ജയിക്കാനായി ജനിച്ചവർ.. പക്ഷെ തോൽക്കാനാണ് വിധിയെങ്കിൽ....

ഒരാൾ ഭൂമിയിൽ ജനിച്ചു വീണെങ്കിൽ അതിന്റെ അർഥം അയാൾ ഒരു ജേതാവാണ് എന്നാണ്. കാരണം അമ്മയുടെ ശരീരത്തിൽ ആ സമയത്ത് ഉദ്‌ഭുതമായ ഒരേ ഒരു അണ്ഡത്തിന്റെയും അതിനെ പുൽകാൻ ശ്രമിച്ച ദശലക്ഷ കണക്കിന് പുരുഷ ബീജങ്ങളിൽ വിജയ ശ്രീലാളിതനായ ഒരു ബീജത്തിന്റെയും കൂടിയുള്ള ഉത്പന്നമാണ്  നിങ്ങൾ.

അതിലും വലിയ ഒരു പരീക്ഷ ജീവിതത്തിൽ ഒരിക്കലും നമ്മൾ നേരിട്ടിട്ടുണ്ടാകില്ല.

പിന്നെ എന്ത്‌ കൊണ്ടാണ്  ജീവിതത്തിൽ നമ്മൾ വിജയിക്കാതെ പോകുന്നത്??

നമ്മൾ ചെയ്യുന്ന തൊഴിലിൽ പുതുമകളും എളുപ്പവഴികളും നമ്മൾ കണ്ട് പിടിക്കുകയോ,അല്ലെങ്കിൽ മറ്റുള്ളവർ കണ്ട് പിടിച്ചത് ശരിയായി അനുവർത്തിക്കുകയോ വേണം. അതിന് അല്പസ്വല്പം റിസ്ക് എടുക്കാനുള്ള മനോഭാവവും കൂടി വേണം. വിവരവും വിജ്ഞാനവും തേടി അലയുകയും വേണം.

 No pain.. No gain.

ഞാനിത് പറയാൻ കാരണമുണ്ട്.

 കഴിഞ്ഞ ദിവസം വിള ഇൻഷ്വർ ചെയ്ത ഒരു കർഷകന്റെ തോട്ടത്തിൽ വിളനാശം തിട്ടപ്പെടുത്താൻ പോയി. 1100ഏത്തവാഴകൾ ആണ് അയാൾ (ചെറുപ്പക്കാരൻ) നട്ടത്.

 വരൾച്ചയെ ചെറുക്കാൻ ഏത്തവാഴയ്ക്ക് വാഴയ്ക്ക് വിരുത് കുറവാണ് എന്നാണ് ആ കൃഷിക്ക് ഇറങ്ങുന്ന ആൾ ആദ്യം മനസ്സിലാക്കേണ്ടത്. അപ്പോൾ ഉറപ്പായും ജലസേചനം വേണമല്ലോ? പക്ഷെ അവിടുത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ ആണ് കനാൽ വെള്ളം വരുന്നത്. എന്ത് ചെയ്യും? ആ വെള്ളം കിട്ടാതെ വന്നാൽ നനയ്ക്കാനുള്ള Plan B അദ്ദേഹത്തിന് ഇല്ല!!.സ്വാഭാവികമായും വാഴകൾ മയങ്ങി നിൽക്കുന്നു.

ഏത്തവാഴയ്ക്ക് നല്ല വിളവ് കിട്ടാൻ ചിട്ടയായ വള പ്രയോഗം വേണമെന്ന് അത് കൃഷി ചെയ്യുന്ന ആൾ അറിയണം. അതിന് ഒരു ആസൂത്രണം വേണം. വളങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണം.അതും ചിട്ടയായി ചെയ്തിട്ടില്ല.

കളകൾ,വിളകളുടെ വളങ്ങൾ മോഷ്ടിക്കുന്നവരാണ് എന്നറിയണം. യഥാസമയം കള നീക്കം ചെയ്യാതിരുന്നാൽ ആ തോട്ടത്തിൽ കയറി നടക്കാനും പരിപാലനം നടത്താനും ബുദ്ധിമുട്ടാകും എന്ന് ആ കർഷകനോളം ആർക്കും അറിവുള്ള ആരും ഉണ്ടാകില്ല. അതും വിധിയാം വണ്ണം ചെയ്തിട്ടില്ല.തോട്ടത്തിൽ കയറി എണ്ണം എടുക്കാനും ഏറെ ബുദ്ധിമുട്ടി.

ഉണങ്ങിയ ഇലകൾ സമയോചിതമായി മുറിച്ചു മാറ്റി കീടങ്ങളുടെ (പ്രത്യേകിച്ചും തട തുരപ്പൻ പുഴു /പിണ്ടിപ്പുഴു ) മുട്ടകൾ ഇടാനുള്ള ഒളിയിടങ്ങൾ തകർക്കണം എന്ന് ഒരു വാഴക്കർഷകൻ അറിയേണ്ടതല്ലേ? അല്ലെങ്കിൽ തോട്ട സന്ദർശനം നടത്തേണ്ട ഉദ്യോഗസ്ഥർ പറയേണ്ടതല്ലേ?

അതും ചെയ്തിട്ടില്ല.

വാഴ കുലച്ചാൽ അവസാന പടല വിരിഞ്ഞു കഴിഞ്ഞാൽ വാഴക്കൂമ്പ് ഒടിച്ചു മാറ്റണം എന്ന് കർഷകൻ ഇനി എന്നാണ് മനസിലാക്കുക. അതും നേരെ ചൊവ്വേ ചെയ്തിട്ടില്ല.

ചുരുക്കത്തിൽ ആകെ മൊത്തം സ്വാഹാ...

 വാഴകൾ ഒടിഞ്ഞു കൊണ്ടേയിരിക്കുന്നു. പല വാഴകൾക്കും വേരുകൾ ഇല്ല. Fungus /Bacteria ഇൻഫെക്ഷൻ വന്ന് മണ്ണിൽ വളമുണ്ടെങ്കിൽ പോലും വലിച്ചെടുക്കാൻ വേരുകൾ ഇല്ലാതെ ആയിരിക്കുന്നു.അത്‌ തുടക്കത്തിൽ തന്നെ മനസ്സിലാക്കി പരിഹാരം ചെയ്യുന്നതിൽ വീഴ്ച വന്നു.

ഇതൊക്കെ കാണുമ്പോൾ എങ്ങനെ നഷ്ടപരിഹാരം കൊടുക്കാൻ ശുപാർശ ചെയ്യും, ചെയ്യാതിരിക്കും?? 🤔

ഏത് കൃഷി ചെയ്യാൻ ഇറങ്ങും മുൻപും അതിന്റെ നടീൽ രീതി, ശരി അകലം, വള പ്രയോഗം, കീട -കള നിയന്ത്രണം, വിപണനം എന്നിവയുടെ കാര്യത്തിൽ കൃത്യമായ പ്ലാനും സ്ട്രാറ്റെജിയും ഇല്ലെങ്കിൽ ഇത് തന്നെ അവസ്ഥ. വകുപ്പിനെയോ മന്ത്രിയെയോ മാത്രം കുറ്റം പറഞ്ഞിട്ടായോ?

ഉദ്യോഗസ്ഥർക്കും വലിയ പങ്ക് ഉണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് യഥാസമയം കൃഷി അറിവുകൾ തോട്ടത്തിൽ ചെന്നോ അല്ലാതെയോ പറഞ്ഞു കൊടുക്കാൻ അവർക്കും കഴിയണം.

തിരിച്ചു വരുന്ന വഴിയിൽ ഒരിടത്തു തകൃതിയായി കരിമ്പ് നടീൽ നടക്കുന്നു. പാസ്സ് ചെയ്ത ജീപ്പ് തിരികെ വന്ന് ആ തോട്ടത്തിൽ ഇറങ്ങി. അവരെ പരിചയപ്പെട്ടു. എറണാകുളത്തു നിന്നും അവിടെ കൃഷി ചെയ്യാൻ വന്നിരിക്കുകയാണ് അഞ്ച് യുവകർഷകർ. നേവിയിൽ നിന്നും ലീവ് എടുത്ത് കൃഷി ചെയ്യുകയാണ് എന്നാണ് പറഞ്ഞത്. നിലം നല്ല ഒന്നാന്തരമായി ഒരുക്കി ഇട്ടിരിക്കുന്നു.

ഒരേക്കർ സ്ഥലത്തിന് 60കിലോ ശർക്കര അടങ്ങിയ പന്ത്രണ്ടു ചാക്ക് ശർക്കരയുടെ വില പാട്ടമായി നൽകണം.(ഇപ്പോഴത്തെ വിലയനുസരിച്ചു കുറഞ്ഞത് ഒരു നാല്പതിനായിരം രൂപ ). കൂടാതെ നാല് കൊല്ലത്തേക്ക് ഏതാണ്ട് ഒരു ലക്ഷം രൂപ വേറെയും നൽകണം. ഏതാണ്ട് നാലേക്കെറോളം വരും സ്ഥലം.

അവരും വേണ്ട രീതിയിൽ കരിമ്പ് കൃഷി ഗൃഹപാഠം ചെയ്തോ എന്ന്  സംശയം?

അവരെ പരിചയപ്പെട്ടു നമ്പർ വാങ്ങി, Sustainable Sugarcane Initiative (SSI)എന്ന പുതിയ നടീൽ രീതിയെ കുറിച്ച് വിശദീകരിച്ചു കൊടുത്തു. മടങ്ങുമ്പോൾ അതിന്റെ ഒന്ന് രണ്ട് യൂട്യൂബ് വിഡിയോയും അയച്ചു കൊടുത്തു. താല്പര്യമെങ്കിൽ പുതിയ നടീൽ രീതിയ്ക്കായി കൃഷി വകുപ്പിന്റെ സഹായത്തോടെ ഒരു പ്രദർശനത്തോട്ടം ചെയ്യാനും നിർദേശിച്ചു.

ഇപ്പോൾ അവർ നട്ടു കൊണ്ടിരിക്കുന്ന രീതിയ്ക്ക് ഒരുപാട് പോരായ്മകൾ ഉണ്ട്. അതിന് കൂടുതൽ കരിമ്പിൻ തണ്ടുകൾ വേണം. കൂടുതൽ വളം വേണം. രോഗ കീട ബാധകൾ കൂടുതലാണ്. അടുത്തടുത്ത് നടുന്നതിനാൽ തോട്ടത്തിൽ ഇറങ്ങി പരിപാലിക്കുക ദുഷ്കരമാണ്. കൂടുതൽ വെള്ളം വേണം. ഇങ്ങനെ പോകുന്നു പോരായ്മകൾ.

പുതിയ രീതിയിൽ(SSI) , പഴയ രീതിയുടെ മൂന്നിൽ ഒന്ന്  കരിമ്പിൻ തണ്ടുകൾ മതി. വളത്തിന്റെ അളവു കുറയ്ക്കാം. ഇൻവെസ്റ്റ്‌ ചെയ്യാൻ കഴിവുണ്ടെങ്കിൽ ഡ്രിപ് ഇറിഗേഷൻ കൊടുത്ത് വെള്ളത്തിന്റെ അളവ് ലാഭിക്കാം. ഇടവിളകൾ ചെയ്ത് അധിക വരുമാനം നേടാം. പരമ്പരാഗത രീതിയെക്കാൾ കൂടിയ കരിമ്പ് വിളവും ശർക്കര റിക്കവറിയും നേടാം.

ടെക്നോളജികൾ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് കർഷകർക്ക് പറഞ്ഞു, ചെയ്ത് കാണിച്ചു കൊടുക്കണം. ഫോളോ അപ്പ് ചെയ്യണം. കർഷകർ അത്തരം കാര്യങ്ങൾ അനുവർത്തിക്കാനും തയ്യാറാകണം.

ജയിക്കാനായി ജനിച്ചവരാണ് നാം. ഒരു വലിയ യുദ്ധം ജയിച്ചത് കൊണ്ടാണ് ഭൂജാതൻ /ഭൂജാത യായതും. പക്ഷെ തോൽക്കാൻ തന്നെയാണ് നമ്മളുടെ ഭാവമെങ്കിലോ? ഈശ്വരോ രക്ഷതു...


(ആദ്യം കൊടുത്തിരിക്കുന്നത് എറണാകുളത്തെ യുവ കർഷകരുടെ തോട്ടത്തിൽ നിന്നുള്ള ചിത്രം )

അതിൽ വളരെയധികം കരിമ്പിൻ തണ്ടുകൾ വേണം.

SSI രീതിയിൽ ഓരോ മൂകുളം മാത്രം Bud Chipper എന്ന ലഘു യന്ത്രം ഉപയോഗിച്ച് വേർ തിരിച്ചെടുത്തു പ്രോ ട്രെയിൽ ചകിരിച്ചോർ നിറച്ചു വളർത്തി ഒരു മാസം  കഴിയുമ്പോൾ വരികൾ തമ്മിൽ അഞ്ചടിയും വരിയിലെ ഓരോ കരിമ്പിൻ തൈകളും തമ്മിൽ രണ്ടടിയും അകലം നൽകി നടുന്നു. കഴിവുള്ളവർ തുള്ളി നന നൽകുന്നു. ഇടവിളയായി നിലക്കടലയോ കുറ്റിപ്പയറോ നട്ട് അധിക വരുമാനം നേടുന്നു.

തയ്യാറാകിയത്

പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section