.

4. കമ്പോസ്റ്റ്
അടുക്കളയില്‍ നിന്നു ദിവസവും ഒഴിവാക്കുന്ന ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് നല്ല ജൈവ വളക്കൂട്ട് ഉണ്ടാക്കാം. ദിവസവും ഉപയേഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍, ബാക്കി വന്ന പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍, മുട്ടത്തോട് എന്നിവയെല്ലാം വളമാക്കാം. പൈപ്പ്, ബക്കറ്റ്, ചെറിയ ടാങ്ക് എന്നിവ കൂടി വേണം കമ്പോസ്റ്റ് തയാറാക്കാന്‍. ദിവസവും അടുക്കളയില്‍ നിന്നു ലഭിക്കുന്ന ജൈവ വസ്തുക്കള്‍ ജലാംശം പരമാവധി ഒഴിവാക്കിയും ചെറുതാക്കിയും ടാങ്കിലോ പൈപ്പിലോ ബക്കറ്റിലോ നിക്ഷേപിക്കുക.
ബാക്റ്റീരിയ ലായനി, ഇഎം ലായനി എന്നിവ ഏതെങ്കിലും ഇടക്ക് ഇതിലൊഴിച്ചു വല്ലപ്പോഴും ഇളക്കി കൊടുക്കണം. ബാക്റ്റീരിയ പ്രവര്‍ത്തനത്തിലൂടെ ജൈവ വസ്തുക്കള്‍ പൊടിഞ്ഞു വളമാകും. ഇടയ്ക്ക് പച്ചച്ചാണകമൊരു കപ്പ് ഒഴിച്ചു കൊടുക്കുന്നത് ബാക്റ്റിരിയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പുളിച്ച മോര് ഈ കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനത്തിനാക്കം കൂട്ടും. രണ്ടു മൂന്നു മാസം കൊണ്ട് നല്ല വളമായി മാറും. ഇത് എല്ലാതരം വിളകള്‍ക്കും തടത്തിലിട്ട് കൊടുക്കാം.

5. ഫിഷ് അമിനോ
വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന വളര്‍ച്ചാ ഉത്തേജകമാണ് ഫിഷ് അമിനോ. മത്തി അഥവാ ചാളയാണ് ഇതിനായി ഉപയോഗിക്കുക. മത്തി ചെറിയ കഷ്ണങ്ങളാക്കി ഭരണിയിലോ, പ്ലാസ്റ്റിക്ക് പാത്രത്തിലോ ഒരു മാസമിട്ട് വെക്കണം. ശേഷം നന്നായി ഇളക്കി അതിന്റെ നീര് ഊറ്റിയെടുത്ത് മറ്റൊരു കുപ്പിയിലേക്ക് മാറ്റിവെക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ml ഫിഷ് അമിനോ എന്ന കണക്കിനെടുത്ത് നന്നായി ഇളക്കി ഇലകളില്‍ സ്‌പ്രെ ചെയ്യാം. ഇലകളില്‍ തളിക്കുന്നത് അതിരാവിലെയായാല്‍ നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീര്യം കൂടുതലായാല്‍ ഇലകള്‍ ഇലകള്‍ വാടി പൊഴിഞ്ഞ് പോകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section