"കുനിഞ്ഞ് കയറണം, ഞെളിഞ്ഞിറങ്ങണം" - പുതിയ ജനപ്രതിനിധികളേ ഇതിലേ ഇതിലേ...

2004-ൽ സർക്കാർ സർവീസിൽ കയറിയത് മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ അടുത്ത് നിന്ന് കാണാൻ മറ്റേതൊരു സർക്കാർ ജീവനക്കാരനെപ്പോലെ എനിയ്ക്കും കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള അനുഭവസമ്പത്തിൽ നിന്നും, പുതിയ ഭരണസമിതികൾക്ക് മാതൃകയാക്കാൻ കഴിയുന്ന 50 നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു.

പുതിയ ജനപ്രതിനിധികൾക്കായി ഇതാ 50 കാര്യങ്ങൾ:

1. പുതിയ ജനപ്രതിനിധികൾ ആദ്യം മനസ്സിലാക്കേണ്ടത് ഇത് ഒരു സ്ഥിരം ലാവണമല്ല എന്ന കാര്യമാണ്. അഞ്ച് കൊല്ലം കഴിയുമ്പോൾ അന്തസ്സായി പടിയിറങ്ങാൻ കഴിയണം. തനിയ്ക്ക് കിട്ടുന്ന അവസാന അവസരം എന്ന രീതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ശ്രമിക്കണം.
2. "കുനിഞ്ഞ് കയറണം, ഞെളിഞ്ഞിറങ്ങണം" എന്ന ചൊല്ല് എപ്പോഴും ഓർക്കണം. വിനയത്തോടെ പദവി ഏറ്റെടുക്കണം. കർത്തവ്യപൂർത്തീകരണത്തിന്റെ ചരിതാർഥ്യം, അഭിമാനം എന്നിവയോടെ അഞ്ച് വർഷങ്ങൾക്ക് ശേഷം തലയുയർത്തി പടിയിറങ്ങാൻ കഴിയണം.
3. ഒരു ജനപ്രതിനിധി എന്ന നിലയിൽ ലഭിക്കുന്ന നിയമവിധേയവരുമാനം കൊണ്ട് കുടുംബം പോറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. ആയതിനാൽ പൊതുപ്രവർത്തനത്തോടൊപ്പം മാന്യമായ ഒരു തൊഴിലിൽ കൂടി ഏർപ്പെടണം.
4. അനധികൃത ധന സമ്പാദനത്തിനുള്ള മാർഗമായി പദവികളെ കാണരുത്. "കിട്ടിയവൻ പറഞ്ഞില്ലെങ്കിലും കൊടുത്തവൻ അത് പറയും". പിന്നെ അത് അങ്ങാടിപ്പാട്ടാകും.
5. ഓരോ ദിവസവും ആവലാതികളുമായി കാണാൻ എത്തുന്നവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി നടത്തിച്ചു വലയ്ക്കരുത്. "ആന കൊടുത്താലും ആശ കൊടുക്കരുത്".
6. മികച്ച ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ കൂടെ കൂട്ടണം. അവരുടെയും കൂടി അഭിപ്രായങ്ങൾ കേട്ട് മുന്നോട്ട് പോകണം.
7. കുഴപ്പക്കാരായ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ശ്രമിക്കണം. അവരെ പരസ്യമായി ശാസിക്കാതെ വ്യക്തിപരമായി വിളിച്ചു സംസാരിച്ച് അവരുടെ സഹകരണം ഉറപ്പ് വരുത്തണം.
8. തന്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ എല്ലാ വാർഡുകളെയും സമഭാവനയോടെ കാണാൻ ശ്രമിക്കണം. ചെറിയ പക്ഷഭേദമൊന്നും ആരും കാര്യമാക്കില്ല.
9. പൊതു ചടങ്ങുകളിലും യോഗങ്ങളിലും ഉദ്യോഗസ്ഥരെ അപഹസിക്കുന്നത് ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കണം. ഓരോരുത്തർക്കും ആത്മാഭിമാനം എന്ന ഒന്നുണ്ട്.
10. നാടിന്റെ ജൈവ വൈവിധ്യ സംരക്ഷണത്തിന് ഊന്നൽ കൊടുക്കണം. ആറ്റുമണൽ, കളിമണ്ണ്, നെൽപ്പാടങ്ങൾ, കുന്നുകൾ, പാറ ക്വറികൾ, ജലാശയങ്ങൾ, ചതുപ്പുകൾ എന്നിവ ഭാവി തലമുറയുടെ നിലനിൽപ്പിന് അനിവാര്യമാണ്. "വിത്തെടുത്ത് കുത്തരുത്".
11. നീർച്ചാലുകളുടെ സംരക്ഷണം ഉറപ്പ് വരുത്തണം. അവ കയ്യേറുകയോ നികത്തുകയോ ചെയ്യുന്നവർ ഏത് പൊന്ന് തമ്പുരാൻ ആയാലും വെറുതെ വിടരുത്.
12. ജലാശയങ്ങൾ വൃത്തിയായി പരിപാലിക്കണം. ഉള്ള പണം മുഴുവൻ കൊണ്ടുവന്ന് കൽക്കെട്ട് കെട്ടി അതിന്റെ ഉയരം കൂട്ടുന്നതിൽ നിന്നും പിന്തിരിയണം. ആഴമാണ് കൂട്ടേണ്ടത് എന്ന് മനസ്സിലാക്കണം.
13. നാട്ടിലെ കാവുകൾ ജൈവ വൈവിദ്ധ്യത്തിന്റെ ദുർബ്ബലമായ പ്രദേശങ്ങൾ ആണ്. അവയെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കണം.
14. നാട്ടിൽ വേണ്ടത്ര ഹൈ മാസ്റ്റ് ലൈറ്റ്കൾ ഇപ്പോൾത്തന്നെ ഉണ്ട്‌. വികസനം എന്ന നിലയിൽ അവ അവതരിപ്പിക്കുന്നതിന്റെ രഹസ്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കരുതിയിരിക്കണം.
15. തെരുവ് നായ്ക്കളെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൈകാര്യം ചെയ്യാൻ പഠിക്കണം.
16. ബസ് വെയ്റ്റിംഗ് ഷെഡ്ഡുകൾ പണിയുമ്പോൾ ദീർഘകാലം ഈട്‌ നിൽക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് മാന്യമായ നിരക്കിൽ പണി കഴിപ്പിക്കാൻ ശ്രമിക്കണം.
17. നെൽപ്പാടങ്ങളെയും ചതുപ്പുകളെയും സംരക്ഷിക്കണം. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഫണ്ടുകൾ കണ്ടെത്തണം.
18. യോഗ്യരായ കർഷകർക്ക് മികച്ച സാമ്പത്തിക സാമൂഹ്യപിന്തുണ നൽകണം.
19. യുവതീയുവാക്കളെ കൃഷിയിലേക്കും വ്യവസായത്തിലേക്കും അർത്ഥവത്തായ സ്വയം തൊഴിൽ സംരംഭങ്ങളിലേക്കും കൊണ്ടുവരണം.
20. വിദ്യാലയങ്ങളിലും അങ്കണ വാടികളിലും കൃഷി, മാലിന്യ സംസ്കരണം, ജല സംരക്ഷണം എന്നിവയുടെ പങ്കാളിത്ത രീതിയിലുള്ള അനുകരണീയ മാതൃകകൾ സൃഷ്ടിക്കണം.
21. വനിതകൾ, പ്രായമായവർ എന്നിവർക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണം. അവ പുരസ്‌കാരങ്ങൾക്ക് വേണ്ടി മനോഹരമായ പേരുകളിൽ മാത്രം ഒതുങ്ങാതെ നോക്കണം.
22. ശരിയായ മാലിന്യ സംസ്കരണം അനുവർത്തിക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും "ഹരിത പ്രോത്സാഹനം" (Green Incentives) കൊണ്ട് വരണം. നികുതിയിൽ ഇളവുകളും നക്ഷത്ര പദവികളും നൽകാം.
23. ഹരിതചട്ടങ്ങൾ പാലിക്കാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കും "ഹരിത പിഴ" (Green Penalties) കൊണ്ട് വരണം. ഇതിൽ പക്ഷഭേദം കാണിക്കരുത്.
24. ആവശ്യമുള്ള സ്ഥലങ്ങളിൽ സിസിടിവി സംവിധാനങ്ങൾ ഏർപ്പെടുത്തണം.
25. ജലക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ പുരപ്പുറ മഴവെള്ള ശേഖരണം, കിണർ റീചാർജിങ് എന്നീ പദ്ധതികൾ നടപ്പാക്കണം.
26. കഴിയുന്നത്ര വീടുകളിൽ പോഷകത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കണം. ഇതിന്റെ വിവരശേഖരണം ആശ വർക്കർമാർ വഴി നടത്തണം.
27. നാടിന്റെ പൈതൃകം വഹിക്കുന്ന വിളകൾ (GI tagged), കലകൾ, കൈത്തൊഴിലുകൾ എന്നിവ സംരക്ഷിക്കണം.
28. ചെറുകിട വ്യവസായ സംരക്ഷണത്തിന് മുൻ‌തൂക്കം നൽകണം. കൈത്തൊഴിലുകൾ സംരക്ഷിക്കണം.
29. Agro park, Industrial Park എന്നിവയ്ക്ക് രൂപം കൊടുത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കണം.
30. ഉറവിട മാലിന്യ സംസ്കരണത്തിനു പ്രോത്സാഹനം നൽകണം.
31. പുഴയോരങ്ങളുടെ സംരക്ഷണത്തിനു മുൻകൈ എടുക്കണം. മുളകൾ വെച്ചുപിടിപ്പിക്കുന്നത് നല്ല ഒരു പരിഹരമാണ്.
32. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.
33. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യപ്രദമായ സ്ഥലത്ത് കടമുറി നൽകണം.
34. ഘടകസ്ഥാപനങ്ങൾ പൊതുജനോന്മുഖമായി പ്രവർത്തിക്കുന്നു എന്നുറപ്പ് വരുത്തണം.
35. തൊഴിൽ സംരംഭങ്ങൾക്കുള്ള ലൈസൻസ് നടപടികളിലെ കാലതാമസം കുറയ്ക്കണം.
36. കുടുംബശ്രീ സംവിധാനം കാര്യക്ഷമമായി നടക്കുന്നു എന്നുറപ്പ് വരുത്തണം.
37. ഹരിത കർമ്മ സേനകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം.
38. പ്രാദേശിക ഭക്ഷ്യ ഉത്പാദനത്തിലെ വിടവുകൾ (production gaps) കണ്ടെത്തി പരിഹരിക്കണം.
39. ഓഫീസുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുകയും, കൃത്യമായി പരാതി പരിഹാരം നടത്തുകയും വേണം.
40. പാതയോരങ്ങളിൽ നിന്നും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണം.
41. പൊതു കളിസ്ഥലങ്ങൾ സംരക്ഷിക്കണം. ക്‌ളബ്ബുകൾക്ക് സ്പോൺസർ ഷിപ്പിലൂടെ ഉപകരണങ്ങൾ ലഭ്യമാക്കണം.
42. കർഷകർക്ക് ന്യായവിലയിൽ ഉത്പാദന ഉപാധികൾ നൽകാൻ 'ആഗ്രോ ഫാർമസികൾ' തുടങ്ങാം.
43. മികച്ച കർഷകർ, വ്യവസായികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ആദരിക്കാം.
44. റെസിഡൻസ് അസോസിയേഷനുകൾ വഴി പങ്കാളിത്ത പദ്ധതികൾ നടപ്പാക്കാം.
45. കർഷകർക്കവശ്യമായ പൊതുജലസേചന സംവിധാനങ്ങൾക്ക് രൂപം കൊടുക്കാം.
46. കാർഷിക യന്ത്രവത്കരണ പദ്ധതികൾക്ക് സഹകരണ-സ്വകാര്യ മേഖലയിൽ രൂപം കൊടുക്കാം.
47. ഭക്ഷ്യ സംസ്കരണത്തിനായി Common Facility Centres തുടങ്ങാം.
48. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താം.
49. കാർഷിക ഉത്പന്നങ്ങൾ കേടു കൂടാതെ സംഭരിച്ചു വയ്ക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാം.
50. പൊതു-ഗ്രാമീണ ചന്തകൾ വൃത്തിയായി സംരക്ഷിക്കാൻ നടപടികളെടുക്കാം.

2026 ആകുമ്പോൾ ജനകീയാസൂത്രണ പ്രക്രിയയ്ക്ക് (വികേന്ദ്രീകൃത ആസൂത്രണം) മുപ്പത് വയസ്സാകും. ഈ കാലയളവിൽ കാർഷിക-വ്യവസായിക മേഖലകൾ എത്രത്തോളം വളർന്നു എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.

നമ്മുടെ രാജ്യത്ത് "കൈക്കൂലി വാങ്ങാതെ ഒരാൾക്ക് ജീവിക്കാം, എന്നാൽ കൈക്കൂലി കൊടുക്കാതെ ജീവിക്കാൻ കഴിയില്ല" എന്നൊരു ചൊല്ലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എങ്കിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചാൽ അതൊരു വലിയ മാറ്റമായിരിക്കും.

പുതിയ ഭരണ സമിതികൾക്ക് എല്ലാ മംഗളങ്ങളും നേരുന്നു.

- പ്രമോദ് മാധവൻ 💚