കൃഷിയിൽ കർഷകന്റെ ഒരു പ്രധാന ശത്രു കളകൾ ആണ്. വിളനഷ്ടത്തിന്റെ 20-25 ശതമാനം കാരണം കളകൾ വളങ്ങൾ വലിച്ചെടുത്തു ചെടികളുടെ വളർച്ചയെ മുരടിപ്പിക്കുന്നതാണ്.
എവിടെ വെയിലും വെള്ളവും വളവും ഉണ്ടോ, അവിടെ ചെടികൾ താനേ വളർന്ന് വരും. അതാണ് പ്രകൃതി നിയമം. കാരണം ചെടികൾ വളർന്നില്ല എങ്കിൽ മണ്ണിൽ വെയിൽ നേരിട്ട് പതിക്കുകയും ജലാംശം നഷ്ടപെടുകയും മണ്ണിൽ ഉള്ള സൂക്ഷ്മജീവികൾ മരിക്കുകയും ചെയ്യും. അമ്മയായ പ്രകൃതി അതാഗ്രഹിക്കുന്നില്ല.
"ഒന്നുകിൽ കള അല്ലെങ്കിൽ വിള" കയ്യൂക്കുള്ളവൻ കാര്യക്കാരൻ. അത്ര തന്നെ..
കള എന്നാൽ എന്താണ്?
Any plant which grows out of place is called a weed. അതായത് താൻ ഇരിക്കേണ്ടിടത്തു താൻ ഇരുന്നില്ലെങ്കിൽ അവിടെ വേറാരെങ്കിലും കേറി ഇരുന്നെന്നിരിക്കും എന്ന് പറയുംപോലെ.
ഉദാഹരണത്തിന് വീട്ടിലെ ചെടിച്ചട്ടിയിൽ കയ്യുന്നി ഒരു ഔഷധചെടി ആയിരിക്കും.
പക്ഷെ നേൽപ്പാടത്തു അത് വെറും ഒരു കള സസ്യം മാത്രം. പാമ്പിനെ സർപ്പക്കാവിൽ കണ്ടാൽ ആൾക്കാർ വണങ്ങും. പക്ഷെ അതേ പാമ്പിനെ വഴിയിൽ കണ്ടാൽ ചിലപ്പോൾ അതേ ആൾക്കാർ തല്ലി എന്നിരിക്കും. അതാണ് വ്യത്യാസം.
വിളകളുമായി താരതമ്യം ചെയ്യുമ്പോൾ കളകൾക്ക് ഒരുപാട് അതിജീവന ശേഷി ഉണ്ട്.
*മുളശേഷി നഷ്ടമാകാതെ ദീർഘ നാൾ മണ്ണിനടിയിൽ കിടക്കാൻ അവയ്ക്ക് കഴിയും.
*അവയ്ക്ക് വെള്ളക്കെട്ടിനേയും വരൾച്ചയെയും ചെറുക്കാൻ മിടുക്ക് കൂടും.
*കീടബാധയും രോഗബാധയും വളരെ കുറവാണ്.
*മാത്രമല്ല അപകടകാരികളായ കീടങ്ങളുടെയും രോഗകാരികളുടെയും വാഹകരായും അവർ വർത്തിക്കും.
*വേര് പടലം സുശക്തമായതിനാൽ കൂടുതൽ വെള്ളവും വളവും വലിച്ചെടുത്തു വിളയെക്കാൾ മുൻപേ മണ്ണിൽ നിലയുറപ്പിക്കും.
ആയിരക്കണക്കിന് വിത്തുകൾ ഉൽപ്പാദിപ്പിക്കാൻ അവയ്ക്ക് കഴിയും. അത് കാറ്റ് വഴിയും വെള്ളം വഴിയും ചാണകം പോലുള്ള ജൈവ വളങ്ങൾ വഴിയും കൃഷിയിടങ്ങളിൽ എത്തും.
വേരിന്റെയോ തണ്ടിന്റെയോ ഒരല്പം മണ്ണിൽ കിടന്നാൽ തന്നെ അതിൽ നിന്നും പിടിച്ചു കയറാൻ ഉള്ള കഴിവ് അവർക്കുണ്ട്.
അങ്ങനെ പോകുന്നു അവരുടെ സിദ്ധികൾ.
ദുഷ്ടനെ ദൈവം പനപോലെ വളർത്തുമല്ലോ!!
ഇനി മറ്റൊരു തരത്തിൽ പറഞ്ഞാൽ കളകൾ നല്ലതാണ്.
കൃഷികൾ ഇല്ലാത്ത സമയത്ത് മണ്ണിലെ ജലാശം നഷ്ടപ്പെടാതെ സൂക്ഷ്മജീവികളെ സംരക്ഷിക്കുന്നത് കളകളാണ്.
മാത്രമല്ല മണ്ണിലെ പല പാളികളിലും അലേയമായി (Insoluble, Fixed) ആയി കിടക്കുന്ന മൂലകങ്ങൾ, കളകളുടെ വേരുകൾ പോയി തപ്പിയെടുത്ത്, അവരുടെ ശരീരത്തിന്റെ ഭാഗമാക്കി, അത് പിന്നെ ജീർണിക്കുമ്പോൾ മണ്ണിലേക്ക് മൂലകങ്ങളെ തിരികെ കൊണ്ട് വരുന്ന 'ഘർ വാപ്പസി' ധർമ്മം അവർ നിർവ്വഹിക്കുന്നുണ്ട്.
ജൈവ പിണ്ഡ (Bio mass) ഉല്പാദനത്തിനും മറ്റും കളകൾ നൽകുന്ന സംഭാവനകൾ ചെറുതല്ല.
മറ്റൊരു തരത്തിൽ പറഞ്ഞാൽ കളകൾ ഒരു necessary evil ആണ് എന്ന് പറയാം.
"കള പറിച്ചാൽ കളം നിറയും "
"ഉഴവിൽ തന്നെ കള തീർക്കണം"
എന്നൊക്കെ കെട്ടിട്ടില്ലേ?
അങ്ങനെ എങ്കിൽ എങ്ങനെ ഒക്കെ കളകൾ നിയന്ത്രിക്കാം എന്ന് നോക്കാം.
1. നിലം /പുരയിടം നന്നായി കിളച്ചു മറിച്ചു കളകൾ ഇടഞ്ഞു മാറ്റി കത്തിച്ചു കളയാം,അല്ലെങ്കിൽ കമ്പോസ്റ്റ് ആക്കി മാറ്റാം.
2. ഇടയിളക്കൽ /ചിക്കൽ കൃത്യമായി ചെയ്യുന്നത് കളകളെ നിയന്ത്രിക്കും.
3. ഇടവിളകൾ ചെയ്‌യുന്നത് കളകൾ കുറയ്ക്കും
4. കളകൾ പൂത്ത് വിത്തുകൾ പാകമാകുന്നതിനു മുൻപ് തന്നെ പറിച്ചു മാറ്റണം.
"പാഥസാം നിജ വാർന്നൊഴിഞ്ഞാളവ് സേതുബന്ധനോദ്യോഗമെന്തെടോ"? എന്നാണല്ലോ.
മൂപ്പായ വിത്തുകൾ ആയിക്കഴിഞ്ഞതിനു ശേഷം പറിച്ചു കളഞ്ഞിട്ട് ഒരു കാര്യവുമില്ല. അപ്പോഴേക്കും അടുത്ത തലമുറയെ ജനിപ്പിക്കാനുള്ള വിത്തുകൾ അവിടെ വീണിരിക്കും.
5. മണ്ണിൽ ജൈവവളങ്ങൾ ചേർത്ത് നന്നായി കൂട്ടികലർത്തി പ്രകാശം കടക്കുന്ന പോളിത്തീൻ കവർ കൊണ്ട് രണ്ടാഴ്ച മൂടിയിടുന്ന രീതി ചെറുകിടക്കാർക്ക് പരീക്ഷിക്കാം. സൂര്യതാപീകരണം (solarization) എന്ന് പറയും.
6. മിതമായ നന, അതും കഴിയുമെങ്കിൽ തുള്ളിനന രീതി അനുവർത്തിക്കണം. സ്പ്രിംക്ലെർ നന കള വളർച്ച കൂട്ടുകയേ ഉള്ളൂ.
7. പുതയിടുന്നത് കള വളർച്ച തടയും. പ്രത്യേകിച്ചും പ്ലാസ്റ്റിക് പുതയിടീൽ. അത് മണ്ണിലെ ജലാശം നഷ്ടമാകുന്നതും മണ്ണ് തറഞ്ഞു പോകുന്നതും തടയും. പ്ലാസ്റ്റിക്കിനോട് അതൃപ്തി ഉണ്ടെങ്കിൽ വൈക്കോൽ, കരിയിലകൾ, പാഴ്പേപ്പർ എന്നിവ ഉപയോഗിച്ചും പുതയിടാവുന്നതാണ്.
8. കളവെട്ടു യന്ത്രം ഉപയോഗിച്ച് ഇടയ്ക്കിടെ കളകൾ വെട്ടി മണ്ണിലേക്ക് ചേർത്ത് കൊടുക്കാം.
9. അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷിതമായ കളനാശിനികൾ നിയന്ത്രിത അളവിൽ ശരിയായ സ്പ്രേയറും നോസിലും ഉപയോഗിച്ച് തളിച്ച് കൊടുക്കാം.
എന്നിരുന്നാലും കുറച്ച് കഴിയുമ്പോൾ കളകൾ വളർന്ന് വരും. "വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ, പൂക്കാതിരിക്കാൻ എനിയ്ക്കാവതില്ലേ" എന്ന് പറയും പോലെ.
ഡീറ്റെർജന്റ് കമ്പനികളുടെ ഒരു പരസ്യ വാചകമാണ് 'കറ നല്ലതാണ് 'എന്നത്. കുട്ടികൾ സ്കൂൾ യൂണിഫോമിൽ കറകൾ ആക്കിക്കൊണ്ട് വരുമ്പോൾ ചിരിക്കുന്ന സുന്ദരിയായ അമ്മ. കൂടുതൽ കറ പുരളുമ്പോൾ കൂടുതൽ ഡീറ്റെർജന്റ് വിറ്റുപോകും. അത്ര തന്നെ.
എന്നാൽ 'കള നല്ലതാണ്' എന്ന് പറയാൻ കാരണമെന്ത്?
1. കളകൾ മണ്ണൊലിപ്പ് തടയുന്നു.
2. മണ്ണിലെ ജലാശം ആവിയായി പോകാതെ സംരക്ഷിക്കുന്നു.
3. അവയുടെ വേര് പടലത്തിൽ സൂഷ്മജീവികളെ (Rhizosphere Microorgan sms) സംരക്ഷിക്കുന്നു.
4. മൂലക ചങ്ക്രമണം നടക്കാൻ (Nutrient recycling ) സഹായിക്കുന്നു.
5. പല കളകളും നല്ല ഔഷധങ്ങളോ ആഹാരമായി ഉപയോഗിക്കാവുന്നതോ ആണ്. കല്ലുരുക്കി, കീഴാർ നെല്ലി, കയ്യുന്നി, തഴുതാമ, കുടങ്ങൽ മുതലായവ.
6. ചില കളകൾ നല്ല അലങ്കാര ചെടികളായി ഉപയോഗിക്കാം. ഉദാഹരണം. Lantana
Lantana
7. തേനീച്ചകൾക്ക് നല്ല പൂന്തേൻ നൽകുന്നു പല കളകളും. ഉദാഹരണം ആന്റിഗോണൊൻ, ക്വിസ്കാലിസ് (കിഴുക്കുത്തി മുല്ല) മുതലായവ.
8. പല മിത്രകീടങ്ങളും (ചിലന്തികൾ, കടന്നലുകൾ, ലേഡി ബേഡ് വണ്ടുകൾ മുതലായവ )അധിവസിക്കുന്നത് കളകളിൽ ആണ്. അത് സ്വാഭാവിക കീടനിയന്ത്രണത്തെ സഹായിക്കുന്നു.
വാൽ കഷ്ണം : കഴകം മൂത്തു ശാന്തിക്കാരായ കുറച്ച് കള സസ്യങ്ങൾ ഉണ്ട്. ഗവേഷണ ആവശ്യങ്ങൾക്കോ അലങ്കാരത്തിനോ ഒക്കെ കൊണ്ട് വന്ന ചില ചെടികൾ അധിനിവേശ സ്വഭാവം കാണിച്ചു തുടങ്ങുകയും അവ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥകളെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ആഫ്രിക്കൻ പായൽ, കുളവാഴ, നാഗപ്പോള, പാർത്തീനിയം, ലന്റാന, വെഡീലിയ(കമ്മൽ ചെടി ), Mikana micrantha (ധൃതരാഷ്ട്ര പച്ച) തുടങ്ങിയ ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. ഏത് വിധേനെയും തഴച്ചു വളരാൻ പ്രകൃതി കയറൂരി വീട്ടിരിക്കുന്ന അധിനിവേശ സസ്യങ്ങൾ.
തണ്ടിന്റെ ഒരു കഷ്ണം മണ്ണിൽ കിടന്നാൽ മതി, അതിൽ പിടിച്ചു ഇവറ്റകൾ വളർന്ന് പെരുകും. ധൃതരാഷ്ട്ര പച്ച യൊക്കെ ഒരു ദുവസം കൊണ്ട് മാത്രം 10 സെന്റി മീറ്റർ നീളം വയ്ക്കും. ഈ ഒരു ചെടിയുടെ വളർച്ച കാരണം നേപ്പാളിലെ ചിറ്റയ്ൻ നാഷണൽ പാർക്കിന്റെ ഏതാണ്ട് അഞ്ചിലോന്ന് സ്ഥലത്തെ ജൈവവൈവിധ്യം നഷ്ടപ്പെട്ടു കഴിഞ്ഞു.
അപ്പോൾ അങ്ങനെയൊക്കെയാണുത്തമാ കാര്യങ്ങളുടെ കിടപ്പ്.
അത് കൊണ്ട് ഉഴവിൽ തന്നെ കള തീർക്കണം.
എന്നാൽ അങ്ങട്...