ഹ്യൂമിക് ആസിഡ് എന്നത്, സസ്യങ്ങൾ, ജന്തുക്കൾ, മറ്റ് ജൈവ വസ്തുക്കൾ എന്നിവ വളരെ ദീർഘകാലത്തെ ജീർണ്ണന പ്രക്രിയയിലൂടെ രാസപരമായും ജൈവപരമായും രൂപാന്തരപ്പെട്ട് ഉണ്ടാകുന്ന അതിസങ്കീർണ്ണമായ ജൈവ സംയുക്തങ്ങളുടെ ഒരു പ്രധാന കൂട്ടമാണ്. പൊതുവായി 'ഹ്യൂമിക് പദാർത്ഥങ്ങൾ' എന്നറിയപ്പെടുന്ന ഈ ഘടകങ്ങളാണ് മണ്ണിന് കറുപ്പോ തവിട്ടോ നിറം നൽകുന്നത്. ഇവ പ്രധാനമായും ഫലഭൂയിഷ്ഠമായ മണ്ണിൽ, കൽക്കരി നിക്ഷേപങ്ങളിൽ, ചതുപ്പ് നിലങ്ങളിൽ, ജലസ്രോതസ്സുകളിൽ എന്നിവയിൽ കാണപ്പെടുന്നു. മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും പോഷകങ്ങൾ പിടിച്ചുനിർത്താനും സസ്യവളർച്ചയെ ഉത്തേജിപ്പിക്കാനും കഴിയുന്നതിനാൽ, കൃഷിയിൽ ഇതിന് വളരെ വലിയ പ്രാധാന്യമുണ്ട്.
മികച്ചൊരു ജൈവ വളമായി കണക്കാക്കപ്പെടുന്ന ഹ്യൂമിക് ആസിഡ്, സസ്യങ്ങൾക്ക് പലവിധത്തിൽ പ്രയോജനകരമാണ്. ഇത് ചെടികളുടെ വേരുകൾക്ക് ബലം നൽകി വളർച്ചയെ വേഗത്തിലാക്കുകയും കൂടുതൽ ശിഖരങ്ങളും പൂക്കളും കായ്ഫലവും ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, മണ്ണിലുള്ള മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ സുപ്രധാന പോഷകങ്ങളെ ചെടികൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിലേക്ക് മാറ്റുന്നു. മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിൽ ഹ്യൂമിക് ആസിഡ് പ്രധാന പങ്ക് വഹിക്കുന്നു; ഇത് മണ്ണിൽ വായുസഞ്ചാരം വർദ്ധിപ്പിക്കാനും ജലാംശം ദീർഘനേരം നിലനിർത്താനും ഉപകരിക്കുന്നു. ചുരുക്കത്തിൽ, ആരോഗ്യകരമായ മണ്ണിനും മികച്ച വിളവിനും ഹ്യൂമിക് ആസിഡ് ഒഴിച്ചുകൂടാനാവാത്തതാണ്.
ഹ്യൂമിക് ആസിഡ് ഏതാണ്ട് എല്ലാത്തരം ചെടികൾക്കും വളരെ പ്രയോജനകരമാണ്. ഇതിന് ഏതെങ്കിലും പ്രത്യേക വിളകളോട് മാത്രം മുൻഗണനയില്ല, മറിച്ച് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തി പോഷക ലഭ്യത കൂട്ടുന്നതിലൂടെ ഏത് സസ്യത്തിന്റെയും വളർച്ചയെ സഹായിക്കുന്നു. വേഗത്തിൽ വളർന്ന് വിളവെടുക്കുന്ന പച്ചക്കറികൾക്ക് ഹ്യൂമിക് ആസിഡ് വളരെ നല്ലതാണ്. നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്, നിലക്കടല തുടങ്ങിയ ധാന്യങ്ങളുടെയും നാണ്യവിളകളുടെയും വിളവ് വർദ്ധിപ്പിക്കാനും മണ്ണിലെ പോഷകങ്ങളുടെ ആഗിരണം കൂട്ടാനും ഇത് സഹായിക്കുന്നു. അതേപോലെ മാവ്, വാഴ, മുന്തിരി, നാരകം,കാപ്പി, തേയില, റബ്ബർ തുടങ്ങിയ പഴവർഗ്ഗങ്ങളുടെയും തോട്ടവിളകളുടെയും വേരുകൾക്ക് ബലം നൽകാനും പൂവിടാനും കായ്ഫലം മെച്ചപ്പെടുത്താനും ഹ്യൂമിക് ആസിഡ് സഹായിക്കുന്നുണ്ട്.
ഉപയോഗിക്കേണ്ട രീതികൾ:
ഹ്യൂമിക് ആസിഡ് സാധാരണയായി ദ്രാവക രൂപത്തിൽ അല്ലെങ്കിൽ ഗ്രാനൂളുകൾ/പൗഡർ രൂപത്തിലാണ് സാധാരണ വിപണിയിൽ ലഭ്യമാകുന്നത്.
മണ്ണിൽ ഒഴിച്ചുകൊടുക്കൽ (Soil Drenching):
മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതാണ് ഏറ്റവും സാധാരണമായ രീതി. 1 ലിറ്റർ വെള്ളത്തിൽ 3 ml മുതൽ 5 ml വരെ ദ്രാവക രൂപത്തിലുള്ള ഹ്യൂമിക് ആസിഡ് വെള്ളത്തിൽ ലയിപ്പിച്ച്, അത് ചെടിയുടെ ചുവട്ടിൽ നേരിട്ട് ഒഴിച്ചുകൊടുക്കുക. ഇത് മാസം തോറും നൽകുന്നത് നല്ലതാണ്.
ഇലകളിൽ തളിക്കൽ (Foliar Spray):
പോഷകങ്ങൾ ഇലകളിലൂടെ വേഗത്തിൽ ലഭ്യമാക്കാൻ ഇലകളിലും തളിച്ചു കൊടുക്കാറുണ്ട്. അതിനു മണ്ണിൽ ഒഴിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ അളവാണ് സാധാരണയായി വേണ്ടത്.1 ലിറ്റർ വെള്ളത്തിൽ 1 ml മുതൽ 2 ml വരെ ദ്രാവക രൂപത്തിലുള്ള ഹ്യൂമിക് ആസിഡ് വെള്ളത്തിൽ ലയിപ്പിച്ച് രാവിലെയോ വൈകുന്നേരമോ ചെടിയുടെ ഇലകളുടെ മുകളിലും അടിയിലും തളിക്കുക. മാസം തോറും അല്ലെങ്കിൽ ചെടിയുടെ പ്രധാന വളർച്ചാ ഘട്ടങ്ങളിൽ ഇത് ചെയ്യാവുന്നതാണ്.
വിത്ത് പരിചരണം (Seed Treatment):
വിത്തുകൾ നടുന്നതിന് മുൻപ് വളരെ നേരിയ അളവിൽ, 1 ലിറ്റർ വെള്ളത്തിൽ 0.5 ml നേർപ്പിച്ച ഹ്യൂമിക് ആസിഡ് ലായനിയിൽ 20-30 മിനിറ്റ് മുക്കിവയ്ക്കുന്നത് വിത്തുകളുടെ മുളയ്ക്കൽ നിരക്ക് വർദ്ധിപ്പിക്കാനും, ആദ്യകാല വേരുകളുടെ വളർച്ചക്ക് ശക്തി നൽകാനും സഹായിക്കുന്നു. അതോടൊപ്പം രോഗാണുക്കളെ ചെറുക്കാനുള്ള ശക്തി ആദ്യഘട്ടത്തിൽ തന്നെ കിട്ടുകയും ചെയ്യുന്നു.
ഹ്യൂമിക് ആസിഡും രാസവളങ്ങളും:
ഹ്യൂമിക് ആസിഡ് Urea, Ammonium Sulfate തുടങ്ങിയ നൈട്രജൻ വളങ്ങളുമായി എളുപ്പത്തിൽ കലർത്താം. ഇത് നൈട്രജൻ നഷ്ടപ്പെടുന്നത് കുറയ്ക്കാനും ചെടികൾക്ക് കൂടുതൽ കാലം ലഭ്യമാക്കാനും സഹായിക്കുന്നു. Potassium Chloride പോലുള്ള വളങ്ങളുമായും ഹ്യൂമിക് ആസിഡുമായി നന്നായി യോജിച്ചുപോകും. സിങ്ക്, ഇരുമ്പ്, മാംഗനീസ് തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളുള്ള മൈക്രോ ന്യൂട്രിയന്റു വളങ്ങൾ ഹ്യൂമിക് ആസിഡിനൊപ്പം ഉപയോഗിക്കുമ്പോൾ, പോഷക ലഭ്യത വളരെയധികം മെച്ചപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നിങ്ങൾ പുതിയ വളങ്ങളുമായി ഹ്യൂമിക് ആസിഡ് ചേർക്കാൻ ശ്രമിക്കുമ്പോൾ, ആദ്യം ചെറിയ അളവിൽ വെള്ളത്തിൽ കലർത്തി, കട്ടയാകുകയോ നിറം മാറുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വലിയ അളവിൽ ഉപയോഗിക്കുക. വളരെ കുറഞ്ഞ pH (അമ്ലത) ഉള്ള ലായനികളുമായി ചേരുമ്പോൾ ഹ്യൂമിക് ആസിഡ് കട്ടിയായി മാറാൻ സാധ്യതയുണ്ട്.
ഹ്യൂമിക് ആസിഡ് ശുപാർശ ചെയ്തതിലും വളരെ കൂടിയ അളവിൽ ഉപയോഗിച്ചാൽ, ഇത് വേരുകൾക്ക് ചുറ്റും അമിതമായി അടിഞ്ഞുകൂടി പോഷകങ്ങൾ വലിച്ചെടുക്കുന്നതിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് ചെടികളുടെ വളർച്ചയെ താൽക്കാലികമായി ബാധിച്ചേക്കാം. ദ്രാവക രൂപത്തിലുള്ള ഹ്യൂമിക് ആസിഡിന്റെ സാന്ദ്രത (Concentration) ഓരോ ബ്രാൻഡിനും വ്യത്യാസപ്പെടാം. ഉൽപ്പന്നത്തിൽ നിർദ്ദേശിച്ചിട്ടുള്ള കൃത്യമായ അളവിൽ മാത്രം ഉപയോഗിക്കുക.
വളങ്ങൾ, കീടനാശിനികൾ, വിത്തുകൾ എന്നിവ വിൽക്കുന്ന വലിയ കാർഷിക സ്റ്റോറുകളിലും നഴ്സറികൾ, ഗാർഡനിംഗ് ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിടങ്ങളിലും, ചില ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലും ദ്രാവക രൂപത്തിലും പൊടി രൂപത്തിലും വിവിധ ബ്രാൻഡുകളുടെ ഹ്യൂമിക് ആസിഡ് ഉൽപ്പന്നങ്ങൾ ലഭിക്കും........

