നടാനുള്ള വിത്തുകൾ എങ്ങനെ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള ഒരു ചൊല്ല് 'ആദി -പാതി -ഞാലി -പീറ്റ 'എന്നാണ്.
പ്ലാവിൻ തൈകൾ ഉണ്ടാക്കാൻ കന്നി കായ്ച്ച ചക്കയിൽ നിന്നുള്ള വിത്തും, മധ്യമൂപ്പുള്ള തെങ്ങിൽ നിന്നും വിത്ത് തേങ്ങയും, വെറ്റില തണ്ടുകൾ ഞാലിവള്ളിയിൽ നിന്നും, വിത്തടയ്ക്ക പ്രായം ചെന്ന കവുങ്ങിൽ നിന്നും വേണമത്രേ എടുക്കാൻ.
ഒട്ടുപ്ലാവുകൾ വ്യാപകമായ ഇക്കാലത്തു കന്നിച്ചക്ക നോക്കി ആരും ഇരിക്കാറില്ല.
എന്നാൽ വിത്ത് തേങ്ങാ ...
അത് നോക്കീം കണ്ടും തന്നെ തെരഞ്ഞെടുക്കണം. കാരണം ഒരു നെടിയ ഇനം തെങ്ങ് ഐശ്വര്യമായി നടുമ്പോൾ അത് ഒരു പുരുഷായുസ് നിന്ന് കായ് ഫലം തരാൻ വേണ്ടി തന്നെ ആണ്.
പണ്ട് കാലത്ത് പ്രമുഖരായ കർഷകരെല്ലാം തന്നെ അവരവരുടെ തോട്ടങ്ങളിൽ തന്നെ, വിത്ത് തേങ്ങാ വിളവെടുക്കാൻ ഉള്ള തെങ്ങുകൾ പ്രത്യേകം കണ്ട് വയ്ക്കുമായിരുന്നു. മികച്ച ജനിതക ഗുണത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ലല്ലോ?
വിത്ത് ഗുണം പത്തു ഗുണം,
മുളയിലറിയാം വിള
വിത്തിനൊത്ത വിള
വിതച്ചതേ കൊയ്യൂ..
എന്നൊക്ക ഉള്ള പഴംചൊല്ലുകളിൽ പതിരില്ല എന്ന് ദിനവും നമ്മൾ കാണുന്നതാണ്.
'പായുന്നവന്റെ മോൻ പറക്കും' എന്ന് പറഞ്ഞാൽ നല്ല തന്തയ്ക്കു ജനിക്കണം എന്നത് ചതുര വടിവിൽ പറഞ്ഞിരിക്കുകയാണ്.
പക്ഷെ പരപരാഗണം നടക്കുന്ന നാടൻ തെങ്ങുകളിൽ അമ്മത്തെങ്ങ് മാത്രമാണ് നമുക്ക് തീർച്ചയുള്ളത്. ബീജം ഏത് തെങ്ങിന്റെ ആണോ എന്നറിയാൻ വഴികൾ കുറവാണ്.
അപ്പോൾ പിന്നെ കരണീയം, നല്ല അമ്മത്തെങ്ങുകൾ തെരഞ്ഞെടുക്കുക എന്നത് തന്നെ ആണ്.
സുന്ദരികളായ സ്ത്രീലക്ഷണങ്ങളെ കുറിച്ച് 'വിഷയ വിദഗ്ധർ '(Subject Matter Specialist എന്ന് ആംഗലേയം 🤭)പറഞ്ഞിട്ടുള്ളത് കേട്ടിട്ടില്ലേ?
'ഉഡുരാജ മുഖി
മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി' എന്ന് ഏതോ ശൃംഗാരകവി ...
അന്നത്തെ പോക്കി
കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തി.. എന്ന് തോലകവി.
അപ്പോൾ അമ്മത്തെങ്ങുകൾ എപ്പടി ആനാൽ നല്ലാറുക്കും?
1. നല്ല തെങ്ങിന് നാൽപ്പത് മടൽ. പൂർണമായും വിരിഞ്ഞ മുപ്പത് ഓലകളും പിന്നെ വിരിയാൻ കാത്തിരിക്കുന്ന പത്തു ഓലകളും ഉണ്ടെങ്കിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി നിൽക്കുന്ന ചന്തം.
2. തെങ്ങിൻ തടിയ്ക്ക് വളവില്ലാത്ത, തല കുനിയ്ക്കാത്ത ആഢ്യത്വം. ഒരു പോടാ പുല്ലേ സ്റ്റൈൽ.
3. പ്രായത്തിൽ ഒരു ഇരുപത് ഓണമെങ്കിലും ഉണ്ടിരിക്കണം. വിളവായി തുടങ്ങി ഒരു അഞ്ചാറ് കൊല്ലമെങ്കിലും തുടർച്ചയായി, സുസ്ഥിരമായ വിളവ് തരുന്ന തെങ്ങ് മതി നമുക്ക്.
ഒന്നിരാടം കായ്ക്കുന്ന സ്വഭാവം വേണ്ടേ വേണ്ടാ.
4. വർഷത്തിൽ കുറഞ്ഞത് 80 തേങ്ങാ എങ്കിലും തരണം. (അതിലും വലിയ മോഹം ല്യ. ഇപ്പോൾ മ്മടെ ശരാശരി 42തേങ്ങാ ആണേ.. )
5. ഓല മടൽ കരുത്തനായിരിക്കണം. മുഴുപ്പുള്ള പത്തിരുപതു തേങ്ങാ ഉള്ള കുലയാണെങ്കിലും താങ്ങി നിർത്താൻ കഴിവുള്ളവൻ. അല്ലാതെ ഒരു മാതിരി വഴുവഴാ, താങ്ങി തൂങ്ങി ഒടിഞ്ഞിരിക്കുന്നവൻ കടക്കൂ പുറത്ത്..
6. വർഷത്തിൽ പന്ത്രണ്ട് ഓലകൾ.. ച്ചാൽ പന്ത്രണ്ട് തേങ്ങാക്കുലകൾ ഉണ്ടായേ മതിയാകൂ.. (അത് തെങ്ങിന് കൊടുക്കുന്ന വളത്തെക്കൂടി ആശ്രയിച്ചിരിക്കും ഉത്തമാ...).
7. ഇടത്തരം വലിപ്പമുള്ള, പൊതിച്ചെടുക്കുമ്പോൾ ശരാശരി 600ഗ്രാം എങ്കിലും തൂക്കമുള്ള കുറഞ്ഞത് 150ഗ്രാം എങ്കിലും ഉണക്ക കൊപ്ര കിട്ടുന്ന തേങ്ങകൾ.
8. മച്ചിങ്ങ കൊഴിച്ചിൽ സ്വഭാവം ഉണ്ടാകാൻ പാടില്ല.
9. പേട്ടുതേങ്ങാ കായ്ക്കാത്തതായിരിക്കണം.
അപ്പോൾ ഈ നവ വൈശിഷ്ട്യങ്ങളും തികഞ്ഞ പെണ്ണൊരുത്തി ആകണം അമ്മത്തെങ്ങ്.
അങ്ങനെ ഉള്ള ഒരു സുന്ദരിത്തെങ്ങിന്റെ പെൺപൂക്കളുടെ (വെള്ളയ്ക്ക, മച്ചിങ്ങ) ജനിപുടത്തിൽ യോഗ്യനായ ആണൊരുത്തന്റെ പരാഗ രേണുക്കൾ വന്നു വീഴുമ്പോൾ, വേഗം മുളയ്ക്കുന്ന നേരത്തേ ഓലക്കാലുകൾ വിരിയുന്ന ഒൻപത് മാസം കൊണ്ട് കുറഞ്ഞത് നാല് ഓലയെങ്കിലും വിരിഞ്ഞ നാലിഞ്ച് കണ്ണാടിക്കനം (കഴുത്ത് വണ്ണം) ഉള്ളം ചുണക്കുട്ടൻമാരായ തൈകൾ മാത്രം തെരെഞ്ഞെടുത്തു യഥാവിധി നട്ട് പരിപാലിച്ചാൽ, ചാരുകസേരയിൽ സ്വസ്തി.
ഒരു കിലോ തേങ്ങയ്ക്കു അര ഡോളർ.
വാൽ കഷ്ണം : പതിനൊന്ന് മാസം എങ്കിലും മൂപ്പുള്ള വിത്ത് തേങ്ങാ ഡിസംബർ മുതൽ മെയ് മാസം വരെ ഉള്ള കാലത്ത് കയർ കൊണ്ട് കെട്ടി ഇറക്കി ആ കുലയിൽ തന്നെ ലക്ഷണം കെട്ട തേങ്ങകൾ ഒക്കെ തിരിഞ്ഞ് മാറ്റി വേണം പാകാൻ.
അതിന് ശേഷം ആറു മാസത്തിനുള്ളിൽ മുളയ്ക്കാത്ത തേങ്ങകൾ മുഴുവൻ എടുത്ത് മാറ്റണം എന്നാണ് ശാസ്ത്രം.
കുഞ്ചൻ നമ്പ്യാർജി പാടിയത് പോലെ 'ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ 'എന്നല്ലേ?
സ്വകാര്യ നഴ്സറികൾ ഒക്കെ ഈ പ്രമാണങ്ങൾ പാലിക്കുന്നുണ്ടോ ആവോ?
ഈശ്വരോ രക്ഷതു...
എന്നാൽ അങ്ങട്....
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)
തെങ്ങ് ക്രഷി നടത്തുന്നവർക്ക് വളരെ ഉപഗരപെടും
ReplyDelete