ട്രൈക്കോഡെർമ (Trichoderma) കുമിൾ രോഗങ്ങൾക്ക് ഗുഡ്‌ബൈ!

Trichoderma

 

    ട്രൈക്കോഡെർമ എന്നത് കാർഷിക രംഗത്ത് ഒരു ജൈവ നിയന്ത്രണ ഏജന്റായി വ്യാപകമായി ഉപയോഗിക്കുന്ന, മണ്ണിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരുതരം മിത്ര കുമിളാണ്. ഇത് പ്രധാനമായും ഒരു ജൈവ കുമിൾനാശിനി ആയി പ്രവർത്തിച്ച്, വിളകളെ ആക്രമിക്കുന്ന ദോഷകരമായ കുമിൾ രോഗങ്ങളെ  ഫലപ്രദമായി നശിപ്പിക്കുന്നു. കൂടാതെ, ട്രൈക്കോഡെർമ ചെടികളുടെ വേരുകളുമായി ചേർന്ന് വളരുന്നതിലൂടെ, വളർച്ചാ ഹോർമോണുകൾ ഉത്പാദിപ്പിച്ച് ചെടികളുടെ വളർച്ചയെ വേഗത്തിലാക്കുകയും, പോഷകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ, ഇത് മണ്ണിലെ ജൈവവസ്തുക്കളുടെ വിഘടനത്തെ ത്വരിതപ്പെടുത്തി മണ്ണിന്റെ ഘടനയും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു ബഹുമുഖ ഏജന്റാണ്.


ട്രൈക്കോഡെർമയുടെ ഏറ്റവും വലിയ നേട്ടം, മണ്ണിൽനിന്ന് ഉണ്ടാകുന്ന മിക്ക കുമിൾ രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാനുള്ള അതിൻ്റെ കഴിവാണ്. ചെടികളുടെ വേരുകളെയും ചുവടിനെയും ആക്രമിക്കുന്ന രോഗകാരികളായ കുമിളുകളെ നശിപ്പിച്ച് മണ്ണിനെ ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ, വാഴ, തെങ്ങ് തുടങ്ങിയ പ്രധാന വിളകളിൽ കാണപ്പെടുന്ന വേരുചീയൽ, തൈ അഴുകൽ രോഗം, അതുപോലെ കുരുമുളകിന്റെ ദ്രുതവാട്ടം (മൂട് അഴുകൽ), തക്കാളി, മുളക് പോലുള്ള പച്ചക്കറികളിലെ വാട്ട രോഗങ്ങൾ, വിവിധ വിളകളിലെ തണ്ടഴുകൽ തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾക്ക് ട്രൈക്കോഡെർമ ഒരു ഫലപ്രദമായ ജൈവപരിഹാരമാണ്.


ട്രൈക്കോഡെർമ പ്രധാനമായും മൂന്ന് രീതികളിലാണ് കൃഷിയിൽ ഉപയോഗിക്കുന്നത്.


ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം:


സമ്പുഷ്ടീകരിച്ച ജൈവവളം  ചെടികളുടെ തടങ്ങളിൽ നേരിട്ട് മണ്ണിൽ ചേർക്കുന്നതാണ് ട്രൈക്കോഡെർമ ഉപയോഗിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ രീതി. 


9:1 അനുപാതത്തിൽ അതായത് 90 കിലോഗ്രാം ചാണകപ്പൊടിക്ക് 10 കിലോഗ്രാം വേപ്പിൻപിണ്ണാക്ക് എടുക്കുക.

ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിൻപിണ്ണാക്കും നന്നായി കൂട്ടിക്കലർത്തുക. ഇതിൽ 100 കിലോഗ്രാം മിശ്രിതത്തിന് രണ്ടുകിലോഗ്രാം ട്രൈക്കോഡെർമ പൗഡർ (കൾച്ചർ) ചേർത്തിളക്കി ആവശ്യത്തിന് വെള്ളം തളിച്ച് ഈർപ്പമുള്ളതാക്കുക. മിശ്രിതം കുഴഞ്ഞുപോകാതെ ശ്രദ്ധിക്കണം. ഈ മിശ്രിതം അധികം ഉയരത്തിലല്ലാതെ കൂനകൂട്ടി, നനഞ്ഞ ചാക്ക് കൊണ്ടോ സുഷിരങ്ങളിട്ട പോളിത്തീൻ ഷീറ്റ് കൊണ്ടോ മൂടി തണലിൽ സൂക്ഷിക്കുക. ഒരാഴ്ചയ്ക്കുള്ളിൽ മിശ്രിതത്തിന് മുകളിൽ ട്രൈക്കോഡെർമയുടെ പച്ചനിറത്തിലുള്ള വളർച്ച കാണാൻ സാധിക്കും. വീണ്ടും വെള്ളം തളിച്ച് ഇളക്കി കൂനകൂട്ടി മൂടി ഇടുക. ഒരാഴ്ചകൂടി കഴിയുമ്പോൾ ട്രൈക്കോഡെർമ ഈ വളങ്ങളിൽ വംശവർദ്ധനവ് നടത്തി ട്രൈക്കോഡെർമ സമ്പുഷ്ട വളമായി മാറും. 


ചെറിയ തൈകൾക്ക്/പച്ചക്കറികൾക്ക് തൈകൾ നടുന്ന കുഴികളിൽ 100 ഗ്രാം മുതൽ 250 ഗ്രാം വരെ ഈ സമ്പുഷ്ട വളം ചേർത്ത് കൊടുക്കാവുന്നതാണ്. കുരുമുളക്, വാഴ, തെങ്ങ് തുടങ്ങിയ വലിയ വിളകൾക്ക് ചെടിയൊന്നിന് അര കിലോ മുതൽ 1 കിലോ വരെ ട്രൈക്കോഡെർമ സമ്പുഷ്ട വളം ചുവട്ടിലെ മണ്ണിൽ കലർത്തി നൽകാം. തക്കാളി, മുളക്, വെണ്ട, വഴുതന, പയർ, മത്തൻ, കുമ്പളം, കാബേജ്, കോളിഫ്ലവർ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കും അത് പോലെ മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, തോട്ടവിളകൾ എന്നിവയ്ക്കും ട്രൈക്കോഡെർമ കൾച്ചർ ഉപയോഗിക്കാം.


വിത്തുകൾ മുളപ്പിക്കുന്ന സമയത്ത് രോഗങ്ങളെ പ്രതിരോധിക്കാൻ ട്രൈക്കോഡെർമ പൗഡർ (കൾച്ചർ) പ്രയോജനകരമാണ്. വിത്തുകൾ നടുന്നതിന് മുൻപ് 100 മില്ലി വെള്ളത്തിൽ 20 ഗ്രാം എന്നതോതിൽ ട്രൈക്കോഡെർമ കലർത്തിയ ലായനിയിൽ അരമണിക്കൂർ മുക്കി വെച്ചതിന് ശേഷം വിത്ത് നടാം. അത് പോലെ തന്നെ പറിച്ച് നടുന്ന തൈകളും അരമണിക്കൂർ ഇതേ ലായനിയിൽ മുക്കി വെച്ചിട്ട് മാറ്റി നടാം. തൈകൾ തയ്യാറാക്കുന്ന അവസരത്തിൽ പ്രോട്രേയിലും പോളിബാഗിലും ജൈവവളത്തിനു പകരം ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച വളം ഉപയോഗിച്ചാൽ ചെടികൾക്ക് കരുത്തും രോഗപ്രതിരോധശേഷിയും കൂടുന്നതാണ്. 


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


സ്യുഡോമോണസ് ചെടികളിൽ പ്രയോഗിക്കുന്നത് പോലെ,  ട്രൈക്കോഡെർമയെ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിൽ തളിക്കുന്നതിന് പകരം, ജൈവവളവുമായി ചേർത്ത് ചെടിച്ചുവട്ടിൽ നൽകുന്നതോ അല്ലെങ്കിൽ വേരുകൾ മുക്കി നടുന്നതോ ആണ് പച്ചക്കറി കൃഷിയിൽ ഏറ്റവും ഉചിതം. 


ട്രൈക്കോഡെർമക്ക് വളരാനും പ്രവർത്തിക്കാനും ഈർപ്പം അത്യാവശ്യമാണ്. അതിനാൽ ഉണങ്ങിയ മണ്ണിൽ ഇത് ഉപയോഗിക്കരുത്. വെള്ളം കെട്ടിനിൽക്കുന്ന സമയത്തും ഉപയോഗിക്കരുത്.


ട്രൈക്കോഡെർമ ചാരമായോ ചാരം കലർന്ന ജൈവവളങ്ങളുമായോ ചേർത്ത് ഉപയോഗിക്കരുത്. ചാരത്തിന് പ്രത്യേകിച്ച് വിറക് ചാരത്തിന് ഉയർന്ന ക്ഷാര സ്വഭാവം ഉള്ളതിനാൽ ട്രൈക്കോഡെർമയുടെ വളർച്ചയെ നശിപ്പിക്കുകയോ അല്ലെങ്കിൽ അതിന്റെ പ്രവർത്തന ശേഷി കുറയ്ക്കുകയോ ചെയ്യും.


ട്രൈക്കോഡെർമ പ്രയോഗിച്ച ശേഷം 4-5 ദിവസത്തേക്ക് രാസ കുമിൾനാശിനികൾ ഉപയോഗിക്കരുത്, കാരണം അവ മിത്ര കുമിളിനെ നശിപ്പിക്കാൻ സാധ്യതയുണ്ട്. ട്രൈക്കോഡെർമ പ്രയോഗിച്ച വിത്തുകളോ, വളമോ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.


ട്രൈക്കോഡെർമ കൾച്ചർ പൗഡർ രൂപത്തിലും, ദ്രാവക രൂപത്തിലും വളം വിൽക്കുന്ന അഗ്രോ ഷോപ്പുകളിലും, online site കളിലും ലഭ്യം ആയിരിക്കും. ഗുണമേന്മയുള്ള ട്രൈക്കോഡെർമ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക. പാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളിൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നത്തിൻ്റെ പാക്കറ്റിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് ഏറ്റവും നല്ലതാണ്.

Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section