"കുനിഞ്ഞ് കയറണം, ഞെളിഞ്ഞിറങ്ങണം" - പുതിയ ജനപ്രതിനിധികൾ ശ്രദ്ധിക്കാൻ 50 കാര്യങ്ങൾ.
2004-ൽ സർക്കാർ സർവീസിൽ കയറിയത് മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ അടുത്ത് നിന്ന് കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പല തെരെഞ്ഞെടുപ്പുകളിലും പ്രിസൈഡിംഗ് ഓഫീസറായും, റിട്ടേണിങ് ഓഫീസറായും, ഫ്ലയിങ് സ്ക്വാഡ് ലീഡറായുമൊക്കെ പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ, പുതിയതായി അധികാരമേറ്റ ജനപ്രതിനിധികൾക്ക് മാതൃകയാക്കാവുന്ന 50 നിർദ്ദേശങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
ജനപ്രതിനിധികൾക്കുള്ള 50 നിർദ്ദേശങ്ങൾ
- ഇതൊരു സ്ഥിരം ലാവണമല്ല എന്ന് മനസ്സിലാക്കുക. അഞ്ച് കൊല്ലം കഴിയുമ്പോൾ അന്തസ്സായി പടിയിറങ്ങാൻ കഴിയണം.
- വിനയത്തോടെ പദവി ഏറ്റെടുക്കുക. കർത്തവ്യപൂർത്തീകരണത്തിന്റെ അഭിമാനത്തോടെ അഞ്ച് വർഷങ്ങൾക്ക് ശേഷം തലയുയർത്തി പടിയിറങ്ങാൻ കഴിയണം.
- പൊതുപ്രവർത്തനത്തോടൊപ്പം മാന്യമായ ഒരു തൊഴിലിൽ കൂടി ഏർപ്പെടണം.
- അനധികൃത ധന സമ്പാദനത്തിനുള്ള മാർഗമായി പദവികളെ കാണരുത്. "കിട്ടിയവൻ പറഞ്ഞില്ലെങ്കിലും കൊടുത്തവൻ അത് പറയും".
- ആവലാതികളുമായി എത്തുന്നവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി നടത്തിച്ചു വലയ്ക്കരുത്.
- മികച്ച ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ കൂടെ കൂട്ടണം.
- കുഴപ്പക്കാരായ ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കാതെ വ്യക്തിപരമായി വിളിച്ച് സഹകരണം ഉറപ്പാക്കുക.
- എല്ലാ വാർഡുകളെയും സമഭാവനയോടെ കാണാൻ ശ്രമിക്കണം.
- പൊതു ചടങ്ങുകളിൽ ഉദ്യോഗസ്ഥരെ അപഹസിക്കുന്നത് ഗുണം ചെയ്യില്ല.
- നാടിന്റെ ജൈവ വൈവിധ്യ സംരക്ഷണത്തിന് (ആറ്റുമണൽ, വയലുകൾ, കുന്നുകൾ) ഊന്നൽ കൊടുക്കണം.
- നീർച്ചാലുകൾ കയ്യേറുകയോ നികത്തുകയോ ചെയ്യുന്നവർ ആരായാലും നടപടിയെടുക്കണം.
- ജലാശയങ്ങളുടെ ഉയരം കൂട്ടുന്നതിലല്ല, ആഴം കൂട്ടുന്നതിലാണ് കാര്യമെന്ന് മനസ്സിലാക്കണം.
- നാട്ടിലെ കാവുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കണം.
- അനാവശ്യമായ ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിൽ നിന്നും പിന്തിരിയണം.
- തെരുവ് നായ്ക്കളെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൈകാര്യം ചെയ്യാൻ പഠിക്കണം.
- ബസ് വെയ്റ്റിംഗ് ഷെഡ്ഡുകൾ ദീർഘകാലം ഈട് നിൽക്കുന്ന തരത്തിൽ നിർമ്മിക്കുക.
- നെൽപ്പാടങ്ങളെയും ചതുപ്പുകളെയും സംരക്ഷിക്കുക.
- യോഗ്യരായ കർഷകർക്ക് മികച്ച സാമ്പത്തിക സാമൂഹ്യപിന്തുണ നൽകണം.
- യുവതീയുവാക്കളെ കൃഷിയിലേക്കും വ്യവസായത്തിലേക്കും കൊണ്ടുവരണം.
- വിദ്യാലയങ്ങളിൽ കൃഷി, മാലിന്യ സംസ്കരണം എന്നിവയുടെ മാതൃകകൾ സൃഷ്ടിക്കണം.
- വനിതകൾക്കും പ്രായമായവർക്കും പേരിൽ ഒതുങ്ങാത്ത ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണം.
- മാലിന്യ സംസ്കരണം നടത്തുന്നവർക്ക് "ഹരിത പ്രോത്സാഹനം" (Green Incentives) നൽകുക.
- നിയമം ലംഘിക്കുന്നവർക്ക് "ഹരിത പിഴ" (Green Penalties) ഏർപ്പെടുത്തുക.
- ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം സിസിടിവി സ്ഥാപിക്കുക.
- പുരപ്പുറ മഴവെള്ള ശേഖരണം, കിണർ റീചാർജിങ് എന്നിവ നടപ്പാക്കണം.
- വീടുകളിൽ പോഷകത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കണം.
- നാടിന്റെ പൈതൃകം വഹിക്കുന്ന വിളകൾ, കലകൾ എന്നിവ സംരക്ഷിക്കണം.
- ചെറുകിട വ്യവസായ സംരക്ഷണത്തിന് മുൻതൂക്കം നൽകണം.
- Agro park, Industrial Park എന്നിവ വഴി തൊഴിലവസരങ്ങൾ കൂട്ടണം.
- ഉറവിട മാലിന്യ സംസ്കരണത്തിന് മുൻഗണന.
- പുഴയോരങ്ങളിൽ മുള വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുക.
- മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടി സ്വീകരിക്കുക.
- കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ നഗരത്തിൽ ഒരിടം നൽകുക.
- ഘടകസ്ഥാപനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക.
- ലൈസൻസ് നടപടികളിലെ കാലതാമസം കുറയ്ക്കാൻ അദാലത്തുകൾ നടത്തുക.
- കുടുംബശ്രീ സംവിധാനം കാര്യക്ഷമമാക്കുക.
- ഹരിത കർമ്മ സേനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക.
- പ്രാദേശിക കാർഷിക ഉത്പാദനം വർദ്ധിപ്പിക്കാൻ പദ്ധതിയിടുക.
- ഓഫീസുകളിലെ പരാതിപ്പെട്ടികൾ കൃത്യമായി പരിശോധിക്കുക.
- പാതയോരങ്ങളിൽ നിന്നും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണം.
- പൊതു കളിസ്ഥലങ്ങൾ സംരക്ഷിക്കുക.
- പ്രാഥമിക സഹകരണ ബാങ്കുകളുമായി ചേർന്ന് ആഗ്രോ ഫാർമസികൾ തുടങ്ങുക.
- മികച്ച കർഷകർ, വ്യവസായികൾ എന്നിവരെ ആദരിക്കുക.
- റെസിഡൻസ് അസോസിയേഷനുകൾ വഴി പദ്ധതികൾ നടപ്പാക്കുക.
- പൊതുജലസേചന സംവിധാനങ്ങൾക്ക് രൂപം കൊടുക്കുക.
- കാർഷിക യന്ത്ര വത്കരണ പദ്ധതികൾ നടപ്പാക്കുക.
- ഭക്ഷ്യ സംസ്കരണത്തിനായി Common Facility Centres തുടങ്ങുക.
- ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക.
- കാർഷിക ഉത്പന്നങ്ങൾ സൂക്ഷിക്കാൻ ഗോഡൗണുകൾ നിർമ്മിക്കുക.
- പൊതു ചന്തകൾക്ക് അടിസ്ഥാനസൗകര്യങ്ങൾ നൽകുക.
2026 ആകുമ്പോൾ ജനകീയാസൂത്രണ പ്രക്രിയയ്ക്ക് 30 വയസ്സാകും. "കൈക്കൂലി വാങ്ങാതെ ഒരാൾക്ക് ജീവിക്കാം, എന്നാൽ കൈക്കൂലി കൊടുക്കാതെ ജീവിക്കാൻ കഴിയില്ല" എന്ന അവസ്ഥ നമ്മുടെ നാട്ടിൽ നിന്നെങ്കിലും മാറാൻ പുതിയ ഭരണസമിതികൾ ശ്രമിക്കണം.
തനി നാടൻ കൂവപ്പൊടി
വിശ്വാസത്തോടെ വാങ്ങാം, 100% പരിശുദ്ധമായ കൂവപ്പൊടി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉത്തമം.
Order on WhatsApp- പ്രമോദ് മാധവൻ
