ആമ വണ്ട് ചരിതം.. ഇലകളെ അരിപ്പയാക്കുന്ന കശ്മലൻ

പല രാജ്യങ്ങളിൽ നിന്നും കീടങ്ങൾ ഇന്ത്യയിലേക്ക് വന്ന് നമുക്ക് പണി തന്ന കേസുകൾ ധാരാളമുണ്ട്.


 ചിത്ര കീടം (അമേരിക്ക ), തെങ്ങ് മണ്ഡരി (മെക്സിക്കോ ),ആപ്പിളിലെ കമ്പിളി മുഞ്ഞ (Woolly Aphid, ചൈന ),Spiralling white fly, (Aleurodicus dispersus,കരീബിയൻ ദ്വീപുകൾ ),പപ്പായ മീലി മൂട്ട (Paracoccus മാർജിനറ്റസ്, മധ്യ അമേരിക്ക ), Rugose Spiralling whitefly (Aleurodicus rugioperculatus,വാഴയിലും തെങ്ങിലും ഒക്കെ വ്യാപകമായി കാണുന്നു. 2016മുതലാണ് കക്ഷിയെ കണ്ടു തുടങ്ങിയത് ), തക്കാളിയിലെ ഇല തുരപ്പൻ (Tuta absoluta, തെക്കേ അമേരിക്കയിൽ നിന്നും ), Fall Army Worm (Spodoptera frugiperda, ചോളത്തിലും മറ്റും ), കാപ്പി കായ് തുരപ്പൻ (തെക്ക് കിഴക്കേ ആഫ്രിക്ക ) അങ്ങനെ  അധിനിവേശന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്.


ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണ്ടേ? അങ്ങനെ, നമ്മളിൽ നിന്നാണെന്ന് കരുതുന്നു, ഓസ്ട്രേലിയയിലേക്കും 

ന്യൂ സീലാൻഡിലേക്കും തെക്കേ അമേരിക്കയിലേക്കും ഒക്കെ പോയ ഒരു 'മുതലാ'ണ് Epilachna വണ്ട് എന്ന ആമ വണ്ട്.


ആളിൽ കുറിയവനെങ്കിലും പേരിൽ നീളനാണ് കക്ഷി. Henosepilachna vigintioctopunctata. ഒരു തരൂരിയൻ tongue twister.തന്റെ തോടിന്റെ പുറത്തുള്ള 28കുത്തുകളാണ് പുള്ളിയുടെ ആധാർ കാർഡ്.


ഇദ്ദേഹം എല്ലാ ചെടികളെയും ഭക്ഷിക്കാറില്ല. Selective feeder ആണ്. നമ്മുടെ നാട്ടിൽ വഴുതന, പാവൽ ഇതൊക്കെയാണ് ഇഷ്ട ആഹാരം. തണുപ്പുള്ള ഇടങ്ങളിൽ ഉരുളക്കിഴങ്ങിന്റെ ഇലകൾ. പിന്നെ ഗതികെട്ടാൽ ചിലപ്പോൾ ആമവണ്ടും.. എന്നും പറയാം.


പച്ചക്കറി തോട്ടത്തിൽ, പ്രത്യേകിച്ചും പാവൽ തോട്ടത്തിൽ രണ്ട് ദിവസത്തേക്ക് കർഷകന്റെ കണ്ണൊന്നു തെറ്റിയാൽ ഇലകൾ അരിപ്പയാക്കി മുട്ടൻ പണി തരും.


ആദ്യം മഞ്ഞനിറത്തിൽ അല്പം നീണ്ട ഒന്നോ രണ്ടോ ഡസൻ  മുട്ടകളുടെ ഒരു കൂട്ടം  ഇലയുടെ അടിയിൽ തറച്ചു വയ്ക്കും. ദിവസവുമുള്ള നിരീക്ഷണത്തിൽ കർഷകൻ അത് കണ്ടെത്തിയില്ലെങ്കിൽ പണി കൂടും. അത് വിരിഞ്ഞു ഇളം മഞ്ഞനിറത്തിൽ നീണ്ട മുള്ളുകൾ (tubercles) ഉള്ള മുള്ളൻ പുഴുവായി വേഷ പകർച്ച. അമ്മയുമായി സാമ്യം പൊടി പോലുമില്ല കണ്ട് പിടിക്കാൻ.


ഏതാണ്ട് രണ്ട് ആഴ്ച്ച കൊണ്ട് ഇലകൾ മുഴുവൻ തിന്നു ഞരമ്പ് മാത്രം ബാക്കിയാക്കി ആൾ സമാധിയിലേക്ക് കടക്കും.3-5 ദിവസം കഴിയുമ്പോൾ സ്വാമി ആമയാനന്ദ തിരുവടികൾ പുറത്ത് വരും. വീണ്ടും കുലം വളർത്തി മക്കളെയും കൊച്ചുമക്കളെയും ഒക്കെ കണ്ട് നിർവൃതിയടഞ്ഞ് ആരുടെയെങ്കിലും വിരലിനിടയിൽ ഞെരുങ്ങി മരിക്കും. ചില കടന്നലുകൾ  മുട്ടകൾ നശിപ്പിക്കുന്നത് ഒഴിച്ചാൽ ആമയാനന്ദന് വല്യ ശത്രുക്കളില്ല. മുട്ട വിരിഞ്ഞിറങ്ങിയാൽ ഒരു ദിവസം പൈതങ്ങളെല്ലാം ഒറ്റ ഇലയിൽ തന്നെ കാണും. പിന്നെ പല ഇലകളിലായി പത്ര സംഹാരം തുടങ്ങും.


കൈകൊണ്ട് പിടിച്ചു കൊല്ലുക

പവർ ബാറ്റ് ഉപയോഗിക്കുക

വല വീശി പിടിച്ചു കൊല്ലുക

ഇല തിന്നാൻ വരുമ്പോൾ ഇലയുടെ സ്വാദ് നശിപ്പിക്കാൻ ഇടയ്ക്കിടെ വേപ്പ്, ഉമ്മം, എരുക്ക്, പെരുവലം പോലെ കയ്പ്പും രൂക്ഷ ഗന്ധവും ഉള്ള വസ്തുക്കൾ സോപ്പുമായി ചേർത്ത് തളിച്ച് കൊടുക്കുക


ഇലയുടെ അടിയിൽ ഉള്ള മുട്ടക്കൂട്ടങ്ങളെ ഞെരിച്ചു കൊല്ലുക

Bacillus thuringiensis പോലെ ഉള്ള ബാക്ടരിയൽ കൾച്ചർ തളിച്ച് കൊടുക്കുക

രാസ വസ്തുക്കൾ ഉപയോഗിക്കാതെ കൊല്ലണമെങ്കിൽ ഇതൊക്കെ തന്നെ വഴി.

അപ്പോൾ, എല്ലാവരും വേണ്ട രീതിയിൽ ആമയെ നിയന്ത്രിക്കുക.ടൺ കണക്കിന് പച്ചക്കറികൾ വിളവെടുക്കുക.


എന്നാൽ അങ്ങട്...

പ്രമോദ് മാധവൻ

അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ

ദേവികുളം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section