ഈ ഭൂലോകം സന്ദർശിച്ച് വിജയകരമായി മടങ്ങാൻ പല തരത്തിലുള്ള സാക്ഷരത ആവശ്യമുണ്ട്. ചിലത് സ്വയം നവീകരണത്തിന് അനിവാര്യമെങ്കിൽ, ചിലത് ഈ ഭൂമിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. ഭാഷ കൈകാര്യം ചെയ്യാൻ (എഴുതാനും വായിക്കാനും) ഉള്ള കഴിവ് പ്രാഥമികമായി സ്വയം നവീകരണത്തിനുള്ള സാക്ഷരതയാണ്. അതില്ലയെങ്കിൽ ഈ ഭൂലോകത്തിന് വലിയ പരിക്കൊന്നും പറ്റാൻ സാധ്യതയില്ല. നന്നായി കേൾക്കാനും പറയാനുമുള്ള കഴിവുണ്ടായാൽ മതിയാകും.
നിയമ സാക്ഷരത ഇല്ലെങ്കിൽ ഒരു പക്ഷേ തനിയ്ക്കും സമൂഹത്തിനും തന്നെ അയാൾ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. എന്നാൽ ജലസാക്ഷരത, പരിസ്ഥിതി സാക്ഷരത എന്നിവയില്ലെങ്കിൽ അവർ ഭൂമിയ്ക്കും അനന്തര തലമുറകൾക്കും ബാധ്യതയാകാൻ സാധ്യത കൂടും.
പടിഞ്ഞാറേക്ക് 45 ഡിഗ്രിയോളം ചരിച്ചു വച്ച ഒരു പലകയാണ് "കന്യാകുമാരി ക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്ക് വടക്ക് നീളേ" കിടക്കുന്ന കേരളം. 44 നദികൾ ഉണ്ടെന്ന് പറഞ്ഞിട്ട് ബല്യ കാര്യമൊന്നുമില്ല എന്ന് വേനൽ കടുക്കുമ്പോൾ മനസ്സിലാകും. "നായയ്ക്ക് പൂടയുണ്ടായിട്ട് മുടിവെട്ടുന്നയാൾക്ക് എന്ത് ഗുണം" എന്ന പോലെയാണ് പലപ്പോഴും കാര്യങ്ങൾ. പശ്ചിമ ഘട്ടത്തിൽ പെയ്യുന്ന മഴ ചില്ലറ മണിക്കൂറുകൾ കൊണ്ട് അറബിക്കടലിൽ എത്തും. വൃഷ്ടി പ്രദേശങ്ങളിലും ആയക്കെട്ട് പ്രദേശങ്ങളിലും ഒരുപോലെ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയാലേ ഉറവകൾ സുസ്ഥിരമായി നിൽക്കൂ.
അല്ലാത്ത പക്ഷം മഴ മൂലം മണ്ണൊലിപ്പും ആ മണ്ണ് വന്ന് സംഭരണികളിൽ നിറഞ്ഞ് അവയുടെ ക്ഷമതാശോഷണവുമാകും ഫലം. അവിടെയാണ് കാടും കാട് പോലെയുള്ള പ്രദേശങ്ങളും അതിന്റെ വിശുദ്ധിയോടെ മനുഷ്യ സ്പർശമില്ലാതെ നിലനിൽക്കണ്ടതിന്റെ ആവശ്യം. മനുഷ്യൻ തൊടാതിരുന്നാൽ പോലും കാട്ടിൽ ഉരുൾപൊട്ടൽ സംഭവിക്കുന്നുണ്ട്. അപ്പോൾ അനിയന്ത്രിതമായി മനുഷ്യർ ഇടപെട്ടാൽ ഉള്ള അവസ്ഥയെന്താണ്?
കേരളത്തിന്റെ മലനാടിനെയും ഇടനാടിനെയും തീരദേശത്തെയും സുസ്ഥിരമായി നിലനിർത്താൻ വൈകിയാണെങ്കിലും ഭരണകൂടങ്ങൾ മൂന്ന് നിയമങ്ങൾ കൊണ്ടുവന്നു:
- ഗാഡ്ഗിൽ (Gadgil) കമ്മീഷൻ ശുപാർശകൾ
- കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം
- തീരമേഖല നിയന്ത്രണ നിയമം
കേരളത്തെപ്പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത്, ഭക്ഷണത്തിനു വേണ്ടി ഭിക്ഷാപാത്രമേന്തി നിൽക്കുന്ന കാലത്ത് ഈ നിയമം ഒരുപാട് പേർക്ക് അസ്വസ്ഥതകൾ സൃഷ്ടിച്ചു.
മലയോര കർഷകർ, ക്വാറി ഉടമകൾ, ടൂറിസം സംരംഭകർ, വാസ ഗൃഹനിർമ്മാണ ആവശ്യക്കാർ, വാണിജ്യ ആവശ്യ കെട്ടിട നിർമ്മാതാക്കൾ, മണൽ ഖനനക്കാർ തുടങ്ങിയവർക്കാണ് ബുദ്ധിമുട്ടുകൾ നേരിട്ടത്. അവർ ഒളിഞ്ഞും തെളിഞ്ഞും ഭരണകൂടങ്ങളെ വിമർശിക്കാനും ഈ നിയമങ്ങളെ ലംഘിക്കാനും തുടങ്ങി. മത മേലധ്യക്ഷന്മാർ മുതൽ പുരോഗമന പ്രത്യയ ശാസ്ത്രങ്ങളുടെ വരെ പിന്തുണ അത്തരക്കാർക്ക് ലഭിക്കുകയുണ്ടായി.
"ഹരിത മൃദുകഞ്ചുകം തെല്ലൊന്നു നീക്കി
നീയരുളിയ മുലപ്പാൽ കുടിച്ചു തെഴുത്തവർക്കൊരു ദാഹമുണ്ടായ്,
ഒടുക്കത്തെ ദാഹം
തിരുഹൃദയ രക്തം കുടിയ്ക്കാൻ..."
എന്ന് മാത്രമല്ല ധരയുടെ മുടിയും മാറും മുലകളും വൃക്കയും കരളും എല്ലാം കവർന്നെടുക്കാൻ അവൻ മോഹിച്ചു, ഭരണകൂടങ്ങൾ അതിന് ഒത്താശ ചെയ്തു.
എന്നാൽ മഹാപ്രളയത്തിനും തുടർച്ചയായ ഉരുൾപൊട്ടലുകൾക്കും ശേഷം ആ ഹാലിളക്കത്തിന് ഇപ്പോൾ ലേശം ശമനമുണ്ട്. ഈ നവപരിസ്ഥിതി സാക്ഷരതയ്ക്ക് ഒരു പരിധിവരെ നമ്മൾ കടപ്പെട്ടിരിക്കുന്ന ഒരാളാണ് ഇന്ന് കാലാവശേഷനായ ശ്രീ. മാധവ് ഗാഡ്ഗിൽ. മഹാപ്രളയത്തിന് മുൻപ് വരെ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട ഒരു മനുഷ്യൻ. പശ്ചിമഘട്ട മലനിരകളുടെ സുസ്ഥിര നിലനിൽപ്പിന് അപ്രിയ സത്യങ്ങൾ വിളിച്ചു പറയാൻ നിർബന്ധിതനായ പണ്ഡിതൻ.
പ്രകൃതി സംരക്ഷണത്തിന് വേണ്ടി ശക്തവും പിഴവുറ്റതുമായ തന്റെ നിരീക്ഷണങ്ങൾ ശാസ്ത്രത്തിന്റെ പിൻബലത്തോടെ മനനം ചെയ്ത്, തല്പര കക്ഷികൾക്ക് അസുഖകരമായതെങ്കിലും ഭൂമിയുടെ നൈരന്തര്യത്തിന് അനിവാര്യമെന്ന് കണ്ട് ആ നിർദേശങ്ങൾ നിർദ്ദാക്ഷിണ്യം, നിരങ്കുശം, നിസ്വാർത്ഥം രൂപകല്പന ചെയ്ത മഹാമനീഷീ.. അങ്ങേയ്ക്ക് ഭാവി തലമുറയുടെ മുൻകൂർ പ്രണാമം...
ഇനിയും മരിക്കാത്ത ഭൂമി.. ഇവൻ നിന്റെ മൃത്യുഞ്ജയ കാരണഭൂതൻ.... ഇവനെ കൈക്കൊള്ളുക..
- പ്രമോദ് മാധവൻ
തനി നാടൻ കൂവപ്പൊടി
വിശ്വാസത്തോടെ വാങ്ങാം, 100% പരിശുദ്ധമായ കൂവപ്പൊടി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉത്തമം.
Order on WhatsApp