കുരുമുളകുണക്കിയാൽ മൂന്നിലൊന്ന്.. | പ്രമോദ് മാധവൻ



സമതല പ്രദേശങ്ങളിൽ കുരുമുളകിന്റെ വിളവെടുപ്പ് അടുത്തമാസം തുടങ്ങും. കുരുമുളകിന്റെ വിളവെടുപ്പിന് ശേഷമുള്ള പരിചരണം വളരെ പ്രാധാന്യമർഹിക്കുന്നു.


കുരുമുളകിന്റെ പിന്നിൽ ഒരു വലിയ ചരിത്രമുണ്ട്.

വ്യാപാരം നടത്താൻ വന്നവർ, നമ്മുടെ നാടിന്റെ ഭരണക്കാർ ആയി മാറിയ ഭാരതത്തിന്റെ ദുരിത ഭൂതകാലം....


വൈദേശിക അധിനിവേശത്തിന്  വെടിമരുന്ന് നിറച്ച, നമ്മുടെ  കാർഷിക ഉൽപ്പന്നങ്ങളിൽ പ്രമുഖൻ ആയിരുന്നു, 'യവന പ്രിയ' എന്നറിയപ്പെട്ടിരുന്ന  കുരുമുളക്.അവനെത്തേടി വിന ഇങ്ങോട്ടെത്തുകയായിരുന്നു.


കച്ചവടത്തിന്  ആദ്യം  എത്തിയ അറബികൾക്കും യവനന്മാർക്കും ഈ മനോഹരനാട് പിടിച്ചടക്കാൻ തോന്നിയില്ല.പക്ഷെ,  പിന്നാലെ വന്ന പരിഷ്ക്കാരികളായ, സംസ്കാര സമ്പന്നർ എന്ന്, അന്നും ഇന്നും നടിക്കുന്ന, ഭാരതത്തെ മനുഷ്യാവകാശം പഠിപ്പിക്കുന്ന ഇംഗ്ലീഷ് കാരനും പറങ്കികൾക്കും പരന്ത്രീസ്കാർക്കുമാണ്  അത്തരം കുടിലചിന്തകൾ തോന്നിയത്. 


കച്ചവടത്തിന് വന്നവർ ,  'കഴകം മൂത്ത് ശാന്തിക്കാരൻ' ആയി എന്ന് പറയുന്ന പോലെ,   അഞ്ഞൂറാണ്ട് നമ്മളെ  ഭരിച്ചു മുടിപ്പിച്ചു. നമ്മുടെ സംസ്‌കാരത്തെ തകർക്കാൻ ശ്രമിച്ചു. ഒരിക്കൽ ലോകത്തിലെ ഏറ്റവും സുഭിക്ഷമായിരുന്ന ഈ രാജ്യത്തെ കൊള്ളയടിച്ച്, നമ്മളിൽ അപകർഷതാബോധം നിറച്ചു.നമ്മുടെ വിശ്ഷ്ട വസ്തുക്കൾ മോഷ്ടിച്ച് അവന്റെ സ്വീകരണ മുറികൾ അലങ്കരിച്ചു.


അപ്പോഴും, "കുരുമുളക് വള്ളിയല്ലേ കൊണ്ട് പോകാൻ പറ്റൂ,  ഞാറ്റുവേല പറ്റില്ലല്ലോ"  എന്ന് പറഞ്ഞ സഹൃദയനായ, ശുദ്ധനായ സാമൂതിരിക്ക്‌  പിൽക്കാലത്തു വരാൻ പോകുന്ന Protected cultivation, Modified Atmosphere Farming എന്നിവയെ കുറിച്ചൊന്നും  അറിയില്ലായിരുന്നല്ലോ...(UAE യിലെ Sheikh, വയനാട്ടിലെ നമ്മുടെ കർഷകോത്തമ പുരസ്‌കാര ജേതാവും പ്രിയസുഹൃത്തുമായ  ശ്രീ. റോയ്മോന്റെ 3000 കാപ്പിചെടികൾ, മൂടോടെ പിഴുത്, പാക്ക് ചെയ്ത് ആ മണലാരണ്യത്തിലെ പോളിഹൌസിൽ, Modified Atmosphere Farming വഴി വളർത്തുന്നുണ്ട് 😀.. ലതായത്, മുള്ളൻ കൊള്ളിയിലെ സവിശേഷമായ കാലാവസ്ഥ അവർ UAE യിൽ പുന:സൃഷ്ടിച്ചിരിക്കുന്നു. കാപ്പി കുടിക്കാൻ കാപ്പിത്തോട്ടം വാങ്ങണോ എന്ന് അവിടുത്തെ Sheikh നോട് ചോദിച്ചാൽ 'വേണം 'എന്നാണുത്തമാ ഉത്തരം.


ഇന്നിപ്പോൾ ശ്രീലങ്കയും വിയറ്റ്‌നാമും ഇന്തോനേഷ്യയും മലേഷ്യയും കമ്പോഡിയയും ഒക്കെ ഉയർത്തുന്ന കാർഷിക വെല്ലുവിളികൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്,  ഒരു കാലത്തു ലോക സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ചിരുന്ന ഭാരതം. വിടില്ല നമ്മൾ, ചങ്കൂറ്റമുള്ള കർഷകർ വളർന്ന് വരുന്നുണ്ട്. ഗതകാല പ്രൗഡികൾ തിരിച്ച് പിടിക്കാൻ.


അറബികളിൽ നിന്നും മലബാർ  കുരുമുളകിന്റെ കേമത്തം അറിഞ്ഞ പോർച്ച്ഗീസ് മന്നൻ ഡോം മാന്വൽ പുതിയ ഒരു സമുദ്ര മാർഗം ഇന്ത്യയിലേക്ക് കണ്ടെത്തി, യൂറോപ്പിലെ സുഗന്ധദ്രവ്യ കുത്തക നേടാൻ വാസ്കോ ഡാ ഗാമയെ ഇങ്ങോട്ട് അയച്ചതും പിന്നീട് നടന്നതും ഒക്കെ ചരിത്രം. 


എങ്കിലും, ആഗോള വിപണിയിൽ ഗുണ മേന്മയിൽ മലബാർ പെപ്പറും തലശ്ശേരി (Tellichery ) പെപ്പറും തന്നെ ഇന്നും ഒരു പണത്തൂക്കം മുന്നിൽ. 

ഇപ്പോൾ ഭൗമ സൂചികാപദവിയുടെ ഗരിമയോടെ ലോക വിപണിയിൽ അവർ ഞെളിഞ്ഞുനിൽക്കുന്നു.


ഇനി വിഷയത്തിലേക്കു വരാം. 


എപ്പോഴാണ് കുരുമുളക് പറിക്കേണ്ടത്? 


ഉപ്പിലിടാൻ (canning) ആണെങ്കിൽ 4-5 മാസം പ്രായമാകുമ്പോൾ, വിത്തിന്റെ പുറം തോട് കട്ടിയാകുന്നതിന് (അരി വയ്ക്കുന്നതിന് ) മുൻപ് പറിക്കണം. തിരിയോട് കൂടി ഉപ്പിലിടാം, അല്പം വിനാഗിരിയും ചേർത്ത്. 'സോമരസ പാനികൾ'ക്കും😜 കഫക്കെട്ടുകാർക്കും ഉത്തമം.കേരളത്തിൽ അനന്തസാധ്യതയുള്ള ഒരു ഉത്പന്നമാകുന്നു രമണാ ഇത്.


നിർജ്ജലീകരിച്ച കുരുമുളക് (dehydrated pepper) ആക്കാനാണെങ്കിൽ മൂപ്പാകുന്നതിന് 10-15 ദിവസം മുൻപ് വിളവെടുക്കണം. 


കുരുമുളക് സത്ത്  (pepper oleoresin ) എടുക്കാൻ  ആണെങ്കിൽ മൂപ്പെത്തുന്നതിന്  15-20 ദിവസം മുൻപ് വിളവെടുക്കാം. 


ഉണക്ക കുരുമുളക് ആക്കാൻ ആണെങ്കിൽ തിരിയിൽ ഒരു മണി എങ്കിലും പഴുത്തു തുടങ്ങുമ്പോഴും.


 വെള്ളക്കുരുമുളക് ആണ് ലക്ഷ്യമെങ്കിൽ ഏറെക്കുറെ എല്ലാ  മണികളും  നന്നായി നിറം മാറുമ്പോഴും വിളവെടുക്കാം. 


വിളവെടുപ്പ് കഴിഞ്ഞ്  ഒരു ദിവസം തിരികൾ കൂന കൂട്ടി വച്ചതിനു ശേഷം കൊഴിക്കാൻ എളുപ്പം ആയിരിക്കും. അല്പം ഫെർമെന്റഷൻ നടക്കുന്നതും നല്ലത് തന്നെ. 


ചില രാജ്യങ്ങളിൽ മൊത്തം തിരിയോടു കൂടി ഉണക്കി പിന്നീട് കൊഴിച്ചെടുക്കുന്ന പതിവും ഉണ്ട്. 


കൊഴിച്ചെടുത്ത കുരുമുളക് മണികൾ  ദ്വാരങ്ങൾ ഉള്ള  പാത്രത്തിൽ വച്ചു തിളയ്ക്കുന്ന വെള്ളത്തിൽ ഒരു മിനിറ്റ് മുക്കി പിടിക്കുന്നത്

 നല്ല നിറം കിട്ടാനും

 വേഗം ഉണങ്ങാനും കുമിൾ ബാധ ഉണ്ടാകാതിരിക്കാനും സഹായിക്കും. 


 വിളവെടുക്കുമ്പോൾ ഉള്ള പൊടിയും അഴുക്കുകളും പോകാനും ഇത്  നല്ലതാണ്.


ചിലർ ഇടത്തരം  ചൂടുള്ള  വെള്ളത്തിൽ 10 മിനിറ്റ് മുക്കിയിടുന്ന രീതിയും പിന്തുടരുന്നു. 


അങ്ങനെ 4-5 ദിവസത്തെ ഉണക്ക്‌ കൊണ്ട് ജലാംശം 65-70 ശതമാനത്തിൽ നിന്നും 10-12 ശതമാനത്തിലേക്ക് എത്തുന്നു. 10 ശതമാനം ഈർപ്പം ഉള്ള സാഹചര്യത്തിൽ ഉണക്കി സൂക്ഷിച്ചാൽ കുമിൾ ബാധ /പൂപ്പൽ ഉണ്ടാകില്ല. 


കുരുമുളക് ഉണക്കുന്നത് വളരെ വൃത്തിയുള്ള സാഹചര്യത്തിൽ ആയിരിക്കണം. അത് (ആർക്കോ എവിടെയോ ) കഴിക്കാൻ ഉള്ള വസ്തുവാണ് എന്ന ബോധ്യം എപ്പോഴും ഉണക്കുന്ന ആൾക്ക് എപ്പോഴും ഉണ്ടായിരിക്കണം. ചാണകം മെഴുകിയ പനമ്പുകൾ ഉപയോഗിക്കരുത്. ഉണക്ക ചാണകം നമുക്ക് വിശുദ്ധമായിരിക്കും. പക്ഷെ സായിപ്പിന് അത് shit  ആണ് എന്ന് മറക്കരുത്. 


അങ്ങനെ വിളവെടുത്ത കുരുമുളക് പാറ്റി (winnowing ) ഗ്രേഡ് ചെയ്യുന്നതിനെ Garbling എന്ന് പറയുന്നു. 


നന്നായി ഉണങ്ങിയ കറുത്ത നിറമുള്ള 4.8mm വ്യാസം ഉള്ള മുഴുത്ത മണികൾ ഉള്ള  കുരുമുളക് ആണ് TGSEB (Tellichery Garbled Special Extra Bold) അതിന് മുന്തിയ വില ലഭിക്കും. അങ്ങനെ വേർതിരിച്ചെടുക്കാൻ യന്ത്രങ്ങൾ ഉണ്ട്.


അതിനു താഴെ നിൽക്കും,4.2mm വ്യാസം ഉള്ള മണികൾ. അവ TGEB(Tellichery Garbled Extra Bold )എന്ന് അറിയപ്പെടും കയറ്റുമതി വിപണിയിൽ.


4mm വ്യാസം ഉള്ളവ TG(Tellichery Garbled)


അവസാനം വരുന്ന പൊട്ടും പൊടിയും പോലും സത്ത് (oleoresin )എടുക്കാനായി ഉപയോഗിക്കും.


A 'Zero waste ' industry...ല്ലേ?


 നന്നായി ഉണക്കി സൂക്ഷിച്ചാൽ വിലയുള്ളപ്പോൾ വിൽക്കാം. ഇനി നന്നായി ഉണക്കിയില്ലെങ്കിലോ അതിന് നമ്മൾ 'വലിയ വില' കൊടുക്കേണ്ടി വരും.😞


7-8 ദിവസം വെള്ളത്തിൽ ഇട്ടു (വെള്ളം പല പ്രാവശ്യം മാറ്റും ) അഴുക്കി തൊലി കളഞ്ഞ സായിപ്പ് മണികൾ ആണ് വെള്ള കുരുമുളക്.അത് വാങ്ങുന്നവർ അതിന് 'വലിയ വില'  കൊടുക്കേണ്ടി വരും. 😀


നന്നായി ഉണക്കി,poly propylene കവറുകളിൽ (തമ്മിൽ ഉരസുമ്പോൾ നല്ല കിലുകിലാ ശബ്ദം കേൾക്കുന്ന )   സൂക്ഷിച്ചാൽ flavour നഷ്ടപ്പെടാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം. 


ഏതിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ട് ദാസാ... കുരുമുളക് ഉണക്കുന്നതിനും സൂക്ഷിക്കുന്നതിനുമൊക്കെ..


വാൽക്കഷ്ണം :

ഒലിയോറെസിൻ (സത്ത് ) നിർമ്മാണ കമ്പനികളിൽ മുമ്പനായി  ഈ കൊച്ചു കേരളത്തിലെ ഒരു വലിയ കമ്പനി ഉണ്ട്. കോലഞ്ചേരിയിലെ സിന്തൈറ്റ് (Synthite ).


ലോക ഒലിയോറെസിൻ വിപണിയുടെ മുപ്പത് ശതമാനം അവരുടെ കയ്യിലാണ്. 1972 ൽ തുടങ്ങി, ഇപ്പോൾ ഏതാണ്ട് മൂവായിരം കോടി വാർഷിക വിറ്റുവരവിൽ എത്തി നിൽക്കുന്നു. ചൈനയിലെ ക്സിങ് ജിയാങ്ങിലും ഷാഡോങ്ങിലും അവർക്ക് ഫാക്ടറികൾ ഉണ്ട്. Nestle, Pepsi , Bacardi എന്നിവരൊക്കെ ആണ് അവരുടെ ഉപഭോക്താക്കൾ. അവരുടെ അച്ചാർ -കറി പൌഡർ ബ്രാൻഡ് ആണ് കിച്ചൻ ട്രെഷേർസ്. 

സുഗന്ധ വ്യഞ്ജനങ്ങളുടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ അതിവേഗം, ബഹുദൂരം മുന്നിലാണ് സിന്തൈറ്റ്.


വ്യവസായങ്ങൾ വാഴില്ല എന്ന ദുഷ്‌പേരുണ്ടായിരുന്ന കേരളത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന വ്യവസായം.


വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും രമണാ ...


നമ്മുടെ സാധാരണ കർഷകർ, വൃത്തിയായി കുരുമുളക് ഉണക്കി, garble ചെയ്ത്, ഗ്രേഡ് തിരിച്ച്, കറുത്തതും വെളുത്തതും ആയ കുരുമുളക് മണികളും പൊടികളും (pepper powder) ആയി താങ്ങാവുന്ന വിലയിൽ വിൽക്കാൻ തയ്യാറായി ഗ്രാമീണ വിപണികളിലേക്ക് വരണം. വലിയ ഒരു ആഭ്യന്തര വിപണിയുണ്ട് ഈ 'നല്ലമുളകിന് '.


എന്നാൽ അങ്ങട്... 


പ്രമോദ് മാധവൻ 

Green Village WhatsApp Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section