കുട്ടനാടൻ ജലാശയങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും വെള്ളത്തിൽ പച്ചപ്പരവതാനി വിരിച്ചു കിടക്കുന്ന കുളവാഴയെ ശ്രദ്ധിക്കും. നമ്മൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ചെടികൾക്ക് കാണാത്തത്ര തഴപ്പും ഹരിതാഭയും. കീടരോഗങ്ങൾ ഒന്നുമേ ഇല്ല. എന്താണിതിന്റെ രഹസ്യം എന്ന് ഏതൊരാളും ചിന്തിച്ചുപോകും. വെള്ളത്തിൽ അടിഞ്ഞുകൂടുന്ന വളങ്ങൾ ആണ് ഈ വേഗപ്പെരുക്കലിനും തഴപ്പിനും പിന്നിൽ.
ചരിത്രവും ശാസ്ത്രവും
ലാറ്റിൻ അമേരിക്കയിൽ നിന്നും ലോകമെമ്പാടുമുള്ള ഉൾനാടൻ ജലാശയങ്ങളിലേക്ക് പടർന്നിറങ്ങി അധിനിവേശം നടത്തിയ കുളവാഴയുടെ ശാസ്ത്രീയനാമം Eichhornia crassipes എന്നായിരുന്നു. ഇപ്പോൾ Pontederia crassipes എന്നാക്കി മാറ്റിയിട്ടുണ്ട്. Pontederiaceae എന്ന സസ്യകുടുംബത്തിലെ അംഗമാണിത്.
Blue Devil, Bengal Terror, German weed, Water Orchid എന്നിങ്ങനെ പല വിളിപ്പേരുകളും ഇതിനുണ്ട്. ബംഗ്ലാദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ഇത് തദ്ദേശീയർക്കുണ്ടാക്കുന്ന പൊല്ലാപ്പുകൾ മൂലമാണ് 'Bengal Terror' എന്നറിയപ്പെട്ടത്.
അമേരിക്കയിൽ ഇത് പടർത്തിയത് ജപ്പാൻകാരാണ് എന്നൊരു വാദമുണ്ട്. 1884-ൽ അവിടെ Orleans-ൽ നടന്ന ഒരു World Fair-ൽ ജപ്പാൻകാർ ഇത് അമേരിക്കയിൽ കൊണ്ട് വരികയും പല ആൾക്കാർക്കും സമ്മാനിയ്ക്കുകയും ചെയ്തത്രേ. അത് ആരൊക്കെയോ അലക്ഷ്യമായി ജലാശയങ്ങളിൽ വലിച്ചെറിയുകയും അതൊരു 'Ecological Plague' ആയി പകരുകയും ചെയ്തു. ശ്രീലങ്കയിൽ ഇത് 'Japanese Trouble' എന്ന് അറിയപ്പെടുന്നു.
എന്തുകൊണ്ട് ഇത് വില്ലനാകുന്നു? (Problems)
ലോകത്തെ ഏറ്റവും നികൃഷ്ടമായ ജലകളസസ്യം (Worst Aquatic Weed) ആയിട്ടാണ് കുളവാഴ അറിയപ്പെടുന്നത്. പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:
- നിശ്ചിതവിസ്തൃതിയിൽ നിന്നും അതിന്റെ ഇരട്ടി സ്ഥലത്തേക്ക് പടർന്നുപന്തലിക്കാൻ ഇതിന് രണ്ടാഴ്ച മതിയാകും.
- വിത്തുകൾ വഴിയും തണ്ടിന്റെ കഷണങ്ങൾ (Runners/Stolons) വഴിയും വംശവർദ്ധനവ് നടത്തും.
- ജലാശയങ്ങളുടെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നത് കൊണ്ട് വെള്ളത്തിന്റെ അടിയിലേക്കുള്ള സൂര്യപ്രകാശത്തെയും ജീവവായുവിനെയും തടയുന്നു. ഇത് മത്സ്യസമ്പത്ത് കുറയ്ക്കുന്നു.
- ജല ഗതാഗതത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നു (കുട്ടനാട് കാർക്ക് അത് നന്നായി അറിയാം).
- കൊതുകുകൾ പെരുകാനും മലേറിയ പോലെയുള്ള രോഗങ്ങൾ പകരാനും ഇടയാക്കുന്നു.
ശരിക്കും ഇതൊരു ശാപമാണോ? (Uses & Benefits)
ഒരു നാണയത്തിന് രണ്ട് വശം ഉള്ളത് പോലെ, ഈ 'നീലസുന്ദരി'യുടെ ചില നല്ല വശങ്ങൾ കാണാതെ പോകരുത്.
- ബയോഗ്യാസ് ഉത്പാദനത്തിന് ഏറ്റവും പറ്റിയ അസംസ്കൃതപദാർത്ഥമാണ് (ചീയുമ്പോൾ മീഥേൻ ലഭിക്കുന്നു).
- ജലശുദ്ധീകരണം: വെള്ളത്തിൽ അടിഞ്ഞു കൂടിയ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കൂടാതെ Cadmium, Chromium, Arsenic, Mercury തുടങ്ങിയ ഘനലോഹങ്ങളെ വലിച്ചെടുത്ത് വെള്ളം ശുദ്ധമാക്കാൻ (Phytoremediation) ഇവരോളം പോന്ന ചെടികൾ ഇല്ല.
- ഘനലോഹങ്ങൾ ഇല്ലാത്ത സ്ഥലത്തെ വെള്ളത്തിൽ നിന്നും ശേഖരിച്ച് സാംസ്‌കരിച്ചെടുത്താൽ നല്ല ഒന്നാന്തരം കാലിത്തീറ്റയും മത്സ്യതീറ്റയുമാണ്.
- കമ്പോസ്റ്റിങ്ങിലൂടെ നല്ല ഗുണമേന്മയുള്ള ജൈവവളങ്ങൾ ആക്കി മാറ്റാം. (ശ്രദ്ധിക്കുക: വാരിയിടുന്ന സ്ഥലത്ത് തന്നെ കമ്പോസ്റ്റിംഗ് നടത്തണം, അല്ലെങ്കിൽ കൊണ്ടുപോകുന്ന കൂലി നഷ്ടമാകും).
- ഇതിന്റെ തണ്ടുകൾ ഉണക്കി ഫർണിച്ചർ, ബാഗുകൾ, ബാസ്കറ്റുകൾ, പേപ്പർ, വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കാം.
- വിയറ്റ്നാം പോലെയുള്ള സ്ഥലങ്ങളിൽ ഇതിന്റെ ഇളം ഇലകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു.
നിയന്ത്രണം എങ്ങനെ?
വാരി കരയിൽ ഇട്ട് ചീയിച്ചാൽ മീഥേൻ, CO2 പോലുള്ള ഹരിതഗൃഹവാതകങ്ങൾ പുറത്തുവരും. ജൈവിക നിയന്ത്രണമാണ് (Biological Control) മറ്റൊരു വഴി. Neochetina bruchi, N. eichhorniae എന്നീ വണ്ടുകൾ ഇവയുടെ തണ്ടുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കി നശിപ്പിക്കുന്നു. എങ്കിലും ഇതിന്റെ വിത്തുകൾ 27 വർഷം വരെ മണ്ണിൽ നശിക്കാതെ കിടക്കും എന്നത് വെല്ലുവിളിയാണ്.
വാൽ കഷ്ണം: വിക്ടോറിയ തടാകത്തിൽ കുളവാഴ പെരുകിയപ്പോൾ അമേരിക്കൻ ഹിപ്പോപ്പൊട്ടാമസിനെ ഇറക്കിവിടാൻ ഒരു പദ്ധതി ഉണ്ടായിരുന്നു ('അമേരിക്കൻ ഹിപ്പോ ബിൽ'). കുളവാഴ തിന്നു തീർക്കുന്ന ഹിപ്പോയുടെ ഇറച്ചിയും പ്രയോജനപ്പെടുത്താം എന്നതായിരുന്നു ചിന്ത. പക്ഷെ ഒരു വോട്ടിനു ആ പ്രമേയം പരാജയപ്പെട്ടു!
ചാണക്യൻ പറഞ്ഞതുപോലെ "If you have lemon, make lemonade". അസംസ്കൃത വസ്തു ചെലവില്ലാതെ ലഭിക്കുന്നതിനാൽ ഇതിനെ ഒരവസരമായിക്കണ്ട് നമുക്ക് കൂടുതൽ മെച്ചപ്പെട്ട പോംവഴികളെക്കുറിച്ച് ചിന്തിക്കാം.
- പ്രമോദ് മാധവൻ
തനി നാടൻ കൂവപ്പൊടി
വിശ്വാസത്തോടെ വാങ്ങാം, 100% പരിശുദ്ധമായ കൂവപ്പൊടി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉത്തമം.
Order on WhatsApp