പ്രൗഢി കുറയുന്നോ ഫോസ്ഫറസിന്...

കൃഷിയിൽ അഥവാ സസ്യ പോഷണത്തിൽ അവർ ത്രിമൂർത്തികൾ. 
ഞങ്ങൾ ഇല്ലെങ്കിൽ കാണാം എന്ന ഭാവം. 
NPK എന്നറിയപ്പെടുന്ന നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും. 

അവരിൽ ഫോസ്ഫറസ് അഥവാ ഭാവഹത്തെ കുറിച്ചാണ് ഇന്നത്തെ എഴുത്ത്. 

* മനുഷ്യ ശരീരത്തിന്റെ ഉണക്ക ഭാരം (dry weight )  എടുത്താൽ അതിൽ ഏതാണ്ട് 800ഗ്രാം വരും ഫോസ്ഫറസ്. പ്രധാനമായും എല്ലുകളിലും പല്ലുകളിലും. 
ഇത്  ശരീരത്തിന്  കിട്ടുന്നത് പാൽ, മാംസം എന്നിവയിൽ നിന്നുമാണ്.  കന്നുകാലികൾക്ക്   ഇത് ചെടികളിൽ നിന്നും തീറ്റയിൽ നിന്നും കിട്ടും. ചെടികൾക്ക് ഇത് മണ്ണിൽ നിന്നും കിട്ടും. അപ്പോൾ നമ്മുടെ ശരീരത്തിൽ ഫോസ്ഫറസ് എത്തണമെങ്കിൽ അത് മണ്ണിൽ സമൃദ്ധമായുണ്ടാവണം എന്ന് ചുരുക്കം.

അത് തന്നെ ആണ് കൃഷിയിൽ ചിട്ടയായ  വളപ്രയോഗത്തിന്റെ പ്രാധാന്യവും. മണ്ണിലുണ്ടെങ്കിലേ ശരീരത്തിലും ഉണ്ടാകൂ.. 

You are what you eat.
 എന്തും പാകത്തിന് ആണെങ്കിൽ പോഷണം. അമിതമായാൽ പാഷാണം എന്നല്ലേ... 

ഫോസ്ഫറസ് എന്ന മൂലകം ചെടിയിൽ എന്താണ് ചെയ്യുന്നത്?
 കോശങ്ങളുടെ വിഭജനത്തിനു ഇത് മുഖ്യം.
 പ്രത്യേകിച്ച് വേരുകളുടെ വളർച്ച. എണ്ണത്തിലും നീളത്തിലും വണ്ണത്തിലും.

 മണ്ണിനു മുകളിൽ ഉള്ള വളർച്ച തീർച്ചയായും അടിസ്ഥാനത്തിന്റെ (basement) ബലത്തെ ആശ്രയിച്ചിരിക്കും. ചെടിക്കുള്ളിൽ  അന്നജത്തിന്റെ നീക്കം നിയന്ത്രിക്കുന്ന Logistics Expert. ചെടികളുടെ ഉന്മേഷം നിശ്ചയിക്കുന്ന ATP (Adenosine Tri Phosphate) യുടെ  മുഖ്യ ഘടകം. ജീവികളിൽ DNA, RNA എന്നിവയുടെ നിർണായക ഭാഗം, എല്ലാ കോശ സ്തരങ്ങളുടെയും (cell membrane ) ഭാഗമായ Phospho Lipid ഉണ്ടാക്കാൻ അത്യാവശ്യം. മനുഷ്യ ശരീരത്തിൽ ഫോസ്ഫറസ് കുറഞ്ഞാൽ Hypophosphatemia വരും. തലച്ചോറിന്റെയും നാഡികളുടെയും ഏകോപനം ഇല്ലാതെ വരും. കാരണം ATP നിർമാണം തടസപ്പെടും.

 ഇതൊക്കെ പറഞ്ഞത് ആൾ നിസ്സാരക്കാരനല്ല എന്ന് കാണിക്കാനാണ്.

സാധാരണ ഗതിയിൽ മണ്ണിൽ ഉണ്ടെങ്കിലേ ചെടിയിലും ഉണ്ടാകുക ഉള്ളൂ. പക്ഷെ ഫോസ്ഫറസ്സിന്റെ കാര്യത്തിൽ മണ്ണിൽ ഉണ്ടെങ്കിലും ചെടിക്ക് വലിയ കാര്യമില്ല എന്ന അവസ്ഥയാണ്. കാരണം ചെടികളുടെ വേരുകളോട് കൂട്ട് കൂടുന്നതിനേക്കാൾ ഫോസ്ഫറസ്സിനിഷ്ടം മണ്ണിലെ കളിമൺ തരികളുമായി (clay particles) ഒട്ടി ഇരിക്കാനാണ്. അതിനെ Phosphorous  Fixation എന്ന് പറയാം. മണ്ണിൽ എത്ര ചേർത്ത് കൊടുത്താലും ഒരു തമോഗര്ത്തത്തിൽ എന്ന പോലെ കക്ഷി ഫിക്സ്  ആയി പോകും. പറഞ്ഞിട്ടെന്തു കാര്യം? കേരളത്തിലെ മണ്ണുകളിൽ വേണ്ടതിലധികം ഫോസ്ഫറസ് ഒട്ടിപ്പിടിച്ചു ഇരിപ്പുണ്ടത്രേ!!!. ഇനി കൂടുതൽ ഇട്ട് കൊടുക്കേണ്ട എന്നാണ് വിദഗ്ധ മതം. പകരം അവനെ കളിമൺ തരികളിൽ നിന്നും മോചിപ്പിക്കാൻ ഉള്ള ബാക്റ്റീരിയകളെയും ഫംഗസ്സുകളെയും ഇറക്കി കളിക്കാൻ ആണ് നിർദേശം. PSB (Phosphorous Solubilizing Bacteria ), Phosphobacter, Bacillus megatherium എന്നൊക്കെ ഉള്ള കേമന്മാരെ ഇറക്കി വിട്ടാൽ ഏത് മടയിൽ പോയി ഒളിച്ചാലും ഫോസ്ഫറസിനെ പുഷ്പം പോലെ പോക്കി കൊണ്ട് വന്ന് വേരിന്റെ മുന്നിൽ ഹാജരാക്കും. കൂട്ടിനു VAM (Vesicular Arbuscular Mycorrhiza) എന്ന കിങ്കരനെയും  കൂട്ടാം. 

Get ready for a biological surgical strike to get back the fixed Phosphorous in soil.

ഇന്ത്യയിൽ ആവശ്യമുള്ള ഫോസ്‌ഫാറ്റിക് വളങ്ങളുടെ പത്തു ശതമാനം മാത്രമേ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുള്ളൂ. പ്രധാനമായും ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും. അവരാണ് രാജ്‌ഫോസ്, മസൂറി ഫോസ് എന്നിവർ. ബാക്കി 90 ശതമാനവും ചൈന, മൊറോക്കോ, US എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ആത്മ നിര്ഭര ഭാരത് പദ്ധതി യിൽ പെടുത്തി ഈ പരാശ്രിതത്വം ഒഴിവാക്കാൻ രാജ്യം കിണഞ്ഞു പരിശ്രമം തുടങ്ങിക്കഴിഞ്ഞു.

രണ്ടു തരത്തിൽ ആണ് ഫോസ്ഫറസ് വളങ്ങളുടെ അസംസ്‌കൃത വസ്തുക്കൾ പ്രകൃതിയിൽ നിന്നും ലഭിക്കുന്നത്. Guano  എന്നറിയപ്പെടുന്ന പക്ഷിക്കാഷ്ഠശേഖരത്തിൽ നിന്നും പാറകൾ പൊടിച്ചും. രണ്ടാമത്തേതിനെ റോക്ക് ഫോസ്‌ഫേറ്റ് എന്ന് വിളിക്കും. അത് പൊടിച്ചു ആവശ്യമെങ്കിൽ ഫോസ്ഫോറിക് ആസിഡ് ചേർത്ത് വീര്യം കൂട്ടി Single, Double, Triple സൂപ്പർ ഫോസ്‌ഫേറ്റ് രൂപത്തിൽ വിപണിയിൽ എത്തിക്കും. 

ഒരു തരത്തിൽ പറഞ്ഞാൽ റോക്ക് ഫോസ്‌ഫേറ്റിനെ പ്രകൃതി വളം എന്ന് വിളിക്കാം. 
ജൈവ കൃഷിയിലും ഉപയോഗിക്കാം എന്ന് ചുരുക്കം. ഇത് കേൾക്കുമ്പോൾ ചിലർക്ക് ഹാലിളകിയേക്കാം. 

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്നത് പഞ്ചാബിൽ ആണ്. ഹെക്ടറിന് 190കിലോ. ഇന്ത്യയിലെ വള ഉപഭോഗത്തിന്റെ ഏതാണ്ട് ഒന്പത് ശതമാനം പഞ്ചാബിലാണ്.  ഇന്ത്യൻ ശരാശരി ഏതാണ്ട് 88കിലോ. കേരളമൊക്കെ അതിലും എത്രയോ താഴെ. 

മറ്റ് സംസ്ഥാനങ്ങൾ നമുക്ക് വേണ്ടി ധാന്യങ്ങൾ വേണ്ടത്ര ഉൽപ്പാദിപ്പിക്കുന്നതിനാൽ കഞ്ഞിയും ചപ്പാത്തിയും ഓട്സും കഴിച്ചു  നമ്മൾ ജീവിക്കുന്നു.

1960കളിൽ  ഏതാണ്ട് 9മില്യൺ ടൺ ആയിരുന്നു  ഇന്ത്യയിൽ ഫോസ്‌ഫാറ്റിക് വളങ്ങളുടെ ഉപഭോഗം. ഇപ്പോൾ അത് ഏതാണ്ട് 40 മില്യൺ ടൺ ആയിരിക്കുന്നു. യൂറിയ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വളം കോംപ്ലക്സ് വളമായ DAP (Di Ammonium Phosphate) ആണ്. അതിൽ 18%നൈട്രജൻ, 46%ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. അത് പോലെ തന്നെ പൂർണമായും വെള്ളത്തിൽ അലിയുന്ന മറ്റൊരു കോംപ്ലക്സ് വളമായ MKP (Mono Pottasium Phosphate) ഇപ്പോൾ പ്രചാരത്തിലുണ്ട്. അതിൽ 52%ഫോസ്ഫറസും 34%പൊട്ടാസ്യവും ഉണ്ട്. പിന്നെ മിശ്രിത വളങ്ങൾ ആയ 19:19:19 പോലെയുള്ളവ വേറെയും. 

 "ജൈവ കർഷകർക്ക് എല്ലു പൊടിയിൽ അഭയം തേടാം. 3%നൈട്രജനും 15ശതമാനം ഫോസ്ഫറസും പിന്നെ കാൽസ്യം, സൾഫർ എന്നിവയും കിട്ടും. പക്ഷെ പതുക്കെ മാത്രമേ ചെടികൾക്ക്  ലഭ്യമാകൂ എന്ന് മാത്രം."


മണ്ണിൽ എത്തുമ്പോൾ വളത്തിലെ ഫോസ്ഫറസ്സിനു മൂന്ന് ഭാവം. 
a, Soluble 
b, Labile 
c, Stable.

a, ആദ്യത്തേത് വെള്ളത്തിൽ ലയിച്ചു ചെടികൾക്ക് വേഗം ലഭ്യമാകും. 
b, രണ്ടാമത്തേത് മൺതരികളിൽ താളം ചവിട്ടി കൊതിപ്പിച്ചു നിൽക്കും വേരിനകത്തേക്ക് കയറില്ല. 
c, മൂന്നാമത്തേത് കളിമണ്ണുമായി സഹശയനത്തിൽ ഏർപ്പെട്ടു കിടക്കും. 

അപ്പോൾ, മുൻ വർഷങ്ങളിൽ മണ്ണിൽ  നന്നായി ഫാക്റ്റം ഫോസും മസൂറി ഫോസും ഒക്കെ കൊടുത്തിട്ടുണ്ടെങ്കിൽ ഒന്ന് രണ്ടു കൊല്ലത്തേക്ക് ഫോസ്ഫറസ് വളങ്ങൾ ഇടുന്നില്ല്യ എന്നങ്ട് തീരുമാനിക്യ.. ഒരു ചുക്കും വരാനില്ല്യ.. പക്ഷേ മണ്ണിൽ ഒളിച്ചിരിക്കുന്ന ലവന്മാരെ പുറത്ത് കൊണ്ട് വരാൻ ജീവാണുക്കളെ ഇറക്കി ഒരു കളി കളിക്കണം എന്ന് മാത്രം. ആ പടപ്പുറപ്പാടിൽ PSB, VAM, ദ്രവ ജീവാമൃതം, വളച്ചായ, EM solution എന്നിവരെ ഒക്കെ കൂട്ടാം. 

എന്നാൽ അങ്ങട്... 


തയ്യാറാക്കിയത്
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section