ദശഗവ്യം എന്നത് പഞ്ചഗവ്യം എന്ന ജൈവക്കൂട്ടും തിരഞ്ഞെടുത്ത ചില സസ്യങ്ങളുടെ സത്തും ചേർത്ത പത്ത് ചേരുവകൾ അടങ്ങിയ ഒരു ജൈവ മിശ്രിതമാണ്. പശുവിൽ നിന്ന് ലഭിക്കുന്ന ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയാണ് 'ഗവ്യം' എന്നറിയപ്പെടുന്നത്, ഇവ കൃത്യമായ അളവിൽ ചേർത്താണ് പഞ്ചഗവ്യം ഉണ്ടാക്കുന്നത്. ഈ പഞ്ചഗവ്യത്തോടൊപ്പം സാധാരണയായി കാണപ്പെടുന്ന ആര്യ വേപ്പ്, എരുക്ക്, കൊഴിഞ്ഞിൽ, നൊച്ചി, ഉമ്മം, കാട്ടാമണക്ക്, ആടലോടകം, കമ്മ്യൂണിസ്റ്റ് പച്ച, തുളസി, തുമ്പ പോലുള്ള വിഷാംശമില്ലാത്തതും എന്നാൽ കീടങ്ങളെ അകറ്റാനോ രോഗങ്ങളെ നിയന്ത്രിക്കാനോ ശേഷിയുള്ളതുമായ, നിങ്ങളുടെ പ്രദേശത്ത് ധാരാളമായി ലഭിക്കുന്ന പച്ചിലകളുടെ സത്തും അവയോടൊപ്പം മറ്റ് ചില സാധനങ്ങളും ചേർത്താണ് ദശഗവ്യം നിർമിക്കുന്നത്.
മുഞ്ഞ (Aphids), വെള്ളീച്ച (White Flies), മൈറ്റുകൾ (Mites), ത്രിപ്‌സ് (Thrips) തുടങ്ങിയ നീരൂറ്റിക്കുടിക്കുന്ന ചെറു പ്രാണികളെയും ഇലകളെ നശിപ്പിക്കുന്ന പുഴുക്കളെയും (Caterpillars) അകറ്റി നിർത്താൻ ഇതിന് കഴിവുണ്ട്; ദശഗവ്യം ഇലകളിൽ ഒരു നേർത്ത ആവരണം സൃഷ്ടിക്കുന്നതിലൂടെ കീടങ്ങൾക്ക് ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ഇതിലെ പഞ്ചഗവ്യം ഘടകങ്ങളിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മാണുക്കളും ലാക്ടിക് ആസിഡ് ബാക്ടീരിയകളും ചെടികളെ ആക്രമിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്നു. ഇതിന്റെ ഫലമായി, ഇലകളിൽ തവിട്ടുനിറത്തിൽ പാടുകൾ ഉണ്ടാക്കുന്ന ഇലപ്പുള്ളി രോഗം ഇലകൾ കരിഞ്ഞുപോകുന്ന ഇലക്കരിച്ചിൽ, ഇലകളിൽ വെളുത്ത പൊടിപോലെ കാണപ്പെടുന്ന പൗഡർ മിൽഡ്യൂ, തുരുമ്പ് രോഗം എന്നിവ ഉൾപ്പെടെയുള്ള വിവിധതരം ഫംഗസ് രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ ദശഗവ്യം സഹായിക്കുന്നു.
ദശഗവ്യം നിർമിക്കുന്ന രീതി:
******************************
ദശഗവ്യം ഉണ്ടാക്കുന്നതിന് പത്ത് പ്രധാന ഘടകങ്ങൾ ആവശ്യമാണ്. ഇതിൽ പശുവിൽ നിന്നുള്ള അഞ്ച് ഘടകങ്ങളായ പുതിയ ചാണകം (5 കിലോ), ശുദ്ധമായ ഗോമൂത്രം (5 ലിറ്റർ), പാൽ (2 ലിറ്റർ), തൈര് (2 ലിറ്റർ), നെയ്യ് (1 കിലോ) എന്നിവയാണ് മുഖ്യം.
ഇവ കൂടാതെ, മറ്റ് അഞ്ച് ഘടകങ്ങളായി നന്നായി ഉടച്ച പഴുത്ത വാഴപ്പഴം (1 കിലോ), ശുദ്ധമായ ഇളനീർ വെള്ളം (5 ലിറ്റർ), പുളിപ്പിക്കലിന് ആവശ്യമായ മധുരം നൽകുന്നതിനായി കരിമ്പ് ജ്യൂസ് (3 ലിറ്റർ) അല്ലെങ്കിൽ ശർക്കര ലായനി (500 ഗ്രാം ശർക്കര), 10 ലിറ്റർ വെള്ളം, കൂടാതെ പച്ചിലകൾ ചതച്ചെടുത്ത പച്ചില സത്ത് (2 ലിറ്റർ) എന്നിവയും ദശഗവ്യത്തിൽ ചേർക്കേണ്ടതുണ്ട്. പച്ചിലകളിൽ നിന്ന് ലഭ്യമായ ഏഴ് എട്ടെണ്ണം തിരഞ്ഞെടുത്ത് 1 കിലോ അരിഞ്ഞ ഇലകൾ 1 ലിറ്റർ ഗോമൂത്രത്തിൽ 10 ദിവസത്തേക്ക് മുക്കിവച്ച് സത്ത് ഉണ്ടാക്കാവുന്നതാണ്.
ഒരു വലിയ പ്ലാസ്റ്റിക് ഡ്രമ്മിലോ ഭരണയിലോ പുതിയ ചാണകവും (5 കിലോ) നെയ്യും (1 കിലോ) ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇതിനുശേഷം, ഗോമൂത്രം (5 ലിറ്റർ) കൂടി ചേർത്ത് മിശ്രിതം നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം അടുത്ത മൂന്ന് ദിവസത്തേക്ക് തണലത്ത് അടച്ചു വെക്കുക. പുളിപ്പിക്കൽ പ്രക്രിയ ആരംഭിക്കുന്നതിനായി ദിവസവും രണ്ടുനേരം (രാവിലെയും വൈകിട്ടും) ഇത് നന്നായി ഇളക്കിക്കൊടുക്കണം. നാലാം ദിവസം, നേരത്തെ തയ്യാറാക്കിയ അടിസ്ഥാന മിശ്രിതത്തിലേക്ക് പാൽ (2 ലിറ്റർ), തൈര് (2 ലിറ്റർ) എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കുക. ഈ പാലുൽപ്പന്നങ്ങൾ സൂക്ഷ്മാണുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും പോഷകാംശം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഈ മിശ്രിതം വീണ്ടും മൂന്ന് ദിവസത്തേക്ക് അടച്ചു വെക്കുകയും ദിവസവും രണ്ടുനേരം ഇളക്കുകയും ചെയ്യുക.
ഏഴാം ദിവസം, നന്നായി ഉടച്ച വാഴപ്പഴം (1 കിലോ), ഇളനീർ വെള്ളം (5 ലിറ്റർ), കരിമ്പ് ജ്യൂസ് / ശർക്കര ലായനി, പച്ചില സത്ത് (2 ലിറ്റർ), ഒടുവിൽ വെള്ളം (10 ലിറ്റർ) എന്നിവ ചേർക്കുക. എല്ലാ ഘടകങ്ങളും ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം അടുത്ത 15 മുതൽ 25 ദിവസം വരെ തണലത്ത് പുളിക്കാൻ വെക്കണം. ഈ ഘട്ടമാണ് ഏറ്റവും പ്രധാനം; കാരണം ഇതിലൂടെയാണ് മിശ്രിതത്തിലെ സൂക്ഷ്മാണുക്കൾ പെരുകുന്നത്. ഈ ദിവസങ്ങളിലും ദിവസവും രണ്ടുനേരം നന്നായി ഇളക്കുന്നത് ഉറപ്പാക്കുക. ഏകദേശം 25 ദിവസമാകുമ്പോൾ, പോഷകസമൃദ്ധമായ ദശഗവ്യം നേർപ്പിച്ച് ഉപയോഗത്തിനായി തയ്യാറാകും.
ചെടികളിൽ പ്രയോഗിക്കേണ്ട രീതി:
**************************************
ഇലകളിൽ തളിക്കൽ (Foliar Spray):
3% വീര്യത്തിൽ അരിച്ചെടുത്ത ദശഗവ്യം, അതായതു 30 (ml) എടുത്തു 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ചെറിയ സ്പ്രേയറുകൾ ഉപയോഗിച്ച് ചെടിയുടെ ഇലകളുടെ മുകൾ ഭാഗത്തും അടിഭാഗത്തും നന്നായി നനയും വിധം രാവിലെയോ വൈകുന്നേരമോ വെയിൽ കുറഞ്ഞ സമയത്ത് തളിക്കുക. പച്ചക്കറികൾക്കും മറ്റ് വിളകൾക്കും ആഴ്ചയിൽ ഒരിക്കൽ തളിക്കുന്നത് നല്ല ഫലം നൽകും.
വിത്തുകളും തൈകളും മുക്കിവയ്ക്കൽ (Seed & Seedling Treatment):
3% വീര്യമുള്ള ദശഗവ്യം ലായനി തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്. വിത്തുകൾ നടുന്നതിന് 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ 3% ലായനിയിൽ മുക്കിവയ്ക്കുക. ശേഷം, തണലിൽ ഉണക്കി ഉടൻ നടാവുന്നതാണ്. അതേപോലെ പറിച്ച് നടുന്നതിന് മുൻപ് തൈകളുടെ വേരുകൾ 3% ലായനിയിൽ 20 മിനിറ്റ് നേരം മുക്കിവയ്ക്കുക. ഇത് വേരുകൾ വേഗത്തിൽ പിടിച്ച് വളരാൻ സഹായിക്കും.
മണ്ണിൽ ഒഴിക്കൽ (Soil Drenching / Drip Irrigation):
ചില വിളകൾക്ക് വേരുകൾക്ക് നേരിട്ട് വളർച്ചാ ഹോർമോണുകളും പോഷകങ്ങളും ലഭിക്കുന്നതിനായി മണ്ണിൽ ഒഴിച്ചുകൊടുക്കാം. ഇതിനായി ഇലകളിൽ തളിക്കുന്നതിനേക്കാൾ അല്പം കൂടിയ അളവിൽ (ഉദാഹരണത്തിന്, 10 ലിറ്റർ വെള്ളത്തിൽ 500 മില്ലിലിറ്റർ മുതൽ 1 ലിറ്റർ വരെ) മണ്ണിലൊഴിക്കാൻ ഉപയോഗിക്കാം. ചെടിയുടെ ചുവട്ടിൽ നേരിട്ട് ഒഴിച്ചുകൊടുക്കുകയോ അല്ലെങ്കിൽ ഡ്രിപ്പ് ഇറിഗേഷൻ വഴിയോ നൽകാം.
ദശഗവ്യം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
**********************************
മിക്ക ആവശ്യങ്ങൾക്കും 3% വീര്യം (30 ml ദശഗവ്യം, 1 ലിറ്റർ വെള്ളത്തിൽ) ഉപയോഗിക്കുക. വീര്യം കൂടിയാൽ ഇലകൾ കരിഞ്ഞുപോകാൻ സാധ്യതയുണ്ട്.
സ്പ്രേയർ (Sprayer) ഉപയോഗിച്ച് തളിക്കുമ്പോൾ, ദശഗവ്യം എപ്പോഴും ഒരു തുണി ഉപയോഗിച്ച് നന്നായി അരിച്ചെടുക്കണം. ഇത്, സ്പ്രേയറിന്റെ നോസിൽ അടഞ്ഞുപോകാതിരിക്കാൻ സഹായിക്കും.
ദശഗവ്യം ഒരിക്കലും ഉച്ചവെയിലിൽ തളിക്കരുത്. ഇത് ഇലകൾ കരിയാൻ കാരണമാകും. രാവിലെ 6-8 മണികൾക്കിടയിലോ അല്ലെങ്കിൽ വൈകുന്നേരം 4 മണിക്ക് ശേഷമോ ചെടികളിൽ പ്രയോഗിക്കുക.
ആദ്യമായി ഉപയോഗിക്കുമ്പോൾ, ഒന്നോ രണ്ടോ ഇലകളിൽ മാത്രം ലായനി തളിക്കുക, അല്ലെങ്കിൽ ഏതാനും തൈകളുടെ ഇലകളിൽ മാത്രം തളിക്കുക. 24 മണിക്കൂറിന് ശേഷം ഇലകളിൽ കരിച്ചിലോ മഞ്ഞളിപ്പോ പോലുള്ള പ്രശ്നങ്ങൾ ഇല്ലെങ്കിൽ, മുഴുവൻ ചെടിയിലും പ്രയോഗിക്കാവുന്നതാണ്.
ദശഗവ്യം സൂക്ഷിക്കുന്ന പാത്രം സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത സ്ഥലത്ത് വയ്ക്കുക. ദശഗവ്യം ഒരു ജൈവ മിശ്രിതം ആയതിനാൽ അതിൽ വാതകങ്ങൾ രൂപപ്പെടാം. അതിനാൽ, ദിവസം ഒരു തവണ തുറന്നു കൊടുക്കുന്നത് വാതകങ്ങൾ പുറത്തുപോകാൻ സഹായിക്കും. ശരിയായി രീതിയിൽ തയാറാക്കിയ ദശഗവ്യം ശ്രദ്ധയോടെ സൂക്ഷിച്ച് വെച്ചാൽ 6 മാസം മുതൽ 1 വർഷം വരെ ഉപയോഗയോഗിക്കാൻ സാധിക്കുന്നതാണ്.
ദശഗവ്യം ഒരു സൂക്ഷ്മാണു സമ്പുഷ്ടമായ മിശ്രിതമാണ്. ഇത് മറ്റ് രാസകീടനാശിനികളോ അല്ലെങ്കിൽ മറ്റു ജൈവ കീടനാശിനികളുമായോ കൂട്ടിക്കലർതി ഉപയോഗിക്കാൻ പാടില്ല. കാരണം അങ്ങനെ ചെയ്യുമ്പോൾ ദശഗവ്യത്തിലെ സജീവമായ സൂക്ഷ്മാണുക്കൾ നശിക്കാനും, അതുവഴി ദശഗവ്യത്തിന്റെ വളർച്ചാ ത്വരകവും രോഗപ്രതിരോധ ശേഷിയും കുറയാനും സാധ്യതയുണ്ട്.

