സസ്യങ്ങളെ ബാധിക്കുന്ന കുമിൾ രോഗങ്ങൾക്കും ബാക്ടീരിയൽ അണുബാധകൾക്കുമെതിരെ കാർഷിക ലോകത്ത് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ശക്തമായ പ്രതിരോധ മാർഗ്ഗങ്ങളാണ് ബോർഡോ മിശ്രിതവും ബോർഡോ കുഴമ്പും. ചെടികളുടെ ഇലകളിലും തണ്ടുകളിലും കുമിൾ രോഗങ്ങളിൽ നിന്നും ബാക്ടീരിയ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി മുൻകൂട്ടി തളിക്കുന്ന ഒരു കുമിൾനാശിനിയാണ് ബോർഡോ മിശ്രിതം. നേരെ മറിച്ച്, മുറിച്ചുമാറ്റിയ ഇലകളുടേയും ശാഖകളുടേയും ഭാഗങ്ങൾ, അതുപോലെ ചെടികളിൽ ഉണ്ടാകുന്ന മറ്റ് മുറിവുകൾ എന്നിവയിലൂടെ രോഗാണുക്കൾ അകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ, കാലങ്ങളായി തേച്ചുപിടിപ്പിക്കാൻ ഉപയോഗിക്കുന്ന മികച്ച ഒരു കുമിൾനാശിനിയാണ് ബോർഡോ കുഴമ്പ്. ഇത് കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾക്ക് ഒരു സംരക്ഷണ കവചം തീർത്ത് സസ്യങ്ങളുടെ ആരോഗ്യവും കരുത്തും ഉറപ്പാക്കുന്നു.
തുരിശും (Copper Sulphate) ചുണ്ണാമ്പും (Lime) ചേർത്താണ് ബോർഡോ മിശ്രിതവും ബോർഡോ കുഴമ്പും ഉണ്ടാക്കുന്നതെങ്കിലും, അവയുടെ പ്രധാന വ്യത്യാസം വെള്ളത്തിന്റെ അളവിലും അതുവഴിയുണ്ടാകുന്ന വീര്യത്തിലും (Concentration) ആണ്. ചെടികളിൽ തളിക്കുന്നതിനുവേണ്ടി തയ്യാറാക്കുന്ന ബോർഡോ മിശ്രിതത്തിൽ വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ് (ഉദാഹരണത്തിന് 1% വീര്യം നേടാൻ 100 ലിറ്റർ വെള്ളം ചേർക്കണം), അതിനാൽ ഇത് നേർത്ത ദ്രാവക രൂപത്തിൽ (Liquid) കാണപ്പെടുന്നു. എന്നാൽ, ചെടികളുടെ മുറിവുകളിലും മുറിച്ച ഭാഗങ്ങളിലും തേച്ചുപിടിപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കുന്ന ബോർഡോ കുഴമ്പിൽ വെള്ളത്തിന്റെ അളവ് വളരെ കുറവാണ് (മിശ്രിതമുണ്ടാക്കാൻ വേണ്ട വെള്ളത്തിന്റെ ഏകദേശം പത്തിലൊന്ന് മാത്രം മതി); ഇത് കുഴമ്പിന് കട്ടിയുള്ള പേസ്റ്റ് രൂപം നൽകുകയും ചെയ്യുന്നു. വെള്ളം കുറവായതിനാൽ ബോർഡോ മിശ്രിതത്തേക്കാൾ കൂടുതൽ വീര്യം ബോർഡോ കുഴമ്പിനുണ്ട്. ചുരുക്കത്തിൽ, മിശ്രിതം രോഗപ്രതിരോധത്തിനായി തളിക്കുമ്പോൾ, കുഴമ്പ് ഉയർന്ന വീര്യത്തോടെ മുറിവുണക്കാനും സംരക്ഷണം നൽകാനും തേച്ചുപിടിപ്പിക്കാൻ ഉപയോഗിക്കുന്നു.
ബോർഡോ മിശ്രിതം നിർമിക്കുന്ന രീതി:
കൃത്യമായ വീര്യമുള്ള ബോർഡോ മിശ്രിതം (1:1:100) തയ്യാറാക്കുന്നതിന് 1 കിലോഗ്രാം തുരിശ് (കോപ്പർ സൾഫേറ്റ്), 1 കിലോഗ്രാം ചുണ്ണാമ്പ്/കുമ്മായം (കാൽസ്യം ഹൈഡ്രോക്സൈഡ്), 100 ലിറ്റർ ശുദ്ധമായ വെള്ളം എന്നിവയാണ് പ്രധാനമായി വേണ്ടത്. മിശ്രിതം ഉണ്ടാക്കാനായി 100 ലിറ്റർ വെള്ളത്തെ 50 ലിറ്റർ വീതമുള്ള രണ്ട് ഭാഗങ്ങളായി തിരിച്ച്, രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലോ മൺപാത്രങ്ങളിലോ എടുക്കുക. ആദ്യ ബക്കറ്റിലെ 50 ലിറ്റർ വെള്ളത്തിൽ 1 കിലോഗ്രാം തുരിശ് പൂർണ്ണമായും അലിയിക്കുക. രണ്ടാമത്തെ ബക്കറ്റിലെ 50 ലിറ്റർ വെള്ളത്തിൽ 1 കിലോഗ്രാം ചുണ്ണാമ്പ്/കുമ്മായം (നീറ്റുകക്ക അല്ലെങ്കിൽ ഹൈഡ്രേറ്റഡ് ലൈം) ചേർത്ത് നന്നായി ലായനിയാക്കുക. അതിനുശേഷം, ഒരു വലിയ പാത്രത്തിൽ ചുണ്ണാമ്പ് ലായനി എടുത്ത ശേഷം, തടി കൊണ്ടുള്ള കോൽ ഉപയോഗിച്ച് സാവധാനം ഇളക്കിക്കൊണ്ട് അതിലേക്ക് തുരിശ് ലായനി ഒഴിച്ചു ചേർക്കുക. മിശ്രിതം ശരിയായ അനുപാതത്തിലായോ എന്ന് ഉറപ്പിക്കാൻ, ഒരു ഇരുമ്പ് ബ്ലേഡോ കത്തിയോ ലായനിയിൽ ഏകദേശം 5 മിനിറ്റ് നേരം മുക്കി വെയ്ക്കുക; ബ്ലേഡിൽ ചുവപ്പ് നിറത്തിലുള്ള ചെമ്പിന്റെ അംശം പറ്റിപ്പിടിക്കുകയാണെങ്കിൽ, ലായനിയിൽ തുരിശ് കൂടുതലാണെന്ന് മനസ്സിലാക്കാം. ഈ അവസ്ഥയിൽ ചുവന്ന അംശം പൂർണ്ണമായും ഇല്ലാതാകുന്നത് വരെ, കുറച്ചുകൂടി ചുണ്ണാമ്പ് ലായനി ചേർത്ത് വീണ്ടും ബ്ലേഡ് ഉപയോഗിച്ച് പരിശോധിക്കേണ്ടതാണ്.
കവുങ്ങ്, റബ്ബർ, മാവ്, മുന്തിരി, റോസച്ചെടികൾ തുടങ്ങിയവയിലെ മഹാളി രോഗം, ഇലപ്പുള്ളി, തണ്ടിന് വരുന്ന രോഗങ്ങൾ, ഇടിഞ്ഞിൽ രോഗം തുടങ്ങിയവ നിയന്ത്രിക്കാൻ.പ്രത്യേകിച്ച് മഴക്കാലത്ത് രോഗവ്യാപനം തടയാൻ ഇത് വളരെ ഫലപ്രദമാണ്. തെങ്ങിന് ചെമ്പൻ ചെല്ലിയുടെ ആക്രമണം മൂലമുണ്ടാകുന്ന മണ്ടയഴുകൽ, കീടങ്ങളുടെ മുറിവുകൾ, ചെന്നീരൊലിപ്പ് എന്നിവ തടയാനും, ഇഞ്ചി, ഏലം എന്നിവയുടെ അഴുകൽ രോഗം തടയാനും അതുപോലെ തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന, വാഴ തുടങ്ങിയ വിളകളിലെ ഇലപ്പുള്ളി രോഗങ്ങൾക്കും ബോർഡോ മിശ്രിതം ഉപയോഗിക്കാറുണ്ട്.
ബോർഡോ കുഴമ്പ് തയ്യാറാക്കുന്ന രീതി:
സാധാരണയായി 10% ഉയർന്ന വീര്യത്തിൽ ബോർഡോ കുഴമ്പ് തയ്യാറാക്കുന്നതിന് തുരിശും (കോപ്പർ സൾഫേറ്റ്) ചുണ്ണാമ്പും (കാൽസ്യം ഹൈഡ്രോക്സൈഡ്) തുല്യ അളവിൽ എടുക്കുക. 1 കിലോ തുരിശിന് 1 കിലോ ചുണ്ണാമ്പ് എന്ന അനുപാതമാണ് ഉപയോഗിക്കേണ്ടത്. ആദ്യം, തുരിശ് ശുദ്ധമായ കുറച്ച് വെള്ളത്തിൽ (ഏകദേശം 5 ലിറ്റർ) പൂർണ്ണമായി അലിയിക്കുക. തുടർന്ന്, ചുണ്ണാമ്പ് മറ്റൊരു പാത്രത്തിലെ വെള്ളത്തിൽ (ഏകദേശം 5 ലിറ്റർ) കലക്കി കട്ടിയുള്ള ചുണ്ണാമ്പ് ലായനി തയ്യാറാക്കുക. അതിനുശേഷം, ഈ കട്ടിയുള്ള ചുണ്ണാമ്പ് ലായനിയിലേക്ക്, ഇളക്കിക്കൊണ്ട് തുരിശ് ലായനി സാവധാനം ചേർക്കുക. അപ്പോൾ കിട്ടുന്ന മിശ്രിതം കട്ടിയുള്ള കുഴമ്പ് രൂപത്തിൽ ആയിരിക്കണം. ഇത് മരങ്ങളുടെ മുറിച്ച ഭാഗങ്ങൾ, മുറിവുകൾ, പൊട്ടലുകൾ, ഗ്രാഫ്റ്റ് ചെയ്ത ഭാഗങ്ങൾ എന്നിവയിൽ കുമിൾ രോഗാണുക്കൾ പ്രവേശിക്കുന്നത് തടയാൻ വേണ്ടി തേച്ചുപിടിപ്പിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
മിശ്രിതം തയ്യാറാക്കാൻ പ്ലാസ്റ്റിക്, മൺപാത്രങ്ങൾ അല്ലെങ്കിൽ മരം കൊണ്ടുള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. ലോഹ പാത്രങ്ങൾ (ഇരുമ്പ്, അലുമിനിയം) ഒരുകാരണവശാലും ഉപയോഗിക്കരുത്, കാരണം തുരിശ് ലോഹങ്ങളുമായി പ്രവർത്തിച്ച് വീര്യം കുറയ്ക്കുകയോ ദോഷകരമായ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം.
മിശ്രിതം തയ്യാറാക്കുമ്പോൾ നിർദ്ദേശിച്ച അളവുകൾ കൃത്യമായി പാലിക്കുക. അളവിൽ വ്യത്യാസം വന്നാൽ മിശ്രിതം ചെടികൾക്ക് ദോഷകരമാവുകയോ ഇല കരിയുകയോ അല്ലെങ്കിൽ ഫലമില്ലാതാവുകയോ ചെയ്യാം.
ബോർഡോ മിശ്രിതം തയാറാക്കുമ്പോൾ ഒരിക്കലും തുരിശ് ലായനിയിലേക്ക് ചുണ്ണാമ്പ് ലായനി ഒഴിക്കരുത്. തുരിശ് ലായനി എപ്പോഴും ചുണ്ണാമ്പ് ലായനിയിലേക്ക് മാത്രമേ ഒഴിക്കാവൂ. തിരിച്ചായാൽ മിശ്രിതത്തിന്റെ ഗുണം കുറയാനിടയുണ്ട്.
ബോർഡോ മിശ്രിതവും കുഴമ്പും അപ്പപ്പോൾ ഉണ്ടാക്കി ഉടൻ തന്നെ ഉപയോഗിക്കുക. ഉണ്ടാക്കി വെച്ച് അധികസമയം കഴിഞ്ഞാൽ ഇതിന്റെ വീര്യം കുറയും. ചില ചെടികൾക്ക്, പ്രത്യേകിച്ച് പച്ചക്കറി വിളകൾക്ക് ബോർഡോ മിശ്രിതം കരിച്ചിൽ ഉണ്ടാക്കാം. അതിനാൽ, പുതിയ വിളകളിൽ ചെറിയ ഭാഗത്ത് തളിച്ച് പരിശോധിച്ച് ശേഷം മാത്രം ഉപയോഗിക്കുക.........

