എന്നെ ചുമടെടുപ്പിച്ചാൽ ഞാനും ചുമടെടുപ്പിക്കും .. എന്ന് ചേന
"കുംഭമാസം വന്ന് ചേർന്നാൽ" ചേനക്കൃഷിക്കൊരുങ്ങാം.
ഇനി രണ്ടാഴ്ച കഴിഞ്ഞാൽ കുംഭമാസമായി.
മലയാളിയുടെ തീന്മേശകളെ ഒരു കാലത്ത് സമ്പന്നമാക്കിയ കിഴങ്ങു വർഗ്ഗങ്ങൾ, കേരളം 'ഡയബറ്റിക് തലസ്ഥാനം' ആയതോടെ അരങ്ങൊഴിഞ്ഞ മട്ടാണ്.
പഞ്ചഭൂതങ്ങളുടെ സങ്കലനമായ ഈ നശ്വര ശരീരം,വെയിലിൽ നിന്നും അഗ്നിയും, അന്തരീക്ഷത്തിൽ നിന്നും വായുവും മണ്ണിൽ നിന്നും ജലവും ആകാശത്തിൽ നിന്നും കോസ്മിക് എനർജിയും ഭക്ഷണത്തിലൂടെ കിട്ടുമ്പോഴാണ് രൂപപ്പെടുന്നത്. അതിൽ 'പ്രിഥ്വി യുടെ ഊർജം നമ്മളിലേക്ക് പ്രസരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗം കിഴങ്ങു വർഗ്ഗങ്ങൾ ശീലമാക്കുക എന്നതാണ്. അതിലൂടെ ചില 'പ്രോ ബയോട്ടിക്കുകളും 'നമുക്ക് കരഗതമാകും. അതുകൊണ്ടാണ് 'ചീനീം ചേനേം മുമ്മാസം 'എന്ന ഒരു ജീവിത ശൈലി തന്നെ നമ്മുടെ പൂർവസൂരികൾ ചിട്ടപ്പെടുത്തിയിരുന്നത്.
ഉരുള കിഴങ്ങ് ഒഴികെയുള്ള, മണ്ണിന്റെ മണമുള്ള കീഴങ്ങ് വർഗ്ഗങ്ങൾ ഒരു കീഴാള ഭക്ഷണമായി പോലും ഒരു കാലത്തു കണ്ടിരുന്നു.ആഫ്രിക്കയിലെയും ഏഷ്യയിലെയും ജനങ്ങൾ ആണല്ലോ ഇവ കൂടുതലും ഒരു മുഖ്യഭക്ഷണമായി കഴിച്ചിരുന്നത്. എന്നാൽ കിഴങ്ങ് വർഗ്ഗമായ ഉരുളക്കിഴങ്ങിനു ലേറ്റ് ബ്ലൈറ്റ് (Late Blight )എന്ന കുമിൾ രോഗം വന്നു മുച്ചൂടും നശിച്ചപ്പോൾ മരിച്ചത് വെള്ളക്കാരായ ഐറീഷ്കാർ ആയിരുന്നു എന്നത് ഒരു വിരോധാഭാസവും
എന്തായാലും 'ചേന വയ്ക്കാത്തവനെ അടിയ്ക്കണം 'എന്ന് പണ്ടാരാണ്ട് പറഞ്ഞിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല, വല്യ റിസ്ക് ഇല്ല, ഭേദപ്പെട്ട വിളവ് ഉറപ്പാണ്, മഴയെ ആശ്രയിച്ച് വിളവിറക്കാം, രോഗകീടങ്ങളും കമ്മി. (വിലയും കമ്മിയാണ് എന്ന് നിങ്ങൾ പറഞ്ഞേക്കാം 😜).
എന്നും കഴിക്കേണ്ട ഭക്ഷണമാണ് ചേന. സുരൻ എന്നാണ് ചേനയുടെ സംസ്കൃതം. സുരൻ എന്നാൽ ദേവൻ.
ഈസ്ട്രജന്റെ നിറകുടമായതിനാഖിൽ പെമ്പിളകൾ അരുമയായി ഇതിനെ കഴിക്കണം. പ്രീ മെൻസ്‌ട്രുൽ സിൻഡ്രം ശമിപ്പിക്കാൻ വിരുതൻ. മേനോപാസ് അസ്കിതകളും കുറയ്ക്കും.
Resstant Starch ഉള്ളതിനാൽ കുടൽ ബാക്ടരിയകൾക്കിവൻ അമൃത്.
ദഹന നാരുകളുടെ മേള പ്പെരുക്കത്താൽ പൈൽസ് രോഗികൾക്കിവൻ കാതലൻ.
ഗ്ലൈസെമിക് ഇന്റെക്സ് 51ആയതിനാൽ ഷുഗറുള്ളവർക്ക് നൻപൻ.
പ്രോട്ടീൻ സമ്പന്നമാണ് ഇലകളും തണ്ടുകളും. പൊട്ടാസ്യത്തിന്റെ നിറകുടമായതിനാൽ രക്തസമ്മർദ്ദം കീഴോട്ട് പോരും.
മസിൽ പിടുത്തം ഉള്ളവർക്ക് ബഹുകേമം
പിന്നെ പായസം, തീയൽ, അവിയൽ, അസ്ത്രം, തോരൻ, മെഴുക്കു പുരട്ടി, ഫ്രൈ, പുഴുക്ക്, കാളൻ ലേഹ്യം ഇങ്ങനെ ഏത് വേഷപ്പകർച്ചയ്ക്കും കേമൻ.
ഏത് പച്ചക്കറിയിലുണ്ട് ഇത്രയും ഗുണ ഗണങ്ങൾ?
കാർബൺ തൂലിത കൃഷി (Carbon Neutral Farming) യ്ക്ക് ഇത്രയേറെ യോജിച്ച വേറെ വിളയുണ്ടോ?
'കുംഭത്തിൽ നട്ടാൽ കുടത്തോളം, മീനത്തിൽ നട്ടാൽ മീൻ കണ്ണോളം' 'എന്നാണല്ലോ ചൊല്ല്. കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം
രണ്ടടി വ്യാസത്തിൽ, മുക്കാലടി -ഒരടി ആഴത്തിൽ കുഴിയെടുത്തു 100ഗ്രാം കുമ്മായം ചേർത്ത് മണ്ണറഞ്ഞു രണ്ടാഴ്ച ഇടണം. ആ സമയം പുട്ട് പൊടിയുടെ നനവ് മണ്ണിൽ വേണം. നനവ് പോകാതിരിക്കാൻ കരിയിലകൾ കൊണ്ട് തടം മൂടിയിടാം. ആ സമയം ചേന പൂളുകളാക്കി ചാണകപ്പാലിലും സുഡോമോണാസിലും മുക്കി സൂക്ഷിക്കുകയും ആകാം. ചേന നടുമ്പോൾ രണ്ട് കിലോ ചാണകപ്പൊടിയും ഒരിച്ചിരി എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും തൂവി തടം പകുതി മൂടി ചേന പൂള് വച്ച് മണ്ണ് അല്പം ഇട്ട് കട്ടയ്ക്ക് കരിയിലകൾ ഇട്ട് ഒരു കൂമ്പൽ ഉണ്ടാക്കി വയ്ച്ചാൽ പിന്നെ ചേനയായി ചേനയുടെ പാടായി.
കുംഭമാസത്തിലെ വെളുത്തവാവിന് നട്ടുകഴിഞ്ഞാൽ പിന്നെ തല വെളിയിൽ കാണുന്നത് ജൂൺ മാസം കഴിയുമ്പോൾ ആകും.. പിന്നെ കൊടിയേറ്റം, കുടമാറ്റം. കക്ഷി മണ്ണിനടിയിൽ വെറുതെ ഇരിക്കുകയായിരുന്നില്ല അസ്ഥിവാരം പണിയുകയായിരുന്നു. മുള പൊന്തിക്കഴിഞ്ഞാൽ അല്പം NPK വളമോ ജൈവ വളങ്ങളോ ഒക്കെ അവനവന്റെ വീക്ഷണകോൺ അനുസരിച്ചു ചേർത്ത് കൊടുത്ത് ചിക്കി മണ്ണടുപ്പിക്കാം. വീണ്ടും കരിയിലകൾ ചേർത്ത് കൊടുക്കാം.
ചുറ്റുമുള്ള മണ്ണ് എത്രത്തോളം ഇളക്കമുള്ളതാകുന്നുവോ അത്രയും കണ്ട് ചേന വികസിച്ചു വലിപ്പം വയ്ക്കും. ചിക്കുമ്പോൾ അല്പം മഗ്നീഷ്യം സൾഫേറ്റും ചേർത്ത് കൊടുത്താൽ നന്ന്.കരിയിലകൾ മണ്ണിൽ അഴുകി ചേരുമ്പോൾ കാർബൺ സങ്കലനം (Carbon sequestration )നടക്കുകയും ചെയ്യും.
അത് കൊണ്ടാണ് ചേന നമ്മളെ വെല്ലുവിളിക്കുന്നത് 'നിങ്ങൾ എന്നെ എത്ര കരിയിലകൾ ചുമപ്പിക്കുന്നുവോ അത്രയും ഭാരം നിങ്ങളെയും കൊണ്ട് ഞാനും ചുമപ്പിക്കും '. യേത്?.. വലിപ്പമുള്ള ചേന കൊണ്ട് നിങ്ങളെ വശം കെടുത്തുമെന്ന്.
വിടില്ല ഞാൻ...എന്റടുത്താ കളി?..
അത് കൊണ്ട് എല്ലാരും കുംഭമാസത്തിൽ പത്ത് ചേനവയ്ക്കാൻ റെഡിയാവുകയല്ലേ..? അതും ചൊറിയാത്ത ഗജേന്ദ്ര ചേന കിട്ടുമെങ്കിൽ അതും കുറച്ചെണ്ണം...
വാൽകഷ്ണം : ആനച്ചേനകളെക്കാൾ, കുഞ്ഞി ചേനകൾക്കാണ് വിപണിയിൽ പ്രിയം. അത് കൊണ്ട് ചേന വിത്തുകളോ (ചേനയുടെ പുറത്ത് നിന്നും മുളയ്ക്കുന്ന ചെറിയ കിഴങ്ങുകൾ) ചെറിയ പൂളുകളോ അകലം കുറച്ച് നട്ട് പരിപാലിച്ചാൽ നല്ല കരുപ്പട്ടി പോലെയുള്ള ഉണ്ണിചേനകൾ വിളവെടുക്കാം. അങ്ങനെയെങ്കിൽ രണ്ട് വരികൾ തമ്മിൽ ഒന്നര അടിയും വരിയിലെ ചേനകൾ തമ്മിൽ ഒരടിയും അകലം നൽകാം. സാധാരണ ചേനകൾ തമ്മിൽ മൂന്നടി അകലമാണ് ശുപാർശ. അങ്ങനെ എങ്കിൽ ഒരു സെന്റിൽ 49 ചേനകൾ നടാം.
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ
ദേവികുളം